
ആലങ്കോട് ലീലാകൃഷ്ണൻ സംസാരിക്കുന്നു
കല്പറ്റ: സോഷ്യലിസ്റ്റുകളില്‍ മൂന്നുതരക്കാരുണ്ടായിരുന്നു, സമ്പത്തുള്ളവര്‍, ഇല്ലാത്തവര്‍, ഉണ്ടായിട്ടും വേണ്ടാത്തവര്‍. ഇതില്‍ ഉണ്ടായിട്ടും വേണ്ടാത്തവരില്പ്പെട്ടയാളായിരുന്നു പത്മപ്രഭാ ഗൗഡറെന്ന് ആലങ്കോട് ലീലാകൃഷ്ണന് പറഞ്ഞു. പത്മപ്രഭാ സ്മാരക പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ പത്മപ്രഭാ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉള്ളതെല്ലാം പാവപ്പെട്ടവരുടെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കുമായി വിനിയോഗിച്ചവരുടെ കൂട്ടത്തിലായിരുന്നു പത്മപ്രഭ. ആധുനിക വയനാടിന്റെ ശില്പിയെന്ന് അദ്ദേഹത്തെക്കുറിച്ച് വെറുതേ പറയുന്നതല്ല. താഴെത്തട്ടിലുള്ളവരെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. തോട്ടമുടമയാണെങ്കിലും തോട്ടംതൊഴിലാളികളെ സംഘടിപ്പിച്ചു.
ഗാന്ധിയന്‍ ആശയങ്ങളിലാണ് ആദ്യം പത്മപ്രഭ ആകൃഷ്ടനായത്. പിന്നീടാണ് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയിലെത്തുന്നത്. ജയപ്രകാശ് നാരായണന്, റാം മനോഹര്‍ ലോഹ്യ, അശോക് മേത്ത തുടങ്ങി തലയെടുപ്പുള്ള സോഷ്യലിസ്റ്റ് നേതാക്കള്‍ക്കൊപ്പം സമശീര്‍ഷനായി അദ്ദേഹം നിന്നു. വി.ആര്. കൃഷ്ണയ്യര്‍ പത്മപ്രഭയെ വിശേഷിപ്പിച്ചത് 'കുലീനരിലെ സോഷ്യലിസ്റ്റും സോഷ്യലിസ്റ്റുകളിലെ കുലീനനുമാണ്' എന്നാണ്.
പുതിയകാലത്ത് ഗാന്ധിയന്മാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും യോജിപ്പിലെത്തി ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കി രാഷ്ട്രീയനവോത്ഥാനമുണ്ടാക്കണം. പത്മപ്രഭയുടെ സ്മരണ അത്തരം രാഷ്ട്രീയനിയോഗത്തിന് ഇടയാക്കണം, അതുവഴി ജനാധിപത്യത്തിന്റെ മനുഷ്യവിമോചനപാലം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. പത്മപ്രഭയെ നേരില്‍ക്കണ്ട, അദ്ദേഹവുമായി ഇടപെട്ട് പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ നേതാവുകൂടിയായിരുന്നു ശ്രീകുമാരന്‍ തമ്പിയെന്നത് പുരസ്കാരസമര്പ്പണത്തെ സംബന്ധിച്ച മറ്റൊരു നിയോഗമാണെന്നും ആലങ്കോട് ലീലാകൃഷ്ണന് പറഞ്ഞു. നാലുതലമുറകളുടെ ദുഃഖം, ഹര്‍ഷം, കാമനകള്‍, മരണം എന്നിവയിലെല്ലാം മലയാളിയുടെ ഹൃദയത്തോടു ചേര്‍ന്നുനിന്ന പ്രസന്ന കാല്പനികതയുടെ ഉജ്ജ്വലമുഖമാണ് അദ്ദേഹത്തിന്റെ രചനകള്‍.
കേരളമൊന്നാകെ ഒരു സുനാമിയില്‍ നശിച്ചുപോയാലും പി. കുഞ്ഞിരാമന് നായരുടെ കവിതകളും ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകളുമുണ്ടെങ്കില് കേരളത്തെ വീണ്ടെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അഹങ്കാരമല്ല, അഹംബോധമാണ് ശ്രീകുമാരന്‍ തമ്പിയെ നയിക്കുന്നതെന്ന് ചലച്ചിത്രഅക്കാദമി ചെയര്മാന് രഞ്ജിത്ത് പറഞ്ഞു. ''അദ്ദേഹത്തിന്റെ ആത്മകഥയില്‍ തനിക്ക് നേരിടേണ്ടിവന്ന ജീവിതവും പിഴവുകളും സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ പച്ചയായൊരു മനുഷ്യനെയും എഴുത്തുകാരനെയും കാണാം, ഒരു കാലത്തെയാണ് അത് അടയാളപ്പെടുത്തുന്നത്. ഒരു സമൂഹവും ചരിത്രവും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്'' രഞ്ജിത്ത് പറഞ്ഞു.
ശിരസ്സില്‍ സര്‍ഗാത്മകതയുടെ അഗ്നിയുള്ള ശ്രീകുമാരന്‍ തമ്പിയെപോലുള്ളവരെ ആദരവോടെ നോക്കിനില്‍ക്കുകയാണ് പതിവെന്ന് എഴുത്തുകാരന് സുഭാഷ് ചന്ദ്രന് പറഞ്ഞു. ''ഒരുയാത്രയില്‍ മുഴുവന്‍സമയവും അദ്ദേഹം ഉറങ്ങാതിരിക്കുന്നത് കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ചുവെച്ച വേദന വായനക്കാരില്‍ എത്തണമെന്ന് തോന്നിയത്. അദ്ദേഹത്തെ നിര്‍ബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിനായി ആത്മകഥ എഴുതിപ്പിക്കുകയായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍തന്നെ അദ്ദേഹത്തെപ്പോലുള്ള മഹത്തുക്കളെ കൈകൂപ്പാനുള്ള ത്രാണി മലയാളിക്കുണ്ടാവട്ടെ''യെന്നും സുഭാഷ് ചന്ദ്രന് പറഞ്ഞു. പാട്ടുകേള്‍ക്കാന്‍ തുടങ്ങിയനാള്‍മുതല്‍ ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ എല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് ജയരാജ് വാരിയര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..