റഹ്മാൻ റാഹി/ ഫോട്ടോ: പിടിഐ
ജമ്മുകശ്മീർ: കശ്മീരിൻെറ മഹാകവി റഹ്മാന് റാഹി തൊണ്ണൂറ്റിയഞ്ചാം വയസ്സില്‍ വിടപറഞ്ഞു. മൗനത്തിന്റെ കവി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കവിതയും ലേഖനങ്ങളും വിരവര്ത്തനങ്ങളും നിരൂപണങ്ങളുമായിരുന്നു റീഹിയുടെ ഇഷ്ടമേഖലകള്‍. 1961-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 2000-ല്‍ പത്മശ്രീയും ലഭിച്ച അദ്ദേഹത്തിന് 2007-ലാണ് ജ്ഞാനപീഠം ലഭിക്കുന്നത്. ജ്ഞാനപീഠം ലഭിയ്ക്കുന്ന ആദ്യത്തെ കശ്മീരി എഴുത്തുകാരനാണ് റാഹി. സിയാ റൂദ് ജാരേന് മന്‍സ് (കറുത്ത ചാറ്റല്‍ മഴയ്ക്കിടയില്‍) എന്ന കൃതിയ്ക്കാണ് ജ്ഞാനപീഠം ലഭിച്ചത്.
1925 ബ്രിട്ടീഷ് ഇന്ത്യയിലെ ശ്രീനഗറിലാണ് റഹ്മാന് റാഹി ജനിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ ഗുമസ്തനായി ജോലി ചെയ്തു.
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റാഹി, പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. സംഘടനയുടെ മുഖപത്രമായിരുന്ന ക്വാംഗ് പോഷിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. ഖിദ്മത്ത് എന്ന ഉര്‍ദു ദിനപത്രത്തില്‍ സബ് എഡിറ്ററായി സേവനമനുഷ്ഠിച്ചിരുന്നു.
1952ല്‍ പേര്‍ഷ്യനിലും 1962ല്‍ ഇംഗ്ലീഷിലും ജമ്മു & കശ്മീര്‍ സര്‍വകലാശാലയില്‍ നിന്ന് എം എ പാസായ റാഹി അവിടെത്തന്നെ പേര്‍ഷ്യന്‍ വിഭാഗത്തില്‍ അധ്യാപകന്, ദില്ലിയിലെ ആജ്കല്‍ എന്ന ഉര്‍ദു പത്രത്തിന്റെ പത്രാധിപസമിതിയംഗം എന്നീ നിലകലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കശ്മീരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാംസ്കാരിക വിഭാഗത്തില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.
ബാബാ ഫരീദിയുടെ സൂഫി കവിതകള്‍ പഞ്ചാബിയില്‍ നിന്ന് കശ്മീരിയിലേയ്ക്ക് ഫാഹി വിവര്‍ത്തനം ചെയ്തു. കമുവിന്റെയും സാര്‍ത്രിന്റെയും ദിനനാഥ് നദീമിന്റെയും സാഹിത്യം പിന്തുടര്‍ന്ന റാഹി തന്റെ ആദര്‍ശങ്ങള്‍ കവിതകളില്‍ കൊത്തിവെച്ചു.
സന വാനി സാസ്, സുഖോക്ക് സോദ, കലാം എ റാഹി, നവ്രോസ് ഇ സബാ, കഹ്വത്ത്, കഷീര്‍ ഷാറാ സോംബ്രാന്, അസീച്ച് കഷീര്‍ ശായിരി, കശീര്‍ നഘ്മാത്തി ശായിരി, സബാ മൊല്ലാഖാത്ത്, ഫാര്മോവ് സാര്ത്തുഷ്ത്താദിയ എന്നിവയാണ് മുഖ്യകൃതികള്‍.
ലെഫ്റ്റനന്റ് ഗവര്‍ണര്‍, പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ല എന്നിവരടക്കം നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു. 'അദ്ദേഹത്തിന്റെ സര്‍ഗാത്മക മികവ് സാഹിത്യത്തിന്റെ നാനാവിധ മേഖലകളില്‍ ആവിഷ്ക്കരിക്കപ്പെട്ടു. കശ്മീരിന്റെ സാംസ്കാരിക-രാഷ്ട്രീയ പരിണാമങ്ങളെ പ്രതിഫലിപ്പിക്കുന്ന രചനകളാണദ്ദേഹത്തിന്റേത്. റാഹിയുടെ കൃതികള്‍ തുടര്‍ന്നുള്ള കാലത്തും യുവ/നവ കവികളെയും എഴുത്തുകരെയും സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു- ജമ്മുകശ്മീര്‍ ഇടതുപക്ഷ നേതാവും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Content Highlights: kashmni veteran poet jnanpith award winning writer rahman rahi passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..