പാഠപുസ്തകത്തിൽ നിന്ന് | Photo: Screengrab
ബെംഗളൂരു: കര്‍ണാടകത്തില്‍ പാഠപുസ്തക പരിഷ്കരണത്തിനെതിരേ എഴുത്തുകാരുടെയും ചിന്തകരുടെയും പ്രതിഷേധം തുടരുന്നു. രാഷ്ട്രകവി ഡോ. ജി.എസ്. ശിവരുദ്രപ്പ പ്രതിഷ്ഠാനത്തിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് പ്രമുഖ കന്നഡ കവി പ്രൊഫ. എസ്.ജി. സിദ്ധരാമയ്യ രാജിവെച്ചു. ഇതിലെ അംഗങ്ങളായ എച്ച്.എസ്. രാഘവേന്ദ്രറാവു, നടരാജ ബുദലു, ചന്ദ്രശേഖര്‍ നാഗ്ലി എന്നീ എഴുത്തുകാരും രാജിവെക്കുന്നതായി കാണിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കത്തെഴുതി.
സമിതികളില്‍നിന്ന് എഴുത്തുകാര്‍ രാജിവെക്കുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പുരോഗമന സ്വഭാവമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പുസ്തകപരിഷ്കരണത്തിലാണ് പ്രതിഷേധം. ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കംചെയ്തത് വന്‍ വിവാദമുയര്‍ത്തിയിരുന്നു.
പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ തന്റെ രചന ഒഴിവാക്കണമെന്ന് പ്രൊഫ. എസ്.ജി. സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ 'മനെഗെലസദ ഹെണ്ണുമഗളു' എന്ന കവിത ഒമ്പതാം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാഷ്ട്രകവി കുവെംപു പ്രതിഷ്ഠാനത്തിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് മുതിര്‍ന്ന കന്നഡ കവി ഹംപ നാഗരാജയ്യ രാജിവെച്ചതിനുപിന്നാലെയാണ് പ്രൊഫ. എസ്.ജി. സിദ്ധരാമയ്യയുടെ രാജി.
പാഠപുസ്തക പരിഷ്കരണ സമിതി മഹാകവി കുവെംപുവിനെയും കര്‍ണാടക ദേശഭക്തിഗാനത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്നും ഹംപ നാഗരാജയ്യ ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രൂപവത്കരണത്തില്‍ നല്കിയ സംഭാവന മുന്‍നിര്‍ത്തി സര്‍ക്കാര്‍തലത്തില്‍ ആദരിക്കാനുള്ള ക്ഷണം പ്രമുഖ വിദ്യാഭ്യാസ പ്രവര്ത്തകന് വി.പി. നിരഞ്ജനാരാധ്യ തിരസ്കരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..