ഖാലിദ് ഹൊസ്സേനി പങ്കുവെച്ച ഹാരിസ്സിന്റെ ഇപ്പോഴത്തെ ഫോട്ടോ, ഹാരിസും ഹൊസ്സേനിയും രണ്ട് വർഷം മുമ്പ്
വിഖ്യാത എഴുത്തുകാരന്‍ ഖാലിദ് ഹൊസ്സേനിയുടെ ഇളയ മകന്‍ ഹാരിസ് ട്രാന്‍സ് വുമണായി മാറിയ വാര്‍ത്ത എഴുത്തുകാരന്‍ തന്റെ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയാണ്.
'ഇന്നലെ മുതല്‍ എന്റെ മകള്‍ ഹാരിസ് ട്രാന്‍സ് വ്യക്തിയായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ ലക്ഷ്യത്തിലേക്കുള്ള ഹാരിസ്സിന്റെ യാത്രകള്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്. ഞങ്ങളുടെ വളരെ വ്യക്തിപരമായ ഇടങ്ങളില്‍ ഇതേക്കുറിച്ച് പരസ്പരം സംസാരിച്ചതുമാണ്. പരിവര്‍ത്തനം ചെയ്യപ്പെടുക എന്നത് വളരെ സങ്കീര്‍ണമായ ഒന്നുതന്നെയാണ് വൈകാരികമായും ശാരീരികമായും സാമൂഹികമായും മാനസികമായും. പക്ഷേ ഹാരിസ് ഈ വെല്ലുവിളികളെല്ലാം വളരെ ക്ഷമയോടെ, വിവേകത്തോടെ, അലിവോടെ നേരിട്ടിരിക്കുന്നു.
ഒരു പിതാവെന്ന നിലയില്‍ അവളെക്കുറിച്ച് മുമ്പൊരിക്കലും ഞാന്‍ അഭിമാനിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ ആഹ്ളാദിക്കുന്നത് ഒരു മകളുടെ പിതാവ് എന്ന നിലയില്‍ നിന്നും രണ്ട് പെണ്‍മക്കളുടെ പിതാവായി ഉയര്‍ന്നു എന്നതിലാണ്. എല്ലാറ്റിനുമുപരി ഹാരിസ്സിന്റെ നിര്‍ഭയത്വമാണ് എനിക്ക് പ്രചോദനം; അവളെക്കുറിച്ച് തന്നെയുള്ള യാഥാര്‍ഥ്യം ലോകത്തോട് വിളിച്ചുപറയാനുള്ള ഹാരിസ്സിന്റെ ധൈര്യത്തിലും. നിര്‍ഭയത്വത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും ഹാരിസ് എന്നെയും കുടുംബത്തെയും പഠിപ്പിച്ചു. ആധികാരികമായി ജീവിക്കുക എന്നതിനെക്കുറിച്ച് ബോധ്യപ്പെടുത്തി. സ്വത്വത്തിലേക്ക് നടന്നടുക്കുക എന്ന പ്രക്രിയ അവള്‍ക്ക് എത്രമാത്രം വേദനാജനകമാണെന്ന് എനിക്കറിയാം. അത് സങ്കടവും ഉത്കണ്ഠയും ഭയവും നിറഞ്ഞതായിരുന്നു.
ട്രാന്‍സ് വ്യക്തികള്‍ അനുദിനം അനുഭവിക്കുന്ന ക്രൂരതകളെ അവള്‍ ശാന്തതയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ അവള്‍ ശക്തയും അചഞ്ചലയുമാണ്. ഞാനെന്റെ മകളെ സ്നേഹിക്കുന്നു. മുന്നോട്ടുള്ള പാതയില്‍ അവളോടൊപ്പം ഞാന്‍ എന്നമുണ്ടായിരിക്കും, എന്റെ കുടുംബവും. ഞങ്ങള്‍ അവള്‍ക്കു പിറകില്‍ നിലയുറപ്പിക്കും.
സുന്ദരിയും ബുദ്ധിമതിയും മിടുക്കിയുമായ സ്ത്രീയായി അവള്‍ ഈ ലോകത്തിലേക്ക് പ്രവേശിക്കുന്നത് കാണുക എന്നത് ഇപ്പോള്‍ എന്റെ പ്രത്യേകാവശ്യം കൂടിയായിരിക്കുന്നു. ദൈവം അവളെ അനുഗ്രഹിക്കട്ടെ.' ഹൊസ്സേനി ട്വിറ്ററില്‍ കുറിച്ചു.
അഫ്ഘാന്‍ അമേരിക്കന്‍ എഴുത്തുകാരനായ ഖാലിദ് ഹൊസ്സേനി കാലിഫേര്‍ണിയയില്‍ ഫിസിഷ്യന്‍ ആയി ജോലി ചെയ്തുവരെവെയാണ് എഴുത്തിലേക്ക് പ്രവേശിക്കുന്നത്. ദ കൈറ്റ് റണ്ണര്‍ എന്ന നോവല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയതോടെ ഹൊസ്സേനി മുന്‍നിര എഴുത്തുകാരുടെ ലിസ്റ്റിലേക്ക് ഉയര്‍ന്നു. എ തൗസന്റ് സ്പ്ലെന്റിഡ് സണ്‍സ്, ആന്‍ഡ് ദ മൗണ്ടെന്‍സ് എക്കോഡ് എന്നീ നോവലുകള്‍ കൂടി പിറന്നതോടെ അഫ്ഘാന്‍ ജനതയും അഭയാര്‍ഥിപ്രശ്നങ്ങളും മറ്റൊരു തലത്തില്‍ കൂടി ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു.
ഹൊസ്സേനി റോയ ദമ്പതിമാര്‍ക്ക് ഹാരിസ്, ഫറ എന്നീ രണ്ട് മക്കളാണുള്ളത്. ഹാരിസ്സിന്റെ ലിംഗമാറ്റം വളരെ പക്വതയോടെ കാണുകയും പരസ്യമായി അംഗീകരിക്കുകയും ചെയ്ത് ഹൊസ്സേനിയെ ലോകം ഈയവസരത്തില്‍ അഭിനന്ദിക്കുകയാണ്. അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് അഭിനന്ദനങ്ങളായി വന്നുനിറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..