-
യുവ എഴുത്തുകാരന് അജിജേഷ് പച്ചാട്ടിന്റെ ഏറ്റവും പുതിയ നോവല്‍ അതിരഴിസൂത്രം എഴുത്തുകാരന് ബെന്യാമിന് പ്രകാശനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ബുക്സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു പ്രകാശനം. ഒരു ദേശത്തിന്റെ കഥപറയുന്നതിലൂടെ സമകാലികാവസ്ഥയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ഒരു നോവലാണ് അതിരഴിസൂത്രമെന്ന് പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കവെ ബെന്യാമിന് അഭിപ്രായപ്പെട്ടു. നേരുകള്‍ വിളിച്ചുപറയുന്നവനെ ഭ്രാന്തനായി മുദ്രകുത്തപ്പെടുന്ന ഒരു കാലത്തിലും നേരുകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു മഹത്തായ സന്ദേശം ഈ നോവല്‍ വായനക്കാര്‍ക്ക് മുന്പില് വെക്കുന്നുണ്ടെന്നും ബെന്യാമിന് വിലയിരുത്തി.
ദൈവക്കളി, കിസേബി, ഓരാണ്കുട്ടി വാങ്ങിയ ആര്‍ത്തവപ്പൂമെത്ത, ഏഴാം പതിപ്പിന്റെ ആദ്യ പ്രതി എന്നീ പുസ്തകങ്ങളുടെ രചയിതാവായ അജിജേഷ് പച്ചാട്ട് മലപ്പുറം പള്ളിക്കല്‍ സ്വദേശിയാണ്. കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യന് എന്‍ഡോവ്മെന്റ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അതിരഴിസൂത്രം മാതൃഭൂമി ബുക്സ് ഷോറൂമുകളിലും വെബ്സൈറ്റിലും ലഭ്യമാണ്
ബെന്യാമിന്റെ വാക്കുകളുടെ പൂര്‍ണരൂപം
നമ്മളാരും വിചാരിക്കാത്തതരം പ്രത്യേക അവസ്ഥയിലൂടെയാണല്ലോ നാം ഓരോരുത്തരും ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓരോരുത്തരും അവനവന്റെ സ്വകാര്യ ഇടങ്ങളിലേക്ക് വല്ലാതെ ചുരുങ്ങപ്പെട്ടുപോയ കാലം. പൊതുഇടങ്ങളെ മുഴുവന്‍ സൈബറിടത്തിലേക്ക് പറച്ചുനട്ട കാലം എന്നുകൂടി ഞാനിതിനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യന് എന്ന ജീവിയുടെ അതിജീവനശേഷി പ്രകടമാവുന്ന ഒരു കാലം കൂടിയാണിത്. ഇത്തരത്തിലുള്ള ഏത് സാഹചര്യങ്ങള്‍ കടന്നുവന്നാലും അതിനെ അതിജീവിച്ച്കൊണ്ട് പുതിയ സാധ്യതകള്‍ കണ്ടെത്തി മുന്നോട്ട് പോകാനുള്ള ഈ ജീവിയുടെ സവിശേഷമായ കഴിവാണ് ഈ ഭൂലോകത്തിലെ ഏറ്റവും ദുര്‍ബലനായ മനുഷ്യനെന്ന ജീവിവര്‍ഗത്തെ ഇപ്പോഴും ഇവിടെ നിലനിര്‍ത്തുന്നത്.
അത്തരത്തില്‍ നമുക്ക് ഒത്തുകൂടാനുള്ള എല്ലാ അവസരങ്ങളും നഷ്ടമാവുമ്പോഴും നമ്മള് വളരെവേഗമാണ് സൈബറിടങ്ങളില്‍ അതിനുള്ള സാധ്യത കണ്ടെത്തുകയും പരസ്പരം ഒത്തുകൂടുകയും ഒക്കെ ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഇന്ന് നമ്മള് ഏതെങ്കിലും ഒരു നഗരത്തില്‍ ഏതെങ്കിലുമൊരു ഗ്രാമത്തില്‍ പരസ്പരം കണ്ടും കൈകൊടുത്തും കെട്ടിപ്പിടിച്ചും വര്‍ത്തമാനം പറഞ്ഞും തര്‍ക്കിച്ചുമൊക്കെ ചെയ്യേണ്ടിയിരുന്ന ഒരു കര്‍മത്തിനാണ് ഇവിടെ സാക്ഷിയാവുന്നത്. എന്താണ് എന്ന് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അറിയാം. പുതിയ തലമുറയിലെ വലിയ സര്‍ഗാധനനായ എഴുത്തുകാരന് അജിജേഷ് പച്ചാട്ടിന്റെ അതിരഴിസൂത്രം എന്ന നോവലിന്റെ പ്രകാശന വേളയിലാണ് നാമിവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഞാനിവിടെ സൂചിപ്പിച്ചത് പോലെ വളരെ സര്‍ഗാധനരായ ഒരുപിടി എഴുത്തുകാര്‍ കടന്നുവന്നകൊണ്ടിരിക്കുന്ന കാലമാണ് ഇത്. കഥയിലും നോവലിലുമൊക്കെ വളരെ സജീവമായി ഇടപെടുകയും പുതിയ കാലത്തെയും പുതിയ സ്വഭാവങ്ങളെയും പുതിയ ദേശങ്ങളെയുമൊക്കെ അടയാളപ്പെടുത്തുകയും സാഹിത്യത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് നമ്മള് വളരെ സന്തോഷപൂര്‍വം നോക്കികണ്ടുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് അജിജേഷ് പച്ചാട്ട് എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു സന്ദേഹവുമില്ല.
നിരവധി കഥകള്‍ അദ്ദേഹത്തിന്റേതായി ഇതിനോടകം വന്നിട്ടുണ്ട്. സമീപകാലത്ത് തന്നെ അദ്ദേഹത്തിന്റെ മറ്റൊരു നോവല്‍ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളിലൂടെ മലയാള സാഹിത്യം അദ്ദേഹത്തെ ഇതിനോടകം തന്നെ അടയാളപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിരഴിസൂത്രം മുന്‍പ് ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. നാറാണത്തുഭ്രാന്തന് എന്ന ഒരു മിത്തിനേയും അന്തോണിച്ചന്, പ്രകാശന്, സുചിത്ര, നമിത്, അമീറ എന്നിങ്ങനെ ഒരുപിടി കഥാപാത്രങ്ങളിലൂടെയുമൊക്കെ ഭ്രാന്ത്എന്ന് പറയുന്ന അസുഖമൊരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്ന് പിടിക്കുന്ന നാരാനല്ലൂര് എന്ന ഒരു ദേശത്തിന്റെ കഥപറഞ്ഞുകൊണ്ടാണ് അതിരഴിസൂത്രം മുന്നോട്ട് നീങ്ങുന്നത്. പ്രാദേശികമായ കഥകള്‍ വളരെയധികം ശ്രദ്ധലഭിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം നില്‍ക്കുന്നത്. ലോകത്തെമ്പാടും പ്രാദേശിക ചരിത്രം പറയുന്ന നോവലുകളോട് വല്ലാത്തൊരു മമതയുണ്ട്.
ഒരു ദേശത്തിന്റെ കഥപറയുന്നതിലൂടെ സമകാലികാവസ്ഥയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ഒരു നോവലാണ് അതിരഴിസൂത്രം. നേരുകള്‍ വിളിച്ചുപറയുന്നവനെ ഭ്രാന്തനായി മുദ്രകുത്തപ്പെടുന്ന ഒരു കാലത്തിലാണ് നാം നില്‍ക്കുന്നത്. അങ്ങനെ ഒരു ദേശം മുഴുവന്‍ ഭ്രാന്തിന്റെ അവസ്ഥയില്‍പ്പെട്ട് നേരുകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു മഹത്തായ സന്ദേശം ഈ നോവല്‍ നമ്മുടെ മുന്പില് വെക്കുന്നുണ്ട്. വളരെ സമകാലികമായ വിഷയം കൈകാര്യം ചെയ്യുന്ന ഒരു നോവല്‍ എന്ന നിലയില്‍ അതിരഴിസൂത്രം നമ്മുടെ വായന അര്‍ഹിക്കുന്നുണ്ട്. ഓണ്‍ലൈനിലൂടെ ഈ പുസ്തകം പ്രകാശനം ചെയ്യാന്‍ കിട്ടിയ അവസരം ഞാന്‍ സന്തോഷപൂര്‍വം സ്വീകരിക്കുകയാണ്. ഈ പുസ്തകം പ്രകാശനം ചെയ്തതായി അറിയിക്കുന്നു.
Content Highlights: Ajijesh Pachat New Malayalam Book release by Benyamin Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..