കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി' എന്ന പുസ്തകത്തെപ്പറ്റിയുള്ള ചർച്ചയിൽ മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനും മുൻ എം.എൽ.എ. എ. പ്രദീപ് കുമാറും.
കോഴിക്കോട്: ചില അടിസ്ഥാനപ്രമാണങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ഇന്ദിരാഗാന്ധിയോടും രാജീവ്ഗാന്ധിയോടും വിയോജിപ്പ് പ്രകടിപ്പിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും ഇത് രാഷ്ട്രീയമായും വ്യക്തിപരമായും തനിക്ക് നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.പി. സൂര്യദാസ് രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി' എന്ന പുസ്തകത്തെ അധികരിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ മുന്‍ എം.എല്‍.എ. എ. പ്രദീപ്കുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ ജനാധിപത്യവ്യവസ്ഥയെയും ഭരണഘടനാദത്തമായ അവകാശങ്ങളെയും ഹനിക്കുമെന്ന് ഇന്ദിരാഗാന്ധിയോട് പറഞ്ഞിരുന്നു. ചിലര്‍ പ്രേരിപ്പിച്ചതിനാലാവാം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയ്ക്ക് തുനിഞ്ഞത്. മതമൗലികവാദത്തിനും ചങ്ങാത്ത മുതലാളിത്തത്തിനും രാജ്യം അടിമപ്പെടുന്നത് വിപത്താണെന്ന് വളരെ നേരത്തേതന്നെ രാജീവ്ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1987 ഡിസംബര്‍ 10-ന് പാര്‍ലമെന്റിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. രാജീവ് ഈ വിഷയങ്ങളില്‍ ആശയക്കുഴപ്പത്തിലായിരുന്നോ എന്ന് ഇന്നും സംശയിക്കുന്നു.
റാം മനോഹര്‍ ലോഹ്യക്ക് നെഹ്രുവിനെക്കുറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാടാണ് എന്ന് മനസ്സിലാക്കിയപ്പോഴാണ് താന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് അകന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും തിളങ്ങിയ അസാധാരണ പ്രതിഭയായി കാണുന്നത് വി.കെ. കൃഷ്ണമേനോനെയാണ്. ഒന്നാം പിറന്നാളിന് മദിരാശി മന്ത്രിയായിരുന്ന വി.വി. ഗിരി ആശംസ നേര്‍ന്നു. പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ ഗിരി രാഷ്ട്രപതിയായിരുന്നു. ഈ വാത്സല്യം എന്നും അദ്ദേഹം കാണിച്ചിട്ടുണ്ട്.
പുസ്തകത്തില്‍ ഇതൊക്കെ സൂര്യദാസ് രസകരമായി വിവരിക്കുന്നുണ്ട്. തന്റെ ജീവചരിത്രം എഴുതുന്ന കാര്യം അറിഞ്ഞത് എഴുതിത്തുടങ്ങി മാസങ്ങള്‍ക്കുശേഷമാണ്. അല്ലെങ്കില്‍ നിരുത്സാഹപ്പെടുത്തുമായിരുന്നു. രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും ഉള്‍പ്പെടെ തന്റെ പ്രവര്‍ത്തനമേഖലകളിലെല്ലാം ജീവിതം അനുഗൃഹീതമായിരുന്നുവെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു.
Content Highlights: k p unnikrishnan, indraprasthathile rashtreeya sanchari book, mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..