വിഷ്ണുനാരായണൻ നമ്പൂതിരി
തിരുവനന്തപുരം: ജീവിതം കവിതയും കവിത ജീവിതവും ആക്കിയ ഒരാള്‍. രണ്ടും പൂര്‍ണം, ശാന്തം, സൗമ്യം, ദീപ്തം, സുന്ദരം, ആനന്ദം. അതുകൊണ്ടുതന്നെ ഒരുപോലെ സത്യം നിത്യം.
ആറുപതിറ്റാണ്ടുകാലത്തെ മുഷിയാത്ത സൗഹൃദം. ഇക്കാലത്തിനിടെ ഒരു വാക്കോ നോക്കോ കൊണ്ട് ഒരിക്കലും ഒട്ടും നോവിക്കാതെ. ഋഷികവി. കവിതയ്ക്ക് ഒരുപാടു നിര്‍വചനങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, വിഷ്ണുമാത്രം പറഞ്ഞുതന്നതാണ് ശരി: കവിത ധ്യാനമാണ്. ഞാന്‍ ചോദിച്ചു: ''ധ്യാനിക്കുന്നത് എന്തിനെയാണ്?'' ഉടനെ കൈ രണ്ടും മലര്‍ത്തി ഒരു ചിരി: ''സൗന്ദര്യത്തെ, അല്ലാതെ എന്തിനെ!'
ധ്യാനത്തിന് ഹിമാലയത്തിന്റെ ഉച്ചിവരെ ഉയരാന്‍ കഴിയും എന്ന് വിഷ്ണു വിശ്വസിച്ചു. പ്രപഞ്ചസൃഷ്ടിയുടെ ആദ്യവസാനം വ്യാപരിക്കാനും.
ഒരിക്കല്‍ റഷ്യയില്‍നിന്ന് മടങ്ങിവരവേ ഒരു കൊച്ചുവെളുപ്പാന്‍കാലത്ത് വിമാനത്തിന്റെ പൈലറ്റ് അറിയിച്ചു; 'താഴോട്ടു നോക്കിയാല്‍ മനോഹരമായ ഒരു കാഴ്ച കാണാം!' ജനാലയ്ക്കരികില്‍ ഇരുന്ന ഞാന്‍ അങ്ങനെ അത് കണ്ടു. വെള്ളിമഹാശൈലത്തിന് സുവര്‍ണ അരഞ്ഞാണംപോലെ ഗംഗ! ആയിരം നിറങ്ങളുടെ പരഭാഗ അകമ്പടിയും!
കാളിദാസന്‍ ഇത് ഏതു വിമാനത്തില്‍നിന്നാണ് കണ്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായാണ് വിഷ്ണു കവിതയെ ഇത്തരത്തില്‍ നിര്‍വഹിച്ചത്. എന്നിട്ട് തുടര്‍ന്നു: ''ധ്യാനംതന്നെ വിമാനം!''
ശുദ്ധതീര്‍ഥംപോലെ കവിത. ജീവന്റെ അടിസ്ഥാനദാഹം തീര്‍ക്കാന്‍ ധാരാളം മതിയായത്. എന്നാലോ ഏതു കഠിനഹൃദയത്തെയും തടവിയൊഴുക്കി മയപ്പെടുത്താന്‍ അതു മതിതാനും.
ആര്‍ക്കും ഒന്നിനും അശുദ്ധപ്പെടുത്താനാകാത്തതാണ് തന്റെ വിശുദ്ധി എന്നു വിഷ്ണു കരുതി. ഒരക്ഷരവും പിഴയ്ക്കാതെ സൂക്ഷിച്ചു. സ്മൃതിയില്‍ (ആചാരങ്ങളില്‍) സംശയംവരുമ്പോള്‍ ശ്രുതിയെ (അടിസ്ഥാന അറിവിനെ) ആശ്രയിച്ചു. വിജ്ഞാനസമ്പാദനത്തിനായി ആണെങ്കില്‍ ഏതു കടലും കടക്കാം എന്ന് അങ്ങനെയാണ് നിശ്ചയിച്ചത്.
നമ്പൂതിരിയെ മനുഷ്യനാക്കാന്‍ പരിശ്രമിച്ച താന്‍ കുറച്ചിടയായി മനുഷ്യനെ നമ്പൂതിരിയാക്കാനാണ് ശ്രമിക്കുന്നത് എന്ന് മഹാത്മാവായ വി.ടി. ഭട്ടതിരിപ്പാട് തന്റെ വയസ്സുകാലത്ത് ഒരിക്കല്‍ പറയുകയുണ്ടായി. വിഷ്ണുവിനെ മുന്നില്‍ക്കണ്ട് എന്നപോലെ ആയിരുന്നില്ലേ ആ പറച്ചില്‍! ജീവിതവ്യഥകള്‍ക്ക് തന്റേതന്നെ പ്രത്യേക ചികിത്സയാണ് വിഷ്ണു നടത്തിയിരുന്നത്. കോഴിക്കോട് പഠിക്കുന്നതിനിടെ ഒരിക്കല്‍ പറഞ്ഞു: ''ആരോഗ്യം അത്ര പന്തിയല്ല. ഇല്ലത്ത് ഒന്നു പോണം, മുത്തച്ഛന്റെ അരികില്‍ കുറച്ചുകൂടി വ്യാകരണം പഠിക്കണം!'' വെക്കേഷന്‍ കഴിഞ്ഞ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിവരുകയും ചെയ്തു!
ഗുരുനാഥനായിരുന്നകാലത്ത് ശിഷ്യരോട് ഇടപഴകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഗുരു ആര് എന്നു തിരിച്ചറിയാന്‍കഴിയാത്തവിധം! പ്രസംഗങ്ങളോ, സൗമ്യം, മധുരം, ദീപ്തം. ഏറ്റവും പുതിയ അറിവുകളും സംശയങ്ങളും ചര്‍ച്ചാവിഷയങ്ങളായി. ടൈംസ് ഓഫ് ഇന്ത്യയുടെ സയന്‍സ് ടുഡേയില്‍ എനിക്ക് ചുമതലയുണ്ടായിരുന്ന കാലത്തെ ലക്കങ്ങള്‍ വിഷ്ണു ബൈന്‍ഡുചെയ്ത് സൂക്ഷിച്ചിരുന്നു. ഭൂവാസം ഉപേക്ഷിക്കുന്നതിന് കുറച്ചുമുമ്പ് അതെനിക്ക് എടുത്തുതന്ന് പറഞ്ഞു: ''ഇത് ഇനി രാധാകൃഷ്ണന്‍ സൂക്ഷിക്കുന്നതാണ് നാളെയും ആര്‍ക്കെങ്കിലും പ്രയോജനപ്പെടാന്‍ നല്ലത്.''
തനിക്ക് എത്ര പ്രിയപ്പെട്ടവനായാലും മറ്റൊരുത്തനുവേണ്ടി ലോകത്ത് ഇന്നേവരെ ഒരു കലാകാരനും നടത്തിയിട്ടില്ലാത്ത പരസ്യപ്രസ്താവനയാണ് വിഷ്ണു തനിക്ക് എഴുത്തച്ഛന്‍പുരസ്‌കാരം കിട്ടിയപ്പോള്‍ ചെയ്തത്: ''ഇതിന് എന്നെക്കാള്‍ അര്‍ഹന്‍ 'തീക്കടല്‍ കടഞ്ഞു തിരുമധുരം' എന്ന കൃതി രചിച്ച സി. രാധാകൃഷ്ണനാണ്.''
ഈ പ്രപഞ്ചത്തിലെ ഏതു പുരസ്‌കാരത്തിനും മറ്റാരെക്കാളും അര്‍ഹന്‍ താന്‍തന്നെയാണ് എന്നു തെളിയിക്കുകയായിരുന്നു എന്റെ വിഷ്ണു. ഇല്ല, മരണമില്ലാത്ത ഈ മഹാആത്മാവിനെ ഓര്‍ത്ത് ഞാന്‍ കണ്ണു നനയ്ക്കില്ല. നമ്മുടെ കൂടെത്തന്നെ ഇപ്പോഴും ഉണ്ടല്ലോ അമൂല്യമായ ആ സാന്നിധ്യം.
Content Highlights: C. Radhakrishnan, Vishnunarayanan Namboothiri, Mathrubhumi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..