സാറാ അബൂബക്കർ
മംഗളൂരു: ചന്ദ്രഗിരിപ്പുഴയുടെ തെളിനീരുറവപോലുള്ള സാറാ അബൂബക്കറിന്റെ രചനകള്‍ സമ്പുഷ്ടമാക്കിയത് കന്നഡസാഹിത്യത്തെയും മലയാളസാഹിത്യത്തെയും. കുട്ടിക്കാലത്തെ ഓര്മകകളുടെ തെളിച്ചത്തില്‍ എഴുതിയ ആദ്യ നോവല്‍ 'ചന്ദ്രഗിരിയ തീരദല്ലി' (ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങളില്‍) സാറ എന്ന എഴുത്തുകാരിയുടെ വരവറിയിച്ചു. ഒപ്പം സാമുദായിക വിമര്‍ശനങ്ങളെ തന്റെ രചനാവൈഭവംകൊണ്ടും നിലപാടുകൊണ്ടും തോല്‍പ്പിക്കാമെന്നും തെളിയിച്ചു.
വിവാഹാനന്തരം മംഗളൂരുവിന്റെ മരുമകളായതോടെ സാറയുടെ തൂലികയുടെ സുവര്‍ണകാലവും തുടങ്ങി. സ്ത്രീകള്‍, പ്രത്യേകിച്ചും മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ എഴുത്തിലേക്ക് രംഗപ്രവേശനം ചെയ്യാന്‍ മടിച്ചിരുന്ന കാലത്താണ് സാറാ അബൂബക്കര്‍ തന്റെ വ്യത്യസ്തമായ രചനാവൈഭവം കൊണ്ട് കന്നഡസാഹിത്യത്തെ സമ്പുഷ്ടമാക്കിയത്. ഭര്‍ത്താവ് പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അബൂബക്കറിനും നാല് ആണ്മക്കള്ക്കുമൊപ്പം മംഗളൂരു ലാല്‍ബാഗിലെ വീട്ടിലായിരുന്നു താമസം.
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ 'ലങ്കേഷ് പത്രിക'യിലാണ് ചന്ദ്രഗിരിയുടെ തീരങ്ങളില്‍ പ്രസിദ്ധീകരിച്ചത്. നോവലിന്റെ ആദ്യഭാഗങ്ങള്‍ വന്നതോടെ മതപരമായ പ്രതിഷേധങ്ങളും ഉയര്‍ന്നു.
അതിനെ മറികടക്കാന്‍ ഗൗരി ലങ്കേഷും ഒപ്പം സാറയും കാണിച്ച ധൈര്യവും നിലപാടുകളും നോവലിനെ വല്ലാത്തൊരു രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിലേക്ക് നയിച്ചു. ഈ നോവല്‍ ഗൗരി ലങ്കേഷുമായുള്ള സൗഹൃത്തിലേക്കുള്ള വഴിയുമായി. ഗൗരി കൊല്ലപ്പെട്ടപ്പോള്‍ സാറ ശക്തമായ പ്രതിഷേധക്കുറിപ്പുകളിറക്കി. 'ശബ്ദിക്കുന്നവരെ ആര്‍ക്കാണ് പേടി, വിഷലിപ്തമായ വര്‍ഗീയതയ്ക്കെതിരേ ഉറക്കെ പറഞ്ഞവളാണ് ഗൗരി. ആ ശബ്ദം ഭയപ്പെട്ടവര്‍ അവളെ ഇല്ലാതാക്കി'-സാറ കുറിച്ചു. തന്റെ നിലപാടുകളെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും ധൈര്യം കാണിച്ച എഴുത്തുകാരിയായിരുന്നു സാറ.
'ബ്യാരി'യെ തടഞ്ഞ നിലപാട്
സാറാ അബൂബക്കറിന്റെ ഉറച്ച നിലപാടും ധൈര്യവും ദേശീയ പുരസ്കാരം നേടിയ 'ബ്യാരി' എന്ന സിനിമയുടെ പ്രദര്‍ശനം തടയാന്‍പോലും കാരണമായി. അതും സിനിമ പുറത്തിറങ്ങി എട്ടുവര്‍ഷം കഴിഞ്ഞിട്ടും. 2011-ല്‍ പുറത്തിറങ്ങിയ ബ്യാരി എന്ന സിനിമയുടെ കഥ തന്റെ ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങള്‍ എന്ന നോവലിലേതാണെന്ന് വൈകിയാണ് സാറ അറിഞ്ഞത്.
തന്റെ അനുമതിയില്ലാതെ നോവല്‍ സിനിമയാക്കിയെന്ന് കാണിച്ച് പരാതി നല്കി. പരാതി ശരിവെച്ച്, 2018-ല്‍ മംഗളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി സിനിമയുടെ പ്രദര്‍ശനം തടഞ്ഞു. അപ്പോഴേക്കും ബ്യാരിക്ക് ദേശീയ ചലച്ചിത്രമേളയില്‍ സ്വര്‍ണകമലം പുരസ്കാരമുള്‍പ്പെടെ കിട്ടിക്കഴിഞ്ഞിരുന്നു.
Content Highlights: homage to kannada writer and translator sara aboobakkar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..