കൊച്ചിയിൽ സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ അരുന്ധതി റോയ്
കൊച്ചി: ബിജെപിക്കെതിരെ രൂക്ഷപ്രതികരണവുമായി എഴുത്തുകാരി അരുന്ധതി റോയ്. ഇന്ത്യയെന്ന രാഷ്ട്രവും ഭരണഘടനയും ജനാധിപത്യവുമെല്ലാം ഇന്ന് ഭീഷണിയിലാണെന്നും കർണാടക തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ താൻ രാത്രി മുഴുവനും ഉറങ്ങാതെ സന്തോഷിച്ചുവെന്നും അവർ പറഞ്ഞു. കേരളത്തിൽ ഒരവസരം കിട്ടിയാൽ ബിജെപി തീ വെക്കുമെന്നും അരുന്ധതി കൂട്ടിച്ചേര്‍ത്തു. യുവധാര സാഹിത്യോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.
അരുന്ധതി റോയിയുടെ വാക്കുകൾ
വടക്കേ ഇന്ത്യയിലാണ് ഞാനെന്റെ ഭൂരിഭാഗം കാലവും ചെലവഴിച്ചത്. പക്ഷേ കേരളം പോലൊരു ദേശം നിങ്ങൾക്കെവിടെയും കാണാനാവില്ല. കർണാടക തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ രാത്രി മുഴുവൻ ഉറങ്ങാതെ ഞാൻ സന്തോഷിച്ചു. ബിജെപി സമം ആന മുട്ട. നമുക്ക് ആനയും വേണം മുട്ടയും വേണം ബിജെപി വേണ്ട. മണിപ്പൂർ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?. തീ വന്ന് തീക്കൊള്ളിയോട് ചോദിക്കുകയാണ് ഒരു ചാൻസ് തരാമോ എന്ന്. കേരളത്തിൽ ഒരവസരം കിട്ടിയാൽ ബിജെപി തീ വെക്കും. നമുക്ക് അതനുവദിച്ചു കൊടുക്കാൻ പറ്റില്ല. ബിജെപി ഈഗോയുടെ മരമാണ്. ആ ഈഗോ ആനമുട്ടയാക്കണം റിപ്പോർട്ടർ ടി വിയുടെ ഫണ്ടിനു പിറകിൽ ആരാണ് ? ഇന്ത്യയിലെ പ്രധാന മീഡിയയെല്ലാം പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ, ഫണ്ട് മുടക്കുന്നത് അവരാണ്. നല്ല ജേണലിസം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ശക്തരെ സമാധാനപരമായിരിക്കാൻ സഹായിക്കുന്ന ജോലിയായി മാറിയിരിക്കുന്നു വടക്കേ ഇന്ത്യയിൽ ജേണലിസം. ദക്ഷിണേന്ത്യയിൽ നമ്മൾ അത് അനുവദിച്ചു കൂടാ.
കേന്ദ്രം മായ്ച്ചു കളഞ്ഞ ചരിത്രപാഠങ്ങൾ തിരിച്ചു കൊണ്ടുവരുന്ന കേരളത്തെക്കുറിച്ച് എനിക്കഭിമാനമാണ്. നമുക്ക് ഹിന്ദു-ക്രിസ്ത്യൻ - മുസ്ലിം വ്യത്യാസമില്ല. ബുദ്ധിജീവികൾക്കെതിരെ മാത്രമല്ല എല്ലാ ബൗദ്ധിക മേഖലകൾക്കും എതിരായി നിൽക്കുന്ന മനോഭാവമാണ് മോദിയുടേത്. ഗണിതത്തിലും ശാസ്ത്രത്തിലും സാമൂഹിക വിഷയങ്ങളിലും അതാണ് ഇടപെടൽ. ഓർത്തു നോക്കൂ നമ്മുടെ കുട്ടികളുടെ ഭാവിയെന്തായി മാറും ഇങ്ങനെ പോയാൽ? കാലങ്ങളായി നമ്മുടെയാളുകൾ തുന്നിച്ചേർത്തുണ്ടാക്കിയതാണ് ഇന്ത്യയെന്ന രാഷ്ട്രവും ഭരണഘടനയും ജനാധിപത്യവും. അതെല്ലാം ഇന്ന് ഭീഷണിയിലാണ്. എനിക്കിതിൽ ഉത്കണ്ഠയുണ്ട്. പലപ്പോഴും നോവലുകൾ യാഥാർഥ്യങ്ങളാണ്. കശ്മീരിലെ ജനങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചോർത്തു നോക്കൂ. ഞാനത് വിളിച്ചു പറഞ്ഞാൽ നിയമ ലംഘനമാവും. പക്ഷേ നോവലിന്റെ സഹായത്താൽ ഞാൻ പറയേണ്ടത് പറഞ്ഞു. ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്സിൽ ഞാൻ ചെയ്തത് അതാണ്.
ഞാനൊരു ആർക്കിടെക്ടാണ്. ഒരു നോവലിന്റെ ഘടനയിലും ഭാഷയിലും രൂപത്തിലും ഭാവത്തിലും ഒരു ആർക്കിടെക്റ്റിന്റെ കരുതൽ വേണമെന്ന നിർബന്ധം എനിക്കുണ്ട്. ലോകത്തെ ഏറ്റവും ധനികമായ രാഷ്ട്രീയപ്പാർട്ടിയാണ് തങ്ങളെന്ന് കാണിക്കാനുള്ള വ്യഗ്രതയാണ് ബിജെപി ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ മീഡിയ ഹൗസും പ്രസാധകരും അച്ചടി മാധ്യമങ്ങളും പണം വാരിയെറിഞ്ഞ് വാങ്ങുന്നതിലൂടെ ഇത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ തിരഞ്ഞെടുപ്പിലൂടെ അവരോട് മത്സരിക്കാനുദ്ദേശിക്കുന്നില്ല . പക്ഷേ നിരുപാധികം വിമർശിച്ചു കൊണ്ടേയിരിക്കുക എന്നത് എന്റെ പ്രതിബദ്ധതയാണ്. ഞാൻ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരല്ല പക്ഷേ 32000 സ്ത്രീകളുടെ കഥ എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നതിന് എതിരാണ്. കേരള സ്റ്റോറി കേരളത്തിന്റെ സ്റ്റോറിയല്ല. മോദിയുടെ സ്റ്റോറിയാണ്. ആളുകൾക്ക് പൊട്ടിച്ചിരിക്കാനുള്ള ഒരു അവസരം കൂടി ഇതു മൂലം വന്നു ചേർന്നിരിക്കുകയാണ്. കൂട്ടബലാത്സംഗം ചെയ്യുക, കുഞ്ഞുങ്ങളെ പാറയിലെറിഞ്ഞു കൊല്ലുക, തീയിടുക... ഇതൊക്കെ ചേർത്ത് കഥയുണ്ടാക്കി സിനിമയെടുക്കാൻ പറ്റിയ ഇടം ഏതാണെന്ന് എല്ലാവർക്കുമറിയാം.
Content Highlights: Arundhati Roy, BJP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..