
തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവം റൊമീലാ ഥാപ്പർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു ആർട്ടിസ്റ്റ് മദനൻ, പി നന്ദകുമാർ എം.എൽ.എ, എം.ടി.വാസുദേവൻ നായർ, കവി സച്ചിദാനന്ദൻ എന്നിവർ വേദിയിൽ | ഫോട്ടോ: അജിത്ത് ശങ്കരൻ
തിരൂര്‍: പൂര്‍വകാലം നിഷേധിക്കുന്നത് നമ്മള് നമ്മെത്തന്നെ മുറിവേല്‍പ്പിക്കുന്നതിനു തുല്യമാണെന്ന് വിഖ്യാത ചരിത്രകാരി റൊമില ഥാപ്പര്‍. ഏകവും കലര്‍പ്പില്ലാത്തതുമായ പാരമ്പര്യത്തില്‍നിന്നാണു വരുന്നതെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നാലുദിവസത്തെ തുഞ്ചന്‍ ഉത്സവം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ചില സംസ്കാരങ്ങള്‍ തനതാണെന്നും അതിനെ വേര്തിരിച്ചുകാണണമെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഈ സംസ്കാരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും നൂറ്റാണ്ടുകളായി പരിപാവനമായി സംരക്ഷിക്കപ്പെട്ടതാണെന്നുമാണ് വാദം. പക്ഷേ, ചരിത്രകാരന്മാര് ഇതംഗീകരിക്കുന്നില്ല. സംസ്കാരം രൂപപ്പെടുന്നത് കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ്. ഏതെങ്കിലും ഒരു പാരമ്പര്യത്തില്നിന്നല്ല നാഗരികതയുണ്ടായത്. പാരമ്പര്യം ഒരു തലമുറയില്‍നിന്ന് മറ്റൊന്നിലേക്കു മാറും. മാറ്റമില്ലാത്തതായി ഒന്നുമില്ല.
ഇന്ത്യാചരിത്രം ഭൂമി അധിഷ്ഠിതം മാത്രമല്ല, സമുദ്ര സഞ്ചാരത്തിലൂടെയും രൂപപ്പെട്ടതാണ്. ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമായ ബുദ്ധസംസ്കാരം ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിച്ചത് ഇന്ത്യന്‍ വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളിലേക്കു സഞ്ചരിച്ചതുകൊണ്ടാണ്. ജ്യോതിശ്ശാസ്ത്രവും ഗണിതശാസ്ത്രവും ഇങ്ങനെ പുറത്തേക്കു വ്യാപിച്ചിട്ടുണ്ട്. ബാഗ്ദാദ്, സമര്‍ഖണ്ഡ്, കേരളത്തിലെ മുസിരിസ് തുടങ്ങിയ സ്ഥലങ്ങളിലെ സംസ്കാരങ്ങള്‍ രൂപപ്പെട്ടതും ഇങ്ങനെയാണ്. പോര്‍ച്ചുഗീസുകാരും മറ്റു യൂറോപ്യന്മാരും വന്നപ്പോള്‍ പുതിയ മതങ്ങളും വന്നു. ഈ കൊടുക്കല്‍ വാങ്ങലിലൂടെ സംസ്കാരം പുഷ്ടിപ്പെടുത്തിയതിനെ നമ്മള് ആഘോഷിക്കുകയാണു വേണ്ടത് അവര്‍ അഭിപ്രായപ്പെട്ടു.

മഹാരാജ്യങ്ങള്പോലും എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടുനില്‍ക്കുന്ന അവസ്ഥയിലാണെന്നിരിക്കെ നമ്മള് ജീവിച്ചിരുന്നേ മതിയാകൂ എന്ന വെമ്പലില്‍നിന്നാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യക്ഷതവഹിച്ച ട്രസ്റ്റ് ചെയര്മാന് എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. പുസ്തകോത്സവം ആര്‍ട്ടിസ്റ്റ് മദനന് ഉദ്ഘാടനംചെയ്തു. തുഞ്ചന്‍ ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍ എം.എല്‍.എ., പത്രപ്രവര്ത്തകന് വെങ്കിടേഷ് രാമകൃഷ്ണന്, നഗരസഭാധ്യക്ഷ എ.പി. നസീമ എന്നിവര്‍ സംസാരിച്ചു.
'രാമായണ പാരമ്പര്യവും ഇന്ത്യന്‍ സാഹിത്യത്തിന്റെ ബഹുസ്വരതയും' എന്ന വിഷയത്തില്‍ കവി സച്ചിദാനന്ദന് തുഞ്ചന്‍ സ്മാരക പ്രഭാഷണം നടത്തി. ഡോ. കെ. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സാഹിത്യ ക്വിസ്, കവിസമ്മേളനം തുടങ്ങിയവയുമുണ്ടായി. സന്ധ്യയ്ക്ക് കലോത്സവം ചലച്ചിത്രനടന്‍ ഇന്നസെന്റ് ഉദ്ഘാടനംചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..