മഹാകവി പി
മലയാളത്തിലെ ആദ്യകാല പ്രവാസിയാണ് കവി പി. കുഞ്ഞിരാമന്‍ നായര്‍. ജീവിതം മുഴുവന്‍ സഞ്ചരിച്ച കവി...പ്രവാസത്തിന്റെ പലഘട്ടങ്ങളും താണ്ടി ഒടുവില്‍ 1978 മേയ് 27-ന് തിരുവനന്തപുരം സി.പി. സത്രത്തില്‍ 72-ാമത്തെ വയസ്സില്‍ അന്ത്യവിശ്രമം. മലയാളത്തിന് കുഞ്ഞിരാമന്‍ നായരില്ലാത്ത 44-ാംവര്‍ഷം കടന്നുപോകുന്നു. പ്രവാസം ജീവിതമാക്കിയ മലയാളത്തിന്റെ പിയെക്കുറിച്ച് ഇ.ടി പ്രകാശ് എഴുതുന്നു.
കിടക്കപ്പൊറുതി കിട്ടാത്ത ജന്മമായിരുന്നു തന്റേതെന്ന് കവി സ്വയം വിലയിരുത്തി. യാത്രയായിരുന്നു ആ ജീവിതം മുഴുവന്‍, യാത്രയെന്ന് പറയുന്നതിനെക്കാള്‍ അലച്ചില്‍ എന്നുപറയുന്നതാവും ഭേദം. യാത്ര തുടങ്ങിയ ദിക്കില്‍നിന്ന് പലപ്പോഴും ലക്ഷ്യംതെറ്റി, എത്തേണ്ടിടത്തെത്തിയതുമില്ല. എങ്കിലും മലയാളത്തിന് പി.യുടെ ജീവിതം വര്‍ണലോകമായി. ജീവിച്ച കാലത്തല്ല, മരിച്ചതിനുശേഷമായിരുന്നു ആ കവിവര്യനെ മലയാളം ആഘോഷിച്ചത്. കവിതയും ഉള്ളുതുറന്ന പ്രണയവും തേടിയുള്ള യാത്രയില്‍ കവി കണ്ടുമുട്ടിയവരില്‍ ചിലരെല്ലാം ആ മഹാജീവിതത്തിന്റെ ഭാഗമായതും യാദൃച്ഛികമാവാം.
''കവിത തേടി വേശ്യാത്തെരുവിലെത്തി. അമ്പലം തേടി ചുടലയിലെത്തി. നക്ഷത്രം നോക്കിനടന്ന് കുണ്ടന്‍കിണറ്റില്‍ ചാടി. തോട്ടക്കാരന്റെ ജോലിയേറ്റ് കല്ലട്ടിയില്‍ കിടന്നുറങ്ങി. കല്‍ക്കണ്ടം വേണ്ടാത്തവര്‍ക്ക് അതുകൊടുത്ത് കല്ലേറുവാങ്ങി. ആകാശം എത്തിപ്പിടിക്കാന്‍ ചാടി ഭൂമി നഷ്ടപ്പെട്ടു...'' സ്വന്തം ജീവിതപരാജയങ്ങളെക്കുറിച്ച് പി. എഴുതിയ വരികളാണിത്. ഒന്നും ആഗ്രഹിച്ചില്ല, കവിതയുടെ വരപ്രസാദംമാത്രം കൊതിച്ചു. അത് ആവോളം ലഭിക്കുകയും ചെയ്തു. വെള്ളിക്കോത്തെ തറവാട് ഭാഗംവെക്കുമ്പോള്‍ പിതാവിന്റെ പാദുകങ്ങള്‍മാത്രമായിരുന്നു പി. ആവശ്യപ്പെട്ടത്. പിന്നീട് കൂടാളിയിലെ പൂജാമുറിയില്‍ ആ പാദുകങ്ങള്‍ പൂജിച്ചുവെച്ചു. മരിക്കുന്നതിനുദിവസങ്ങള്‍ക്കുമുമ്പ് വെള്ളിക്കോത്തെ വീട്ടില്‍ താമസിക്കാനുള്ള ആഗ്രഹം മകന്‍ രവീന്ദ്രനോട് പറയുകയും ചെയ്തു. കവിതകളിലെല്ലാം ഗൃഹാതുരത്വം കവി വാരിനിറച്ചു.
''എല്ലാം തികഞ്ഞ അച്ഛന്‍, എല്ലാം നിറഞ്ഞ വീട്. അവിടെനിന്ന് അവനിറങ്ങിപ്പോയി. വീട്ടുചോറുണ്ടിട്ടില്ല, നല്ല കിടക്കയില്‍ കിടന്നിട്ടില്ല. നല്ല വെള്ളം കുടിച്ചിട്ടില്ല.'' കവിയുടെ വേദന പലപ്പോഴും കണ്ണീര്‍വാക്കുകളായി ആത്മകഥയിലെഴുതി. ആഹാരത്തിന്റെ കാര്യത്തില്‍, കഴിക്കുമ്പോള്‍ നന്നായി ഓണസദ്യപോലെ കഴിച്ചു അല്ലെങ്കില്‍ ഏകാദശിദിവസംപോലെ പട്ടിണിയും കിടന്നു. അമ്മ വിളമ്പിയ കുഞ്ഞിക്കിണ്ണം തട്ടിമാറ്റി, വിളികേട്ടപോലെ എഴുന്നേറ്റോടി. 14-ാമത്തെ വയസ്സില്‍ പട്ടാമ്പിയിലേക്ക് പഠിക്കാന്‍ പോയതാണ്. അന്നുതുടങ്ങിയ യാത്ര ജീവിതം മുഴുവന്‍ കവിയെ പ്രവാസത്തിലാക്കി.
പലപ്പോഴും സ്വന്തം നാട്ടിലെത്താന്‍ മനസ്സ് കൊതിച്ചു. ''എത്രനാളായ് മറുനാട്ടിലിങ്ങനെ ചത്തുജീവിച്ചലയുന്ന ചേതന. കൂലിവേണ്ടാ പണിയായുധങ്ങളേ നാലുനാളേക്ക് അവധിയരുളുമോ...''എന്നും സ്വന്തം ജീവിതത്തോട് പരാതിപ്പെട്ടു. വെള്ളിക്കോത്തേക്കു പോകുന്ന കാര്യം സുഹൃത്തുക്കള്‍ ചോദിക്കുമ്പോള്‍ പി. നിഗൂഢമായി ചിരിക്കും. എന്നിട്ട് പറയും യാത്രയെക്കുറിച്ച് വ്യക്തതയില്ല, വഴി നീണ്ടുകിടക്കുകയല്ലേ എവിടെയെത്തുമെന്നാര്‍ക്കറിയാം. കവിയുടെ അലസജീവിതത്തെക്കുറിച്ച് സി.പി. ശ്രീധരന്‍ എഴുതി, ''വാച്ചുണ്ടെങ്കിലും നിഴലളന്ന് സമയം നോക്കി. സംസാരിച്ചിരിക്കുമ്പോള്‍ ഉറങ്ങി, രാത്രി എല്ലാവരും കിടന്നുറങ്ങുമ്പോള്‍ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി നടക്കുന്നതുകാണാം. ചിലപ്പോള്‍ നക്ഷത്രങ്ങളെ നോക്കി ചിരിക്കും. രാത്രിയുടെ അന്ത്യയാമത്തില്‍ പൂമൊട്ട് വിരിയുന്നത് നോക്കിയിരിക്കും. അതിനെ ചുംബിക്കും. പൊട്ടിക്കരയും. മണ്ണുവാരിക്കളിക്കും...''
പ്രകൃതിയെ സൗന്ദര്യാസ്വാദനത്തോടെ കവി നോക്കി. കവിതയെ സ്‌നേഹിക്കുമ്പോള്‍ നിഗൂഢമായ വെളിപാടുപോലെ കഴിഞ്ഞു, ആ സമയത്ത് കുടുംബബന്ധംപോലും കവി വിസ്മരിച്ചു. കവിതമാത്രം തലയിലേറ്റി പൊരിവെയിലിലൂടെ ആ ജീവിതമലഞ്ഞു. ആ യാത്രയില്‍ സ്വന്തം കല്യാണദിവസംപോലും കവി മറന്നുപോയി. ഒറ്റപ്പാലത്ത് കവിതയവതരിപ്പിക്കേണ്ടതിന്റെ തലേദിവസം രാത്രി ലക്കിടി റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോഴും കൈയില്‍ കവിതയില്ല. ആ രാത്രി നിളാതീരത്ത് മലര്‍ന്നുകിടന്നപ്പോള്‍ 'കളിയച്ഛന്‍' പിറന്നു. ആ കവിത മലയാളത്തിലെ തലയെടുപ്പുള്ള കാവ്യമാവുകയും ചെയ്തു. ദേശാഭിമാനം, പ്രകൃതിസ്‌നേഹം, ആഘോഷം, ഗൃഹാതുരത, പ്രണയം എന്നിവ പി. കവിതകളില്‍ നിറഞ്ഞുനിന്നു. 40-ലധികം ഓണക്കവിതകള്‍മാത്രം കവിയെഴുതി. ജീവിതയാത്രയില്‍ കൈമോശം വന്ന സൗഭാഗ്യങ്ങളും സ്‌നേഹബന്ധങ്ങളും ആത്മകഥയായ 'കവിയുടെ കാല്‍പ്പാടുകളി'ലെഴുതി.
പി. ഒരു വ്യാഴവട്ടത്തിലധികം സംസ്‌കൃതപഠനം നടത്തി. ആദ്യം പട്ടാമ്പിയിലും പിന്നീട് തഞ്ചാവൂരിലും. പട്ടാമ്പിയില്‍ മഹാവിദ്വാന്‍ പുന്നശ്ശേരി നമ്പി ഗുരുവായി. കാവ്യങ്ങളും അലങ്കാരങ്ങളും പഠിച്ചു. ഏഴരവെളുപ്പിനെഴുന്നേറ്റ് ശ്ലോകം ചൊല്ലി പഠിച്ചു. ആദ്യം മനസ്സില്‍ കവിതയെഴുതി, പിന്നീട് കടലാസും പേനയും കിഴവന് വടിപോലെ പി. ജീവിതംമുഴുവന്‍ കൊണ്ടുനടന്നു. പി.യുടെ ആഗ്രഹം അദ്ദേഹമൊരിക്കല്‍ അക്കിത്തത്തോട് പറഞ്ഞതിങ്ങനെ, ''ആശ മുഴുവന്‍ ഫലിക്കാറില്ലല്ലോ, ഞാന്‍ ആശിക്കുന്നതിതാണ്. വിദൂരനക്ഷത്രംപോലെ നിസംഗനായി കണ്ണീരില്‍ കുതിര്‍ന്ന അലസമേഘശകലമായി പ്രകൃതിയെ വീക്ഷിക്കണം.'' ഇത്രയൊക്കെയേ കവി ആഗ്രഹിച്ചിരുന്നുള്ളൂ. ഒരു സ്ത്രീയെമാത്രമേ ആത്മാര്‍ഥമായി ആഗ്രഹിച്ചുള്ളൂ, അവളുടെ പേരാണ് കവിത എന്നാണ് ആ കാവ്യജീവിതത്തെ അടയാളപ്പെടുത്തിയത്.
പി.യുടെ മരണംകഴിഞ്ഞ് 41-ാമത്തെ ദിവസം കവി വൈലോപ്പിള്ളി പി.യുടെ മകന്‍ രവീന്ദ്രന്‍ നായര്‍ക്കയച്ച കത്തില്‍ ഇങ്ങനെ എഴുതി, ''അച്ഛന്‍ എങ്ങും സ്ഥിരമായി തങ്ങാത്ത പ്രകൃതക്കാരനായിരുന്നു. അതിനാല്‍ അമ്മയ്ക്കും മക്കള്‍ക്കും അദ്ദേഹത്തിന്റെ സ്‌നേഹത്തണലില്‍ വളരാനും കഴിഞ്ഞില്ല. എങ്കിലും അദ്ദേഹത്തിന്റെ ആത്മനിര്‍വിശേഷമായ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും.'' ജന്മനാടായ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തില്‍നിന്ന് എന്നും വിട്ടുനിന്ന ജീവിതമായിരുന്നു കവിയുടേത്. വടക്കേ മലബാറിലുള്ള തന്റെ മണ്ണ് കവിതയ്ക്ക് വളക്കൂറുള്ളതല്ലെന്ന് സ്വയം ബോധ്യപ്പെടുത്തി. ''അന്തിയാകുന്നു നേരം, വിളക്കിലെ പൊന്‍തിരിയെണ്ണ തീര്‍ന്നു മയങ്ങുന്നു. നീ മറക്കുക തെറ്റുകളൊക്കെയുമോമന പൊന്‍മകനേ... വരിക നീ.'' എന്ന മാതാപിതാക്കളുടെ കാത്തിരിപ്പും പലപ്പോഴും നിരാശയിലായി. മകന്‍ രവീന്ദ്രന്‍നായരുടെ ഓര്‍മയില്‍ അച്ഛനിങ്ങനെയാണ്- ചീകാത്ത തലമുടിയും ഷേവുചെയ്യാത്ത മുഖവും നീണ്ട ഇറക്കമുള്ള ഖദര്‍ജുബ്ബയും മുണ്ടും രണ്ടുവശവും തൂങ്ങി കനംപിടിച്ച കീശയും. ജുബ്ബയുടെ കീശയില്‍നിന്ന് മക്കള്‍ക്ക് ധാരാളം മിഠായി കൊടുത്തെങ്കിലും മക്കളെ വാരിയെടുത്തില്ല, കെട്ടിപ്പിടിച്ചില്ല. ഒന്ന് ചിരിക്കുകമാത്രം ചെയ്തു. രാവിലെ ഉറക്കമുണരുമ്പോള്‍ അച്ഛന്‍ പോയിട്ടുണ്ടാവും. ഇത്രയൊക്കെയേ കവിക്ക് വീടുമായി ബന്ധമുണ്ടായിരുന്നുള്ളൂ.
ഇരുട്ടിലെ കിനാവുപോലെ പി. വേര്‍പെട്ടുപോയി. യാത്രയില്‍ കൈരളിക്ക് കൈനിറയെ കവിത നല്‍കിയാണ് മടങ്ങിയത്. ''നമസ്‌കാരം ഭൂതധാത്രി തായേ പോയിവരട്ടെ ഞാന്‍, ഭൂഗോളമുറിതന്‍ താക്കോല്‍ തിരിച്ചേല്‍പ്പിച്ചിടുന്നു ഞാന്‍'' എന്ന് മനസ്സില്‍തൊട്ട് യാത്രപറഞ്ഞാണ് കവി ജീവിതത്തില്‍നിന്ന് വിടവാങ്ങിയത്.
Content Highlights: Mahakavi P Kunhiraman Nair, E.T Prakash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..