ഭാവിക മഹേശ്വരി പുസ്തകത്തോടൊപ്പം
ഭാവിക മഹേശ്വരി എന്ന പതിമൂന്നുകാരി ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ എഴുതിയ സന്തോഷത്തിലാണ്. എട്ടാം ക്ലാസുകാരിയായ ഭാവിക സൂറത്ത് സ്വദേശിനിയാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍, രണ്ടു പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളില്‍ ഈ കൊച്ചുമിടുക്കി ഉത്തരേന്ത്യന്‍ സാംസ്കാരിക വേദികളില്‍ അറിയപ്പടുന്ന താരം കൂടിയാണ്.
'എനിക്ക് ഇന്ത്യന്‍ എക്സലന്‍സി അവാര്‍ഡ് നല്‍കിയത് ഡല്‍ഹിയില്‍ വെച്ചായിരുന്നു. ആ സമയത്ത് രാഷ്ട്രപതിഭവന് സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി. എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മുര്‍മുജിയുടെ പേര് പ്രഖ്യാപിച്ചതേയുണ്ടായിരുന്നുള്ളൂ. എന്റെ അച്ഛനാണ് മുര്‍മുജിയെപ്പറ്റി പറഞ്ഞുതന്നത്. അവര്‍ വളര്‍ന്നുവന്ന സാഹചര്യവും ജീവിതത്തില്‍ അഭിമുഖീകരിച്ച ദുരന്തങ്ങളും വിദ്യാഭ്യാസപ്രവര്ത്തനങ്ങളുമെല്ലാം അറിഞ്ഞപ്പോള്‍ മുര്‍മുജിയെപ്പറ്റി കൂടുതല്‍ അറിയാല്‍ ആകാംക്ഷയുണ്ടായി. ആദ്യം പോയത് ദര്യാങ്കജ് മാര്‍ക്കറ്റിലേക്കാണ്. മുര്മുജിയെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ശേഖരിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, അവരെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ ഒരു പുസ്തകവും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നെ ഇന്റര്‍നെറ്റില്‍ മുര്‍മുജിയെപ്പറ്റി തിരഞ്ഞെങ്കിലും കാര്യമായിട്ടൊന്നും ലഭിച്ചില്ല. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് മുര്മുജിയെപ്പറ്റിയുള്ള പുസ്തകം രചിക്കുന്നതിനെക്കുറിച്ചാണ്. ഒരുപാട് പേര്‍ക്ക് ഈ പുസ്തകം ഗുണം ചെയ്തേക്കാം. ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ചു. അച്ഛനാണ് രാഷ്ട്രപതിയെക്കുറിച്ചുള്ള ലേഖനങ്ങളും അഭിമുഖങ്ങളും ശേഖരിച്ചു തന്നത്'', ഭാവിക തന്റെ പുസ്തകരചനയ്ക്കു പിന്നിലെ അധ്വാനത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
രാമകഥ എഴുതി പ്രസിദ്ധീകരിക്കുകയും പുസ്തകം വിറ്റുകിട്ടിയ അമ്പത്തിരണ്ട് ലക്ഷം രൂപ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി സംഭാവനയായി നല്‍കുകയും ചെയ്തിട്ടുണ്ട് ഭാവിക.
പഠനത്തോടൊപ്പം മോട്ടിവേഷണല്‍ ക്ലാസുകളും എഴുത്തും ഭംഗിയായി മുന്നോട്ടുകൊണ്ടുപോകുന്ന ഭാവിക പറയുന്നു- ''ഞാനും എന്റെ അനിയനും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ പഠനസമയം കഴിഞ്ഞാല്‍ മറ്റുകാര്യങ്ങള്‍ക്ക് ധാരാളം സമയമുണ്ട്'', സൂറത്തിലെ സ്കൂള്‍ നടത്തുകയാണ് ഭാവികയുടെ പിതാവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..