കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ ആദ്യത്തെ ബാച്ച് പെൺകുട്ടികൾ അവതരിപ്പിച്ച കഥകളി പുറപ്പാട്
ചെറുതുരുത്തി: മഹാകവി വള്ളത്തോള്‍ കലാമണ്ഡലം സ്ഥാപിച്ചതിലൂടെ മുന്നില്‍ക്കണ്ട ലക്ഷ്യങ്ങള്‍ക്കു മിഴിവേകിയ ദിനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കലാമണ്ഡലം ഗോപി. ആണ്‍കുട്ടികള്‍ക്കൊപ്പം കലാമണ്ഡലത്തില്‍ പെണ്‍കുട്ടികളും കഥകളി പഠിക്കാന്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി അരങ്ങിലെത്തുന്ന ചരിത്രനിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ വടക്കന്‍ കളരി വിഭാഗം ആദ്യ ബാച്ച് പെണ്‍കുട്ടികളുടെ അരങ്ങേറ്റത്തിനു കൂത്തമ്പലത്തില്‍ കളിവിളക്ക് കൊളുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചയ്ക്ക് കലാമണ്ഡലത്തില്‍ കലാമണ്ഡലം ഗോപി കുട്ടികളെ മനയോല തൊടുവിപ്പിച്ചാണ് കഥകളിയിലെ മുഖമെഴുത്തിനു തുടക്കംകുറിച്ചത്. വടക്കന്‍ കളരി വിഭാഗത്തില്‍ എം.എ. ത്രയംബകം, കെ.എസ്. ആര്യ, ദുര്‍ഗാ രമേഷ്, എ. അക്ഷയ, ഇ.എസ്. ശ്വേതലക്ഷ്മി എന്നീ പെണ്‍കുട്ടികളാണ് അരങ്ങേറ്റംകുറിച്ചത്. ഇവര്‍ക്കൊപ്പം അഭിജിത്ത് കൃഷ്ണയും കഥകളി പുറപ്പാടില്‍ അരങ്ങേറ്റംകുറിച്ചു.
കേരള കലാമണ്ഡലത്തില്‍ കഥകളിപഠനത്തിനു കഠിനമായ പരിശീലനങ്ങള്‍ ആവശ്യമായതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ആദ്യകാലം മുതലേ പ്രവേശനം ഉണ്ടായിരുന്നില്ല. ചില വിദേശവനിതകള്‍ മാത്രമാണ് താത്കാലികമായി പഠനത്തിനെത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ഭരണസമിതിയില്‍ വന്നപ്പോള്‍ കലാമണ്ഡലം ഗോപി ഈ വിഷയം ഉന്നയിക്കുകയും ഭരണസമിതി തീരുമാനപ്രകാരം പെണ്‍കുട്ടികള്‍ക്കു കഥകളിയില്‍ വടക്കന്‍ കളരി വിഭാഗത്തില്‍ ആദ്യമായി പ്രവേശനം നല്‍കുകയുമായിരുന്നു. ഇവരാണ് പഠനം പൂര്‍ത്തിയാക്കി അരങ്ങിലെത്തിയത്.
Content Highlights: First girls batch, Kathakali arangettam, Kerala Kalamandalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..