ഹിലരി മാന്റല്‍ അന്തരിച്ചു; 'ചരിത്രാഖ്യായികകളുടെ ബുക്കര്‍ജേതാവ്'


ഹിലരി മാന്റൽ/ ഫോട്ടോ: എപി

ലണ്ടന്‍: ചരിത്രാഖ്യായികകളിലെ ഏറ്റവും മികച്ച കൃതികളില്‍ ഒന്നായി സാഹിത്യലോകം കൊണ്ടാടിയ നോവല്‍- 'വോള്‍ഫ് ഹാളി'ന്റെ സ്രഷ്ടാവും രണ്ടുതവണ ബുക്കര്‍ പുരസ്‌കാരം നേടിയ എഴുത്തുകാരിയുമായ ഹിലരി മാന്റല്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഹിലരിയുടെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് ആണ് മരണവിവരം പുറത്തുവിട്ടത്. പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന ഹെന്റി എട്ടാമന്റെ വലംകയ്യായിരുന്ന തോമസ് ക്രോംവെല്‍ എന്ന അമാനുഷികവ്യക്തിത്വത്തെ മുഖ്യകഥാപാത്രമാക്കി അവതരിപ്പിച്ച 'വോള്‍ഫ്ഹാള്‍' ഹിലരിയുടെ എഴുത്തുകരിയറിലെ ഏറ്റവും ഗംഭീരമായ സൃഷ്ടിയായിരുന്നു. അതുവരെ ലോകം കണ്ടും കേട്ടും പരിചയിച്ച ചരിത്രാഖ്യാനങ്ങളെ മാറ്റിപ്പണിയുകയായിരുന്നു ഹിലരി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവലിസ്റ്റുകളില്‍ ഒരാളായി പ്രസാധകര്‍ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്ത എഴുത്തുകാരി കൂടിയാണ് ഹിലരി. ആധുനിക ക്ലാസിക്കുകളായി പരിഗണിക്കപ്പെട്ട കൃതികളില്‍ ഹിലരിയുടെ നോവലുകള്‍ പ്രഥമസ്ഥാനം പിടിച്ചിരിക്കുന്നു.

1952 ജൂലൈ ആറിനാണ് ഡേം ഹിലരി മേരി മാന്റല്‍ തോംസണ്‍ എന്ന ഹിലരി മാന്റല്‍ ഇംഗ്‌ളണ്ടിലെ ഗ്ലസ്സോപ്പില്‍ ജനിക്കുന്നത്. ഐറിഷ് വംശജരായ മാര്‍ഗരറ്റിന്റെയും ഹെന്റി തോംസണിന്റെയും മൂന്നുമക്കളില്‍ മൂത്തവളായ ഹിലരി തന്റെ പതിനൊന്നാം വയസ്സുമുതല്‍ കുടുംബവിഭജനത്തിന്റെ തിക്താനുഭവങ്ങള്‍ തരണം ചെയ്താണ് വളര്‍ന്നത്. തന്റെ പിതാവിനെ അവസാനമായി കണ്ടത് തനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാമെന്ന് അവര്‍ തന്റെ ഓര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജാക്ക് മാന്റല്‍ എന്ന രണ്ടാനച്ഛന്റെ കുടുംബപേര് തന്റെ പേരിനൊപ്പം സ്വീകരിച്ചുകൊണ്ട് വളര്‍ത്തച്ഛനോടുള്ള കടപ്പാട് എഴുത്തുകാരി കാണിക്കുകയായിരുന്നു. 'ഗിവിങ് അപ് ദ ഗോസ്റ്റ്' എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരത്തില്‍ തനിക്ക് എങ്ങനെയാണ് മതവിശ്വാസം നഷ്ടപ്പെട്ടതെന്നും ഹിലരി വ്യക്തമാക്കുന്നുണ്ട്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിഎന്നിവിടങ്ങളില്‍ നിന്നും നിയമബിരുദം നേടിയ ഹിലരി തന്റെ കലാലയ കാലയളവുകളില്‍ കടുത്ത സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ പ്രവര്‍ത്തകയും പ്രചാരകയുമായിരുന്നു. സര്‍വകലാശാല പഠനത്തിന് ശേഷം വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തു. 1973-ലാണ് ജിയോളജിസ്റ്റായ ജെറാള്‍ഡ് മാക്ഇവാനെ വിവാഹം കഴിക്കുന്നത്. പിറ്റെ വര്‍ഷം തന്നെ എഴുത്തിലേക്ക് ഹിലരി ശ്രദ്ധകൊടുത്തുതുടങ്ങി. ഫ്രഞ്ച് വിപ്ലവമായിരുന്നു ഹിലരി ആദ്യം ശ്രദ്ധ നല്‍കിയ പ്രമേയം. 'എ പ്ലേസ് ഓഫ് എ ഗ്രേറ്റര്‍ സേഫ്റ്റി' എന്ന തലക്കെട്ടില്‍ 1992-ലാണ് പക്ഷേ നോവല്‍ പുറത്തിറങ്ങിയത്. നോവല്‍ വളരെയധികം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. ഇംഗ്ലണ്ടിലെ മികച്ച എഴുത്തുകാരില്‍ ഒരാളായി ഉയരാന്‍ ഹിലരിക്ക് അധികകാലം കാത്തുനില്‍ക്കേണ്ടി വന്നില്ല. ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സ് എന്ന പ്രസിദ്ധീകരണത്തില്‍ തന്റെ അനുഭവക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയതോടെ ഹിലരിയെ ജനങ്ങള്‍ ഏറ്റെടുത്തുതുടങ്ങി. 1981-ല്‍ ജെറാള്‍ഡില്‍ നിന്നും വിവാഹമോചനം നേടിയ ഹിലരി പിറ്റേവര്‍ഷം തന്നെ അദ്ദേഹത്തെ വീണ്ടും വിവാഹം ചെയ്തു.

എവരി ഡേ ഈസ് മദേഴ്‌സ് ഡേ, വേക്കന്റ് പൊസ്സെഷന്‍, എയ്റ്റ് മന്ത്‌സ് ഓണ്‍ ഗാസ സ്ട്രീറ്റ്, തുടങ്ങിയ ശ്രദ്ധേയമായ രചനകള്‍ ഹിലരി സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. വോള്‍ഫ് ഹാള്‍, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളിലൂടെ യഥാക്രമം 2009ലും 2012ലും ബുക്കര്‍ പ്രൈസ് ഹിലരി സ്വന്തമാക്കി. രണ്ടു നോവലുകളുടെയും നാടകാവിഷ്‌കാരവും സിനിമാരൂപവും വൈകാതെ തന്നെ വരികയും ചെയ്തു. ദ മിറര്‍ ആന്‍ഡ് ദ ലൈറ്റ് (2020) എന്ന നോവലാണ് അവസാന കൃതി.

Content Highlights: Hialry Mantel, Booker Prize, Wolf Hall


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented