കെ ജയകുമാർ, സുഭാഷ്ചന്ദ്രൻ, കെ വിശ്വനാഥ്
മലയാള സാഹിത്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരത്തുകയുള്ള 'ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാരങ്ങള്‍' പ്രഖ്യാപിച്ചു. കെ ജയകുമാര്‍ ഐഎഎസ് (റിട്ടയേഡ്) ന് ആണ് മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചത്. അഞ്ചു ലക്ഷത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും അടങ്ങുന്ന ഭാഷാകേസരി പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്.
ഭാഷയുമായി നേരിട്ട് ബന്ധമില്ലാത്തതും അങ്ങേയറ്റം തിരക്കേറിയതുമായ ഒരു കര്‍മ്മ മണ്ഡലത്തില്‍ ജീവിതത്തിലെ നല്ലൊരുഭാഗം ചെലവഴിക്കേണ്ടി വന്നിട്ടും ഒട്ടനവധി തലങ്ങളിലുള്ള സംഭാവന ഭാഷയ്ക്ക് നല്‍കാന്‍ സാധിച്ചു എന്നതാണ് ഈ പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയതെന്ന് ഇന്‍ഡിവുഡ് സ്ഥാപകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു. സാഹിത്യ മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ മികവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നവയാണ് ഈ വിഭാഗത്തിലെ ഓരോ പുരസ്‌കാരങ്ങളും.
ഗിരീഷ് പുലിയൂരാണ് മികച്ച കവി. കരമനയാര്‍ എന്ന അദ്ദേഹത്തിന്റെ കവിതയാണ് സമ്മാനാര്‍ഹമായത്. 'കുറി വരച്ചാലും' എന്ന ഗാനം എഴുതിയ എം.ഡി. രാജേന്ദ്രന്‍ മികച്ച ഗാനരചയിതാവായും 'സമുദ്രശില ' എന്ന നോവലിന് സുഭാഷ് ചന്ദ്രനെ മികച്ച നോവലിസ്റ്റായും തിരഞ്ഞെടുത്തു. നമ്പി നാരായണന്റെ 'ഓര്‍മ്മകളുടെ ഭ്രമണപഥ'മാണ് മികച്ച ആത്മകഥ. 'കോമാളി മേല്‍ക്കൈ നേടുന്ന കാലം' എന്ന ലേഖനത്തിലൂടെ മികച്ച ലേഖകനുള്ള പുരസ്‌കാരത്തിന് ബിപിന്‍ ചന്ദ്രന്‍ അര്‍ഹനായി. ജോബിന്‍ എസ് കൊട്ടാരത്തിന്റെ രണ്ടു വാല്യങ്ങളുള്ള 'സമഗ്രം, മധുരം മലയാളം ' ഏറ്റവും മികച്ച വിദ്യാഭ്യാസ ഗ്രന്ഥമായി തിരഞ്ഞെടുത്തു. സായ്‌റ എഴുതിയ ' തിരികെ ' എന്ന കഥാസമാഹാരമാണ് 'മികച്ച കഥ ' എന്ന വിഭാഗത്തില്‍ സമ്മാനാര്‍ഹമായത്. ഏറ്റവും മികച്ച ചലച്ചിത്ര തിരക്കഥ എന്ന വിഭാഗത്തില്‍ സമ്മാനം ലഭിച്ചത് മുഹമ്മദ് ഷഫീക്ക് എഴുതിയ 'ആമ ' എന്ന സിനിമയാക്കാത്ത തിരക്കഥയ്ക്കാണ്.
മികച്ച നിരൂപകന്‍ (വി.യു സുരേന്ദ്രന്‍, വാക്കിന്റെ ജലസ്പര്‍ശം), മികച്ച വൈജ്ഞാനിക സാഹിത്യകാരന്‍ (ഡോ. കെ. ശ്രീകുമാര്‍, അരങ്ങ്), മികച്ച യാത്രാവിവരണ രചയിതാവ് (കെ.വിശ്വനാഥ്, യാത്ര- ഇന്ത്യന്‍ ചരിത്രസ്മാരകങ്ങളിലൂടെ), മികച്ച ബാലസാഹിത്യകാരന്‍ (സജീവന്‍ മൊകേരി, കുഞ്ഞിക്കുറുക്കനും കൂട്ടുകാരും), മികച്ച വിവര്‍ത്തനം (ഡോ. മിനിപ്രിയ. ആര്‍, കങ്കണം (പെരുമാള്‍ മുരുകന്‍), മികച്ച ഭാഷാ ഗവേഷണം (ഡോ. നിത്യ. പി. വിശ്വം, പാരഡി മലയാള കവിതയില്‍), മികച്ച ഹാസ്യ സാഹിത്യകാരന്‍ (നൈന മണ്ണഞ്ചേരി, പങ്കന്‍സ് ഓണ്‍ കണ്‍ട്രി) തുടങ്ങിയവയാണ് മറ്റു പുരസ്‌കാരങ്ങള്‍.
വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശത്തിന് എന്‍. എസ്. സുമേഷ് കൃഷ്ണന്റെ 'ചന്ദ്രകാന്തം' എന്ന കവിതാസമാഹാരവും, ആര്‍. അജിത് കുമാറിന്റെ 'ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍' എന്ന സമാഹാരവും അര്‍ഹമായി. സതീഷ് തപസ്യ, ശ്രീദേവ്, ആര്‍ച്ച. എ. ജെ, വിഷ്ണു ദേവ് എന്നിവര്‍ക്ക് പ്രത്യേക പ്രോത്സാഹന പുരസ്‌കാരവും ലഭിക്കും.
മാതൃഭൂമിയിൽ ചീഫ് സബ് എഡിറ്റർമാരാണ് കെ.വിശ്വനാഥും സുഭാഷ് ചന്ദ്രനും. പുരസ്കാരത്തിനർഹമായ ഇരുവരുടെയും പുസ്തകങ്ങൾ മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Content highlights: Indywood Literature award goes to K Jayakumar Subhashchandran K Viswanath


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..