ഹെലൻ കെല്ലർ
പ്രതികൂല ജീവിതാവസ്ഥകളോട് സധൈര്യം പോരാടി ലോകജനതയ്ക്കു മുന്പില് മഹത്തായ മാതൃകയായിത്തീര്‍ന്ന വ്യക്തിത്വമായിരുന്നു ഹെലന് കെല്ലര്‍. തന്റെ വൈകല്യങ്ങളുമായി പോരാടി, ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏത് വെല്ലുവിളിയെയും അതിജീവിക്കാന്‍ കഴിയുമെന്ന് തെളിയിച്ച വ്യക്തി. ഹെലന് കെല്ലറുടെ ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ ഒന്ന്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഹെലന്റെ ആത്മകഥയില്‍ നിന്നും ഒരു ഭാഗം വായിക്കാം
1887 ലെ വസന്തകാലത്ത് എന്റെ ആത്മാവിന്റെ പെട്ടെന്നുള്ള ഉണര്വിനെത്തുടര്ന്നുണ്ടായ പല സംഭവങ്ങളും ഞാനോര്‍ക്കുന്നു. സ്പര്‍ശിക്കുന്ന എല്ലാ വസ്തുക്കളുടെയും പേരുകള്‍ ഞാന്‍ വിരലുകള്‍കൊണ്ട് കണ്ടെത്തി പഠിക്കുകയായിരുന്നു. കൂടുതല്‍ കൂടുതല്‍ വസ്തുക്കള്‍ തൊട്ടറിഞ്ഞ് അവയുടെ പേരും ഉപയോഗവും പഠിച്ചുകഴിഞ്ഞപ്പോള്‍ ലോകത്തോടുള്ള എന്റെ ബന്ധം കൂടുതല്‍ ആഹ്ലാദകരവും ആത്മവിശ്വാസം നിറഞ്ഞതുമായിത്തീര്‍ന്നു.
ഡെയ്സിയും ബട്ടര്‍കപ്പും പുഷ്പിച്ച സമയത്ത് ടീച്ചര്‍ എന്നെയുംകൂട്ടി വയലുകളിലേക്കു നടന്നു. വിത്തിടാന്വേണ്ടി കര്‍ഷകര്‍ നിലം പാകമാക്കുന്നുണ്ടായിരുന്നു. ടെന്നസ്സി നദീതീരത്തെ പുല്‍മൈതാനത്ത് ഞങ്ങളിരുന്നു. പ്രകൃതിയുടെ ഉദാരതയുടെ ആദ്യപാഠങ്ങള്‍ ഞാന്‍ പഠിച്ചു. ആഹ്ലാദകരമായ കാഴ്ചയും ആസ്വാദ്യമായ ഭക്ഷണവുമേകുന്ന സസ്യങ്ങള്‍ മണ്ണില്‍ മുളയ്ക്കാന്‍ സൂര്യനും മഴയും എങ്ങനെ സഹായകമാവുന്നുവെന്നും പക്ഷികള്‍ കൂടുണ്ടാക്കുന്നതും പെരുകി വ്യാപിക്കുന്നതുമെങ്ങനെയെന്നും അണ്ണാനും മാനും സിംഹവും മറ്റനേകം ജീവികളും ആഹാരവും പാര്‍പ്പിടവും കണ്ടെത്തുന്നതെങ്ങനെയെന്നും ഞാന്‍ മനസ്സിലാക്കി. വസ്തുക്കളെക്കുറിച്ചുള്ള അറിവ് വര്‍ധിക്കുന്തോറും ഞാന്‍ ജീവിച്ചിരിക്കുന്ന ലോകം എന്നെ കൂടുതല്‍ കൂടുതല്‍ ആഹ്ലാദവതിയാക്കി. ഒരു ഗണിതപ്രശ്നം കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതിനോ ഭൂമിയുടെ ആകൃതി വിവരിക്കുന്നതിനോ എല്ലാം മുന്‍പ്, സുഗന്ധമൂറുന്ന വൃക്ഷങ്ങളിലും പുല്‍നാമ്പുകളിലും, എന്തിന് എന്റെ കൊച്ചനിയത്തിയുടെ കൈകളിലെ ചുഴികളിലും വളവുകളിലുംപോലും സൗന്ദര്യം കണ്ടെത്താന്‍ മിസ്സ് സള്ളിവന് എന്നെ പഠിപ്പിച്ചു. എന്റെ ആദ്യകാലചിന്തകളെ പ്രകൃതിയുമായി ബന്ധിപ്പിച്ച് 'പക്ഷികളും പൂക്കളും ഞാനുമെല്ലാം കൂട്ടുകാരാണെന്ന്' എന്നെ ബോധ്യപ്പെടുത്തി.
പക്ഷേ, പ്രകൃതി എപ്പോഴും ദയാലുവായിരിക്കില്ലെന്ന് എന്നെ പഠിപ്പിച്ച ഒരു സംഭവം ആയിടയ്ക്കുണ്ടായി. ഒരിക്കല്‍ നീണ്ട അലച്ചിലിനു ശേഷം ഞാന്‍ ടീച്ചറുമൊത്ത് മടങ്ങുകയായിരുന്നു. പ്രഭാതം മനോഹരമായിരുന്നെങ്കിലും ഞങ്ങള്‍ വീട്ടിലേക്കു പോകാനൊരുങ്ങിയപ്പോഴേക്കും അന്തരീക്ഷം ചൂടുപിടിച്ച് വരണ്ടിരുന്നു. ക്ഷീണംകൊണ്ട് രണ്ടുമൂന്നു തവണ ഞങ്ങള്‍ വഴിയരികിലെ മരത്തണലില്‍ വിശ്രമിച്ചു. ഒടുവില്‍ ഇരുന്നത് ഏതാണ്ട് വീടിനടുത്തുള്ള ഒരു ചെറിമരത്തിന്റെ ചുവട്ടിലായിരുന്നു. ആ തണല്‍ ആശ്വാസകരമായിരുന്നു. മരക്കൊമ്പുകള്‍ കയറാന്‍ പാകത്തിലായിരുന്നതുകൊണ്ട് ടീച്ചറുടെ സഹായത്തോടെ ഞാനൊരു മരക്കൊമ്പില്‍ സ്ഥാനംപിടിച്ചു. നല്ല സുഖമുള്ള കാറ്റുള്ളതുകൊണ്ട് അവിടെ വെച്ച് ഭക്ഷണം കഴിക്കാമെന്ന് ടീച്ചര്‍ നിര്‍ദേശിച്ചു. ഭക്ഷണമെടുക്കാന്വേണ്ടി വീട്ടില്‍ പോയി വരുന്നതുവരെ ഞാനവിടെത്തന്നെയിരുന്നുകൊള്ളാമെന്ന് ടീച്ചര്‍ക്ക് ഉറപ്പു നല്കി.
പെട്ടെന്ന് മരത്തിന് ആകപ്പാടെ ഒരു മാറ്റമുണ്ടായി. സൂര്യന്റെ ചൂടൊക്കെ ഇല്ലാതായി. ഞാന്‍ വെളിച്ചമായി അറിഞ്ഞിരുന്ന ചൂട് അന്തരീക്ഷത്തില്‍നിന്ന് പോയ്ക്കഴിഞ്ഞപ്പോള്‍ ആകാശം ഇരുണ്ടുകഴിഞ്ഞുവെന്ന് എനിക്ക് മനസ്സിലായി. മണ്ണില്‍ നിന്നൊരു ഗന്ധമുയര്‍ന്നു. ഇടിമിന്നലിനു മുന്‍പ് ഉണ്ടാകാറുള്ള ഗന്ധമാണതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിവരിക്കാനാവാത്ത ഒരു ഭയം എന്റെ ഹൃദയത്തെ പൊതിഞ്ഞു. ഉറച്ച മണ്ണില്‍നിന്നും കൂട്ടുകാരില്‍നിന്നും എല്ലാം അറുത്തുമാറ്റപ്പെട്ട് തീരെ തനിച്ചായതുപോലെ എനിക്കു തോന്നി. പേരറിയാത്ത ബൃഹത്തായ ആ വികാരം എന്നെ വലയം ചെയ്തു. അനങ്ങാതെ പ്രതീക്ഷയോടെ ഞാനിരുന്നു. ഭീതികൊണ്ട് ഞാന്‍ വിറച്ചു. ടീച്ചര്‍ വേഗമൊന്ന് മടങ്ങിവന്നെങ്കില്‍ എന്നാഗ്രഹിച്ചു. എത്രയും പെട്ടെന്ന് ആ മരത്തില്നിന്നൊന്ന് താഴെയിറങ്ങിക്കിട്ടണമെന്നതായിരുന്നു എന്റെ ആവശ്യം.
ഒരു നിമിഷത്തേക്ക് അവിടെ അശുഭസൂചകമായ നിശ്ശബ്ദത പരന്നു. ഉടന്‍തന്നെ ഇലകള്‍ ശക്തമായി കുലുങ്ങി. മരത്തിലൂടെ ഒട്ടാകെ ആ വിറയല്‍ കടന്നുപോയി. കാറ്റ് ശക്തിയായി വീശിയടിച്ചു. മരക്കൊമ്പില്‍ മുറുക്കിപ്പിടിക്കാനുള്ള ഇച്ഛാശക്തി അന്നേരം കൈവന്നില്ലായിരുന്നുവെങ്കില് ഞാന്‍ ആ കാറ്റില്‍ നിലം പൊത്തിയേനെ. മരമാകെ ആടിയുലഞ്ഞു. കൊച്ചു ശിഖരങ്ങള്‍ എന്റെ തലയ്ക്കു മുകളിലൂടെ അറ്റുവീണുകൊണ്ടിരുന്നു. പെട്ടെന്ന് താഴേക്ക് ചാടാനുള്ള ഒരു പ്രേരണ എന്നിലുണ്ടായെങ്കിലും ഭയം അതിനെ തടഞ്ഞു. മരക്കൊമ്പിനിടയ്ക്ക് ഞാന്‍ പതുങ്ങിയിരുന്നു. ശിഖരങ്ങള്‍ എന്നെ പ്രഹരിച്ചുകൊണ്ട് മുറിഞ്ഞു വീണുകൊണ്ടിരുന്നു. ഭാരമേറിയ എന്തോ സാധനം വന്നു വീണ് മരത്തിനാകെ ഷോക്കേറ്റതുപോലെയും അത് ഞാനിരിക്കുന്ന കൊമ്പിലേക്ക് പ്രവഹിച്ചതുപോലെയും തോന്നി. എന്റെ ഭയം കാടുകയറിക്കയറി ഞാനും മരവും ഒരുമിച്ച് നിലംപൊത്തിയേക്കുമെന്നു തോന്നിയ ആ നിമിഷംതന്നെ ടീച്ചര്‍ എത്തി, എന്നെ താഴെയിറങ്ങാന്‍ സഹായിച്ചു. കാലിനടിയില്‍ വീണ്ടും മണ്ണിന്റെ സ്പര്ശമേറ്റപ്പോള് ഞാന്‍ ആഹ്ലാദത്തോടെ അവരെ കെട്ടിപ്പിടിച്ചു. ഞാനൊരു പുതിയ പാഠം പഠിച്ചു. 'പ്രകൃതി തന്റെ മക്കളോട് തുറന്ന യുദ്ധത്തിലേര്‍പ്പെടുമെന്നും മൃദുലമായ സ്പര്ശങ്ങള്ക്കടിയില് ചതിയുടെ നഖങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവു'മെന്നും ഉള്ള പാഠം.
ഈ അനുഭവത്തിനുശേഷം വളരെയേറെ നാളുകള്‍ക്കു ശേഷമാണ് പിന്നീട് ഞാനൊരു മരത്തില്‍ കയറുന്നത്. ആ ചിന്ത തന്നെ എന്നില്‍ ഭയപ്പാടുണ്ടാക്കിയിരുന്നു. നിറയെ പൂത്തു നില്ക്കുന്ന ഒരു മൈമോസ മരത്തിന്റെ മധുരമായ പ്രലോഭനമാണ് എന്റെ പേടി മാറ്റിയത്. വസന്തകാലത്തെ മനോഹരമായ ഒരു പ്രഭാതത്തില്‍ വേനല്‍ക്കാലവസതിയില്‍ തനിച്ച് ഒരു പുസ്തകം വായിച്ചിരിക്കുമ്പോഴാണ് വായുവില്‍ പരക്കുന്ന അദ്ഭുതകരമായ ആ സൗരഭ്യം ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ പെട്ടെന്നെഴുന്നേറ്റ് കൈകള്‍ ഇരുവശത്തേക്കും വിടര്‍ത്തി. വസന്തത്തിന്റെ ആത്മാവ് ആ മുറിയിലൂടെ കടന്നുപോകുന്നതുപോലെ തോന്നി. 'എന്താണത്?' ഞാന്‍ ചോദിച്ചു. പെട്ടെന്നുതന്നെ മൈമോസപ്പൂക്കളുടെ സുഗന്ധം തിരിച്ചറിഞ്ഞു. ഞാന്‍ ഉടന്‍തന്നെ പൂന്തോട്ടത്തിന്റെ അറ്റത്തേക്കു നടന്നു. വഴി തിരിയുന്നിടത്തെ വേലിക്കരികിലാണ് മൈമോസ മരം നില്‍ക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. അതെ, അതവിടെത്തന്നെയുണ്ട്. നിറയെ പൂത്ത ശിഖരങ്ങള്‍ പുല്ലിലേക്ക് ചാഞ്ഞുകൊണ്ട്, ഊഷ്മളമായ വെയിലില്‍ നൃത്തം വെച്ചുകൊണ്ട്. ഇത്രയും അനുപമമായ സൗന്ദര്യം മുന്‍പെന്നെങ്കിലും ഈ ലോകത്തുണ്ടായിട്ടുണ്ടോ! ഭൂമിയുടെ നേരിയ സ്പര്‍ശംപോലും അതിന്റെ മൃദുശിഖരങ്ങളെ സങ്കോചിപ്പിക്കുന്നു. സ്വര്‍ഗത്തിലെ ഒരു വൃക്ഷം ഭൂമിയില്‍ പറിച്ചുനട്ടതുപോലെ. പുഷ്പങ്ങള്‍ക്കിടയിലൂടെ ഞാന്‍ വൃക്ഷത്തിനടുത്തെത്തി. അല്പനേരം ഞാന്‍ ഇതികര്‍ത്തവ്യതാമൂഢയായി നിന്നു. പെട്ടെന്നുതന്നെ രണ്ടായിപ്പിരിഞ്ഞ കൊമ്പുകള്‍ക്കിടയിലേക്ക് കാല്‍വെച്ച് ഞാന്‍ കയറിത്തുടങ്ങി. കൊമ്പുകള്‍ വലുതായതിനാലും ഇടയ്ക്ക് മുള്ളുകള്‍ കൈയില്‍ കുത്തിത്തറച്ചതുകൊണ്ടും അല്പമൊന്ന് പ്രയാസപ്പെട്ടു. എങ്കിലും അസാധാരണവും അദ്ഭുതകരവുമായ ഒരു സംഗതിയാണ് ചെയ്യുന്നത് എന്ന ആനന്ദകരമായൊരു ബോധത്തോടെ ഞാന്‍ മുകളിലേക്കു മുകളിലേക്ക് കയറിപ്പോയി. ഒടുവില്‍ സൗകര്യപ്രദമായൊരു കൊച്ചിരിപ്പിടത്തിലെത്തി. വളരെ മുന്‍പ് ആരോ പണിത ആ ഇരിപ്പിടം മരം വലുതായപ്പോള്‍ അതിന്റെ ഭാഗമായി മാറിയതാണ്. റോസാപ്പൂപോലുള്ള മേഘപാളികള്‍ക്കിടയില്‍ ഒരു ദേവതയെന്നപോലെ, ഏറെനേരം ഞാനവിടെയിരുന്നു. അതിനുശേഷം പലപ്പോഴും സുഖകരമായ ചിന്തകളോടെ, മധുരമായ സ്വപ്നങ്ങളോടെ, ആഹ്ലാദകരമായ അനേകം മണിക്കൂറുകള്‍ ഞാനെന്റെ സ്വര്ഗവൃക്ഷത്തില് ചെലവഴിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..