തൃശ്ശൂര്‍: സംസ്ഥാനത്തെ കലാകാരന്മാര്‍ക്ക് പ്രഖ്യാപിച്ച 2000 രൂപ സഹായം ഭാഗ്യമുണ്ടെങ്കില്‍ കിട്ടുമെന്ന സ്ഥിതി. സാംസ്‌കാരികക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കലാകാരന്മാര്‍ക്ക് പ്രഖ്യാപിച്ച സഹായത്തിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ നിരസിക്കപ്പെടുകയാണ്. നിരസിക്കപ്പെട്ടത് അറിഞ്ഞ് ഓഫീസിലേക്ക് വിളിച്ചവരോട് തപാലില്‍ അയയ്ക്കാന്‍ പറഞ്ഞിരിക്കയാണിപ്പോള്‍. എന്നാല്‍, വിവരം അറിയാത്ത ആയിരക്കണക്കിന് കലാകാരന്മാര്‍ക്ക് സഹായം കിട്ടാതെവരും.
ഇ-മെയിലില്‍ അപേക്ഷ അയയ്ക്കണമെന്നായിരുന്നു സാംസ്‌കാരികവകുപ്പിന്റെ അറിയിപ്പ്. പറഞ്ഞപ്രകാരമുള്ള മെയില്‍ വിലാസത്തിലേക്ക് അപേക്ഷകള്‍ വന്നപ്പോള്‍ ഒരുഘട്ടത്തില്‍ മെയിലിന്റെ ഇന്‍ബോക്‌സ് നിറഞ്ഞു. പിന്നീടുവന്ന അപേക്ഷകള്‍ ഉള്‍ക്കൊള്ളാനാവാതെ നിരസിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ഇതാണ് സ്ഥിതി. കലാകാരന്മാരില്‍ നല്ലൊരു ശതമാനവും സഹായിയെ ഉപയോഗിച്ചാണ് ഇ-മെയിലില്‍ അപേക്ഷ അയച്ചത്. അതിനാല്‍ മെയില്‍ നിരസിക്കപ്പെട്ട വിവരം ഇവരൊന്നും അറിഞ്ഞിട്ടില്ല. ഫലത്തില്‍ ഇവര്‍ ആനുകൂല്യത്തില്‍നിന്ന് പുറത്തായി.
രേഖകളുടെ ഫോട്ടോസ്റ്റാറ്റ് സ്‌കാന്‍ ചെയ്ത് അപേക്ഷയ്‌ക്കൊപ്പം ചേര്‍ത്താല്‍ മതിയായിരുന്നു. തപാലില്‍ അയയ്ക്കണമെങ്കില്‍ രേഖകളുടെ ഫോട്ടോകോപ്പി വേണം. ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്ത വിവരം ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 'അത് തങ്ങള്‍ക്കറിയില്ല' എന്നായിരുന്നു മറുപടി. ഈ മാസം 30-നുമുമ്പ് എല്ലാം തപാലില്‍ തിരുവനന്തപുരത്ത് കിട്ടുകയും വേണം. ക്ഷേമനിധി ഓഫീസില്‍ വിളിച്ചവര്‍ക്കാണ് എന്തുചെയ്യണമെന്ന നിര്‍ദേശം കിട്ടിയിട്ടുള്ളത്. എന്നാല്‍, മെയില്‍ നിരസിക്കപ്പെട്ട വിവരംപോലും അറിയാത്ത ആയിരക്കണക്കിന് കലാകാരന്മാര്‍ സംസ്ഥാനത്തുണ്ട്. ഈ വിഷയം പരാമര്‍ശിച്ച് ഒരു വിശദീകരണവും ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസില്‍നിന്ന് പുറത്തിറക്കിയിട്ടില്ല. ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ കലാകാരന്മാര്‍ക്കാണ് മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചത്. 1000 രൂപ വീതം രണ്ടുമാസമായിട്ടാണ് ഇത് വിതരണം ചെയ്യുന്നത്.
Content Highlights: Artistes pension scheme and welfare fund application issue, Cultural Department
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..