ഗോവിന്ദന്റെ മകൻ ജി. ഗോപിനാഥനും ബന്ധു എസ്. രാജീവനും മാതൃഭൂമി ആഴ്ചപ്പതിപ്പ് ശേഖരവുമായി
തിരുവനന്തപുരം: നവതി ആഘോഷിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആരംഭകാലം മുതല്‍തന്നെ സ്ഥിരം വരിക്കാരനായിരുന്ന സാഹിത്യശിരോമണി എം.കെ.ഗോവിന്ദന്റെ ആഴ്ചപ്പതിപ്പ് ശേഖരം ഇന്നും പുതുതലമുറയുടെ കൈകളില്‍ ഭദ്രം. 1968-ല്‍ അദ്ദേഹം മരിച്ചെങ്കിലും ആഴ്ചപ്പതിപ്പുമായുള്ള ബന്ധം ഇന്നും ഈ കുടുംബം ദൃഢമായി നിലനിര്‍ത്തുന്നു. ആദ്യകാലത്തെ പതിപ്പുകള്‍ മുതല്‍ നവതിപ്പതിപ്പ് വരെയുള്ള ശേഖരം ഇവര്‍ സൂക്ഷിക്കുന്നു.
1901-ല്‍ കൊല്ലം ജില്ലയിലെ പെരുമ്പുഴ ഗ്രാമത്തിലാണ് എം.കെ.ഗോവിന്ദന് ജനിച്ചത്. പട്ടാമ്പിയിലുള്ള സംസ്കൃതപണ്ഡിതന്‍ പുന്നശ്ശേരി നീലകണ്ഠന്നമ്പിയില്നിന്ന് സംസ്കൃതത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുകയും തുടര്‍ന്ന് സാഹിത്യശിരോമണി പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു. 1924-ല്‍ അദ്ദേഹത്തെ ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമം ഹൈസ്കൂളിലേക്ക് (ഇന്നത്തെ എസ്.എന്‍.ഡി.പി. ഹൈസ്കൂള്‍) കൂട്ടിക്കൊണ്ടുപോയി അധ്യാപകനായി നിയമിച്ചു.

അദ്ദേഹം ശ്രീമൂലം പ്രജാസഭയില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന കാലത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. അക്കാലംമുതല്‍ ആഴ്ചപ്പതിപ്പിന്റെ വരിക്കാരനായിരുന്നു. 1948-ല്‍ അദ്വൈതാശ്രമം ഹൈസ്കൂളില്‍ പ്രഥമാധ്യാപകനായിക്കെ, ആ സ്ഥാനം ഒഴിഞ്ഞ് അന്ന് പുതുതായി രൂപവത്കരിച്ച കൊല്ലം എസ്.എന്‍. കോളേജില്‍ സംസ്കൃത അധ്യാപകനായി. ഇതിനുശേഷം തിരുവനന്തപുരത്ത് ലക്സിക്കണില്‍ സബ് എഡിറ്ററായി ജോലി ലഭിച്ചപ്പോള്‍ കവടിയാറിലേക്കു താമസം മാറി. 1968-ല്‍ അദ്ദേഹത്തിന്റെ മരണശേഷം അഞ്ച് മക്കളും ചേര്‍ന്ന് ആഴ്ചപ്പതിപ്പ് ശേഖരം വിപുലമാക്കി. ആ ശീലം ഇന്നും തുടരുന്നു.
അച്ഛന്റെ ആഴ്ചപ്പതിപ്പ് ശേഖരത്തില്‍നിന്നും കുട്ടിക്കാലത്ത് വായിച്ച പി.സി.കടലുണ്ടിയുടെ ശാസ്ത്രക്കുറിപ്പുകളും ഉറൂബിന്റെ ഉമ്മാച്ചുവും ഇന്നും ഓര്‍മ്മകളില്‍ മങ്ങാതെയുണ്ടെന്ന് മൂത്തമകന് ജി.ഗോപിനാഥന് പറയുന്നു. കവടിയാര്‍ ജവഹര്‍ നഗറിലെ വീട്ടില്‍ ഈ അമൂല്യശേഖരം ബൈന്‍ഡ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. ഗോപിനാഥനും അദ്ദേഹത്തിന്റെ സഹോദരീപുത്രന് എസ്.രാജീവനും കുടുംബവുമാണ് ജവഹര്‍ നഗറിലെ വീട്ടില്‍ താമസം.
പരേതയായ ഗൗരിക്കുട്ടിയാണ് ഗോപിനാഥന്റെ ഭാര്യ. പരേതയായ എഴുത്തുകാരി ജി.കമലമ്മ, ഡോ. ജി.ലീല, ജി.രാധാകൃഷ്ണന്, ഹൃദ്രോഗവിദഗ്ധന് ഡോ. ജി.വിജയരാഘവന് എന്നിവരാണ് എം.കെ.ഗോവിന്ദന്റെ മറ്റു മക്കള്‍.
Content Highlights :huge collection of mathrubhumi weekly by m k govindan and family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..