ദാമോദർ മൗസോ എം.ടി വാസുദേവൻ നായരെ സന്ദർശിച്ചപ്പോൾ (ഫോട്ടോ: പി.പി ബിനോജ്)
കോഴിക്കോട്: 'എം.ടീ നമുക്കൊരു ഗോവന്‍ ട്രിപ് പോയാലോ' എന്നുപറഞ്ഞാണ് ദാമോദര്‍ മൗസോ എം.ടിയുടെ കൈകളെ ചേര്‍ത്തുപിടിച്ചത്. കൊട്ടാരം റോഡിലെ സിതാരയില്‍ രണ്ടു ജ്ഞാനപീഠജേതാക്കളുടെ കൂടിച്ചേരല്‍ എന്നതിനപ്പുറം പതിറ്റാണ്ടുകളുടെ സൗഹൃദം പുതുക്കല്‍ കൂടിയായിരുന്നു എം.ടി വാസുദേവന്‍ നായര്‍ക്കും ഗോവന്‍ എഴുത്തുകാരന്‍ ദാമോദര്‍ മൗസോയ്ക്കും. എണ്‍പതുകളില്‍ ഡല്‍ഹിയില്‍ വെച്ചു പിറന്ന സൗഹൃദം ഇന്നും തെളിമയോടെ രണ്ടുപേരും മനസ്സില്‍ സൂക്ഷിക്കുന്നു. ഗോവയിലേക്ക് തന്റെ ക്ഷണം സ്വീകരിച്ചു വന്ന എം.ടിയെക്കുറിച്ചായിരുന്നു മൗസോ പറഞ്ഞതുമുഴുവന്‍. 'അന്നത്തെ ചെറുപ്പത്തിന്റെ സാഹസികതയില്‍ എം.ടിയെയും കൊണ്ട് ഗോവയിലെ സഞ്ചാരകേന്ദ്രങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം കറങ്ങി നടന്നു. 'എം.ടീ, ഓര്‍ക്കുന്നുണ്ടോ അത്രയും ചെങ്കുത്തായ വെള്ളച്ചാട്ടത്തിലൂടെ നമ്മള്‍ നടത്തിയ സാഹസികയാത്ര?' ദാമോദര്‍ മൗസോ ആവേശത്തോടെ പറഞ്ഞപ്പോള്‍ എം.ടി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് തലയാട്ടി.
'എം.ടി ഇപ്പോഴും ചെറുപ്പമാണ് നമുക്ക് ഗോവയില്‍ പോകാം' എന്ന് മൗസോ വീണ്ടും പറഞ്ഞപ്പോൾ എം.ടി പറഞ്ഞു: 'ഐ വില്‍ കം.' എം.ടിയെ ആരോഗ്യവാനായി കണ്ടതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സാഹിത്യമാണ് തങ്ങളെ സൗഹൃദത്തിലാക്കിയതെന്നും മൗസോ പറഞ്ഞു. എണ്‍പതുകളില്‍ മൗസോയുടെ കൃതികള്‍ മറ്റുള്ളവരെക്കൊണ്ട് വിവര്‍ത്തനം ചെയ്യിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് എം.ടി പറഞ്ഞു.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.പി രാമനുണ്ണിയുടെ കഥാസമാഹാരമായ 'ഹൈന്ദവം' പ്രകാശനം ചെയ്യാന്‍ എത്തിയതാണ് ദാമോദര്‍ മൗസോ. വൈകിട്ട് ആറുമണിക്ക് കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ച് നടക്കുന്ന പുസ്തകപ്രകാശനത്തില്‍ സുഭാഷ് ചന്ദ്രന്‍, ഡോ. ഖദീജാമുംതാസ്, ഡോ.എം.സി അബ്ദുള്‍ നാസര്‍, മയൂര ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
Content Highlights: M.T vasudevan Nair, Damodar Mauzo, Jnanpith Award, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..