ടി.പി. രാജീവന്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്ത എഴുത്തുകാരന്‍- കല്‍പറ്റ നാരായണ്‍


ടി.പി രാജീവന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ച് സാംസ്‌കാരികലോകം. കോഴിക്കോട്: ടി.പി. രാജീവന്റെ വിയോഗത്തില്‍ പൗരാവലിയുടെ അനുശോചനയോഗം വെള്ളിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും.

ടി.പി. രാജീവൻ

കോഴിക്കോട്: എഴുത്തുകാരന്‍ ടി.പി. രാജീവന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആശുപത്രിയിലും പൊതുദര്‍ശനം നടന്ന ടൗണ്‍ഹാളിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെത്തി. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ആശുപത്രിയിലെത്തി അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ടൗണ്‍ഹാളില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എം.കെ. രാഘവന്‍ എം.പി., എം.എല്‍.എ.മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ടി. സിദ്ദിഖ്, മേയര്‍ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. സര്‍ക്കാരിനുവേണ്ടി കൊയിലാണ്ടി ഭൂരേഖ തഹസില്‍ദാര്‍ ഹരീഷും മുഖ്യമന്ത്രിക്കുവേണ്ടി എ.ഡി.എം. സി. മുഹമ്മദ് റഫീക്കും പുഷ്പചക്രം സമര്‍പ്പിച്ചു. മാതൃഭൂമിക്കുവേണ്ടി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, മുന്‍ എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ബാലന്‍, കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, സംവിധായകരായ വി.എം. വിനു, ശങ്കര്‍ രാമകൃഷ്ണന്‍, എഴുത്തുകാരായ യു.കെ. കുമാരന്‍, വി.ആര്‍. സുധീഷ്, കല്പറ്റ നാരായണന്‍, ശത്രുഘ്‌നന്‍, ഡോ. ഖദീജാ മുംതാസ്, കെ.എസ്. വെങ്കിടാചലം, പി.കെ. പാറക്കടവ്, പി.പി. ശ്രീധരനുണ്ണി, രാഘവന്‍ അത്തോളി, ഒ.പി. സുരേഷ്, നടന്മാരായ കോഴിക്കോട് ജയരാജ്, അപ്പുണ്ണി ശശി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, അംഗങ്ങളായ പി. ഗവാസ്, പി. സുരേന്ദ്രന്‍, ആര്‍.എം.പി. സംസ്ഥാനസെക്രട്ടറി എന്‍. വേണു, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് സാംസ്‌കാരികവേദി പ്രസിഡന്റ് ഡോ. പി. ശ്രീമാനുണ്ണി, സെക്രട്ടറി കോട്ടയ്ക്കല്‍ ഭാസ്‌കരന്‍, ചെലവൂര്‍ വേണു, ഡോ. ആസാദ്, സത്യന്‍ കടിയങ്ങാട്, സി.ഇ. ചാക്കുണ്ണി, കെ.ടി. കുഞ്ഞിക്കണ്ണന്‍, ടി.വി. ബാലന്‍, എ.കെ. രമേഷ്, യു. ഹേമന്ദ് കുമാര്‍, എം.പി. സൂര്യനാരായണന്‍, എം. രാജന്‍, കാവില്‍ പി. മാധവന്‍, എ.പി. കുഞ്ഞാമു, കെ.ജെ. തോമസ്, പി.കെ. പോക്കര്‍, വില്‍സണ്‍ സാമുവല്‍, കെ. രത്‌നാകരന്‍, പി.എം. സുരേഷ് ബാബു, കമാല്‍വരദൂര്‍, ഒ.കെ. ജോണി, പി.ടി. മുഹമ്മദ് സാദിഖ്, ഗുലാബ് ജാന്‍, ഡോ. എ.കെ. അബ്ദുള്‍ ഹക്കീം, എ.കെ. ജയകുമാര്‍, എം.എസ്. സജി, ഫാ.ജോണ്‍ മണ്ണാറത്തറ, ചാള്‍സ് പി ചാണ്ടി, ജഗത് മയന്‍ ചന്ദ്രപുരി, ഗിരീഷ് ആമ്പ്ര തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുന്‍മന്ത്രി കെ.സി. ജോസഫിനുവേണ്ടി കെ.പി.സി.സി. അംഗം കെ.പി. ബാബു പുഷ്പചക്രം സമര്‍പ്പിച്ചു.ഇനി കഥാപാത്രങ്ങളിലൂടെ ജീവിക്കും -വി.ഡി. സതീശന്‍
ടി.പി. രാജീവന്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ എന്നും നമ്മോടൊപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ആ കഥാപാത്രങ്ങളിലൂടെ അദ്ദേഹം എന്നും ജീവിക്കും. ഇത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാവുമെന്ന് കരുതിയില്ല. നിലപാടുകള്‍ തുറന്നുപറയുന്നതില്‍ മടികാണിക്കാത്ത വലിയ എഴുത്തുകാരനാണ് അദ്ദേഹം. അയല്‍ക്കാരെപ്പോലെ സുപരിചിതരാണ് അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍. അവയിലൂടെ അദ്ദേഹം എന്നെന്നും ജീവിക്കും. സ്വന്തം നാട്ടിലെ, കണ്ടും കേട്ടും അനുഭവിച്ചതുമായ സൂക്ഷ്മയാഥാര്‍ഥ്യങ്ങളാണ് രാജീവന്‍ വരച്ചുകാട്ടിയത്.

നട്ടെല്ല് വളയ്ക്കാതെ സ്വന്തം നിലപാടും അഭിപ്രായങ്ങളും ശക്തമായി പറയാനുള്ള അസാമാന്യധൈര്യം രാജീവനുണ്ടായിരുന്നു. സ്ഥാനമാനങ്ങളോ സൗഹൃദങ്ങളോ നോക്കി ആദര്‍ശങ്ങളില്‍ അണുകിട മാറ്റം വരുത്താന്‍ ഒരു കാലത്തും തയ്യാറായിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പുതിയ ഭാവുകത്വം സൃഷ്ടിച്ച രചനകള്‍ -പി.വി. ചന്ദ്രന്‍

കവിയും നോവലിസ്റ്റുമായ ടി.പി. രാജീവന്റെ വിയോഗം മലയാളഭാഷയ്ക്കും സാഹിത്യത്തിനും കനത്ത നഷ്ടമാണെന്ന് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ പറഞ്ഞു. മാതൃഭൂമിയുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ പ്രധാന രചനകളെല്ലാം മാതൃഭൂമിയിലൂടെയാണ് പ്രസിദ്ധീകരിച്ചത്. ഭാഷയിലും അവതരണത്തിലും പുതിയ ഭാവുകത്വം സൃഷ്ടിച്ചവയാണ് അവയോരോന്നും. ആ സൃഷ്ടികള്‍ക്കെല്ലാം സഹൃദയകേരളം വലിയ വരവേല്‍പ്പ് നല്‍കിയെന്നതും ശ്രദ്ധേയമാണെന്ന് പി.വി. ചന്ദ്രന്‍ പറഞ്ഞു.

ആദരണീയവ്യക്തിത്വം -പി.വി. ഗംഗാധരന്‍

എഴുത്തുകാരനെന്ന നിലയിലും ആദര്‍ശങ്ങളില്‍നിന്നും നിലപാടുകളില്‍നിന്നും വ്യതിചലിക്കാത്ത വ്യക്തിയെന്ന നിലയിലും ആദരണീയനാണ് ടി.പി. രാജീവന്‍ എന്ന് മാതൃഭൂമി മുഴുവന്‍സമയ ഡയറക്ടറും സിനിമാനിര്‍മാതാവുമായ പി.വി. ഗംഗാധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നോവലുകള്‍ സിനിമയാക്കിയപ്പോള്‍ അവയും പുതിയ അനുഭവമാണ് സമ്മാനിച്ചത്. സ്വന്തം ദേശത്തിന്റെ കഥകളാണ് അദ്ദേഹം എഴുതിയത്. അദ്ദേഹത്തിന്റെ വിയോഗം സാഹിത്യത്തിനും സിനിമയ്ക്കും വലിയ നഷ്ടമാണെന്നും പി.വി. ഗംഗാധരന്‍ പറഞ്ഞു.

തീരാനഷ്ടം -കെ. സുരേന്ദ്രന്‍

വായനക്കാരുടെ ഹൃദയംകവര്‍ന്ന ടി.പി. രാജീവന്റെ വിയോഗം മലയാളസാഹിത്യത്തിന് തീരാനഷ്ടമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്തയാള്‍ -കെ.സി. ജോസഫ്

നിലപാടുകളില്‍ അല്പം പോലും വെള്ളം ചേര്‍ക്കാതെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചയാളാണ് ടി.പി. രാജീവനെന്ന് മുന്‍മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ സാംസ്‌കാരിക മന്ത്രിയുടെ ഓഫീസില്‍ അദ്ദേഹം എനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. സാംസ്‌കാരികനയം സംബന്ധിച്ച് ഉപദേശവും നിര്‍ദേശവും നല്‍കാന്‍ നിയോഗിക്കപ്പട്ട പി.ടി. തോമസ് കമ്മിറ്റിക്ക് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിരുന്നു- കെ.സി. ജോസഫ് പറഞ്ഞു.

അര്‍ഹിച്ച പരിഗണന ലഭിക്കാത്ത എഴുത്തുകാരന്‍-കല്പറ്റ നാരായണന്‍

മലയാളിയുടെ ഭാവുകത്വക്കുറവു കൊണ്ടും രാഷ്ട്രീയത്തിന്റെ അരാഷ്ട്രീയത കൊണ്ടും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയ എഴുത്തുകാരനാണ് ടി.പി. രാജീവന്‍. നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ അഭിപ്രായങ്ങള്‍ പറഞ്ഞ എഴുത്തുകാരനാണ് രാജീവന്‍. സൗഹൃദങ്ങളില്‍പ്പോലും ആ നിലപാട് തുടര്‍ന്നു.

തികച്ചും മൗലികമാണ് അദ്ദേഹത്തിന്റെ രചനകള്‍. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മികച്ച കവിയെ അടയാളപ്പെടുത്താന്‍ പറഞ്ഞാല്‍ അത് രാജീവനെന്നാണ് ഉത്തരം. അനുഭവിക്കാത്ത ഒന്നിനെക്കുറിച്ചും രാജീവന്‍ എഴുതാറില്ല. ബാല്യത്തിലേ അറിയാവുന്ന പാലേരി മാണിക്യത്തെക്കുറിച്ച് ഒരിതിഹാസമുണ്ടാക്കണമെന്ന തോന്നല്‍ വളര്‍ന്നുവരുകയും അത് ക്രമേണ നോവലായി മാറുകയുമാണ് ഉണ്ടായത്. പിന്നീട് മലയാള നോവലുകളുടെ മാറ്റങ്ങളുടെ തുടക്കമായി അത്. കൃത്യമായി പഠിച്ച് വിവരശേഖരണം നടത്തി വലിയ ഫയലുണ്ടാക്കിയാണ് ആ നോവല്‍ രചിച്ചത്. വര്‍ഷങ്ങളുടെ ഗവേഷണമാണ് രാജീവന്‍ നടത്തിയത്. രജിസ്ട്രാര്‍ ഓഫീസുകളും പോലീസ് സ്റ്റേഷനുകളുമൊക്കെ കയറിയിറങ്ങി ഒരുകെട്ട് രേഖകളുണ്ടാക്കിയാണ് രാജീവന്‍ നോവലെഴുതിയത്. സത്യത്തിന്റെയും സങ്കല്പത്തിന്റെയും സവിശേഷമായ ചേര്‍ച്ചയാണ് അതില്‍ കാണുന്നത്. അത് മലയാള നോവലിന്റെ ആദ്യാനുഭവം. ഗവേഷണം എഴുത്തുകാരന്റെ സ്വാഭാവികചര്യയായത് അതിനുശേഷമാണ്.

രാജീവന്‍ പകര്‍ന്നത് ധൈര്യമുള്ള വാക്കുകള്‍ -അനിത നായര്‍

''കവിയും നോവലിസ്റ്റുമെന്നനിലയില്‍ ആദരവു തോന്നിയ ഒരെഴുത്തുകാരന്‍. തന്റേടമുള്ള കവിതകളായിരുന്നു രാജീവന്‍ എഴുതിയിരുന്നത്. വിപ്ലവവാക്കുകളൊന്നും അതിലുണ്ടായിരുന്നില്ല. എങ്കിലും അസാമാന്യമായ ധൈര്യം പകര്‍ന്ന എഴുത്തായിരുന്നു അത്. രാജീവന്റെ കവിതകളെക്കുറിച്ച് പറയുമ്പോള്‍ ധൈര്യമുള്ള വാക്കുകളാണ് എന്നെ ആകര്‍ഷിച്ചത്. ഉള്ളിലുള്ള ധൈര്യം ആ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു. ഒരു നിലപാട് എടുക്കാനുള്ള ധാര്‍മികമായ ധൈര്യമാണ് എഴുത്തില്‍ രാജീവനെ വ്യത്യസ്തനാക്കിയത്.

ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ ഞാന്‍ ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ രാജീവന്‍ അവിടെ എം.എ. ഇംഗ്ലീഷിന് പഠിക്കുന്നുണ്ടായിരുന്നു. അന്ന് വ്യക്തിപരമായ പരിചയം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം 2001-ലോ മറ്റോ വയനാട്ടില്‍ സംഘടിപ്പിച്ച ഒരു കവിസമ്മേളനത്തില്‍വെച്ചാണ് രാജീവനെ കാണുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ആര്‍ട്ട് എക്സിബിഷനോടനുബന്ധിച്ചുനടന്ന സമ്മേളനത്തില്‍ രാജീവന്‍ ഒരു കവിത ചൊല്ലി. അതൊരു ഫെമിനിസ്റ്റ് കവിതയായിരുന്നു. ഒരു ആണ് അത് ചൊല്ലിക്കേട്ടപ്പോള്‍ ആ വാക്കുകളിലെ ശക്തി കൂടുതല്‍ ആഴം നല്‍കി. ആ കൂടിക്കാഴ്ച വലിയ സൗഹൃദത്തിലേക്ക് നയിച്ചു. എന്‍.എസ്.എസ്. കോളേജില്‍ സ്റ്റുഡന്റ്സ് ലീഡറായ കഥയൊക്കെ രാജീവന്‍ പറഞ്ഞു. പിന്നീട് കേരളത്തില്‍ പല ലിറ്റ് ഫെസ്റ്റിവലില്‍വെച്ചും ഞങ്ങള്‍ കണ്ടുമുട്ടി. എന്റെ 'മലബാര്‍ മൈന്‍ഡ്' എന്ന കവിതകളുടെ സമാഹാരം പുറത്തിറക്കിയത് രാജീവന്റെ 'യെറ്റി' എന്ന പബ്ലിഷിങ് ഹൗസായിരുന്നു. അത് മലയാളത്തിലാക്കാനും അദ്ദേഹം ആശിച്ചിരുന്നു.

ഒടുവില്‍ രാജീവനെ ഞാന്‍ കാണുന്നത് മാതൃഭൂമി പുറത്തിറക്കിയ എന്റെ ഒരു പുസ്തകപ്രകാശനച്ചടങ്ങിലാണ്. കോവിഡ് കാലം വന്നതോടുകൂടി കാണാന്‍ അവസരമില്ലാതെ സൗഹൃദങ്ങളൊക്കെ ഒന്ന് വേര്‍പ്പെട്ടതു പോലെയായി. അതിനിടെ ഒരിക്കല്‍ ആശുപത്രിക്കിടക്കയില്‍നിന്ന് രാജീവന്‍ എന്നെ വിളിച്ചിരുന്നു. രോഗാവസ്ഥയെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കേണ്ടെന്നു തോന്നി. വ്യാഴാഴ്ച കാലത്ത് പത്രപ്രവര്‍ത്തകനായ വെങ്കിടേഷ് രാമകൃഷ്ണന്‍ വിളിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ആ വിയോഗവാര്‍ത്ത ഞാനറിയുന്നത്. വലിയ വിഷമംതോന്നി. ഞാന്‍ മനസ്സിലാക്കിയ രാജീവന്‍ വലിയ ധൈര്യമുള്ള കവിയായിരുന്നു. രാജീവന്‍ എന്ന വ്യക്തിയോട് സംസാരിക്കുമ്പോഴല്ല; ആ എഴുത്തിലാണ് അത് മനസ്സിലാവുന്നത് - അനിത നായര്‍ പറഞ്ഞു.

Content Highlights: T.P Rajeevan, V.D Satheesan, P.V Chandran, Anitha Nair, Kalpeta Narayanan, P.VGangadharan, K.CJoseph


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented