'അനുകൂലമായ വിധി, മറഞ്ഞിരിക്കല്‍ അവസാനിപ്പിക്കുന്നു'; സിവിക് കേസില്‍ പേര് വെളിപ്പെടുത്തി പരാതിക്കാരി


ഷബിത

സിവിക് ചന്ദ്രൻ | Photo: Mathrubhumi

ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ സ്വന്തം പേര് വെളിപ്പെടുത്തി ആദ്യം പരാതി ഉന്നയിച്ച അതിജീവിത. ഇതേ കേസിന് മുന്‍പുണ്ടായ വിധിയില്‍ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം താന്‍ ഇപ്പോള്‍ വീണ്ടെടുക്കുകയാണെന്നും ഇത്രകാലം ആരെന്നുപോലുമറിയാതെ എന്നെ കേട്ടതിന് നന്ദി പറയുകയാണെന്നും മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ പ്രസ്താവനയില്‍ അവർ വ്യക്തമാക്കി.

പ്രസ്താവനയുടെ പൂര്‍ണരൂപം
പ്രിയരേ,
അസ്വസ്ഥതയുടെ ദിനരാത്രങ്ങള്‍ പിന്നിട്ട്, നീണ്ട കാത്തിരിപ്പിനൊടുവില്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇപ്പോള്‍ അനുഭവിക്കുന്ന വികാരം എന്തെന്ന് പറഞ്ഞറിയിക്കാന്‍ എനിക്കറിയാവുന്ന ഭാഷയിലെ വാക്കുകള്‍ക്ക് പ്രാപ്തിയില്ല. വളരെക്കാലത്തിന് ശേഷം ആശ്വാസമെന്തെന്ന് അറിയുകയാണ്. ഇത് സാമൂഹിക നീതിയുടെ വിജയം. ഭരണഘടന ദുര്‍ബല വിഭാഗങ്ങള്‍ക്ക് നല്‍കിയ നിമയത്തിന്റെ സംരക്ഷണം. സ്വന്തം മന:സാക്ഷിയെ വഞ്ചിച്ച് ആത്മാഭിമാനം പണയപ്പെടുത്തി സമൂഹത്തില്‍ ഉയര്‍ച്ചയും അംഗീകാരവും ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകള്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ ആത്മധൈര്യം നല്‍കിയ വിധി. ഇതേ കേസിന് മുന്‍പുണ്ടായ വിധിയില്‍ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം ഞാന്‍ ഇപ്പോള്‍ വീണ്ടെടുക്കുന്നു. ഉന്നതബന്ധങ്ങളോ സ്വാധീനമോ പ്രിവിലേജോ ഇല്ലാത്ത സമൂഹത്തില്‍ ജനിച്ച് എഴുത്തിന്റെ ലോകത്ത് കൂടുതലായി ഇടപഴകാന്‍ ആഗ്രഹിച്ച എനിയ്ക്ക്, എന്നെപ്പോലെയുള്ളവര്‍ക്ക് ഇനിയും ഇത്തരമൊരനുഭവം ഉണ്ടാകരുത്. പൊതുസമൂഹം നല്‍കുന്ന പ്രിവിലേജുകളില്ലെന്ന മുന്‍വിധിയോടെ, ധരിച്ച വസ്ത്രം നോക്കി സ്ത്രീയെ അളക്കുന്ന, പുരോഗമന ചിന്താഗതി എന്നാല്‍ സ്ത്രീകളെ കണ്‍സെന്റില്ലാതെ ആക്രമിക്കാമെന്ന മനോഭാവത്തോടെ ഒരു സ്ത്രീയെയും ചൂഷണം ചെയ്യാന്‍ ഇനി മേലില്‍ ഒരു പുരുഷനും മുതിരരുത്. അത്തരക്കാര്‍ക്കുള്ള ഒരു പാഠമായിരിക്കട്ടെ ഈ വിധി.ഇത്രകാലം ആരെന്നുപോലുമറിയാതെ എന്നെ കേട്ടതിന് നന്ദി. ഈ സംഭവത്തിനു മേലുണ്ടായ നിരവധി സംവാദങ്ങളില്‍ ഒരു വ്യക്തി എന്ന നിലയില്‍ സമൂഹത്തിനുമുമ്പില്‍ മുഖമോ ശബ്ദമോ ഇല്ലാതെ അധിക്ഷേപിക്കപ്പെടുമ്പോള്‍ ഈ പ്രശ്‌നത്തിന്റെ നിജസ്ഥിതി പൊതുസമൂഹത്തിനോട് പങ്കുവെയ്ക്കാന്‍ എനിക്ക് ഒരു സ്‌പേസ് തന്ന് സഹായിച്ചവരോട് നന്ദി രേഖപ്പെടുത്തുകയാണ്. ഇപ്പോള്‍ എന്റെ പേര് വെളിപ്പെടുത്തേണ്ട കാലമായിരിക്കുന്നു. ഇത്ര കാലം ഞാന്‍ ചുമന്ന അതിനെതിരായുള്ള എന്റെ സ്വകാര്യമായ എല്ലാ കാരണങ്ങളെയും ഞാന്‍ മന:പൂര്‍വ്വം മറന്നുകളയുന്നു. ഇതിന്റെ പേരില്‍ വരാനുള്ളതിനെയെല്ലാം സ്വീകരിക്കാന്‍ തയാറായിരിക്കുന്നു. ഈ സംഭവത്തില്‍ അനുകൂലമായ ഒരു വിധി വന്നു കഴിഞ്ഞാല്‍ ഈ മറഞ്ഞിരിക്കല്‍ അവസാനിപ്പിക്കണമെന്ന് മുമ്പേ തീരുമാനിച്ചതാണ്.

കഴിഞ്ഞ ഏപ്രില്‍ 17 ന് ഈ സംഭവം നടന്നത് മുതല്‍ പിന്നീട് പുറത്തുപറഞ്ഞതിന് ശേഷം ഇതുവരെ സാംസ്‌കാരിക കേരളം ഈ വിഷയത്തില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ നടത്തി. നിങ്ങള്‍ ഇത്രയും കാലം തേടിയ, കണ്ടെത്തിയ, പിന്തുണച്ച, വഞ്ചിച്ച , പരിഹസിച്ച, ശാസിച്ച, ഉപദേശിച്ച, കുറ്റപ്പെടുത്തിയ, പ്രതിസന്ധിയിലാക്കിയ ആ ദലിത് സ്ത്രീമുഖം ഈയുളളവളാണ്. സിവിക് അല്ലാത്ത സിവിക് ചന്ദ്രനെതിരെ ആദ്യമായി പോലീസില്‍ പരാതി നല്‍കിയത് ഞാനാണ്. 75 വയസ്സുള്ള അയാള്‍ ഇത്രയും കാലം നിരവധി സ്ത്രീകളെയാണ് ഇത്തരത്തില്‍ അപമാനിച്ചിട്ടുള്ളത്. എന്നാല്‍ ഇതുവരെ ആരും അയാള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യപ്പെട്ടില്ല. അത്രയേറെ പൊതുസമ്മതനായിരുന്നു അയാള്‍. അതിന്റെ കാരണം പാഠഭേദം മാസികയിലൂടെ അയാള്‍ നടത്തിയ ഗീര്‍വ്വാണങ്ങള്‍. സ്ത്രീപക്ഷവാദിയെന്നും ദലിത് സംരക്ഷകനെന്നും നടിച്ച് അയാള്‍ ചെയ്തു കൂട്ടിയ പ്രവര്‍ത്തനങ്ങള്‍. സ്വന്തം ആശയങ്ങള്‍ നല്‍കി വളര്‍ത്തിയെടുത്ത കപട ദലിത് ഫെമിനിസ്റ്റ് മൃദുലാദേവിയുടെ നിരുപാധികമായ പിന്തുണ. അറിയപ്പെടുന്ന അക്കാദമിക് പണ്ഡിതയായ ഡോ. ജെ. ദേവികയുടെ കടുത്ത സപ്പോര്‍ട്ടോടു കൂടിയ 'അറക്കല്‍' നീതി. അയാളുടെ ശ്രമദാനം കൊണ്ട് ഉയര്‍ന്നുവന്ന ചില സാഹിത്യകാരികള്‍/ കാരന്‍മാര്‍, ആക്റ്റിവിസ്റ്റുകള്‍, കവികള്‍, സമാന രീതിയില്‍ പെരുമാറുന്നവര്‍ ഇത്യാദി ഇരട്ടത്താപ്പുകാര്‍. സിവിക് ചന്ദ്രന്‍ സാമൂഹികപരിഷ്‌കര്‍ത്താവും കലക്ടറും കോളേജ് അധ്യാപികയുമായ മക്കളുടെ പിതാവും എന്ന നിലയ്ക്ക് ഇത്തരമൊരു അതിക്രമം നടത്താന്‍ ഇടയില്ലെന്നും ഇത് കേവലം tarnish മാത്രമാണെന്ന് പറഞ്ഞുകൊണ്ട് എസ് എസ്ടി അട്രോസിറ്റി ആക്ട് തകിടം മറിച്ച കോഴിക്കോട് സെഷന്‍സ് കോടതി വിധി നല്‍കിയ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയ ഈ വേളയില്‍ ഒരു കാര്യം കൂടി പറഞ്ഞുനിര്‍ത്തുന്നു.

പാഠഭേദം എഡിറ്റര്‍ മൃദുലാദേവി ദലിത് സമൂഹത്തിനോട്, സ്ത്രീകളോട് മാപ്പുപറയുക. കാലങ്ങളായി ദലിത് സ്ത്രീകളെ മാനിപ്പുലേറ്റ് ചെയ്തുകൊണ്ടിരുന്ന സിവിക് ചന്ദ്രനെതിരെ കൃത്യമായ തെളിവുകളുണ്ടായിട്ടും വ്യാജ ICC ക്കുള്ളില്‍ ഒതുക്കി അയാളെ പിന്തുണച്ച് രക്ഷിക്കാന്‍ ശ്രമിച്ച് പരാതി കൊടുത്ത എന്നെ സംശയത്തില്‍ നിര്‍ത്തി സിവിക് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പാഠഭേദത്തിന്റെ എഡിറ്റര്‍ഷിപ്പില്‍ ഇപ്പോഴും തുടരുന്ന അവര്‍ ദലിതര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി സംസാരിക്കാന്‍ അര്‍ഹതയില്ല എന്ന് മനസ്സിലാക്കാനുള്ളതുകൂടിയാണീ വിധി.

ഇത്തരമൊരു വിധി പ്രഖ്യാപിച്ച് ദളിത് സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിച്ച ബഹുമാനപ്പെട്ട കോടതിക്ക് നന്ദി. ഈ പോരാട്ടത്തില്‍ എന്നോടൊപ്പമുള്ള മുഴുവന്‍ പേരെയും ഈ വേളയില്‍ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു. അതിജീവിത ഐക്യദാര്‍ഢ്യ സമിതി, ഫെമിനിസ്റ്റ് ലോയേഴ്‌സ് കലക്ടീവ് തുടങ്ങി ഞാന്‍ ഒരിക്കല്‍ പോലും കാണുകയോ നേരിട്ട് അറിയുകയോ ചെയ്യാത്ത നീതിക്ക് വേണ്ടി സംസാരിച്ച ഒരുപാട് മനുഷ്യരുണ്ട്... ഈ വിജയം നിങ്ങളുടേതാണ് നീതിയുടേതാണ്. ഇത് സത്യം തുറന്നുപറയാനാകാതെ ജീവിക്കുന്ന, പോരാടുന്ന എല്ലാ അതിജീവിതമാര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ ഒപ്പം നിന്നവര്‍ക്ക് നന്ദി. എന്നെ വിശ്വസിച്ചതിന്. സിവിക് ലൈംഗികാതിക്രമം നടത്തിയെന്ന് രണ്ട് സ്ത്രീകള്‍ പരാതി നല്‍കിയിട്ടും അയാളെ മഹത്വവത്കരിച്ച് പിന്തുണച്ചവര്‍ക്കും നന്ദി. മനുഷ്യരെ മനസിലാക്കാന്‍ ഞാനിനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തിയതിന്, നിങ്ങളെ ഏറ്റവും നന്നായി മനസിലാക്കാന്‍ അവസരം തന്നതിന്...

പോരാട്ടം നിലയ്ക്കുന്നില്ല! അഭിവാദ്യങ്ങള്‍

സസ്‌നേഹം
ലിസ പുല്‍പറമ്പില്‍

(പേര് സ്വയം വെളിപ്പെടുത്തുകയാണെന്ന അതിജീവിതയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്നത്)

Content Highlights: civic chandran sexual harassment case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented