
പരസ്പരം വരച്ച
ചിത്രങ്ങള്‍ കൈമാറുന്നു
ആലുവ: വരയ്ക്കാന്‍ ഇനിയുമേറെ ചിത്രങ്ങള്‍ ബാക്കിവെച്ചാണ് ആലുവയുടെ സ്വന്തം 'കാര്‍ട്ടൂണ്‍മാന്‍ ബാദുഷ' വിടവാങ്ങിയത്. ഗോവയില്‍ കാര്‍ട്ടൂണ്‍ ഫെസ്റ്റിവല്‍, ആലുവ നഗരസഭയുടെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് നഗരത്തിലെ പുരാതന കെട്ടിടങ്ങളുടെ സ്കെച്ച്, ഡല്‍ഹിയിലെത്തി കാര്‍ഷിക സമരത്തിന് ഐക്യദാര്‍ഢ്യം, ചിത്രം വരയ്ക്കാന്‍ ഇന്ത്യ മുഴുവനുമുള്ള യാത്ര എന്നിവയെല്ലാം പൂര്‍ത്തീകരിക്കാതെയായിരുന്നു അന്ത്യം. സമൂഹത്തിലേക്ക് തിരിച്ചുവെച്ച കാന്‍വാസായിരുന്നു ഇബ്രാഹിം ബാദുഷയുടെ കാര്ട്ടൂണുകള്. ഒരു മിനിറ്റിനുള്ളില്‍ വ്യക്തിയുടെ കാരിക്കേച്ചറുകള്‍ വരയ്ക്കുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യം ബാദുഷയ്ക്ക് ഉണ്ടായിരുന്നു. ഈ വണ്‍ മിനിറ്റ് കാരിക്കേച്ചറാണ് ബാദുഷയ്ക്ക് 'കാര്‍ട്ടൂണ്‍ മാന്‍' എന്ന പേര് നല്കിയതും. മാളുകളിലും സ്കൂളുകളിലും കോളേജുകളിലുമുള്‍പ്പെടെ തത്സമയ കാരിക്കേച്ചറുകള്‍ വരച്ച് ബാദുഷ തന്റെ സുഹൃദ്വലയം വലുതാക്കി.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, കൊങ്കണി, അറബി, സിംഹള തുടങ്ങി വിവിധ ഭാഷകളില്‍ അക്ഷരചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖരുടെ കാര്ട്ടൂണുകള് വരയ്ക്കാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു.
വരച്ചതിനു ശേഷം അവ പ്രമുഖര്‍ക്ക് നേരിട്ട് കൈമാറും. മോഹന്‍ലാലും മമ്മൂട്ടിയും എ.ആര്. റഹ്മാനും അമീര്‍ഖാനും കൂടാതെ വിഖ്യാത ചലച്ചിത്ര സംവിധായകന് കിം കി ഡുക്കിനെയും ബാദുഷ വരച്ച് അവര്‍ക്ക് തന്നെ സമ്മാനിച്ചു. 2013-ല്‍ തിരുവനന്തപുരത്തെ ചലച്ചിത്രോത്സവ വേദിയില്‍ ഇബ്രാഹിം ബാദുഷയെ തിരികെ വരച്ച് നല്കി കിം കി ഡുക്കും ഞെട്ടിച്ചു. കിമ്മിന്റെ മരണം വരെ ഇ-മെയില്‍ വഴിയും ഫോണ്‍ വഴിയും ബാദുഷ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
2017-ല്‍ കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍. ടീമിന്റെ ഔദ്യോഗിക കാരിക്കേച്ചറിസ്റ്റായി ബാദുഷയെ നിയമിച്ചു. പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു വേണ്ടി ബാദുഷ ബോധവത്കരണ കാര്ട്ടൂണുകള് വരച്ചു നല്കി. കോവിഡുമായി ബന്ധപ്പെട്ട് വരച്ച കാര്‍ട്ടൂണുകള്‍ക്ക് ഐ.എം.എ.യുടെതടക്കം വലിയ പിന്തുണ ലഭിച്ചിരുന്നു.
വിവിധ കോളേജുകളിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാരും ബാദുഷയുടെ കാര്‍ട്ടൂണുകളുടെ പ്രചാരകരാണ്. ചരിത്രത്തെ കാര്‍ട്ടൂണുകളിലൂടെ അടയാളപ്പെടുത്താന്‍ ബാദുഷ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രം ആലുവ റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തില്‍ വരച്ചിരുന്നു. ആലുവയില്‍ തീവണ്ടിയില്‍ വന്നിറങ്ങിയ ഗാന്ധിജിയുടെ ചിത്രവും അതിലുണ്ടായിരുന്നു. 12 മണിക്കൂര്‍ കൊണ്ട് 700 കാരിക്കേച്ചറുകള്‍ വരച്ച് രാജ്യത്തെ ദൈര്‍ഘ്യമേറിയ കാരിക്കേച്ചര്‍ ഡ്രോയിങ് ഷോയും ഇദ്ദേഹം തന്റെ പേരിലാക്കിയിരുന്നു.
Content Highlights: Cartoonist Ibrahim Badusha passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..