
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി:മലബാര്‍ കലാപത്തിലെ പ്രധാനികളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരടക്കം ഇരുനൂറോളംപേരെ സ്വാതന്ത്ര്യസമരരക്തസാക്ഷിപ്പട്ടികയില്നിന്ന് ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്.) ഒഴിവാക്കി.
കലാപത്തില്‍ പങ്കാളികളായവര്‍ക്കെതിരേ പോലീസെടുത്ത കേസുകളിലെ കുറ്റപത്രങ്ങള്‍ വിശദമായി പരിശോധിച്ചശേഷമാണ് കൗണ്‍സില്‍ വിവാദവിഷയത്തില്‍ അന്തിമതീര്‍പ്പ് കല്പിച്ചത്. ഐ.സി.എച്ച്.ആര്. ജനറല്‍ കൗണ്‍സിലിന്റെ തീരുമാനം കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന് കൈമാറി. രണ്ടുമാസത്തിനകം ഇവരുടെ പേരുകള്‍ ഒഴിവാക്കിയുള്ള പുതിയ സ്വാതന്ത്ര്യസമര നിഘണ്ടു (18571947) അഞ്ചാം വാല്യം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചരിത്രകൗണ്‍സില്‍ റിസര്‍ച്ച് പ്രോജക്ട് കമ്മിറ്റി അംഗവും കോട്ടയം സി.എം.എസ്. കോളേജ് റിട്ട. പ്രൊഫസറുമായ സി.ഐ. ഐസക് പറഞ്ഞു.
2015-ലാണ് മലബാര്‍ കലാപത്തിലുള്പ്പെട്ടവര് സ്വാതന്ത്ര്യസമര സേനാനികളല്ലെന്നും ഇവരെ സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നുമുള്ള വാദം ഉയര്‍ന്നത്. തുടര്‍ന്ന് ഇക്കാര്യം പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഐ.സി.എച്ച്.ആര്. ഡയറക്ടര്‍ ഓംജീ ഉപാധ്യായ്, അംഗങ്ങളായ പ്രൊഫ. സി.ഐ. ഐസക്, ഡോ. ഹിമാന്‍ഷു ചതുര്‍വേദി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു. ഇതുസംബന്ധിച്ച് ലഭ്യമായ കുറ്റപത്രങ്ങളുള്പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്താണ് വാരിയന്‍ കുന്നത്തും ആലി മുസ്ല്യാരും ഉള്‍പ്പെടെയുള്ളവര്‍ സ്വാതന്ത്ര്യസമര പോരാളികളല്ലെന്ന നിഗമനത്തില്‍ എത്തിയത്. ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയതെന്നും പ്രൊഫ. സി.ഐ. ഐസക് പറഞ്ഞു. അന്തിമതീരുമാനമെടുക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം കോവിഡ് കാരണം നീണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക തുടങ്ങിയ അഞ്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യസമര സേനാനികളുടെ വിവരങ്ങളാണ് അഞ്ചാംവാല്യത്തില്‍ പ്രസിദ്ധീകരിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..