ബ്രഹ്‌മപുരം, പി.എഫ് മാത്യൂസ്
കൊച്ചി ബ്രഹ്‌മപുരത്ത് പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ എഴുത്തുകാരന്‍ പി.എഫ് മാത്യൂസ് തന്റെ രോഷം ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്. പി.എഫ് മാത്യൂസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;
ഒരിക്കലും കൊച്ചി വിട്ടുപോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോള്‍ എങ്ങനേയും ഓടി രക്ഷപ്പെട്ടാല്‍ മതി എന്ന മാനസികാവസ്ഥയിലാണ്. എന്നേപ്പോലെ അനേകം പേരുണ്ടെന്ന് അറിയാം. വിഷവാതകം നിറഞ്ഞ ഈ ഗ്യാസ് ചേംബറില്‍ നിന്ന് പക്ഷികള്‍ പറന്നകന്നു കൊണ്ടിരിക്കുന്നു. ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാന്‍ പോലും പറ്റില്ലെന്ന് അറിയാം. സിപിഎമ്മിന്റെ സ്വന്തക്കാരും കോണ്‍സുകാരന്റെ സ്വന്തക്കാരനും ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങള്‍ തന്നെ പറയുന്നുണ്ട്. അതില്‍ അതിശയമൊന്നുമില്ല. എത്രയോ വര്‍ഷങ്ങളായി ഞങ്ങള്‍ ഇതനുഭവിക്കുന്നു. പക്ഷേ ഇപ്പോഴും സ്വപ്നാസുരേഷാണ് കേരളത്തിന്റെ മുഖ്യപ്രശ്‌നമെന്ന മട്ടിലാണ് മാധ്യമങ്ങള്‍. ഉത്തരവാദിത്വമുണ്ടെന്നു കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഞങ്ങളെ യഥാര്‍ത്ഥത്തില്‍ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും ആത്മാര്‍ത്ഥമായി പറഞ്ഞിട്ടില്ല.
ഈ വിഷവാതകം ശ്വസിച്ച കുട്ടികളുടേയും ഗര്‍ഭിണികളുടേയും ആരോഗ്യം എങ്ങനെയാകുമെന്നറിയില്ല. ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അറിയില്ല. ഒരാള്‍ക്കും അതില്‍ വേവലാതിയുമില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് മെട്രോ റെയിലിന്റെ ഉദ്ഘാടന മഹാമഹത്തില്‍ ഇറക്കിയ ഒരു പത്രത്തിന്റെ സപ്ലിമെന്റിലേക്ക് അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് കൊച്ചിക്ക് ഇപ്പോള്‍ വേണ്ടത് മികച്ച ഒരു മാലിന്യസംസ്‌ക്കരണ സംവിധാനമാണ് എന്നാണ്. അന്നത്തെ ആഘോഷങ്ങള്‍ക്കു ചേരാത്ത വാചകമായതിനാല്‍ അവരത് ഉപേക്ഷിച്ചു.
ഇന്നലെ വിദേശത്തു നിന്നു വിളിച്ച ചങ്ങാതിയോട് കൊച്ചി നൊസ്റ്റാള്‍ജിയ കൊണ്ട് ഇങ്ങോട്ടു വരല്ലേ എന്നുപറഞ്ഞപ്പോള്‍ ഇനി കേരളത്തിലേക്കു തന്നെ വരുന്നില്ലെന്നാണ് പറഞ്ഞത്. പക്ഷികള്‍ക്കു മുമ്പേ യുവാക്കള്‍ ഇവിടെ നിന്നുപറന്നകലാന്‍ തുടങ്ങിയിരുന്നു. അവര്‍ക്ക് എന്തു പ്രതീക്ഷയാണ് നമ്മള്‍ കൊടുത്തത്. ജനതയോട് സ്‌നേഹമോ സഹതാപമോ ഇല്ലാതെ ഭരിച്ചുനശിപ്പിച്ച രാഷ്ട്രീയക്കാരുള്ള ഈ നാട്ടില്‍ നിന്നവര്‍ ഓടി രക്ഷപ്പെടുകയാണ്. ഇടതിനേയും വലതിനേയും ദോഷം പറഞ്ഞുകൊണ്ട് കസേരയും നോക്കിയിരിക്കുന്ന വലതുപക്ഷ ഫാസിസ്റ്റു പാര്‍ട്ടി ഇന്ത്യന്‍ ജനതയെ കൈയ്യിലെടുത്തത് എങ്ങനെയാണെന്ന് ഇപ്പോള്‍ വളരെ നന്നായിട്ടു മനസ്സിലാകുന്നുണ്ട്. ഇത്രയുമാകുമ്പോഴേക്കും സൈബര്‍ ഗുണ്ടകള്‍ ചാവേറായി ഇങ്ങെത്തുമെന്നറിയാം. വരട്ടെ. എന്റെ പട്ടി പോലും ഇനി ഇവിടേക്കു തിരിഞ്ഞുനോക്കാന്‍ പോകുന്നില്ല.
പ്രിയമുള്ള കൊച്ചിക്കാരേ...ഇനിയീ മണ്ണില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല.. ഇവിടം വിട്ടു പോകുക എന്നതല്ലാതെ മറ്റെന്തു വഴിയാണ് നമ്മുടെ മുന്നിലുള്ളത്?
Content Highlights: brahmapuram plastic waste plant fire incident writer pf mathews fb post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..