കടപ്പാട്:thebookerprizes.com/the-booker-library/prize-years/international/2023
ലണ്ടന്‍: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ പ്രൈസ് ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട അവസാന ആറ് നോവലുകള്‍ പ്രഖ്യാപിച്ചു. ബള്‍ഗേറിയയില്‍നിന്നും കാറ്റാലനില്‍നിന്നും ആദ്യമായി ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പടുന്ന നോവലുകള്‍, മാതൃത്വത്തിന്റെ വെല്ലുവിളികളും സംഘര്‍ഷങ്ങളും രേഖകളില്‍ ഇനിയും ചേര്‍ക്കപ്പെട്ടിട്ടില്ലാത്ത തൊഴിലാളികളുടെയും ഗൃഹാതുരത്വത്തിന്റെയും അതിഭീകരമായ കഥകള്‍ പറയുന്ന കൃതികള്‍, ഭാര്യയും ഭര്‍ത്താവും യഥാക്രമം എഴുത്തുകാരിയും വിവര്‍ത്തകനുമായ പുസ്തകം, ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭാഷയില്‍ എഴുതപ്പെട്ട കൃതി, മൂന്നു കവികള്‍, ഒരു സിനിമാസംവിധായകന്‍, മുന്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്നിവരുടെ നോവലുകള്‍, രണ്ട് പ്രഥമ നോവലുകള്‍, ഇന്നേവരെ ബുക്കര്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ വെച്ച് ഏറ്റവും പ്രായം ചെന്ന എഴുത്തുകാരിയുടെ നോവല്‍, ആറ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നോവലുകള്‍... തുടങ്ങി ഇത്തവണത്തെ അന്താരാഷ്ട്ര ബുക്കര്‍ പ്രൈസ് അന്തിമപട്ടികയ്ക്ക് ഏറെ സവിശേഷതകള്‍ ഉണ്ട്.
മെക്‌സിക്കന്‍ എഴുത്തുകാരിയും The Body Where I was Born എന്ന പ്രശസ്ത നോവലിന്റെ രചയിതാവുമായ ഗോഡലൂപി നേതല്‍ എഴുതിയ 'സ്റ്റില്‍ ബോണ്‍' (വിവ: റോസാലിന്റ് ഹാര്‍വേ) ബുക്കര്‍ അവസാന ആറില്‍ ഇടം പിടിച്ചു. ബള്‍ഗേറിയന്‍ എഴുത്തുകാരനും അനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പ്രതിഭയും വിവര്‍ത്തകനുമായ ജോര്‍ജി ഗോസ്പിഡനോയുടെ 'ടൈം ഷെല്‍ട്ടര്‍' എന്ന നോവലും ബുക്കര്‍ പട്ടികയില്‍ ഇടം നേടി. ബള്‍ഗേറിയന്‍ സംഗീതജ്ഞയും വിവര്‍ത്തകയുമായ ആഞ്ജല റോഡല്‍ ആണ് 'ടൈം ഷെല്‍ട്ടര്‍' വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ജോര്‍ജി ഗോസ്പിഡനോയുടെ തന്നെ 'ഫിസിക്‌സ് ഓഫ് സോറോ' എന്ന പുസ്തകം 2016-ല്‍ മികച്ച വിവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം ആഞ്ജലയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്.
ദക്ഷിണ കൊറിയന്‍ നോവലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനുമായ മിയോന്‍ ക്വാന്‍ ചിയോന്റെ പ്രഥമകൃതിയായ 'വെയ്ല്‍' ബുക്കര്‍ അന്തിമപട്ടികയില്‍ ഇടംനേടി. അന്താരാഷ്ട്ര തലത്തില്‍ അനവധി സാഹിത്യപുരസ്‌കാരങ്ങള്‍ നേടിയ ചിയോന്റെ രചനകള്‍ എട്ടു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത വിവര്‍ത്തകയും എഡിറ്ററുമായ ചി-യുങ് കിം ആണ് 'വെയ്ല്‍' വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വിവര്‍ത്തനത്തിന് മാന്‍ ഏഷ്യന്‍ ലിറ്റററി അവാര്‍ഡ് നേടിയ ചി-യുങ് കിം പന്ത്രണ്ടോളം പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സ്പാനിഷ് കവിയും എഴുത്തുകാരിയുമായ ഇവ ബാല്‍താസറിന്റെ 'ബോള്‍ഡര്‍' എന്ന നോവല്‍ അന്തിമപ്പട്ടികയില്‍ ഇടം നേടി. കവിതകളുടെ പത്തു വോള്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇവ ബാല്‍താസര്‍. പോര്‍ച്ചുഗീസ്, സ്പാനിഷ്, കറ്റാലന്‍ എന്നീഭാഷകളില്‍ പ്രാവീണ്യമുള്ള ജൂലിയ സാന്‍ചസ് ആണ് ബോള്‍ഡര്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
കരീബിയന്‍ സാഹിത്യത്തിലെ വിശിഷ്ട എഴുത്തുകാരിയായി അറിയപ്പെടുന്ന മെറീസ് കോണ്‍ട് ഇന്നോളം പ്രസിദ്ധപ്പെടുത്തിയ ബുക്കര്‍ പ്രൈസ് അന്തിമപ്പട്ടികയിലെ ഏറ്റവും പ്രായം കൂടിയ എഴുത്തുകാരിയായി.'ദ ഗോസ്പല്‍ എക്കോഡിങ് റ്റു ദ ന്യൂ വേള്‍ഡ്' എന്ന നോവലാണ് അന്തിമപ്പട്ടികയിലുള്ളത്. 2015-ല്‍ മാന്‍ ബുക്കര്‍ പ്രൈസ് അന്തിമപ്പട്ടികയില്‍ ഇടം പിടിച്ച എഴുത്തുകാരിയാണ് മെറീസ് കോണ്‍ട്. വിഖ്യാത നോവലായ 'സേഗു' ആഫ്രിക്കന്‍ സാഹിത്യപുരസ്‌കാരം നേടിയിട്ടുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റി അധ്യാപികയായിരുന്ന മെറീസ് കോണ്‍ടിന് എണ്‍പത്തിയൊമ്പത് വയസ്സുണ്ട്. മെറീസ് കോണ്‍ടിന്റെ ഭര്‍ത്താവും വിവര്‍ത്തകനുമായ റിച്ചഡ് ഫില്‍കോക്‌സ് ആണ് നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഐവേറിയന്‍ എഴുത്തുകാരനും തിരക്കഥാകൃത്തും ജേണലിസ്റ്റുമായ ഗോസ് തന്റെ കരിയര്‍ ആരംഭിക്കുന്നത് ഒരു സെക്യൂരിറ്റ് ഗാര്‍ഡ് ആയിട്ടാണ്. പാരീസിലേക്ക് അനധികൃതമായി കുടിയേറുകയും പിന്നീട് ബയോകെമിസ്ട്രിയില്‍ ബിരുദധാരിയാവുകയും ചെയ്ത ഗോസിന്റെ പ്രഥമ നോവലായ 'സ്റ്റാന്‍ഡിങ് ഹെവി'യാണ് ബുക്കര്‍ പ്രൈസ് അന്തിമപട്ടികയില്‍ ഇടം നേടിയത്. ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ നോവലാണ് സ്റ്റാന്‍ഡിങ് ഹെവി. ഐറിഷ് എഴുത്തുകാരനുമായ ഫ്രാങ്ക് വൈന്‍ ആണ് നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ലോങ് ലിസ്റ്റില്‍ ഇടം നേടിയ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ നോവലും ആന്ത്രെ കുര്‍ക്കോവിന്റെ രചനയും അവസാന ആറില്‍ ഇടം പിടിച്ചില്ല.
Content Highlights: International Booker Prize 2023, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..