പ്രൊഫ. കെ.കെ അബ്ദുൾ ഗഫാറിന്റെ ആത്മകഥ എം.എസ് ധോണി നടൻ ടൊവിനോ തോമസിന് നൽകി പ്രകാശനം ചെയ്യുന്നു
കാസര്‍കോട്: അധ്യാപകരെയും അധ്യാപനവൃത്തിയേയും വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി. പ്രൊഫസര്‍ കെ.കെ. അബ്ദുല്‍ ഗഫാറിന്റെ ആത്മകഥ 'ഞാന്‍ സാക്ഷി' പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ അധ്യാപകരുടെ വിലമതിക്കാനാവാത്ത പങ്കിനെപ്പറ്റി ധോണി ഓര്‍മ്മിപ്പിച്ചത്.
'അധ്യാപകനായിരുന്ന പ്രൊഫ. അബ്ദുല്‍ ഗഫാര്‍ പിന്നിട്ട യാത്രയെ കുറിച്ച് ഈ ആത്മകഥ ഉള്‍ക്കാഴ്ച പകരും. വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളും എങ്ങനെ മാറിയിരിക്കുന്നുവെന്നും അത് വ്യക്തമാക്കും. അധ്യാപനം ഒരു കലയാണെന്ന അഭിപ്രായമാണ് തനിക്ക്. ഒരു അധ്യാപകന് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്ര ലളിതമായാണ് പാഠങ്ങള്‍ പകരുക. ഒരു ക്ലാസ്സിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും ബുദ്ധിമാനം വ്യത്യസ്തമായതുകൊണ്ട് അധ്യാപകര്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയിലേക്കും പോകേണ്ടി വരും. വിദ്യാര്‍ത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതോടൊപ്പം അവരുടെ കഴിവുകളും ബലഹീനതകളും പറഞ്ഞുകൊടുക്കുകയും ചെയ്യുന്നവരാണ് അധ്യാപകര്‍. അതുകൊണ്ട് തന്നെ ഒരു തൊഴില്‍ മേഖലയെന്നതിനേക്കാള്‍ ഒരു കലയാണ് അധ്യാപനം,' ധോണി പറഞ്ഞു.
സ്കൂള്‍ വിദ്യാഭ്യാസത്തിലുടനീളം ലഭിച്ച അധ്യാപകരുടെ വലിയ ആരാധകനാണ് താനെന്നും ധോണി വെളിപ്പെടുത്തി. 'ഞാന്‍ ഒരിക്കലും ഒരു കോളേജില്‍ പോയിട്ടില്ല, എങ്കിലും നന്നായി കാര്യങ്ങള്‍ ചെയ്തുവെന്ന് കരുതുന്നു.'
'ഭാവി തലമുറയ്ക്ക് പ്രചോദനകരമാവും ഒത്തുചേരലുകള്‍'
വിദ്യാര്‍ത്ഥികളും അധ്യാപനും സംഗമിച്ച പ്രൊഫ. ഗഫാറിന്റെ ആത്മകഥ പ്രകാശന ചടങ്ങിനെ തലമുറകളിലൂടെ കൈമാറുന്ന സ്മരണകളെ പരാമര്‍ശിച്ച് ധോണി പ്രശംസിച്ചു.
'ഇത്തരം ഒത്തുചേരലുകളുടെ ഭംഗി നാല്പതോ അമ്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യങ്ങള്‍ ആ തലമുറയില്‍ ഉള്ളവര്‍ പുനരാവിഷ്കരിക്കുമെന്നത് കൂടിയാണ്. ഇത് ഒരു വീഡിയോയാക്കി നമ്മുടെ കുട്ടികള്‍ക്കോ പേരക്കുട്ടികള്‍ക്കോ പിന്നീട് കൊടുത്താല്‍ അവര്‍ പറയും, 'അച്ഛാ, കുറെയൊക്കെ നിങ്ങളെപ്പോലെ തന്നെയാണല്ലോ സ്കൂളിലും കോളേജിലും ഞാനും'.
'ഞാനും ഡോക്ടര്‍', പ്രിയ സുഹൃത്തിനൊപ്പമുള്ള തമാശ പങ്കുവച്ച് ധോണി
ആത്മമിത്രവും സംരംഭകനുമായ ഡോ. ഷാജിര്‍ ഗഫാറിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ പിതാവിന്റെ പുസ്തക പ്രകാശന ചടങ്ങിനായി കാസര്‍കോട് എത്തിയ ധോണി ഗൗരവം വെടിഞ്ഞു തമാശകള്‍ക്കും സമയം കണ്ടെത്തി. ഡോക്ടര്‍ ആണെങ്കിലും മുതിര്‍ന്ന മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ. ഷാജിറിനെ ആദ്യം കണ്ടപ്പോഴുള്ള സംഭാഷണം പങ്കുവച്ചായിരുന്നു ധോണി ചിരി പടര്‍ത്തിയത്.
'ആദ്യം കണ്ടപ്പോള്‍ ഡോക്ടര്‍ ഷാജിര്‍ എന്നോട് പറഞ്ഞു, ഞാന്‍ ഒരു ഡോക്ടറാണ്, പക്ഷേ പ്രാക്ടീസ് ചെയ്യുന്നില്ലെന്ന്. എനിക്കും ഡോക്ടറേറ്റ് ഉണ്ടെന്നും ഞാനും പ്രാക്ടീസ് ചെയ്യുന്നില്ലെന്നുമായിരുന്നു എന്റെ മറുപടി. അതുകൊണ്ട് നമ്മള് രണ്ടും ഒരേ നിലയിലാണെന്നും ഞാന്‍ പറഞ്ഞു,' ഹോണററി ഡോക്ടറേറ്റ് നല്കി ആദരിക്കപ്പെട്ട ധോണി ഇത്രയും പറഞ്ഞപ്പോഴേക്കും ഡോ. ഷാജിര്‍ അടക്കം വേദിയിലും സദസിലുമുണ്ടായിരുന്നവര്‍ക്ക് ചിരിയടക്കാനായില്ല.
Content Highlights: cricket legend m s dhoni in kasarkode for k k abdul gafar autobiography releasing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..