എൻ.എസ് മാധവൻ, ചിത്രത്തിന്റെ പോസ്റ്റർ
തിരുവനന്തപുരം: ഹിഗ്വിറ്റ എന്ന പേര് ഇത്രയും ജനകീയമാക്കിയത് താനാണെന്ന് എന്‍.എസ് മാധവന്‍. ഒരു വിവാദത്തിന് താനില്ല. ഹിഗ്വിറ്റ എന്ന പേരില്‍ ഇനിയൊരു സിനിമ തനിക്ക് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. ഒരു പേരിനോ ഒരു വാക്കിന്റെയോ മുകളില്‍ ആര്‍ക്കും കോപ്പി റൈറ്റ് ഇല്ല. അത് ഉപയോഗിക്കുന്നതില്‍ സാങ്കേതികമായി എന്താണ് തെറ്റ് എന്നതില്‍ എനിക്ക് അഭിപ്രായമില്ല. എനിക്ക് വ്യക്തിപരമായി വലിയ ദു:ഖവും നഷ്ടവും ഉണ്ടാക്കുന്നുണ്ട്. കാരണം എന്റെ ഹിഗ്വിറ്റ എന്ന കഥ സിനിമയാക്കുന്നതിനിടയിലുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഈ സംഭവമുണ്ടായത്. അത് വല്ലാത്ത തിരിച്ചടിയായി. അവകാശത്തിനോ കോപ്പിറൈറ്റിനോ ഞാന്‍ പോകുന്നില്ല. കാരണം എഴുത്തുകാരനെന്ന നിലയില്‍ എനിക്കതേക്കുറിച്ച് ചിന്തിക്കുവാന്‍ പോലും സമയമില്ല.
ചെമ്മീന്‍ തകഴിയുടെ നോവലാണ്. അത് സിനിമയാക്കാന്‍ പോയപ്പോഴാണ് തകഴി രജിസ്റ്റര്‍ ചെയ്തത്. വാനപ്രസ്ഥം വിഷയത്തില്‍ എം.ടി വേണ്ടത്ര വികാരം അന്ന് പ്രകടിപ്പിച്ചില്ല. ഫിലിം ചേംബറിന് പരാതിയല്ല, അപേക്ഷയാണ് നല്‍കിയത്. സിനിമാ പ്രവര്‍ത്തകരെ തികച്ചും മനസ്സിലാക്കുകയാണ്. നിയമപരമായി ഇതിന്റെ പിറകേ പോവുന്നില്ല. എലിപ്പത്തായമെന്നോ, കൊടിയേറ്റമെന്നോ ഉള്ള പേരില്‍ ഞങ്ങളാരും കഥകള്‍ എഴുതില്ല. അടൂരിനോടുള്ള ബഹുമാനമാണ് കാരണം. ഇതൊരു നൈതികതയുടെയും ധാര്‍മികതയുടെയും പ്രശ്‌നമാണ്. എഴുത്തുകാരന്റെ നിലനില്‍പിന്റെ പ്രശ്‌നമാണ്. ഞാന്‍ നിയമപരമായി ഇതുവരെ ചിന്തിച്ചിട്ടില്ല, ഇനി ചിന്തിക്കാന്‍ പോവുന്നുമില്ല.
സിനിമയുടെ കഥയും തന്റെ കഥയും തമ്മില്‍ സാമ്യമുണ്ട്. അതുകൊണ്ടാണ് സിനിമയുടെ പേരിനെച്ചൊല്ലി കത്തയ്ക്കാനും പേരിന് വിലക്ക് വാങ്ങാനും തനിക്ക് സാധിച്ചത് എന്ന് എന്‍. എസ് മാധവന്‍ പറഞ്ഞു. സിനിമയ്ക്ക് കഥയുമായി സാമ്യമുണ്ട് എന്ന് തന്നെയാണ് ഫിലിം ചേംബറിന്റെയും കണ്ടെത്തല്‍. അതിനാലാണ് തീരുമാനമെടുത്തത് എന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.
അതേ സമയം സിനിമയുടെ പ്രിവ്യുപോലും പുറത്തുവിടാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് എന്‍.എസ് മാധവന്റെ കഥയുമായി തന്റെ സിനിമയ്ക്ക് സാമ്യമുണ്ടെന്ന് കണ്ടെത്തുക എന്നാണ് സംവിധായകനായ ഹേമന്ദ് ജി നായര്‍ ചോദിക്കുന്നു. കണ്ണൂരിലെ രാഷ്ടീയ പശ്ചാത്തലം പ്രമേയമാകുന്ന തന്റെ സിനിമ എങ്ങനെയാണ് എന്‍.എസ് മാധവന്റെ കഥയുമായി സാമ്യമുണ്ടാകുക എന്നും സംവിധായകന്‍ ചോദിക്കുന്നു.
ഫിലിം ചേംബര്‍ എന്‍. എസ് മാധവന് അനുകൂലമായി നിലപാട് എടുത്തുവെന്നും വിവാദങ്ങള്‍ ഇവിടെ തീരുകയാണെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തതിനോടും ഹേമന്ദ് ജി നായര്‍ പ്രതികരിച്ചു. ഏറെ ആദരിക്കപ്പെടുന്ന എഴുത്തുകാരനാണ് എന്‍.എസ് മാധവന്‍. പക്ഷേ ഫിലിം ചോബറിന്റെ തീരുമാനം അറിഞ്ഞിട്ടില്ല. സിനിമയുടെ പേര് മാറ്റാന്‍ തീരുമാനമായതും അറിഞ്ഞിട്ടില്ല. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കാന്‍ ഫിലിം ചേംബര്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമനടപടിയ്ക്ക് ഒരുങ്ങുകയാണെന്നും നിര്‍മാതാക്കളെ കണ്ടതിനുശേഷം അഭിഭാഷകരുമായി സംസാരിക്കും- ഹേമന്ദ് ജി നായര്‍ പറഞ്ഞു.
Content Highlights: Higuita, N.S Madhavan, Hemand G Nair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..