പറയാനുള്ളത് പറയുമെന്ന് ജെ.ദേവിക, പക തലയ്ക്കുപിടിച്ചാല്‍ എന്തുചെയ്യുമെന്ന് അശോകന്‍ ചരുവില്‍


7 min read
Read later
Print
Share

ഈ കേസിൻെറ പേരില്‍ നടക്കുന്ന അപവാദപ്രചരണത്തിന്റെ, അവ്യക്തതയുടെ യഥാര്‍ത്ഥലക്ഷ്യം ഒരുപക്ഷേ  സിവിക് ചന്ദ്രനോ പാഠഭേദമോ മാത്രമല്ല, മൃദുലാദേവിയോ ഉഷയോ കൂടിയാണ്. അതോടൊപ്പം കോളാറ്ററല്‍ ഡാമേജാകുന്ന മറ്റു രാഷ്ട്രീയജീവിതങ്ങള്‍ ബോണസാണ്- ജെ.ദേവിക എന്തായാലും കുരുക്കില്‍പ്പെട്ട എന്റെ പ്രിയ സ്‌നേഹിതന് ഇപ്പോള്‍ കിട്ടിയിരിക്കുന്ന പിന്തുണ നിസ്സാരമല്ല- അശോകന്‍ ചരുവില്‍

ജെ. ദേവിക, അശോകൻ ചരുവിൽ

സാഹിത്യകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന സിവിക് ചന്ദ്രനെ തള്ളിപ്പറയണോ വേണ്ടയോ എന്ന നിലപാട് താന്‍ സ്വീകരിക്കണമെങ്കില്‍ മതിയായ വിശദീകരണങ്ങൾ ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു എന്ന് ജെ. ദേവിക. മീറ്റൂ ആരോപണത്തിന്റെ വശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ജെ. ദേവികയുടെ ഫേസ്ബുക്ക് പോസ്റ്റിന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ അശോകന്‍ ചരുവില്‍ തന്റെ പ്രതികരണവും എഴുതുന്നു.

ജെ.ദേവിക സാമൂഹിക മാധ്യമത്തിലൂടെ തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്.

സിവിക് ചന്ദ്രനെതിരെ ഉയര്‍ന്നിരിക്കുന്ന കേസില്‍ അയാളെ ഉടന്‍ തള്ളിക്കളഞ്ഞുകൊണ്ടുള്ള അഭിപ്രായപ്രകടനം നടത്തിയില്ലെങ്കില്‍ സാമൂഹ്യചിന്തകപ്പട്ടം അഴിഞ്ഞുപോകുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തുന്നു.

ആ പട്ടം ആവശ്യമില്ല, ആവശ്യപ്പെട്ടിട്ടുമില്ല. നിങ്ങള്‍ക്ക് കോണകം തുന്നാന്‍ ഉപകരിക്കും, കൈയില്‍ തന്നെ ഇരിക്കട്ടെ.

ഉടന്‍ പ്രതികരിക്കാത്തത് വരേണ്യ ഫെമിനിസ്റ്റുകള്‍ തരാതരം പോലെ അഭിപ്രായം മാറ്റുന്നതുകൊണ്ടാണെന്ന് അനീഷ് പാറാമ്പുഴ പ്രഖ്യാപിച്ചതു മുതല്‍ വിചാരിച്ചതാണ്, അതിന്റെ ആവശ്യമില്ലെന്ന്. ഇയാളുടെ അഭിപ്രായം കൊണ്ടുനടക്കുന്നവരോട് ഇതേ പറയാനുള്ളൂ -- അങ്ങനെയായിരുന്നെങ്കില്‍ ഞാനിന്ന് നിങ്ങള്‍ക്കൊന്നും കൊത്താനാവാത്ത ഉയരത്തില്‍ എത്തിയേനെ എന്ന്.

എന്തായാലും എന്നെപ്പോലുള്ളവരുടെ ശബ്ദങ്ങള്‍ക്ക് യാതൊരു വിലയും കേരളത്തിലെ പ്രബുദ്ധ സിവില്‍സമൂഹമെന്ന് അവകാശപ്പെടുന്നവര്‍ക്കിടയില്‍ ഇല്ലെന്ന് ഇതിനിടയില്‍ വ്യക്തമായ സ്ഥിതിക്ക് എന്റെ അഭിപ്രായം ആരായുന്നതു തന്നെ ഒരു മാസ് ആറ്റാക്കിനുള്ള വഴി തുറക്കാന്‍ വേണ്ടി മാത്രമാണെന്ന് വ്യക്തമാണ്.

ഈ പരാതിക്കാരിയുടെ പരസ്യ ആരോപണത്തെ പരാതിയായി കണക്കാക്കി പാഠഭേദം രൂപീകരിച്ച ഐസിസിയില്‍ അംഗങ്ങളായിരുന്ന മൂന്നു സ്ത്രീശബ്ദങ്ങള്‍ ഇവിടെ നടന്ന പല പിതൃമേധാവിത്വവിരുദ്ധ സമരങ്ങളിലും വളരെ കാര്യമായ പങ്ക് വഹിച്ചിട്ടുള്ളവരാന്‍ണ്. കഴിഞ്ഞ കുറച്ചു നാളത്തെ ഫേസ്ബുക്ക് ആക്ടിവിസത്തിന്റെ ബലത്തില്‍ ആരെയും എന്തും പറയാമെന്നു കരുതുന്നവര്‍ക്ക് സ്വപ്നം പോലും കാണാനാവാത്ത റിസ്‌ക്കുകള്‍ എടുത്തവരാണ്. ഇടതു-വലതു വാലാട്ടി സംസ്‌ക്കാരങ്ങളുടെ വക്താക്കളായവരുടെ കാര്യം പറയുകയും വേണ്ട - പലപ്പോഴും സാമൂഹ്യനീതി നടപ്പാക്കാതിരിക്കാന്‍ അഹോരാത്രം പണിപ്പെട്ടവരാണ് ഇപ്പോള്‍ നിദ്രവിട്ടുണര്‍ന്നിരിക്കുന്നത്.

എന്നാല്‍ ഈ ഐസിസിയുടെ പ്രവര്‍ത്തനം സിവിക് ചന്ദ്രനെ രക്ഷിക്കാന്‍ വേണ്ടിയുള്ള പണിയാണെന്നും ഇതില്‍ അംഗങ്ങളായവര്‍ മുഴുവന്‍ അയാള്‍ക്കു വിധേയരാണെന്നും പറയാന്‍ വലതുപക്ഷ- ജാതിവാദി- അഴിമതിക്കാരി മുതല്‍ ദലിത് വക്താക്കള്‍ വരെയുള്ളവര്‍ക്ക് മടിയില്ല. വലതുപക്ഷ അഴിമതിക്കാരിയോടൊപ്പം സംശയത്തിന്റെ ലവലേശം പോലുമില്ലാതെ ചാടിക്കയറാന്‍ കേരളത്തിലെ വോക്ക് ജനങ്ങളും അങ്ങനെയല്ലാത്ത പലര്‍ക്കും മടിയില്ല. പി ഇ ഉഷ അടക്കമുള്ളവരുടെ ജീവിതങ്ങളെപ്പറ്റി അതിഹീനമായ കള്ളക്കഥകള്‍ മെനെഞ്ഞ് അവരെല്ലാം സിവിക്കിനെ രക്ഷിക്കാന്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് മെസേജുകള്‍ വഴിയും അല്ലാതെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ അത്ര നിഷ്‌ക്കളങ്കരാണെന്നു തോന്നുന്നില്ല. ഞാനും ആവിധത്തില്‍ തന്നെ ആക്രമിക്കപ്പെടും എന്നാണ് ഞാന്‍ വളരെക്കാലം സുഹൃത്തായി കരുതിയിരുന്ന അനീഷിന്റെ ആക്രോശം സൂചിപ്പിക്കുന്നത്. അതു സാരമില്ല, നിങ്ങളുടെ സഹായമോ അംഗീകാരമോ ഇല്ലാതെ ജീവിതം തുടങ്ങിയ സ്ത്രീയാണ് ഞാന്‍. ഒറ്റയായ ആ രീതിയിലേക്കു മടങ്ങാന്‍ എനിക്ക് ലവലേശം മടിയുമില്ല.

പറയാനുള്ളത് പറയണം. ഞാന്‍ ഫേസ് ബുക്കിലെന്നല്ല, ഇത്തരം ആക്ടിവിസത്തില്‍ നിന്നുതന്നെ പൂര്‍ണമായും പിന്‍മാറാന്‍ തീരുമാനിച്ച സ്ഥിതിക്ക് .

(പുതിയ ശബ്ദങ്ങള്‍ എന്നു കരുതിയ പലരും ഹൈഡ്രജന്‍ ബലൂണുകളാണെന്ന് മനസ്സിലായ സ്ഥിതിക്ക് ; തന്മാരാഷ്ട്രീയം ചീഞ്ഞളിഞ്ഞ് അധികാരികള്‍ക്ക് മുതലെടുക്കാനാവുംവിധമായെന്ന് ബോദ്ധ്യമായ സ്ഥിതിക്ക് ; കേരളത്തിലെ മുസ്ലിം തന്മാരാഷ്ട്രീയക്കാരുടെ വലതുപക്ഷ മുഖം പകപോലെ തെളിയുന്ന സ്ഥിതിക്ക് ;സിവില്‍ സമൂഹരാഷ്ട്രീയം വ്യക്തികളുടെ വളര്‍ച്ചയ്ക്കുള്ള ഇടമായി ദുരുപയോഗിക്കപ്പെടുന്ന സ്ഥിതിക്ക്)

ഇതിനു താഴെ പ്രത്യക്ഷപ്പെടാന്‍ സാദ്ധ്യതയുള്ള തെറികള്‍ എന്നെ ബാധിക്കുന്നതേയില്ല. അതുകൊണ്ട് തെറി പറയാന്‍ മാത്രമാണെങ്കില്‍ ഇതു വായിക്കേണ്ടതില്ല - മറ്റെവിടെയെങ്കിലും തുടങ്ങിക്കോളൂ.

എനിക്കിതാണ് പറയാനുള്ളത് - ഈ പോസ്റ്റ് പിന്‍വലിക്കാന്‍ എന്തായാലും പോകുന്നില്ല.

മീടൂ എന്ന പരാതിവഴിയെയോ ഐസിസി പ്രക്രിയെയോ സ്വന്തം താത്പര്യമനുസരിച്ച് സൗകര്യപൂര്‍വം നിര്‍വചിക്കുന്ന ഈ രീതി നിങ്ങളൊക്കെ ഇരിക്കുന്ന കൊമ്പിനെ വെട്ടുന്നതിനു സമാനമാണെന്ന് എനിക്കുറപ്പുണ്ട്. നിയമസംവിധാനങ്ങളും തൊഴിലിട ലൈംഗികപരാതി പരിഹാരസംവിധാനവും പരാജയപ്പെട്ട സാഹചര്യങ്ങളിലാണ് മീടൂ പ്രയോഗിക്കപ്പെട്ടു തുടങ്ങിയത്. ക്രമേണ അത് നിയമ സംവിധാനത്തിനു പോലും തള്ളിക്കളയാനാവാത്തവിധം ശക്തമായ മാര്‍ഗമായി മാറുകയും ചെയ്തു. അതെങ്ങനെ എന്നു ചോദിച്ചാല്‍, പരാതിക്കാരികളുടെ മീടൂ പ്രസ്താവങ്ങള്‍ (പലപ്പോഴും സ്വന്തം പേരു വെളിപ്പെടുത്താതെതന്നെ) നടന്ന കാര്യങ്ങളെപ്പറ്റി വിശദവും കൃത്യവുമായ വിവരണങ്ങള്‍ നല്‍കാന്‍ തുടങ്ങിയതോടെയാണ് മീടൂ പറച്ചിലുകളെ നിയമത്തിനു പോലും അവഗണിക്കാനാവാതെ വന്നത്. അതായത് മീടൂ വെളിപെടുത്തലുകള്‍ വെറും ആരോപണങ്ങളാണെന്ന് പോലീസിനു പോലും പറയാനാവാതെ വന്നു.

സിവിക് ചന്ദ്രനെതിരെ മീടൂ ആരോപണം എന്നു പറഞ്ഞ് അവതരിപ്പിക്കപ്പെട്ട ആ വാട്ട്‌സ് ആപ്പ് കുറിപ്പില്‍ മലയാളി ബുദ്ധിജീവിവൃത്തങ്ങളിലെ പിതൃമേധാവിത്വവൈകൃതങ്ങളെപ്പറ്റി ധാരാളമുണ്ടെങ്കിലും നടന്ന സംഭവങ്ങളെപ്പറ്റി കാര്യമായി ഒന്നുമില്ല. ഇരകള്‍ അങ്ങനെ പറയണമെന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല എന്നൊക്കെ ചിലര്‍ പറയുന്നു. മീടൂ പറച്ചില്‍ ഇരയുടെ അവസ്ഥയില്‍ നിന്ന് വിട്ടുമാറാനുള്ള മാര്‍ഗമാണെന്ന് സമ്മതിക്കുകയും, ഒപ്പം അതു പറഞ്ഞാല്‍ പരാതിക്കാരി ഇരയായിപ്പോകുമെന്ന് വാദിക്കുകയും ചെയ്യുന്നത് എന്തായാലും എനിക്കന്ന് മനസ്സിലായില്ല. വിജയ്ബാബു കേസിലോ വി ആര്‍ സുധീഷ് കേസിലോ ഗൌരീദാസന്‍നായര്‍ കേസിലോ അതു പോലെ നടപടിയാവശ്യപ്പെട്ട മറ്റു കേസുകളിലോ ഒന്നും ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍ - പരാതിക്കാരികള്‍ തന്നെയാണ് അവരുടെ ദുരനുഭവം വ്യക്തമായും കൃത്യമായും എവിടെ വച്ച് എന്തു നടന്നു പറഞ്ഞത്. ആ മൊഴി തന്നെയായിരുന്നു അവയുടെ ശക്തി.

ഈ കേസില്‍ അവസാനം പോലീസില്‍ കൊടുത്ത പരാതിയിലാണ് കൃത്യമായ പരാതിയുയര്‍ന്നത്. അതുകൊണ്ടു തന്നെ ചാടിക്കയറി പ്രതികരിക്കുന്നത് ശരിയല്ലെന്നു തന്നെയാണ് എന്റെ അഭിപ്രായം. പരാതിക്കാരിയുടെ മൊഴിയാണ് അറിയേണ്ടത്, ശേഷം നടക്കുന്ന അന്വേഷണത്തിന്റെയും വിചാരണയുടെയും വിവരങ്ങളാണറിയേണ്ടത്. അല്ലാതെ അതിന്റെ പേരില്‍ മറ്റുള്ളവരെ (മൃദുലാദേവിയെ) തേജോവധം ചെയ്യാന്‍ നടക്കുന്നവരുടെ വാക്കു കേട്ട് ചാടാന്‍ നിവൃത്തിയില്ല.

ആരോപണം ഉന്നയിക്കുന്നത് തുടക്കം മാത്രമാണ്. അത് ഒന്നുകില്‍ മീടൂ പ്രസ്താവമായി ഉയരാം, അല്ലെങ്കില്‍ ഐസിസി പ്രക്രിയയ്ക്കു വിധേയമാകാം. പരാതിക്കാരിക്ക് ഇഷ്ടമുള്ള മാര്‍ഗം സ്വീകരിക്കാം. ഐസിസി പ്രക്രിയ നീതിപൂര്‍വമല്ലെങ്കില്‍ അതിനെ തുടക്കത്തിലേ തള്ളിക്കളയാം. പാഠഭേദത്തെ സംബന്ധിച്ചിടത്തോളം ഐസിസി പ്രക്രിയ നടത്തിയേപറ്റൂ - ആ പ്രസിദ്ധീകരണവുമായി സഹകരിക്കുന്ന, ആ കൂട്ടായ്മയുടെ ഭാഗമായ സ്ത്രീകളുടെയും താത്പര്യത്തിന്റെ പ്രശ്‌നമാണത്. എന്നാല്‍ തുടക്കം മുതലേ ആ പ്രക്രിയയെ അവിശ്വസിക്കുകയും പാഠഭേദവുമായും സിവിക് ചന്ദ്രനുമായും ഇടപെട്ടിട്ടുള്ളവര്‍ക്ക് നിഷ്പക്ഷത നഷ്ടമാകുമെന്ന് മുന്നേകൂട്ടി വിചാരിക്കുകയും ചെയ്ത രീതി ന്യായീകരിക്കത്തകതല്ല. അക്കണക്കിന് ഒരു ഐസിസി വിചാരണയും നീതിപൂര്‍വമാകില്ല, കാരണം റെസ്‌പോണ്ടന്റുമായി എപ്പോഴെങ്കിലും ഇടപെട്ടിട്ടില്ലാത്ത ഐസിസി അംഗങ്ങള്‍ സ്ഥാപനങ്ങളില്‍ വിരളമാകാനാണിട. ഐസിസി അംഗങ്ങളാകാന്‍ തയ്യാറായവരുടെ രാഷ്ട്രീയജീവിതങ്ങളെ മായ്ചുകളയാനുള്ള എളുപ്പവഴിയാണിത്.

പാഠഭേദം ഐസിസി പ്രക്രിയയ്ക്കു തുടക്കമിട്ടത് സിവിക് ചന്ദ്രനെ രക്ഷിക്കാന്‍ മാത്രമാണെന്ന പ്രചരണം തുടക്കം മുതല്‍ കുറച്ചുപേര്‍ ഏറ്റുപിടിച്ചിട്ടുണ്ട്. മൃദുലാദേവി സിവിക് ചന്ദ്രനു വേണ്ടി പരാതിക്കാരിയോട് മാപ്പുപറഞ്ഞു എന്ന കള്ളക്കഥ ഈ സംഘത്തിലൊരാള്‍ പ്രചരിപ്പിച്ചത് എന്നോടു നേരിട്ടുതന്നെയായിരുന്നു. മൃദുലയെ അറിയാമെന്നും അവരതു ചെയ്യില്ലെന്നും പലവട്ടം പറഞ്ഞിട്ടും ഇതേ കള്ളം അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഉഷ സിവിക് ചന്ദ്രനെതിരെ ഒന്നു ചെയ്യില്ലെന്ന പറച്ചില്‍ ഇവരില്‍ പലരും പലയിടത്തും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഉഷ എന്ന ആക്ടിവിസ്റ്റിനെ ഇന്നോ ഇന്നലെയോ അല്ല കണ്ടിട്ടുള്ളത്. തരാതരം പോലെ അഭിപ്രായം പറഞ്ഞവരെ തിരിച്ചറിയാനുള്ള കണ്ണ് അനീഷ് പാറാമ്പുഴയും കൂട്ടരും തത്ക്കാലം മാറ്റിവച്ചുവെന്നേ പറയാനാകുന്നുള്ളൂ.

ഐസിസി അന്വേഷണം രഹസ്യസ്വഭാവമുളളതാണ് - അങ്ങനെയെങ്കില്‍ അവിടെപറഞ്ഞ കാര്യം നിങ്ങളറിഞ്ഞതെങ്ങനെ, എന്നോട് അതു വെളിപ്പെടുത്തുന്നതിന്റെ ഔചിത്യം എന്ത്, എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഫോണില്‍ വിളിച്ച് മൃദുലയെപ്പറ്റി അസത്യം പറഞ്ഞ ആ സ്ത്രീയ്ക്ക് മറുപടിയുണ്ടായില്ല. ഐസിസി പ്രക്രിയയെപ്പറ്റിത്തന്നെ കാര്യമായ അറിവ് അവര്‍ക്കുള്ളതായി തോന്നിയില്ല (പാഠഭേദത്തില്‍ ഐസിസി എങ്ങനെ ഉണ്ടാകും എന്നാണ് അവര്‍ ചോദിച്ചത്). ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അനേകവര്‍ഷം ഐസിസി ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചതിന്റെ പരിചയം എനിക്കുണ്ടെന്ന് അവരോടു പറയേണ്ടി വന്നു.

ഉഷയോ ഡോ ഖദീജയോ മൃദുലയോ നീതിപൂര്‍വം പെരുമാറാനിടയില്ല എന്ന പ്രചരണം ഐസിസി പ്രക്രിയ ആരംഭിച്ചപ്പോള്‍ മുതല്‍ നടക്കുന്നുണ്ട്. പരാതിക്കാരിയോട് നേരിട്ട് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നവരാണ് ഇതു നടത്തിയതും. ഈ പ്രക്രിയ റെസ്‌പോണ്ടന്റിന് അനുകൂലമാണെന്ന് ആദ്യമേ തീരുമാനിച്ചുകഴിഞ്ഞാന്‍ പിന്നെ അതു നടത്തുന്നത് ഐസിസി അംഗങ്ങളുടെ ക്രഡിബിലിറ്റി നശിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. പരാതിക്കാരിയോട് ചേര്‍ന്നുനില്‍ക്കുന്നുവെന്ന് പറഞ്ഞുകൊണ്ടു നടത്തിയ പ്രചരണം പരാതിക്കാരിയെ സ്വാധീനിക്കല്‍ തന്നെയാണ്.

ഐസിസി പ്രക്രിയയെ അപ്പാടെ തള്ളിക്കളയുകയും മൃദുലയെപ്പറ്റി കള്ളം പറയുകയും ചെയ്യുന്നത് ഒരുവെടിക്ക് പല വേട്ടക്കാര്‍ക്കും പല പക്ഷികളെ കിട്ടുന്നതുപോലെയാണ്.. ഇന്ദുമേനോന്‍ -ബിന്ദു അമ്മിണി - സി എസ് ചന്ദ്രിക-സഖ്യം ഇക്കാര്യത്തില്‍ രൂപപ്പെട്ടിരിക്കുന്നത് രസകരം തന്നെ.

മാത്രമല്ല, മറ്റൊരു പ്രധാനപ്പെട്ട കാര്യവും ഇതിലുണ്ടെന്ന് വിചാരിക്കാതെവയ്യ.

കേരളത്തില്‍ വ്യവസ്ഥാപിതകക്ഷികളില്‍ നിന്ന് യാതൊന്നും കൈപ്പറ്റാതെ -അല്ലെങ്കില്‍ അവരില്‍ നിന്നും അംഗീകാരം തേടി നടക്കാതെ - കഴിയുന്ന കുറച്ചാളുകളെയുള്ളൂ. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ സാമൂഹ്യനീതി കേസുകളില്‍ ഞങ്ങളെ കുടുക്കാന്‍ സജീവമായ ശ്രമം നടക്കുന്നുണ്ട്. എനിക്കു നേരിട്ട് അനുഭവമുള്ളതുകൊണ്ട് ഇതു നല്ല ബോദ്ധ്യമുണ്ട്. സിപിഎം വിമര്‍ശകരായ പുരുഷന്മാര്‍ക്കെതിരെ കാര്യമായ അപവാദപ്രചരണം പിന്നണിയിലൂടെ നടക്കുന്നുണ്ട് -- കേറെയിലിനെയും വിഴിഞ്ഞം പദ്ധതിയെയും വിമര്‍ശിച്ചുകൊണ്ട് അയാള്‍ എഴുതുന്നുണ്ടെങ്കിലും അയാള്‍ ഭാര്യാപീഡകനായിരുന്നു, അതുകൊണ്ട് അതൊന്നും ഷെയര്‍ ചെയ്യരുത് എന്ന ഉപദേശം ഒന്നിലധികം തവണ ഈയിടെ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പോലീസന്വേഷണവും കോടതിവിചാരണയും കഴിഞ്ഞല്ലാതെ സിവിക് ചന്ദ്രനെ തള്ളിക്കളയാന്‍ ഞാനെന്തായാലും തയ്യാറല്ല.

ഈ വിഷയത്തില്‍ ഇതുവരെ നടന്ന ചര്‍ചയില്‍ നിന്ന് മനസ്സിലായ കാര്യങ്ങള്‍, നിഗമനങ്ങള്‍ ഇതൊക്കെയാണ് -

1. ഈ കേസിന്റെറ പേരില്‍ നടക്കുന്ന അപവാദപ്രചരണത്തിന്റെ, അവ്യക്തതയുടെ യഥാര്‍ത്ഥലക്ഷ്യം ഒരുപക്ഷേ സിവിക് ചന്ദ്രനോ പാഠഭേദമോ മാത്രമല്ല, മൃദുലാദേവിയോ ഉഷയോ കൂടിയാണ്. അതോടൊപ്പം കോളാറ്ററല്‍ ഡാമേജാകുന്ന മറ്റു രാഷ്ട്രീയജീവിതങ്ങള്‍ ബോണസാണ്.

2. കേരളത്തിലെ പ്രബുദ്ധയുവത്വം എന്നവകാശപ്പെടുന്നവര്‍ക്കു പോലും തൊഴിലിട ലൈംഗികപീഡനത്തിനെതിരെ ഉള്ള സംവിധാനത്തെപ്പറ്റി കാര്യമായി അറിയില്ല. മീടൂവും ഐസിസിയും പോലീസ് പരാതിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് അറിയില്ല. അവയുടെ പ്രയോഗങ്ങളെ, സാദ്ധ്യതകളെ, വേര്‍തിരിച്ചു കാണാനും അറിയില്ല -മുഖത്തു നോക്കി ഈ ചോദ്യം ചോദിച്ചപ്പോള്‍ തപ്പിയും തടഞ്ഞും ഇവര്‍ തങ്ങളുടെ അറിവില്ലായ്മ വെളിപ്പെടുത്തിയ ദയനീയകാഴ്ച സഹിക്കേണ്ടിവന്നു.എന്നിട്ടും ഒരാളുടെ അരനൂറ്റാണ്ടോളം പോന്ന രാഷ്ട്രീയ-സാംസ്‌കാരിക ജീവിതത്തെ ചവിട്ടിക്കൂട്ടാന്‍ ഇവര്‍ക്കു മടിയില്ല.

ഈ തലമുറ ഫെമിനിസ്റ്റുകളില്‍ പലരും വിക്കിപീഡിയ-ഗൂഗിള്‍ ഫെമിനിസ്റ്റുകളാണെന്ന സത്യം ഈ സംഭവം എന്നെ കൃത്യമായും പഠിപ്പിച്ചു. മൂര്‍ത്തമായ സാഹചര്യങ്ങളില്‍ പരാജയപ്പെട്ടു പോകുന്ന ഇന്റര്‍സെക്ഷണല്‍ ഫെമിനിസം (സിവിക് ചന്ദ്രന്‍ മേല്‍ജാതിക്കാരനല്ല, അയാള്‍ക്ക് കാര്യമായ സ്വത്തുക്കളോ അധികാരികളോടുള്ള സാമൂഹ്യബന്ധങ്ങളോ ഇല്ല, അധികാരികള്‍ക്ക് അയാള്‍ അഭിമതനല്ല, അവരുടെ സഹായങ്ങളൊന്നും അയാള്‍ ആവശ്യപ്പെട്ടിട്ടില്ല, ആര്‍ക്കും ഒരു അവാര്‍ഡോ സമ്മാനമോ നല്‍കാനുള്ള സ്വാധീനം അയാള്‍ക്കില്ല - പക്ഷേ ഇതൊന്നും ആര്‍ക്കും വസ്തുതകള്‍ പോലുമല്ല), സാമൂഹ്യവസ്തുതകളെ സൗകര്യപൂര്‍വം തള്ളാനും കൊള്ളാനുമുള്ള പ്രവണത, സാമൂഹ്യമാധ്യമഭീരുത്വം (ഈ മനോഭാവത്തെപ്പറ്റി ആഴത്തില്‍ പഠിക്കേണ്ടതുണ്ട്), ഏതാനും വര്‍ഷങ്ങളുടെ മിനിമം ബൌദ്ധിക-രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടെങ്കില്‍ പ്രശസ്തി കൈവരിക്കാമെന്ന അവസ്ഥ -പ്രബുദ്ധ സിവില്‍സമൂഹത്തിലെ യുവശബ്ദങ്ങളില്‍ ഇതെല്ലാം ഞാന്‍ കണ്ടു. ഇവരോട് ഇനി ഒന്നും പറയാനോ പങ്കുവയ്ക്കാനോ ഇല്ല. ധാര്‍മ്മിക ഉള്‍ക്കാമ്പുണ്ടെങ്കിലേ കാര്യമുള്ളൂ. കാലം ഈ പാഠം എല്ലാവരേയും പഠിപ്പിക്കും.

3. കേരളത്തിലിന്ന് സിപിഎമ്മിനെ നേരിട്ടു വിമര്‍ശിക്കുന്നവരെ സാമൂഹ്യനീതി കേസുകളില്‍ കുടുക്കി അവരുടെ ക്രെഡിബിലിറ്റിയെ നശിപ്പിക്കാന്‍ കാര്യമായ ശ്രമം നടക്കുന്നുണ്ടെന്ന് എനിക്കു ബോദ്ധ്യമുണ്ട്. ഇതൊന്നും സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാകണമെന്നേയില്ല. സിപിഎം സൈബര്‍പോരാളികളെപ്പോലെ ദുഷ്ടബുദ്ധികള്‍ വേറെയില്ല - അവരുടെ ചെറുവൃത്തങ്ങള്‍ നടത്തുന്ന ഗൂഢാലോചനകളെപ്പറ്റി എനിക്ക് നേരിട്ടറിവുമുണ്ട്. ഈ കേസ് അങ്ങനെയുള്ളതല്ലെന്ന തെളിയട്ടെ, എന്നിട്ടു മാത്രമേ സിവിക് ചന്ദ്രനെ തള്ളിപ്പറയാന്‍ ഞാനുള്ളൂ.

ജെ. ദേവികയുടെ പോസ്റ്റിന് അശോകന്‍ ചരുവിലിന്റെ മറുപടി വായിക്കാം.

ദളിത് സ്ത്രീ ലൈംഗീക പീഡനക്കേസില്‍ സിവിക് ചന്ദ്രന് പിന്തുണയുമായി പ്രശസ്ത പണ്ഡിത ശ്രീമതി ജെ.ദേവിക രംഗത്തു വന്നിരിക്കുന്നു. അതിജീവിതക്ക് നടന്ന സംഭവങ്ങള്‍ മുഴുവന്‍ വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ജെ.ദേവിക പറയുന്നത്. അവര്‍ എഴുതുന്നു:

''സിവിക് ചന്ദ്രനെതിരെ മീടൂ ആരോപണം എന്നു പറഞ്ഞ് അവതരിപ്പിക്കപ്പെട്ട ആ വാട്‌സാപ്പ് കുറിപ്പില്‍ മലയാളി ബുദ്ധിജീവി വൃത്തങ്ങളിലെ പിതൃമേധാവിത്ത വൈകൃതങ്ങളെപ്പറ്റി ധാരാളമുണ്ടെങ്കിലും നടന്ന സംഭവങ്ങളെപ്പറ്റി കാര്യമായ ഒന്നുമില്ല.'എന്തായാലും കുരുക്കില്‍പെട്ട എന്റെ പ്രിയ സ്‌നേഹിതന് ഇപ്പോള്‍ കിട്ടിയിരിക്കുന്ന പിന്തുണ നിസ്സാരമല്ല. വിക്കിപീഡിയ ശ്രീമതി ദേവികയെ വിശേഷിപ്പിക്കുന്നത് ശ്രദ്ധിക്കുക: 'Jayakumari Devika (Malayalam: ജെ. ദേവിക) is a Malayali historian, feminist, social critic and academician from Kerala.' ഈ വിശേഷണം എത്ര നിസ്സാരമാണെന്ന് അവരുടെ ആരാധകര്‍ പറയും. കേരളത്തില്‍ സ്ത്രീവാദത്തിന്റെ തുടക്കവും അവസാനവും അവരാണെന്ന് കരുതുന്നവര്‍ ഉണ്ട്.

ശ്രീമതി ജെ.ദേവികയുടെ പാണ്ഡിത്യത്തില്‍ എനിക്കു യാതൊരു സംശയവുമില്ല. പക്ഷേ ഒരു സംഗതി ഞാന്‍ ഉന്നയിക്കുന്നു: കേരളത്തില്‍ വരേണ്യ പരിസ്ഥിതിവാദം, വരണ്യ ആധുനികത, വരേണ്യ യുക്തിവാദം, വരേണ്യ നക്‌സലിസം എന്തിന് വരേണ്യ ദളിത് വാദം പോലുമുണ്ട്. അക്കൂട്ടത്തിലൊന്നാണ് വരേണ്യ സ്ത്രീവാദം. അതിന്റെ വക്താവായിട്ടാണ് ഞാന്‍ ഈ പണ്ഡിതയെ കാണുന്നത്. പല ഘട്ടങ്ങളിലായി പരിമിതമായ രീതിയിലെങ്കിലും കേരളത്തില്‍ സാമൂഹ്യപരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും അതിന്റെ ഭാഗമായ നിയമനിര്‍മ്മാണങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി ഭൂമിയും സമ്പത്തും പ്രിവിലേജുകളും നഷ്ടപ്പെട്ട ഒരു ജനവിഭാഗമുണ്ട്. സാംസ്‌കാരിക രംഗത്തെ വരേണ്യതയെ പ്രതിനിധീകരിക്കുന്നത് ഇക്കൂട്ടരാണ്.

ഒരു വക ഗൃഹാതുരതയും പ്രതികാരവുമാണ് അവരെ നയിക്കുന്നത്. പക തലക്കുപിടിച്ചാല്‍ എന്താണ് ചെയ്യുക എന്നു പറയാനാവില്ലല്ലോ. അറു പിന്തിരിപ്പന്മാരായിട്ടെന്ന പോലെ അതിവിപ്ലവകാരികളായും അവര്‍ രംഗത്തുവരും.

സിവിക്കിന് അഭിനന്ദനങ്ങള്‍....

Content Highlights: J. Devika, Asokan Charuvil, Civic Chandran, Sexual Harassment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pavithran theekkuni

1 min

അകത്തും പുറത്തും തീക്കനല്‍ച്ചൂട്: പവിത്രന്‍ തീക്കുനി  ജീവിതം പാകം ചെയ്യുകയാണ് 

Sep 22, 2023


Jaick C Thomas, Oomemn Chandy

3 min

'ഈ പുസ്തകം വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?'ചോദിക്കുന്നത് ജെയ്ക്ക്‌,പുസ്തകം ഉമ്മന്‍ചാണ്ടിയുടേത്

Sep 21, 2023


kunhunni master

1 min

വെട്ടിയും തിരുത്തിയും കൂട്ടിച്ചേര്‍ത്തും കുട്ടേട്ടനായി കുഞ്ഞുണ്ണി

Jul 2, 2022


Most Commented