.jpg?$p=78a0b21&f=16x10&w=856&q=0.8)
അയ്യന്തോളിലെ അപ്പൻ തമ്പുരാൻ സ്മാരക ലൈബ്രറി
തൃശ്ശൂര്‍: മലയാളിയെ എഴുത്തിന്റെയും വായനയുടെയും വഴി നടത്തിയ മാതൃഭൂമി ആഴ്ചപ്പതിപ്പിനൊപ്പം നടന്ന ഒരു സാംസ്‌കാരികപ്രസ്ഥാനം തൃശ്ശൂരിലുണ്ട് അന്തോളിലെ അപ്പന്‍ തമ്പുരാന്‍ സ്മാരക ലൈബ്രറി. സാഹിത്യ അക്കാദമിയുടെ ഈ വിജ്ഞാനശേഖരം നൂറ്റാണ്ട് പിന്നിട്ട മാതൃഭൂമിക്കൊരു അഭിമാനസ്തംഭമാണ്. ആദ്യകാല ആഴ്ചപ്പതിപ്പുകള്‍ ലഭ്യമായ ഒരിടം എന്ന നിലയില്‍ ഈ ലൈബ്രറി പ്രശസ്തമാണ്.
1932 ജനുവരി പതിനെട്ടിനാണ് മാതൃഭൂമി ആദ്യമായി ആഴ്ചപ്പതിപ്പ് ഇറക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തെ നേര്‍സാക്ഷ്യവും സാഹിത്യലോകത്തെ പുത്തനുണര്‍വുമായിരുന്നു ആദ്യകാല പതിപ്പുകള്‍. സമരരംഗത്തെ അനുഭവസ്ഥരുടെ പങ്കുവയ്ക്കലും സാഹിത്യരംഗത്തെ വാര്‍ത്തകളും അതിലിടംകണ്ടു. ഇന്നത്തെ തലമുറയ്ക്ക് അറിവേകുന്ന ഒട്ടേറെ വിവരങ്ങള്‍ അതിലുണ്ട്. 26 പേജുമായി പുറത്തിറക്കിയ ആദ്യപതിപ്പുകള്‍ കൈയിലുള്ളവര്‍ വിരളമായിരിക്കും. അപ്പന്‍ തമ്പുരാന്‍ സ്മാരക ലൈബ്രറി ഹാളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒന്നാംലക്കം മുതല്‍ സൂക്ഷിച്ചിട്ടുണ്ട്.
ഏഴായിരത്തിലധികം മാസികകള്‍ ഇവിടെയുണ്ട്. 1976ല്‍ രാമവര്‍മ അപ്പന്‍ തമ്പുരാന്റെ ഓര്‍മയ്ക്കായാണ് അയ്യന്തോളില്‍ ലൈബ്രറി ആരംഭിച്ചത്. സാഹിത്യത്തിന് പ്രാമുഖ്യം നല്‍കി ആരംഭിച്ച ആഴ്ചപ്പതിപ്പിന്റെ ആദ്യകാല പതിപ്പുകള്‍ പരിശോധിച്ചാല്‍ അവ എത്രമാത്രം സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. ആദ്യകാല പതിപ്പുകളിലെ ഫോട്ടോ ആല്‍ബങ്ങളില്‍ മിക്കതും ഗാന്ധിജിയുടെ യാത്രാവേളകളില്‍ പകര്‍ത്തിയവയായിരുന്നു.
ഗാന്ധിജിയുടെ യാത്രകളിലെ നല്ലൊരു ഫോട്ടോ ആല്‍ബം കൂടിയാണ് ആദ്യകാല മാതൃഭൂമി ആഴ്ചപ്പതിപ്പ്. 1947ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഓഗസ്റ്റ് 17ന് മാതൃഭൂമി ആഴ്ചപ്പതിപ്പിറക്കി. 1950ല്‍ റിപ്പബ്ലിക്കിനോടനുബന്ധിച്ച് പ്രത്യേക പതിപ്പാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ പഞ്ചവത്സരപദ്ധതികളെക്കുറിച്ചുള്ള സ്‌പെഷ്യല്‍ പതിപ്പുകളും നമുക്കിവിടെ കാണാം. ഓണപ്പതിപ്പുകളും ഇക്കൂട്ടത്തിലുണ്ട്.
1956ല്‍ കേരള നിയമസഭ രൂപവത്കൃതമായപ്പോഴും മാതൃഭൂമി പ്രത്യേക ആഴ്പ്പതിപ്പിറക്കി. സ്‌പെഷ്യല്‍ ആഴ്ചപ്പതിപ്പുകളില്‍ നൂറുപേജുകളില്‍ അധികമുള്ളവയും ഉണ്ട്. ലൈബ്രറിയിലെത്തി ആര്‍ക്കും ആഴ്ചപ്പതിപ്പുകള്‍ വായിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..