ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ ചങ്ങമ്പുഴ പ്രതിമ, ചങ്ങമ്പുഴയുടെ പരിചിതമായ ഫോട്ടോ
കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിലെ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രതിമ വീണ്ടും വിവാദമാവുന്നു. ഇടപ്പള്ളിയിലെ പാര്‍ക്കില്‍ 2003 ജനുവരി അഞ്ചിന് എം.വി. ദേവന്‍ അനാച്ഛാദനം ചെയ്ത മഹാകവിയുടെ അര്‍ധകായ വെങ്കല പ്രതിമയാണ് രണ്ടു ദശാബ്ദമാവുമ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. സ്ഥാപിച്ചപ്പോള്‍ത്തന്നെ പ്രതിമയ്ക്ക് മഹാകവിയുമായി രൂപസാദൃശ്യമില്ലെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.
പ്രതിമ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് എം.വി. ദേവനായിരുന്നു. പ്രതിമനിര്‍മാണത്തിനു മുമ്പ് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ കവിയുടെ ലഭ്യമായ ചിത്രങ്ങള്‍ സൂക്ഷ്മപരിശോധന നടത്തിയിരുന്നതായി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശന്‍ ഓര്‍ക്കുന്നു. എന്നാല്‍, പ്രതിമയിലെ കവിയുടെ രൂപം ഇടപ്പള്ളിക്കാര്‍ക്ക് അന്നേ 'ദഹിച്ചിരുന്നില്ല'.
അതേസമയം, എം.വി. ദേവന്‍ പ്രതിമയെ അന്ന് ന്യായീകരിക്കുകയും ചെയ്തിരുന്നു. 'തന്റെ മനസ്സിലെ മഹാകവി ഇതാണ്' എന്നാണ് അദ്ദേഹം സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. കണ്ണൂര്‍ സ്വദേശി എന്‍. മനോജ്കുമാറാണ് പ്രതിമ നിര്‍മിച്ചത്.
പി. പ്രകാശ് ഫേസ്ബുക്കില്‍ പ്രതിമയുടെ ചിത്രം ഇട്ട്, അതിന്റെ പ്രത്യേകതകള്‍ വീണ്ടും വിശദീകരിച്ചതോടെയാണ് പഴയ വിവാദം വീണ്ടും തലപൊക്കിയത്. ചങ്ങമ്പുഴ പാര്‍ക്കിലെ കവിയുടെ പ്രതിമയുടെ പ്രത്യേകത സാധാരണ കണ്ടിട്ടുള്ള മീശയും കണ്ണടയുമുള്ള ചങ്ങമ്പുഴയല്ല എന്നതാണെന്ന് പ്രകാശന്‍ പറയുന്നു.
ജുബ്ബ ധരിച്ച്, മേല്‍മുണ്ട് പുതച്ച്, തല ഉയര്‍ത്തി അകലേക്ക് കണ്ണുംനട്ടിരിക്കുന്ന ചങ്ങമ്പുഴയുടെ നൂറ്റി ഇരുപത് കിലോ ഭാരമുള്ള പ്രതിമ തയ്യാറാക്കിയത് മൂന്നുമാസം കൊണ്ടാണ്. മാഹി കലാഗ്രാമത്തിലും പയ്യന്നൂരുമായിട്ടായിരുന്നു നിര്‍മാണം. വലിയ ആഘോഷത്തോടെയാണ് പയ്യന്നൂരുനിന്ന് പ്രതിമ ഇടപ്പള്ളിയിലെ പാര്‍ക്കിലെത്തിച്ച് സ്ഥാപിച്ചത്.
എന്നാല്‍, തനിക്ക് ഇതുവരെ ഈ പ്രതിമയില്‍ ചങ്ങമ്പുഴയെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇടപ്പള്ളിക്കാരനായ നാടകകൃത്ത് എ.ആര്‍. രതീശന്‍ പറയുന്നു.
'ഇത് ഞങ്ങളുടെ ചങ്ങമ്പുഴയല്ല' എന്ന വാദവുമായി ഒട്ടനവധിപേര്‍ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവരികയും ചെയ്തു. 'ഒരു കണ്ണടയും മീശയും വെച്ചാല്‍ കണ്ടുപരിചയിച്ച ചങ്ങമ്പുഴയാകും' എന്ന് വാദിക്കുന്നവരുമുണ്ട്. മയ്യഴി ഗാന്ധി ഐ.കെ. കുമാരനുമായി പ്രതിമയ്ക്ക് സാമ്യം കണ്ടുപിടിച്ചവരുമുണ്ട്.
പ്രതിമ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം പുതിയ ഭരണസമിതിക്ക് മുന്നിലെത്തിയിട്ടുണ്ട്. കുട്ടികളുടെ മനസ്സില്‍ കവിയുടെ തെറ്റായ രൂപം പതിയാന്‍ ഇടയാക്കുമെന്നാണ് പ്രതിമ മാറ്റണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം.
Content Highlights : Changampuzha statue at idappally park become controversial after 20 years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..