ജെ. ദേവിക
സിവിക് ചന്ദ്രന്റെ ലൈംഗികാതിക്രമം നടത്തി എന്ന സാഹിത്യകാരിയുടെ പരാതിയിന്മേല് തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഫേസ് ബുക്കില്‍ കുറിപ്പിട്ട ജെ. ദേവികയ്ക്കെതിരെ അനവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തെ ഇടതുവിരുദ്ധതയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണ് ചെയ്യുന്നത് എന്ന ആരോപണം ജെ. ദേവികയ്ക്കെതിരെ ഉയര്‍ന്നു. അതിനു മറുപടിയായി ജെ. ദേവിക എഴുതുന്നു.
'അങ്ങനെ ഞാനും സിവിക് ചന്ദ്രന്റെ 'മടിയിലാ'യി. സാരമില്ല. അധികാരികളായ ആണുങ്ങളുടെ, മാറിമാറി വരുന്ന അധികാരികളുടെ, മടിയില്‍ (literally) കിടന്ന് പലതും നേടിയവര്‍ ഉള്ള നാടാണ്. അങ്ങനെയൊന്നും നേടാനല്ലാതെ വല്ലവരുടെയും മടിയില്‍ കിടക്കുന്നതിന് ഒരു ഡിഗ്നിറ്റി ഒക്കെയുണ്ട്.
ഇക്കാര്യത്തില്‍ ഞാനിപ്പോഴും പറയുന്നു:
1. ലൈംഗികശല്യപരാതികളില് പരാതിക്കാരിയെ സസൂക്ഷ്മം, വിശദമായി, കേള്‍ക്കാനും, ഗൗരവത്തോടെ, കൃത്യമായി, അന്വേഷിക്കാനുമുള്ള ബാധ്യതയാണ് ഐസിസിക്കും, അവരത് മീടൂവായി പറയുകയാണെങ്കില്‍ പൊതുസമൂഹത്തിനും, ഉള്ളത്. അല്ലാതെ പരാതിക്കാരി പറയുന്നതിനെ ഉടന്‍
സമ്പൂര്‍ണസത്യമെന്ന് പ്രഖ്യാപിക്കാനുള്ള ബാധ്യതയല്ല.
2. പരാതിക്കാരിയുടെ പല മൊഴികള്‍ തമ്മില്‍ ഒത്തുപൊരുത്തമില്ലായ്മയില്ലെങ്കില് തത്ക്കാലം അതിനെ അംഗീകരിച്ച് കാര്യമായ അന്വേഷണം (നാട്ടില്‍ പോലീസിനു മാത്രമേ അത്തരം അന്വേഷണത്തിനാവശ്യമായ വിഭവമുള്ളൂ -ഐസിസിയെ തെറിപറയുന്നത് വിഡ്ഢിത്തമാണ്) നടക്കാന്‍ കാത്തിരിക്കുകയാണ് വേണ്ടത്. അല്ലാതെ ആ ഒത്തുപൊരുത്തമില്ലായ്മയെ തമസ്ക്കരിക്കുകയോ അതു കണ്ടില്ലെന്നു നടിച്ച് രാഷ്ട്രീകറക്ട്നെസ് വിളവെടുപ്പ് നടത്തുകയോ അല്ല വേണ്ടത്.
3. പരാതിക്കാരിക്കൊപ്പം നില്ക്കുന്നവര് ധാര്മ്മികതയില്ലാത്തവരാണെന്നു ബോധ്യപ്പെട്ടാല്‍ പോലീസ് അന്വേഷണം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ കങ്കാരൂകോടതി പൊടിപൊടിക്കും. അധികാരം കൈയാളുന്ന കക്ഷികള്‍ക്കു വേണ്ടി കള്ളപ്രചരണം നടത്തിയവര്‍, അഴിമതിക്കാരികള്, മുന്‍കാലങ്ങളില്‍ ഇതിനെക്കാള്‍ ഗുരുതരമായ പരാതികള്‍ കേട്ടിട്ട് കച്ചകെട്ടിയിറങ്ങാത്തവര് (മുന്‍പ് ഫേസ്ബുക്കില്‍ ലോണ്ബേഡ് എന്ന പേരില്‍ എഴുതിയിരുന്ന ഒരു ദലിത് യുവതി പുകസാസ ക്യാമ്പുകളില്‍ അവരെ കൗമാരകാലം മുതല്‍ ആ സംഘടനയുടെ ഒരു നേതാവ് നിരന്തരം പീഡിപ്പിച്ച കാര്യം വിശദമായി എഴുതിയപ്പോഴെങ്കിലും ദലിത് -സ്ത്രീ സ്നേഹം ഈവിധത്തില്‍ പ്രകടമാക്കാത്തവര്‍, ഉദാഹരണത്തിന്), ദലിത് ഫെമിനിസ്റ്റുകളോ വക്താക്കളോ ആകാനുള്ള യോഗ്യത ചിലര്‍ക്കു മാത്രമേ ഉളളൂ എന്ന് പ്രവര്‍ത്തികൊണ്ട് സ്ഥാപിക്കുന്നവര്‍, അവരെല്ലാമാണ് പരാതിക്കാരിക്കൊപ്പമെങ്കില് തീര്‍ച്ചയായും അവരുടെ പരാതി പോലീസ് അന്വേഷിച്ചേ പറ്റൂ. കാരണം പോലീസ് അന്വേഷണം പരസ്യവും അതിലെ തെറ്റുകുറ്റങ്ങള്‍ കണ്ടെത്താവുന്നവയുമാണ്. കങ്കാരൂകോടതിയെക്കാള് അതിനാല്‍ വിശ്വാസ്യവുമാണെന്ന കാര്യം പരാതിക്കാരിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ് -കുറ്റാരോപിതര്‍ക്കു മാത്രമല്ല അതിന്റെ ഗുണം.
4. ജാതിവിരുദ്ധ നിലപാട് ദലിത് പ്രവര്‍ത്തകര്‍ക്കു മാത്രമേയുള്ളൂ എന്ന് തീര്‍ത്തും വിശ്വസിക്കുന്നില്ല. അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി ക്ളാരന്‍സ് തോമസിന്റെ പ്രതാപകാലത്ത് ജീവിക്കുന്നതുകൊണ്ട്, അനീറ്റാ ഹില്ലിന്റെ മൊഴിയെടുക്കലിനെ പിന്തുടര്ന്നിട്ടുള്ളതുകൊണ്ട്. പ്രക്രിയകളെപ്പറ്റി, മറ്റു സ്ത്രീകളെകുറിച്ച് പച്ചക്കള്ളങ്ങള്‍ സാമൂഹ്യ പിന്നോക്കാവസ്ഥ നേരിടുന്നവര്‍ ബോധപൂര്‍വം പറഞ്ഞാല്‍ അതു കുറ്റകരം തന്നെയാണ്.
5. അറസ്റ്റുചെയ്യാന്‍ മതിയായ തെളിവുകളോ സംശയങ്ങളോ ഉള്ളപ്പോള്‍ പോലീസ് അറസ്റ്റുചെയ്യുകയാണ് പതിവ്. സിവിക് ചന്ദ്രന് പി സി ജോര്‍ജ് അല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് -മാത്രമല്ല, അദ്ദേഹം എങ്ങും പോയിട്ടുമില്ല. എവിടെയുണ്ടെന്ന് പോലീസിനറിയാം. ഇത്തരം പ്രതിസന്ധികളില്‍ ആളുകള്‍ അവരെ സ്നേഹിക്കുന്നവര്‍ക്കൊപ്പമാണ് ഉണ്ടാവുക. ആന്റിസിപ്പേറ്ററി ജാമ്യം തേടുക എന്നാല്‍ കോടതിക്കു വിധേയമാകുന്നുവെന്നാണര്ത്ഥം.
Also Read
6. പെരുമാറ്റങ്ങള്‍ക്ക് ലൈംഗികച്ചുവ വരുന്ന എല്ലായിടത്തും ഭരണകൂടത്തിന്റെ കൈയ്ക്ക് ശക്തിപകരുന്നത് സിവില്‍ സമൂഹം ഇരിക്കുന്ന കൊമ്പിനിട്ട് വെട്ടുന്നതിന് സമാനമാണ്. പ്രപ്പോഷനറ്റ് ശിക്ഷയെന്നത് നീതിയുടെ ഭാഗമാണ്. അതുകൊണ്ട് ഇവിടെ ഉന്നയിക്കപ്പെട്ട ആലിംഗന-ചുംബനശ്രമം പെരുമാറ്റപ്പിഴയാണോ അതോ ബലാത്സംഗശ്രമമാണോ അതോ മറ്റു വല്ലതുമാണോ എന്നൊക്കെ പോലീസ് തന്നെ കണ്ടുപിടിച്ച ശേഷം ശിക്ഷവിധിക്കണമെന്നു തന്നെയാണ് എനിക്കു തോന്നുന്നത്.
അന്വേഷണം നടക്കുന്നു. അതുവരെ നാം മിണ്ടാതിരിക്കുന്നതാണ് കുറ്റാരോപിതനു മാത്രമല്ല, പരാതിക്കാരിക്കും നല്ലത്.'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..