കെ. വേണുവിന് ഫെഡറൽ ബാങ്ക് ചെയർമാൻ സി. ബാലഗോപാൽ പുരസ്കാരം സമ്മാനിക്കുന്നു. എഴുത്തുകാരൻ എം. മുകുന്ദൻ, ബ്രാഞ്ച് ബാങ്കിങ് മേധാവി നന്ദകുമാർ വി., കോഴിക്കോട് സോണൽ മേധാവി റെജി സി.വി. എന്നിവർ സമീപം.
കോഴിക്കോട്: ഫെഡറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം എഴുത്തുകാരന് കെ. വേണുവിന്. 'ഒരന്വേഷണത്തിന്റെ കഥ' എന്ന ആത്മകഥയാണ് പുരസ്കാരത്തിന് അര്‍ഹമായത്. കോഴിക്കോട് നടന്ന കേരള ലിറ്റററി ഫെസ്റ്റിവലില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ സി. ബാലഗോപാല്‍ പുരസ്കാരം വേണുവിന് സമ്മാനിച്ചു.
ചടങ്ങില്‍ എഴുത്തുകാരന് എം. മുകുന്ദന് അധ്യക്ഷത വഹിച്ചു. 'എഴുത്തുകാരെ ജനശ്രദ്ധയിലെത്തിക്കുന്നതും ജനകീയരാക്കുന്നതും അവര്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളാണ്. മികവുറ്റ സാഹിത്യസൃഷ്ടികളെ പുറത്തുകൊണ്ടുവരാനും ഇതുസഹായിക്കും. ഇത്തരം പുരസ്കാരങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ ഉദാത്ത മാതൃകയും പ്രചോദനവുമാണ്,' എം. മുകുന്ദന് പറഞ്ഞു.
'കേരളത്തിന് സമ്പന്നമായ ഒരു സാഹിത്യ പാരമ്പര്യമുണ്ട്. മലയാളി എഴുത്തുകാരുടെ മികവുറ്റ സാഹിത്യങ്ങള്‍ നമ്മുടെ അഭിമാനം കൂടിയാണ്. ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിലൂടെ ഫെഡറല്‍ ബാങ്ക് ലക്ഷ്യമിടുന്നത് നമ്മുടെ സമകാലിക സാഹിത്യത്തിന് അംഗീകാരം നല്‍കുകയും എഴുത്തുകാരുടെ സാംസ്കാരിക സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന പദവി നല്‍കുകയുമാണ്,' ഫെഡറല്‍ ബാങ്ക് ചെയര്മാന് സി. ബാലഗോപാല്‍ പറഞ്ഞു.
ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ നന്ദകുമാര്‍ വി., കോഴിക്കോട് സോണല്‍ മേധാവി റെജി സി. വി. എന്നിവര്‍ ചേര്‍ന്ന് പുരസ്കാരത്തുക വേണുവിന് കൈമാറി. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
എഴുത്തുകാരും സാഹിത്യ, സാമൂഹിക നിരൂപകരുമായ കെ.സി. നാരയണന്, പി.കെ. രാജശേഖരന്, സുനില്‍ പി. ഇളയിടം എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരത്തിനര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. പത്തു രചനകളാണ് പുരസ്കാരത്തിനായി അവസാന പരിഗണനയ്ക്കെത്തിയത്. ഇവയില്‍നിന്ന് ജഡ്ജിങ് കമ്മിറ്റി വേണുവിന്റെ രചന തിരഞ്ഞെടുക്കുകയായിരുന്നു.
ആധുനിക കേരള ചരിത്രത്തിലെ ഏറ്റവും തീവ്രമായ ഒരു രാഷ്ട്രീയ കാലത്തിന്റെ ഓര്‍മയും നിസ്വാര്‍ത്ഥ രാഷ്ട്രീയ ജീവിതവുമാണ് 'ഒരന്വേഷണത്തിന്റെ കഥ' എന്ന് സമിതി അംഗം പി.കെ. രാജശേഖരന് പറഞ്ഞു.
ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് കോഴിക്കോട് മേഖലാ മേധാവി മോഹന്‍ദാസ് ടി.എസ്. സ്വാഗതവും ജോസ് മോന് പി. ഡേവിഡ് നന്ദിയും പറഞ്ഞു.
Content Highlights: K Venu, Oranweshanathinte Kadha book, Federal bank literature award, kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..