ഹിഗ്വിറ്റ; സ്വന്തം കൃതിയുടെ പേര് സ്വന്തം സിനിമയ്ക്ക് ഇടാന്‍ പറ്റാത്ത നിസ്സഹായാവസ്ഥ- വി.ജെ ജയിംസ് 


3 min read
Read later
Print
Share

അതേസമയം തന്നെ പതിനാറു വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച നോവല്‍ സിനിമയാക്കുമ്പോള്‍ ഇനിയെനിക്ക്  അതേ പേര്  ഉപയോഗിക്കാന്‍ നിയമപരമായി അവകാശമില്ലെന്ന  പ്രതിസന്ധിയും നിലനില്ക്കുന്നു

വി.ജെ ജയിംസ്, എൻ.എസ് മാധവൻ

സ്വന്തം നോവലിന്റെ പേര് സ്വന്തം സിനിമയ്ക്ക് ഇടാന്‍ പറ്റാത്ത നിസ്സഹായാവസ്ഥയാണ് എന്‍.എസ് മാധവന്റെ ഹിഗ്വിറ്റ പേര് വിവാദത്തില്‍ നടക്കുന്നതെന്ന് എഴുത്തുകാരന്‍ വി.ജെ ജയിംസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താനെഴുതിയ ലെയ്ക്ക എന്ന നോവല്‍ സമാനപ്രതിസന്ധിയിലൂടെ കടന്നുപോവുന്നുവെന്നും വ്യക്തിപരമായ ഒരു നിസ്സഹായാവസ്ഥ ഇവിടെ പങ്കുവെക്കുകയാണെന്നും വി.ജെ ജയിംസ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ഹിഗ്വിറ്റയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലവിധ പ്രതികരണങ്ങളിലൂടെ മുന്നേറുമ്പോള്‍ എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് കടന്നുപോവേണ്ടി വരുന്ന ഒരു സാഹചര്യത്തെക്കുറിച്ചുകൂടി സൂചിപ്പിക്കുവാന്‍ തോന്നി. ആദ്യമേ പറയട്ടെ, ഇത് ആരോടെങ്കിലുമുള്ള പ്രതിഷേധമോ പരാതിയോ അല്ല. സംഗതി ലെയ്ക്കയെന്ന നോവലിനെക്കുറിച്ചാണ്. ഡി.സി. ബുക്ക്‌സ് 2006-ല്‍ പുറത്തിറക്കിയ ലെയ്ക്ക ഇതിനകം പല പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും വായനക്കാരില്‍ നിന്ന് നല്ല പ്രതികരണങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുള്ള നോവലാണ്. പ്രശസ്ത സംവിധായകന്‍ ലാല്‍ജോസ് ഒരു വിമാന യാത്രയ്ക്കിടയില്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട ആ നോവല്‍ വായിക്കാനിടയാവുകയും അതിന്റെ ആവേശത്തില്‍ എന്നെ നേരില്‍ വിളിക്കുകയും അദ്ദേഹം ഏഷ്യാനെറ്റിനു വേണ്ടി ചെയ്തു കൊണ്ടിരുന്ന മാജിക് മൊമന്റ്‌സ് വിത്ത് ലാല്‍ ജോസ് എന്ന പ്രോഗ്രാമിലേക്ക് എന്നെ അതിഥിയായി ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തുകയും ചെയ്തത് സ്റ്റേഹപൂര്‍വം ഓര്‍ക്കുന്നു.

ലെയ്ക്കയെന്ന നോവല്‍ സിനിമയാക്കാനുള്ള താത്പര്യം ലാല്‍ ജോസ് ഉള്‍പ്പെടെ പലരും പ്രകടിപ്പിക്കുകയും ചില ചര്‍ച്ചകള്‍ മുന്നേറുകയുമൊക്കെ ചെയ്തിട്ടുള്ളതുമാണ്. അങ്ങനെയിരിക്കെ മാസങ്ങള്‍ക്കു മുന്‍പ് പലരുമെന്നെ വിളിച്ച് ലെയ്ക്ക സിനിമയാകുന്നതിന്റെ പേരില്‍ അഭിനന്ദനങ്ങള്‍, പറഞ്ഞു. അപ്പോഴാണ് ആ പേരില്‍ ഒരു സിനിമ വരുന്നുവെന്ന കാര്യം ഞാനറിയുന്നത്. സാങ്കേതികമായി പറഞ്ഞാല്‍ ലെയ്ക്ക ചരിത്രത്തില്‍ ഇടം നേടിയ പേരായതിനാല്‍ ആര്‍ക്കും യഥേഷ്ടം അതുപയോഗിക്കാന്‍ അവകാശമുണ്ട്. ഒരെഴുത്തുകാരനും ആ പേരില്‍മേല്‍ കുത്തകാവകാശമില്ല. എത്രയോപേര്‍ മറ്റ് ഭാഷകളിലും ഇംഗ്ലീഷിലുമൊക്കെയായി ഉപയോഗിച്ചിട്ടുമുണ്ടാകും. ഞാന്‍ തന്നെ അനിയത്തിപ്രാവ്, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നീ സിനിമാപ്പേരുകള്‍ കഥയുടെ തലക്കെട്ടായി ഉപയോഗിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന കഥ പ്രസിദ്ധീകരിക്കും മുന്‍പ് ഫാസില്‍ സാറിനെ നേരില്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഏറെ സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ആ സിനിമകള്‍ കഥയില്‍ കേന്ദ്ര പ്രമേയമായി വരുന്നത് സിനിമയ്ക്കുള്ള ആദരമായിട്ടാണ് ഫാസില്‍ സാറും സേതുമാധവന്‍ സാറും സ്വീകരിച്ചത്. നൂലേണി എന്ന കഥ പ്രസിദ്ധീകരിച്ച ശേഷമാണ് ആ പേരില്‍ പ്രിയ എഴുത്തുകാരന്‍ സേതുവിന്റെ ഒരു കഥയുണ്ടെന്ന് ഒരു സുഹൃത്ത് ചൂണ്ടിക്കാട്ടിയത്. ക്ഷമാപണത്തോടെ സേതുവേട്ടന് ഞാനൊരു മെസേജിട്ടപ്പോള്‍ അദ്ദേഹമെന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു: 'ജയിംസായതുകൊണ്ട് പറഞ്ഞു. മറ്റ് ചിലര്‍ അറിഞ്ഞ ഭാവം പോലും നടിക്കില്ലെന്ന്'. ലെയ്ക്കയെന്ന പേരില്‍ സിനിമ വരുന്നതായി മാസങ്ങള്‍ക്കു മുമ്പേ അറിഞ്ഞിട്ടും എവിടെയും ഞാന്‍ പ്രതികരിക്കാന്‍ മുതിര്‍ന്നിട്ടില്ല. എന്നാല്‍ അതിലൊരു നിസ്സഹായത ഉള്ളതെന്തെന്നാല്‍ ഞാനെഴുതിയ ലെയ്ക്കയെന്ന നോവലിനെ ആസ്പദമാക്കി സിനിമ വരുമ്പോള്‍ എനിക്കാ പേര് ഇനി ഉപയോഗിക്കാനാവില്ല എന്നതാണ്.

ഏതാനും വര്‍ഷം മുന്‍പ് ജോസഫ് തങ്കച്ചന്‍ എന്ന മിടുക്കനായ ചെറുപ്പക്കാരന്‍ ചോരശാസ്ത്രം എന്ന പേരില്‍ പത്ത് മിനിറ്റ് വരുന്ന മനോഹരമായൊരു ഷോര്‍ട് ഫിലിം ചെയ്തു. എന്റെ ചോരശാസ്ത്രമെന്ന നോവല്‍ സിനിമയാക്കുമ്പോള്‍ ആ പേര് ഉപയോഗിക്കാനാവാതെ വരുമല്ലോ എന്ന് ഞാന്‍ സൂചിപ്പിച്ചപ്പോള്‍, താന്‍ അങ്ങനൊരു ബുദ്ധിമുട്ടിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നു പറഞ്ഞുകൊണ്ട് ആ ചെറുപ്പക്കാരന്‍ സാമ്പത്തിക നഷ്ടം സഹിച്ചുകൊണ്ടു പോലും ചോരശാസ്ത്രമെന്ന പേര് ചോരപുരാണം എന്നാക്കി മാറ്റുവാന്‍ ഹൃദയവിശാലത കാട്ടിയതും സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. നിയമപരമായി അത് ചെയ്യേണ്ട യാതൊരു ബാദ്ധ്യതയും ഇല്ലായിരുന്നിട്ടും അതിനു മുതിര്‍ന്ന സന്മനസ്സിനെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല.

റഷ്യന്‍ ബഹിരാകാശ ഗവേഷണത്തിന് പരീക്ഷണമൃഗമാവേണ്ടി വന്ന നായയെ പ്രധാന കഥാപാത്രമാക്കി എഴുതിയ നൊമ്പരപ്പെടുത്തുന്നൊരു കുടുംബകഥ സിനിമയാക്കുമ്പോള്‍ ലെയ്ക്ക എന്നതിനെക്കാള്‍ അനുയോജ്യമായൊരു ടൈറ്റില്‍ സങ്കല്പിക്കാനാവില്ല. എന്നാല്‍ ഒരു നായയെ പ്രമേയമാക്കി അതേ പേരില്‍ മറ്റൊരു സിനിമ ഇറങ്ങുന്നതോടുകൂടി അതിനുള്ള സാദ്ധ്യത എന്നേക്കുമായി അടയുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ലെയ്ക്കയെന്ന പേര് മലയാളത്തിലിറങ്ങുന്ന ഒരു സിനിമയ്ക്ക് കൊടുക്കുന്നതില്‍ നിയമപരമായ ഒരു തെറ്റുമില്ലെന്നു തന്നെ ഞാനും പറയും. അതേസമയം തന്നെ പതിനാറു വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച നോവല്‍ സിനിമയാക്കുമ്പോള്‍ ഇനിയെനിക്ക് അതേ പേര് ഉപയോഗിക്കാന്‍ നിയമപരമായി അവകാശമില്ലെന്ന പ്രതിസന്ധിയും നിലനില്ക്കുന്നു. സ്വന്തം നോവലിന്റെ പേര് സ്വന്തം സിനിമയ്ക്ക് കൊടുക്കുന്നത് ക്രൈം ആയി മാറുന്ന വൈപരീത്യം.

ഒന്നൂടെ പറയട്ടെ, ഇത് ആരോടെങ്കിലുമുള്ള പ്രതിഷേധമോ പരാതിയോ അല്ല. എന്‍.എസ്. മാധവന്റെ ഹിഗ്വിറ്റയെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നതു കാണുമ്പോള്‍ ഞാന്‍ നേരിടുന്ന ഒരു നിസ്സഹായാവസ്ഥ സുഹൃത്തുക്കളുമായി പങ്കുവച്ചുവെന്ന് മാത്രം.

Content Highlights: Higuita, N.S Madhavan, V.J James, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thakazhi Literary Award

1 min

തകഴി പുരസ്‌കാരം  ജീവിതസായാഹ്നത്തിലെ കനപ്പെട്ട സമ്മാനം- ഡോ. എം. ലീലാവതി 

Apr 18, 2022


santhosh echikkanam receives the award

1 min

പ്രഥമ അഷിത സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Mar 30, 2022


Stalin. Manonmaneeyam Sundaran Pillai

2 min

'നീരാറും കടലുടുത്ത നിലമടന്തൈ കെഴിലൊഴുകും...'മലയാളി രചിച്ച കവിത തമിഴ്നാടിന്റെ ഔദ്യോഗികഗാനം

Dec 21, 2021

Most Commented