-
ദ ലിറ്റില്‍ ഡക് ഗേള്‍ എന്ന ഓഡിയോബുക്കിലെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ഒരേ ഒരു ശബ്ദം പ്രകാശ് രാജിന്റെതായിരുന്നെന്ന് എഴുത്തുകാരി അനിത നായര്‍. സി.എ.എ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കഥ എഴുതുന്നത്. ഇത് എഴുതുമ്പോള്‍ തന്നെ ഈ കഥയോട് നീതി പുലര്‍ത്താന്‍ കഴിയുക പ്രകാശ് രാജിന്റെ ശബ്ദത്തിന് മാത്രമാണെന്ന് തനിക്ക് തോന്നിയിരുന്നെന്നും ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ അനിത നായര്‍ പറഞ്ഞു.
രാജ്യം സി.എ.എ പ്രക്ഷോഭത്തില്‍ തിളച്ചുമറിയുമ്പോള്‍ ഇത് നേരിട്ട് ബാധിക്കാത്ത എന്നെപ്പോലുള്ളവര്‍ എവിടെയാണെന്ന ചോദ്യം എന്നെ വേട്ടയാടിയിരുന്നു. ഇത്തരം അലംഭാവങ്ങള്‍ എങ്ങനെയാണ് ജനാധിപത്യത്തെ ഇല്ലാതാക്കുന്നതെന്ന ചിന്തയില്‍ നിന്നാണ് ലിറ്റില്‍ ഡക് ഗേള്‍ എന്ന കഥയുണ്ടാവുന്നത്.
പ്രകാശ് രാജല്ലാതെ മറ്റൊരാള്‍ ആ കഥ വിവരിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആവില്ലായിരുന്നു. ആ കഥയിലെ കഥാപാത്രത്തെ കേള്‍ക്കുമ്പോള്‍ വായനക്കാരന്റെ മനസ്സില്‍ ഒരു മുഖം ഉണ്ടാവും. അത് പ്രകാശ് രാജിനല്ലാതെ വേറെ ആര്‍ക്ക് ആവാനാവുമെന്നും അനിത നായര്‍ ചോദിക്കുന്നു.
ദ ലിറ്റില്‍ ഡക് ഗേളിന് പുറമെ ട്വിന്‍ ബെഡ്‌സ് എന്നൊരു കഥയും അനിത നായര്‍ ഓഡിയോ ബുക്കിനായി രചിച്ചിരുന്നു. സിനിമ താരങ്ങളായ കൊങ്കണ സെന്‍ ശര്‍മയും സത്യദീപ് മിശ്രയുമാണ് ഈ കഥയ്ക്ക് ശബ്ദം നല്‍കിയത്. താന്‍ എല്ലാ കാലത്തും റേഡിയോ പരിപാടികളുടെ കടുത്ത ആരാധികയാണെന്നും വാക്കുകള്‍ക്കും ശബ്ദത്തിനും ഒരു ശ്രോതാവിനെ ഒരു കഥയുടെ ഹൃദയത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്നും അനിത നായര്‍ പറയുന്നു.
Content Highlights: Anita Nair says Only Prakash Raj’ would be able to do justice for her character
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..