തൃശ്ശൂർ അപ്പൻ തമ്പുരാൻ സ്മാരക ആനുകാലിക റഫറൻസ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോൻ, വി.ടി. ഭട്ടതിരിപ്പാട്, ൈവക്കം മുഹമ്മദ് ബഷീർ എന്നിവരുടെ കൈപ്പട
തൃശ്ശൂര്‍: 'കുക്കുടക്രോഡനഗരി'യിലെ ക്ലീം എന്ന വീട്ടില്‍നിന്നാണ് ആ കത്ത്. 1979 ജൂലായ് 26-ന് കവി എന്‍.എന്‍. കക്കാട് സ്വന്തം കൈപ്പടയില്‍ എഴുതിയത്. ഏതോ വാരികയുടെ പത്രാധിപര്ക്കയച്ചതാണ്. മലയാള ലിപിയിലെഴുതിയ സംസ്കൃത കവിതയാണ് ഉള്ളടക്കം. അവസാനം ഇങ്ങനെ: ''പ്രിയപ്പെട്ട പ്രാന്തരേ, ഇതാ കവിത. വൈകിപ്പോയെങ്കില് കീറിക്കള എന്ന് നാറാണത്തു ഭ്രാന്തന്''. സംസ്കൃതത്തില്‍ കത്തെഴുതിയതിനാലാവണം കോഴിക്കോടിനെ കക്കാട് 'കുക്കുടക്രോഡനഗരി' എന്ന് വിശേഷിപ്പിച്ചത്.
ജനുവരി 23 കൈയക്ഷര ദിനമായി ആചരിക്കുമ്പോള്‍, മലയാള ഭാഷയെ സമ്പന്നമാക്കിയ കൈയക്ഷരങ്ങള്‍ ഇവിടെ സുരക്ഷിതമായുണ്ട്. സാഹിത്യ അക്കാദമിയുടെ കീഴിലുള്ള അപ്പന് തമ്പുരാന് സ്മാരക ആനുകാലിക റഫറന്‍സ് ലൈബ്രറിയിലാണ് സാഹിത്യനായകരുടെ കൈപ്പടകള്‍ സൂക്ഷിച്ചിരിക്കുന്നത്.
എഴുത്തുകാരി പി.ആര്. ശ്യാമളയ്ക്ക് തകഴി അയച്ച കത്തില്‍ അദ്ദേഹം അവരെ തനി കുട്ടനാട്ടുകാരി എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ബഷീര്‍ മകന് അയച്ച കത്ത് തുടങ്ങുന്നതിങ്ങനെ: ''മോനോ... റ്റാറ്റായ്ക്ക് അസുഖം ലേശം കൂടുതലാണ്. നീ നന്നായി പഠിക്കുന്നുണ്ടല്ലോ. നല്ല മാര്‍ക്കോടെ പാസ്സാവണം''.
കുഞ്ഞക്ഷരത്തോടാണ് ജി. ശങ്കരക്കുറുപ്പിന് പ്രിയം. മകള്‍ എം. രാധമ്മയ്ക്ക് എഴുതിയ കത്തില്‍ കാഞ്ഞങ്ങാടിനെ പി. കുഞ്ഞിരാമന് നായര്‍ എഴുതിയിരിക്കുന്നത് 'കാഞ്ഞംഗാഡ്' എന്നാണ്. കടലാസിന്റെ രണ്ടു വശത്തും മാര്‍ജിനിട്ട് അക്ഷരവ്യക്തതയില് തൃശ്ശൂരിലെ ദേവസ്വം കോളനിയില്‍ നിന്ന് 'നീണ്ട രാത്രി' എന്നൊരു കവിത വൈലോപ്പിള്ളിയുടേതായി ശേഖരത്തിലുണ്ട്.
''പക്ഷിശാസ്ത്രക്കാരാ, പടിക്കലിത്തിരി നിന്നാട്ടെ...'' എന്ന പാട്ടുമായി വയലാറും കൂട്ടത്തിലുണ്ട്. വള്ളത്തോള്‍, ചങ്ങമ്പുഴ, ചെറുകാട്, എസ്.കെ. പൊറ്റക്കാട്, വിലാസിനി, അപ്പന് തമ്പുരാന്, ഒ.വി. വിജയന്, കാരൂര്‍, ലളിതാംബിക അന്തര്‍ജനം, ഇ.എം.എസ്., ഒളപ്പമണ്ണ, പന്തളം കേരളവര്‍മ, എന്‍.പി. മുഹമ്മദ്, ആറ്റൂര്‍, ഉറൂബ്, കൊട്ടാരത്തില്‍ ശങ്കുണ്ണി, എന്‍.വി. കൃഷ്ണവാര്യര്‍, കുട്ടികൃഷ്ണമാരാര്... കൈപ്പടശേഖരത്തിന്റെ പട്ടിക ഇങ്ങനെ നീളുന്നു.
തൃശ്ശൂര്‍ അയ്യന്തോളില്‍ കോടതി സമുച്ചയത്തിന് എതിര്‍വശത്താണ് ലൈബ്രറി. കൈപ്പടകള്‍ ശേഖരിക്കുന്നതില്‍ സാഹിത്യ അക്കാദമി ഇപ്പോഴും ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നതായി സെക്രട്ടറി ഡോ. കെ.പി. മോഹനന് പറഞ്ഞു.
Content Highlights: calligraphy day Malayalam calligraphy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..