ലോകത്ത് ഏറ്റവും ജനപ്രിയമായ ടെലിവിഷന്‍ സീരിസ് 'ഗെയിം ഓഫ് ത്രോണി'ന്റെ മൂലകഥയായ ഫാന്റസി ബുക്ക് സീരിസിന്റെ അവസാനത്തെ ഭാഗങ്ങളുടെ രചന പുരോഗമിക്കുന്നതായി ഗ്രന്ഥകര്‍ത്താവ് ജോര്‍ജ് ആര്.ആര് മാര്ട്ടിന്. 'എ സോങ് ഓഫ് ദ ഐസ് ആന്‍ഡ് ഫയര്‍' എന്ന പരമ്പരയിലെ അവസാന ഭാഗമായ 'വിന്‍ഡ്സ് ഓഫ് വിന്ഡര്' എന്ന നോവലിനെക്കുറിച്ചാണ് ജോര്‍ജ് ആര്.ആര് മാര്ട്ടിന് മനസ്സുതുറന്നത്. 'വിന്‍ഡ്സ് ഓഫ് വിന്ഡറി'ന് പുറമെ 'എ ഡ്രീം ഓഫ് സ്പ്രിങ്' എന്നൊരു നോവല്‍ കൂടിയാണ് ഈ പരമ്പരയില്‍ പുറത്തിറങ്ങുക.
വെസ്റ്ററോസ് എന്ന സാങ്കല്പിക ലോകത്തില്‍ രാജ്യാധികാരത്തിനായുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ജോര്‍ജ് ആര്.ആര്. മാര്ട്ടിന് ഈ നോവല്‍ പരമ്പര രചിച്ചിട്ടുള്ളത്.. ടാര്‍ഗെറിയന്‍, സ്റ്റാര്‍ക്, ലാനിസ്റ്റര്‍, ബാരാതീയന്‍, ഗ്രെജോയ്, ടൈറില്‍, മാര്‍ട്ടല്‍ എന്നീ ഏഴു കുടുംബങ്ങളാണ് ഈ അധികാര വടംവലിയിലൂടെ കഥയുടെ മുഖ്യധാരയില്‍ വന്ന് എത്തിനില്‍ക്കുന്നത്. വെസ്റ്റെറോസിലെ അധികാരത്തിന്റെ അടയാളമായ 'അയണ്‍ ത്രോണ്‍' അഥവാ 'ലോഹസിംഹാസന'ത്തിനായി ഇവര്‍ നടത്തുന്ന ധാര്‍മികവും അധാര്‍മികവുമായ പോരാട്ടങ്ങളും അതിനോട് അനുബന്ധിച്ചുള്ള നിഗൂഢ രഹസ്യങ്ങളുമാണ് കഥയെ ആവേശോജ്വലമാക്കുന്നത്.
'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പരമ്പരയിലെ ആദ്യ നോവലായ 'എ ഗെയിം ഓഫ് ത്രോണ്‍സ്' ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് 1996 ഓഗസ്റ്റ് ഒന്നിനാണ്. ആ വര്‍ഷം ഫാന്റസി വിഭാഗത്തിലുള്ള എല്ലാ പുരസ്കാരങ്ങളും ജോര്‍ജ് ആര്.ആര്. മാര്ട്ടിന് സ്വന്തമാക്കിയിരുന്നു. ഫാന്റസി ആരാധകര്‍ക്ക് കാത്തിരിക്കാന്‍ ഒരു പുതിയ നോവല്‍ പരമ്പര ജനിക്കുകയായിരുന്നു. തുടക്കത്തില്‍ മൂന്നു വാല്യങ്ങളായി വിഭാവനം ചെയ്യപ്പെട്ട പരമ്പരയിലെ അഞ്ചു വാള്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ജോര്‍ജ് ആര്.ആര്. മാര്ട്ടിന് രചിച്ചു കഴിഞ്ഞിരിക്കുന്നു. പരമ്പരയ്ക്ക് ഏഴ് വാള്യങ്ങള്‍ ഉണ്ടാവും എന്നും ജോര്‍ജ് സ്ഥിരീകരിച്ചിരിക്കുന്നു. ആറാമത്തെ നോവലായ 'ദി വിന്‍ഡ്സ് ഓഫ് വിന്ററി'ന്റെ രചന പുരോഗതിയെക്കുറിച്ച് ആരാധകരുടെ നിരന്തരമായ അന്വേഷണത്തെ തുടര്‍ന്നാണ് അദ്ദേഹമിപ്പോള്‍ മനസ്സു തുറന്നിരിക്കുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് താന്‍ നിരവധി മാസങ്ങള്‍ ലോക്ഡൗണില്‍ ചിലവഴിച്ചുവെന്നും ഈ നിര്‍ബന്ധിത ഒറ്റപ്പെടല്‍ തന്നെ എഴുതാന്‍ സഹായിച്ചുവെന്നും ജോര്‍ജ് മാര്ട്ടിന് തന്റെ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. 'വിന്‍ഡ്സ് ഓഫ് വിന്ററിന്റെ രചനയ്ക്കായി ഞാന്‍ മണിക്കൂറുകള്‍ തന്നെ ചിലവഴിച്ചു. ഇത് നോവല്‍ രചന നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി. ഇന്നലെ ഞാന്‍ നോവലിന്റെ പുതിയൊരും ഭാഗം എഴുതി തീര്‍ത്തു. മൂന്ന് ദിവസം മുന്‍പ് മറ്റൊന്നും എഴുതിയിരുന്നു' - മാര്ട്ടിന് കുറിച്ചു. പക്ഷെ ഇതിനര്‍ത്ഥം പുസ്തകം ഇന്നോ നാളെയോ ഇറങ്ങുമെന്നല്ലെന്നും ഇതൊരു വലിയ നോവലായതിനാല്‍ ഏറെ സമയം ആവശ്യമാണെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.
2011ലാണ് ഈ പരമ്പരയുടെ പശ്ചാത്തലത്തില്‍ വെസ്റ്ററോസ്' എന്ന സാങ്കല്പിക ലോകത്തിന്റെ കഥ പറയുന്ന 'ഗെയിം ഓഫ് ത്രോണ്‍സ്' എന്ന ബ്രഹ്മാണ്ഡ ടെലിവിഷന്‍ പരമ്പര എച്ച്.ബി.ഒ. നിര്‍മിച്ചുതുടങ്ങിയത്. നോവലുകള്‍ പോലെത്തന്നെ ടെലിവിഷന്‍ പരമ്പരയും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തത്ര ആരാധകരെയും സൃഷ്ടിച്ചു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടെലിവിഷന്‍ സീരിസുകളില്‍ ഒന്നാണ് ഗെയിം ഓഫ് ത്രോണ്‍സ്.
Content Highlights: George R.R. Martin shares update on ‘Winds of Winters’, Game of Thrones
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..