ഡോ. രവീന്ദ്രൻ നമ്പ്യാർക്ക് കമലാസുരയ്യ അയച്ച കത്ത്
കണ്ണൂര്‍: വിഖ്യാത എഴുത്തുകാരി കമലാ സുരയ്യയുടെ സ്മരണദിനം വീണ്ടുമെത്തുമ്പോള്‍ നീണ്ട സൗഹൃദങ്ങളുടെ സാക്ഷ്യങ്ങളായി ഡോ. സി. രവീന്ദ്രന്‍ നമ്പ്യാര്‍ക്കൊപ്പമുള്ളത് അവരുടെ കൈപ്പടയിലുള്ള കത്തുകളും കൈയൊപ്പ് പതിച്ച ഫോട്ടോകളും. പരിഭാഷകനും നോവലിസ്റ്റുമായ ഡോ. രവീന്ദ്രന്‍ നമ്പ്യാര്‍ കൊച്ചിന്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കെയാണ് കമലാ സുരയ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്.
കൊച്ചിയിലെ ഇംഗ്ലീഷ് അധ്യാപകരുടെയും എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടായ്മയായ 'സ്ലൈസ്' (സൊസൈറ്റി ഫോര്‍ ലിറ്റററി ഇന്‍സൈറ്റ് ആന്‍ഡ് ക്രിയേറ്റീവ് ഇംഗ്ലീഷ്) എന്ന സംഘടനയുടെ പ്രസിഡന്റ് കമലാ സുരയ്യയും സെക്രട്ടറി രവീന്ദ്രന്‍ നമ്പ്യാരുമായിരുന്നു. ഈ സംഘടന നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. പ്രശസ്തരായ ഇംഗ്ലീഷ് കവികളെ പങ്കെടുപ്പിച്ച് നടത്തിയ ശില്പശാല ഇതിലൊന്നായിരുന്നു. ഈ പരിപാടികളിലെല്ലാം കമലാ സുരയ്യ സജീവമായി പങ്കെടുത്തു.
'കോളേജ് ഇംഗ്ലീഷ് റിവ്യൂ' എന്ന സാഹിത്യ മാസിക ആരംഭിച്ചപ്പോള്‍ കമലാ സുരയ്യ അതിന്റെ ഉപദേശകയായും രവീന്ദ്രന്‍ നമ്പ്യാര്‍ എഡിറ്ററായും പ്രവര്‍ത്തിച്ചു. കമലാ സുരയ്യ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ 'കമലാദാസ് റിസര്‍ച്ച് സെന്റര്‍' എന്ന പേരില്‍ ഒരു ഗവേഷണ സ്ഥാപനം ആരംഭിച്ചിരുന്നു. ഡോ. രവീന്ദ്രന്‍ നമ്പ്യാരും മറ്റും മുന്‍കൈയെടുത്തായിരുന്നു ഇത്. അമേരിക്കന്‍ എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. പോള്‍ ലൗ ഈ ഗവേഷണകേന്ദ്രത്തിനാവശ്യമായ പുസ്തകങ്ങള്‍ മുഴുവന്‍ നല്‍കി. കമലാ സുരയ്യയുടെ വലിയ ആരാധകനായിരുന്നു അദ്ദേഹം.
.jpg?$p=cc29bd4&&q=0.8)
2000-ല്‍ രവീന്ദ്രന്‍ നമ്പ്യാര്‍ കൊച്ചി വിട്ടശേഷവും കമലാ സുരയ്യയുമായുള്ള സൗഹൃദം ഫോണിലൂടെയും കത്തിലൂടെയും തുടര്‍ന്നു. വടക്കന്‍ കേരളത്തില്‍ സഞ്ചരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഒരുദിവസം കണ്ണൂരിലെ സ്ഥലങ്ങള്‍ കാണാന്‍ അവസരമുണ്ടാക്കണമെന്നും അവര്‍ രവീന്ദ്രന്‍ നമ്പ്യാരോട് ആവശ്യപ്പെടുകയും അതിന് അവസരമുണ്ടാക്കുകയും ചെയ്തു. 2001 ജനുവരിയില്‍ അവര്‍ കണ്ണൂരില്‍ വന്നു. മൂന്നുദിവസം വിവിധ പരിപാടികളില്‍ പങ്കെടുത്തു. പാലയാട് യൂണിവേഴ്‌സിറ്റി സെന്റര്‍, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, മലബാര്‍ കോളേജ് എന്നിവിടങ്ങളില്‍ പരിപാടിയില്‍ പങ്കെടുത്തു. 2009 മേയ് 31-ന് അന്തരിച്ച കമലാ സുരയ്യയുടെ ആദ്യത്തെയും അവസാനത്തെയും കണ്ണൂര്‍ സന്ദര്‍ശനമായിരുന്നു അത്.
വ്യോമസേനയില്‍നിന്ന് വിരമിച്ച ശേഷമാണ് ഡോ. രവീന്ദ്രന്‍ നമ്പ്യാര്‍ കോളേജ് അധ്യാപകനാകുന്നത്. ലോറന്‍സ് ഡ്യൂറലിന്റെ നോവലുകളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. വിവിധ ഇംഗ്ലീഷ് നോവലുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. 'രാധയുടെ ഡയറി' എന്ന നോവല്‍ എഴുതി. ഇപ്പോള്‍ കൊളപ്പയില്‍ താമസം.
Content Highlights: Kamala Surayya, Dr. Ravindran Nambiar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..