ജോർജി ഗോസ്പൊഡിനൊഫ്/ ഫോട്ടോ: എ.പി
ലോകാവസാനം നീട്ടിക്കൊണ്ടുപോകാനാണ് എഴുത്തുകാർ എഴുതിക്കൊണ്ടേയിരിക്കുന്നതെന്ന് ബള്‍ഗേറിയൻ എഴുത്തുകാരനും ബുക്കർ സമ്മാന ജേതാവുമായ ജോർജി ഗോസ്പൊഡിനൊഫ്. 'മധ്യാഹ്നങ്ങളില്‍ എന്റെ മനസ്സിലെ തോന്നലുകള്‍ ഞാന്‍ ഒരു നോട്ബുക്കില്‍ കുറിച്ചുവെക്കും. പിന്നീട് ഈ കുറിപ്പുകളെ ആശ്രയിച്ചാണ് എഴുത്തിലേക്ക് പ്രവേശിക്കുന്നത്. തുടക്കകാലങ്ങളില്‍ ഞാന്‍ എവിടെയാണോ ഉച്ചകഴിഞ്ഞനേരത്ത് ഇരിക്കുന്നത് അവിടെയിരുന്നുതന്നെയായിരുന്നു കുറിപ്പുകളും തയ്യാറാക്കിയിരുന്നത്. കാണുന്നയാള്‍ക്ക് ഇവിടെയിരുന്നുകൊണ്ട് ഇയാളെന്താണിത്ര രഹസ്യമായി കുത്തിക്കുറിക്കുന്നതെന്ന് തോന്നിയിരിക്കാം. മധ്യാഹ്നങ്ങളെ ഞാനെപ്പോഴും സ്‌നേഹിക്കുന്നു. എന്റെ ജീവിതത്തിലെ യഥാര്‍ഥ എഴുത്ത് സംഭവിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഒരേ സ്ഥലം തന്നെ ഇരിക്കാനായി തിരഞ്ഞെടുത്തു. തനിച്ചിരിക്കണമെങ്കില്‍ അതിനുപറ്റിയ സമയം രാവിലെത്തന്നെയായിരിക്കണം. എന്റേതായ ഒരു മുറിയ്ക്കായി ഞാന്‍ ഒരിക്കലും ബദ്ധപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ കുടുംബാംഗങ്ങള്‍ ഇല്ലാത്തപ്പോള്‍ ഞാന്‍ സ്വീകരണമുറിയില്‍ ഇരുന്നെഴുതി. ഞാന്‍ അമിതമായി പുക വലിക്കുമായിരുന്നു. പക്ഷേ ഒരു കഥ നിങ്ങളെ കയറിപ്പിടിച്ചാല്‍ മറ്റൊരു ആസക്തിയ്ക്കും ആവശ്യത്തിനും നിങ്ങള്‍ക്കുചുറ്റും പ്രലോഭനവുമായിനില്‍ക്കാന്‍ കഴിയില്ല. കോഫി, സിഗരറ്റ്, നട്‌സ്...ഒന്നിനും കഴിയില്ല. ഭാഷയുടെ ഒഴുക്ക് തടസ്സപ്പെടാതിരിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ നിങ്ങള്‍ക്ക് മുമ്പിലുണ്ടാവുകയുള്ളൂ'.- ബുക്കർ സമ്മാനം നേടിയശേഷം നൽകിയ അഭിമുഖത്തിലാണ് ജോര്‍ജി ഗോസ്‌പൊഡിനൊഫ് തൻെറ എഴുത്തുരീതികൾ വ്യക്തമാക്കിയത്.
മൂന്നു വര്‍ഷമെടുത്ത് ഏഴോളം തവണ ഡ്രാഫ്റ്റ് ചെയ്താണ് ബുക്കർ പ്രൈസ് നേടിയ 'ടൈം ഷെല്‍ട്ടര്‍' എന്ന നോവല്‍ പൂര്‍ത്തിയാക്കിയതെന്ന് ജോര്‍ജി ഗോസ്പുഡിനോഫ് പറഞ്ഞു. 'ഒന്നിനുപിറകേ മറ്റൊരു വാചകം എന്ന മട്ടിലാണ് ഞാന്‍ നോവല്‍ എഴുതാറുള്ളത്. ആഖ്യാതാവിന്റെ ശബ്ദവും ഭാഷയും ഒഴുക്കും താളവും ചിലപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ എത്തിച്ചേരുമ്പോള്‍ ഞാന്‍ ലക്ഷ്യത്തിലെത്തിയിരിക്കുന്നു എന്ന് തിരിച്ചറിയാറുണ്ട്. തുടക്കം മുതലേ ഓരോ കള്ളികളിലും എന്താണ് സംഭവിക്കുന്നത് എന്ന് സ്പഷ്ടമാക്കുന്ന പിരിയോഡിക് ടേബിള്‍ പോലെ നോവലുകള്‍ എഴുതുന്നതില്‍ എനിക്ക് താല്പര്യമില്ല. തികച്ചും സാധാരണവും മനുഷ്യത്വപരവുമായ എന്നാല്‍ ഉത്തേജിപ്പിക്കുന്നതുമായ കഥകളാണ് എനിക്കാവശ്യം. നഷ്ടപ്പെടുന്നതിനും കണ്ടെത്തുന്നതിനു പകരം എ പോയിന്റില്‍ നിന്നും ബി പോയിന്റിലേക്കുള്ള പ്രയാണം വിവരിക്കുന്ന കഥകളെ ഞാന്‍ വിശ്വസിക്കുന്നില്ല.
കഥപറച്ചില്‍ സഹാനുഭൂതി ജനിപ്പിക്കുന്നു. അത് ലോകത്തെ രക്ഷപ്പെടുത്തുന്നു. പ്രത്യേകിച്ചും നമ്മള്‍ ഇന്നു ജീവിക്കുന്ന ലോകം പോലുള്ള ഒന്നിനെ! ലോകാവസാനം നീട്ടിക്കൊണ്ടുപോകാനാണ് നമ്മള്‍ എഴുതുന്നത്. ഈ നീട്ടിക്കൊണ്ടുപോകല്‍ നമ്മള്‍ എല്ലാവരും കൂടി ഒരുമിച്ചു ചെയ്യുന്നു എന്നാണ് വിവര്‍ത്തനത്തിലൂടെ നമുക്ക് ലഭിക്കുന്ന സന്ദേശം. വിഷാദത്തെക്കുറിച്ചും ഉത്കണ്ഠയെക്കുറിച്ചുമുള്ള എന്റെ ബള്‍ഗേറിയന്‍ കഥകളായിക്കൊള്ളട്ടെ, മറ്റൊരാളുടെ പെറുവിയന്‍ കഥകളായിക്കൊള്ളട്ടെ, മറ്റേതെങ്കിലും ഇംഗ്ലീഷ് കഥകളായിക്കൊള്ളട്ടെ, നമ്മളെല്ലാം സമാനമായ, മാനുഷികമായ, രീതിയില്‍ വേദനിക്കുന്നു. ആ വേദനയെ മെരുക്കാനോ, അതേക്കുറിച്ച് പറയാനോ, പ്രതികരിക്കാനോ എഴുത്തല്ലാതെ മറ്റൊരു മാര്‍ഗമില്ല. ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പറയുക എന്നത് ഏറ്റവും നല്ലതായ കാര്യമാണ്.' -ഗോസ്‌പൊഡിനൊഫ് പറയുന്നു.
സമകാലിക യൂറോപ്യന്‍ സാഹിത്യത്തില്‍ പ്രധാനിയായ ജോര്‍ജി ഗോസ്‌പൊഡിനോഫിന്റെ 'ടൈം ഷെല്‍ട്ടര്‍' ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ആഞ്ചല റോഡേല്‍ ആണ്. ഇരുവരും കൂടിയാണ് ബുക്കര്‍ സമ്മാനം പങ്കിട്ടിരിക്കുന്നത്.
Content Highlights: georgi gospodinov, Booker Prize, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..