ആനി എർണ്യൂ/ ഫോട്ടോ: എ എഫ്പി
പാരീസ്: നൊബേല്‍ സമ്മാനം താനൊരിക്കലും ആഗ്രഹിച്ചില്ലെന്നും അത് ലഭിക്കേണ്ടതില്ലായിരുന്നുവെന്നും നൊബേല്‍ ജേതാവ് ആനി എര്‍ണ്യൂ. നൊബേല്‍ സമ്മാനം ലഭിച്ചതുമുതല്‍ എഴുത്തില്‍ സാരമായ തടസ്സം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അനാവശ്യമായ പേരും പ്രശസ്തിയും കാരണം എഴുത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും ആനി എര്‍ണ്യൂ പരാതിപ്പെടുന്നു. ചാള്‍സ്ടണ്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഐറിഷ് എഴുത്തുകാരി സാലി റൂണിയുമായി നടത്തിയ സംഭാഷണത്തിലാണ് തനിക്ക് വന്നുപെട്ട പുതിയ പ്രശ്‌നങ്ങളെക്കുറിച്ച് ആനി എര്‍ണ്യൂ തുറന്നുപറഞ്ഞത്.
'ഒരിക്കലും ആവശ്യമില്ലാത്ത ഒരു സമ്മാനമാണ് എന്നെത്തേടിവന്നത് എന്ന് ഞാന്‍ വളരെ ക്രൂരമായിത്തന്നെ തുറന്നുപറയുകയാണ്. നൊബേല്‍ സമ്മാനം എന്റെ മേല്‍ വന്നുപതിക്കുകയായിരുന്നു. അതൊരു ബോംബു പോലെയാണ് പതിച്ചത്. സമ്മാനം ലഭിച്ചതു മുതല്‍ എഴുത്തില്‍ അതിഭീകരമായ തടസ്സം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എഴുത്തായിരുന്നു എല്ലായ്‌പ്പോഴും എന്റെ ഭാവി. അത് സാധിക്കാതായിരിക്കുന്നു. എഴുത്തിനെക്കുറിച്ച് ചിന്തിക്കാന്‍ പറ്റാത്തതും എഴുതാന്‍ കഴിയാത്തതുമായ അവസ്ഥ സത്യത്തില്‍ എനിക്ക് വേദനാജനകമാണ്'- എര്‍ണ്യൂവിന്റെ വാക്കുകള്‍ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇതെല്ലാം തന്നെ മാത്രം ബാധിച്ച വ്യക്തിപരമായ കാര്യങ്ങളാണെന്നുകൂടി ആനി എര്‍ണ്യൂ വ്യക്തമാക്കുന്നുണ്ട്. സമ്മാനത്തെയല്ല, സമ്മാനം തനിക്കു ലഭിച്ചതാണ് പ്രശ്‌നമായിരിക്കുന്നത് എന്നവര്‍ വിശദമാക്കി. 'നൊബേല്‍ സമ്മാനം നേടിയതില്‍ കൃതാര്‍ഥതയുണ്ട്. അതൊരു മഹത്തായ അംഗീകാരം തന്നെയാണ്. നാല്‍പത് വര്‍ഷക്കാലത്തെ സര്‍ഗാത്മക അധ്വാനത്തിന് ലഭിച്ച ഏറ്റവും മഹത്തായ അംഗീകാരമാണ് നൊബേല്‍ സമ്മാനം. സമ്മാനം മാത്രമല്ല എന്നെ സ്പര്‍ശിക്കുന്നത്, ആളുകളുമായുള്ള നിരന്തര സംഭാഷണങ്ങളാണ്. എന്റെ കൃതികള്‍ വായിക്കുമ്പോള്‍ തങ്ങളെത്തന്നെ ആ പുസ്തകങ്ങളില്‍ കാണുന്നു എന്നാണ് വായനക്കാര്‍ പറയുന്നത്. എനിക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ എനിക്കു മാത്രമുള്ളതല്ല, നമ്മള്‍ക്കെല്ലാവര്‍ക്കുംകൂടിയുള്ളതാണ്. ആ വികാരമാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത്.'- ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
എണ്‍പത്തിമൂന്നുകാരിയായ ആനി എര്‍ണ്യൂ ഫ്രഞ്ച് എഴുത്തുകാരിയാണ്. സ്വന്തം അനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് സാംശീകരിച്ച് ലോകത്തെമ്പാടുമുള്ള വായനക്കാരുടെ കൂടി അനുഭവമെഴുത്താക്കി മാറ്റിയാണ് ആനി എര്‍ണ്യൂ വായനക്കാരുടെ പ്രിയങ്കരിയായി മാറിയത്. മിക്ക എഴുത്തുകളും ആത്മകഥാംശം നിറഞ്ഞതാണ്. എ മാന്‍സ് പ്ലേസ്, ഇയേഴ്‌സ്, എ വുമണ്‍സ് സ്റ്റോറി തുടങ്ങി ഇരുപതോളം പുസ്തകങ്ങളുടെ സ്രഷ്ടാവാണ് ആനി എര്‍ണ്യൂ.
Content Highlights: Annie Ernaux nobel prize never wanted to win the award


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..