.jpg?$p=6a12f4a&f=16x10&w=856&q=0.8)
പുഷ്പ പാലാട്ടും രഘു പാലാട്ടും, 'ഡെസ്റ്റിനീസ് ചൈൽഡ്
കൊച്ചി: പുരുഷകേന്ദ്രീകൃതമായിരുന്ന ഒരു സമൂഹത്തില്‍ സ്വന്തമായ തീരുമാനങ്ങളും അഭിപ്രായങ്ങളുമായൊരു പെണ്‍കുട്ടി. പാറുക്കുട്ടി എന്ന പേരില്‍ അവള്‍ അറിയപ്പെട്ടു.
പതിനാലാം വയസ്സില്‍ കന്യാദാനത്തിലൂടെ തൃപ്പൂണിത്തുറ ഹില്‍ പാലസിലെത്തിയ പെണ്‍കുട്ടി ചരിത്രവും ഭാവിയും തിരുത്തിക്കുറിച്ച് ഓരോനാളും മുന്നേറി. പില്‍ക്കാലത്ത് പാറുക്കുട്ടി നേത്യാരമ്മ എന്ന പേരില്‍ അറിയപ്പെട്ടു. കേരളത്തിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ച ഒരുപിടി തീരുമാനങ്ങളും വ്യത്യസ്തമായ അഭിപ്രായങ്ങളും അവര്‍ മുന്നോട്ടുവച്ചു.
ജീവിച്ച കാലമത്രയും സ്വന്തം തീരുമാനങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വിലകൊടുത്തു മുന്നേറിയ വ്യക്തിത്വം പക്ഷേ, കേരള ചരിത്രത്തില്‍ എവിടെയോ മങ്ങിപ്പോയി. വര്‍ഷങ്ങള്‍ക്കിപ്പുറം പാറുക്കുട്ടി നേത്യാരമ്മയുടെ കുടുംബത്തില്‍ നിന്നുള്ള രണ്ടുപേര്‍ അവരുടെ കഥയെഴുതി.
ചരിത്രത്തില്‍ നിറഞ്ഞുനിന്നിരുന്ന മലയാളികള്‍ ബോധപൂര്‍വം മറന്ന കേരള ചരിത്രത്തെയും സ്ത്രീരത്‌നത്തെയും അവര്‍ പുറത്തേക്കു കൊണ്ടുവന്നു. അതാണ് 'ഡെസ്റ്റിനീസ് ചൈല്‍ഡ്' എന്ന പുസ്തകം. പാറുക്കുട്ടി നേത്യാരമ്മ എഴുത്തുകാരന്റെ അച്ഛന്റെ മുത്തശ്ശിയാണ്. സ്വന്തം കുടുംബം കൂടിയാണ് ഈ പുസ്തകത്തിലൂടെ രഘു പാലാട്ട് പുഷ്പ പാലാട്ട് ദമ്പതികള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.
വ്യത്യസ്ത എഴുത്തുകളില്‍ നിന്ന് ചരിത്രത്തിലേക്ക്
ബാങ്കിങ്, ലൈഫ്‌സ്‌റ്റൈല്‍, ഫീച്ചര്‍ എന്നിങ്ങനെ വ്യത്യസ്ത ശ്രേണിയില്‍ എഴുതിയിരുന്നവരാണ് രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും. ടാക്‌സും ബാങ്കിങ്ങും ഹൃദിസ്ഥമാക്കുമ്പോഴും ചരിത്രം എന്നും രഘുവിന് ഹരമായിരുന്നു. ഏത് രാജ്യത്തെയും ഏത് വ്യക്തിയുടെയും ചരിത്രമറിയാനും കഥകള്‍ കേള്‍ക്കാനും ഇഷ്ടപ്പെട്ട വ്യക്തിയെ പ്രോത്സാഹനം നല്‍കി ഒരു ആര്‍ട്ടിക്കിളില്‍ നിന്ന് ചരിത്രകഥ എന്ന ആശയത്തിലേക്ക് എത്തിച്ചത് പുഷ്പയാണ്. രണ്ട് വ്യത്യസ്ത തലങ്ങളില്‍ ഇരുവരും ഗവേഷണം നടത്തി. പരസ്പരം സംസാരിച്ച്, കഥകള്‍ പങ്കുവച്ച്, വീണ്ടും വീണ്ടും എഡിറ്റ് ചെയ്താണ് 'ഡെസ്റ്റിനീസ് ചൈല്‍ഡ്' എന്ന പുസ്തകത്തിലേക്ക് എത്തിയത്.
കേരളചരിത്രം എവിടെയുമില്ല
സ്ത്രീകള്‍ക്ക് പഠന സൗകര്യങ്ങളൊരുക്കുകയും അവര്‍ക്ക് അവരുടേതായ വ്യക്തിത്വമുണ്ടെന്നും പറഞ്ഞ് ഒരു നാട് ഭരിച്ച പാറുക്കുട്ടി നേത്യാരമ്മയെ കുറിച്ച് മലയാളികള്‍ക്ക് കാര്യമായി അറിയില്ല. പാറുക്കുട്ടി നേത്യാരമ്മയുടെ ജീവിതത്തില്‍ വിധി നിര്‍ണായക ഘടകമാണ്. വിധിക്കെതിരേ പോരാടിയും അടിമപ്പെടാതെയും സ്വന്തം തീരുമാനങ്ങള്‍ നേടിയെടുത്ത സ്ത്രീയാണവര്‍.
അവരുടെ ജീവിതവും വിധിയും തീരുമാനിച്ചത് അവര്‍ തന്നെയാണ്. അത്തരത്തിലൊരു വ്യക്തിയുടെ പുസ്തകത്തിന് ഇതിലും മികച്ച പേരുകളൊന്നും ലഭിക്കില്ലെന്നാണ് തോന്നുന്നതെന്ന് പുഷ്പ പാലാട്ട് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..