ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഭാഷണം നടത്തുന്ന ബാലചന്ദ്രൻ ചുള്ളിക്കാട്. | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ജാതി-ജന്മിത്ത വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സര്‍ഗശക്തിയാണ് ചങ്ങമ്പുഴ കവിതയിലെ പ്രണയമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി 'ചങ്ങമ്പുഴ കവിതയും പ്രണയത്തിന്റെ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്നത്തെ കാലത്ത് അധകൃതന്‍ എന്ന് വിളിക്കാവുന്ന കുബേരനല്ലാത്ത, ചെമ്പനീര്‍ പൂ പോലെയുള്ള ഹൃദയമുള്ള രമണനെയാണ് ചന്ദ്രിക പ്രണയിക്കുന്നത്. ഒരു പാതിരാത്രി രമണനെ പിച്ചകമാലയണിയിക്കുന്ന രംഗം ആ കവിതയിലുണ്ട്.
'കേള്‍പ്പു ഞാന്‍ അന്തര്‍നാദമെന്നില്‍
ഈ നാടകം
തീര്‍ച്ചയാണവസാനം
രക്തത്തിലാണെ
ന്നായ്' എന്നാണപ്പോള്‍ രമണന്‍ പറയുന്നത്. അത് ചരിത്രത്തിന്റെ ശബ്ദമാണ്. പ്രണയിച്ചതിന് ചവിട്ടിത്താഴ്ത്തപ്പെട്ട, ശിരച്ഛേദം ചെയ്യപ്പെട്ടവര്‍ എത്രയോ പേരുണ്ട്. സമൂഹം വിലപിടിച്ചതായി കരുതുന്ന ഒന്നും രമണന് ഉണ്ടായിരുന്നില്ല. കെവിന്‍ കൊല്ലപ്പെട്ട വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ ഈ വരികള്‍ ആണ് ഓര്‍ത്തത്. ഇന്ത്യയില്‍ എവിടെ ദുരഭിമാന കൊല നടന്നാലും ഞാന്‍ ചങ്ങമ്പുഴയുടെ ഈ വരികള്‍ ഓര്‍ക്കും-ചുള്ളിക്കാട് പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഈ യാഥാര്‍ത്ഥ്യം തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ എഴുതിയ ചങ്ങമ്പുഴയെ പക്ഷേ, ഒരു കാല്പനിക കവിയായാണ് നമ്മുടെ സര്‍വകലാശാലകള്‍ പഠിപ്പിക്കുന്നത്. ചന്ദ്രിക ഇന്നത്തെ പോലെ ജ്യൂസില്‍ വിഷം നല്‍കി രമണനെ കൊന്നില്ലെന്നേയുള്ളൂ. രമണന്‍ ആത്മഹത്യ ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് എതിരെയുള്ളതായിരുന്നു ആ ആത്മാഹുതി -ചുള്ളിക്കാട് പറഞ്ഞു.
സാമ്രാജ്യത്വത്തിനും ജാതിക്കും ജന്മിത്വത്തിനും എതിരായ സമരങ്ങളായിരുന്നു ഇരുപതാംനൂറ്റാണ്ടില്‍ കേരളത്തിന്റെ ചാലകശക്തി. ആ ചരിത്രത്തിലേക്കാണ് 1911ല്‍ ചങ്ങമ്പുഴ ജനിക്കുന്നത്. ഇംഗ്ലീഷിന്റെയും പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും ഒക്കെ ഭാവുകത്വത്തിന്റെ സ്വാധീനത്തിലാണ് അദ്ദേഹം ജനിച്ചു വളരുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങളെ പ്രഖ്യാപിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ കാമുകനായിരുന്നു ചങ്ങമ്പുഴ. സ്വാതന്ത്ര്യ സമരകാലത്താണ് ജനിച്ച് ജീവിച്ചതെങ്കിലും അത്തരം കവിതകള്‍ ചങ്ങമ്പുഴയില്‍ നിന്നുണ്ടായില്ല. ജാതി വ്യവസ്ഥയെക്കാള്‍ എത്രയോ ഭേദമാണ് ബ്രിട്ടീഷ് ഭരണം എന്ന് അദ്ദേഹം കരുതി. ജന്മിത്തത്തിന്റെയും ജാതിയുടെയും കീഴില്‍ ഞെരിഞ്ഞമരുന്ന ജനങ്ങളുടെ ആശയാഭിലാഷങ്ങളും നൈരാശ്യങ്ങളുമാണ് അദ്ദേഹത്തിന്റെ കവിതകളെ സ്വാധീനിച്ചത്. വെണ്മണി കവികളിലത് പോലെ സ്ത്രീ സൗന്ദര്യത്തെ അംഗോപാംഗം സൂക്ഷ്മമായി വര്‍ണ്ണിക്കുന്ന കവിതകളല്ല ചങ്ങമ്പുഴയുടേത്.
പ്രണയിനിയോടുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ പ്രണയ സങ്കല്‍പമാണ് അത്. ആ പ്രണയ സങ്കല്പത്തില്‍ അടിത്തട്ടില്‍ കേരളീയമായ ഒരു ദേവി സങ്കല്‍പവും ഉണ്ടായിരുന്നു. ചങ്ങമ്പുഴ പ്രണയ ഭാജനത്തെ ദേവി എന്നാണ് വിളിക്കുന്നത്. മരണശേഷം പ്രണയിനിയുടെ ചുറ്റും പഞ്ചഭൂതങ്ങളില്‍ ലയിച്ചിരുന്നെങ്കില്‍ എന്ന് ചങ്ങമ്പുഴ എഴുതി. 'ചത്ത ഭാഗ്യത്തിന് ചിതാഭസ്മവുംകൂടി വിട്ടുതരുന്നു നിനക്ക് ഞാന്‍ നിര്‍മ്മലയെ' എന്നാണ് കവി എഴുതിയത്. ജാതി വ്യവസ്ഥയെയും സാമൂഹിക, സാമ്പത്തിക വ്യവസ്ഥകളെയും വെല്ലുവിളിക്കുന്ന നൈസര്‍ഗിക ശക്തിയാണ് ചങ്ങമ്പുഴക്ക് പ്രണയം അത് സമൂഹത്തിന് തീരെ ഇഷ്ടപ്പെടുന്നതല്ല. മതം സ്ത്രീകളുടെ മേല്‍ അധികാരം സ്ഥാപിക്കുന്നത് അവരുടെ പ്രണയത്തെ വിലങ്ങിട്ടു കൊണ്ടാണ്. അതില്‍നിന്നും അവര്‍ സ്വാതന്ത്ര്യം തേടുന്നു.
ഇന്ന് വിദേശത്തു പഠിക്കു സ്വതന്ത്രരാകൂ എന്ന് കേരളത്തില്‍ പലയിടത്തും ബോര്‍ഡുകള്‍ കാണാം. ചെറുപ്പക്കാര്‍ പഠിക്കാന്‍ മാത്രമല്ല, സ്വാതന്ത്ര്യം തേടി കൂടിയാണ് പോകുന്നത്. സ്വാര്‍ഥമതികളായ രക്ഷാകര്‍ത്താക്കളില്‍ നിന്ന്, നിയന്ത്രിക്കുന്ന മതങ്ങളില്‍ നിന്ന് എല്ലാം സ്വതന്ത്ര്യം വേണം. ഇഷ്ടപ്പെട്ട വേഷം ധരിക്കാന്‍, ഇഷ്ടമുള്ളയാളെ പ്രണയിക്കാന്‍ എല്ലാം സ്വാതന്ത്ര്യമുള്ള ഇടത്തേക്കാണ് അവര്‍ പോകുന്നത്. അവരൊന്നും മടങ്ങി വരില്ല. അഭിമാനത്തോടെ ജീവിക്കാനാണ് അവര്‍ പോകുന്നത്.
'സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം..' എന്ന കുമാരനാശാന്റെ വരികള്‍ ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം അങ്ങനെ സത്യം ആയിരിക്കുന്നു- ചുള്ളിക്കാട് പറഞ്ഞു. പരിപാടിയില്‍ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ജി. രവികുമാര്‍ സ്വാഗതവും കെ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Content Highlights: Balachandran Chullikkadu, Changampuzha Samskarika Kendram, Malayalam Poet, Kochi, Ernakulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..