'അടിപൊളി';കഴിഞ്ഞ പത്തുവര്‍ഷത്തില്‍ മലയാളത്തില്‍ ഏറ്റവുംകൂടുതല്‍ പറയപ്പെട്ട പദം!


മേതില്‍ സതീശന്‍

രണ്ടാംസ്ഥാനം ഉണ്ടെങ്കില്‍ അതു 'പരനാറിക്കു' കിട്ടിയേനെ എന്നും പലരുംപറയുന്നുണ്ടായിരുന്നു

ചിത്രത്തിന് കടപ്പാട് മാതൃഭൂമി ഗൾഫ് ന്യൂസ്‌

ലോകത്തിലെ ഓരോഭാഷയിലും എത്ര വാക്കുകളുണ്ട് എന്നതിന് കൃത്യമായ കണക്കുകളൊന്നുമില്ല. എങ്കിലും ഇംഗ്ലീഷിലാണ് ഏറ്റവുംകൂടുതല്‍ അംഗീകൃത (നിഘണ്ടൂകരിക്കപ്പെട്ട) വാക്കുകളുള്ളതെന്ന് പൊതുവെ പറയപ്പെടുന്നു. ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷം വാക്കുകള്‍. റഷ്യന്‍, സ്പാനിഷ് ഭാഷകളാണ് തൊട്ടുപിന്നിലുള്ളതത്രെ. ഇന്ത്യന്‍ ഭാഷകളില്‍ സംസ്‌കൃതത്തിലാണ് ഏറ്റവുംകൂടുതല്‍ പദങ്ങള്‍ ഉള്ളതെന്നും പറയപ്പെടുന്നു. ഹിന്ദിയും ബംഗാളിയും തെലുങ്കുമൊക്കെയാണ് പിറകെ. എന്നാല്‍, ഇതില്‍ വ്യത്യസ്ത അഭിപ്രായങ്ങളും നിലവിലുണ്ട്. ഏകദേശം മൂന്നേമുക്കാല്‍ കോടി ജനങ്ങള്‍ സംസാരിക്കുന്ന മലയാളത്തിന്റെ പദസമ്പത്തും അതിശയിപ്പിക്കുന്നതാണല്ലോ. ഏതു ഭാഷയെടുത്താലും നിത്യജീവിതത്തില്‍ പ്രയോഗിക്കപ്പെടുന്ന വാക്കുകളുടെ എണ്ണം നിഘണ്ടൂകരിക്കപ്പെട്ട മൊത്തം വാക്കുകളുടെ ചെറിയൊരു ശതമാനം മാത്രമേ വരൂ. അതിനര്‍ഥം ഭൂരിഭാഗം വാക്കുകളും നിഘണ്ടുവില്‍ ഉറങ്ങുന്നവയാണ് എന്നതാണ്.

ഇങ്ങനെ ഉറങ്ങുന്ന വാക്കുകളെക്കുറിച്ച് വ്യാകുലപ്പെടുമ്പോള്‍തന്നെ നാനാര്‍ഥങ്ങളെ ദ്യോതിപ്പിക്കേണ്ടിവരുന്ന ചില വാക്കുകള്‍ എല്ലാഭാഷയിലും ഉണ്ട് എന്നുള്ള ഒരു വൈരുധ്യം മറുവശത്ത് നിലനില്‍ക്കുന്നുമുണ്ട്. ഇങ്ങനെ അടികൊണ്ടുപുളയുന്ന ഒരു മലയാളവാക്കാണ് 'അടി'. 'ഒറ്റ അടി തന്നാലുണ്ടല്ലോ' എന്ന് പറയുമ്പൊഴും 'ഒരടി വെക്കാന്‍ വയ്യ' എന്ന് വിലപിക്കുമ്പോഴും, 'അടിച്ചുവാരി തളര്‍ന്നു' എന്ന് പറയുമ്പോഴും, 'രണ്ടെണ്ണം അടിച്ചുപൂസായി' എന്ന് കാലുറയ്ക്കാതെ പറയുമ്പോഴും, 'ഏറ്റവും അടിയില്‍ അതുണ്ട്' എന്ന് പറയുമ്പോഴും, 'അടിച്ചുമോനെ' എന്ന് ആശ്ചര്യപ്പെടുമ്പോഴും അടിവല്ലാതെ അടിപതറിപ്പോകുന്നത് കാണുന്നില്ലേ? എന്നിട്ടും അടിയന്‍ എന്നുപറഞ്ഞുകൊണ്ട് റാന്‍ മൂളിനില്‍ക്കുന്ന അടിയുടെ അവസ്ഥയെക്കുറിച്ച് ഒന്ന് ഓര്‍ത്തുനോക്കൂ.മികച്ച വാക്ക്!
മലയാളത്തിലെ തീരെ ബലംകുറഞ്ഞ വാക്കായ 'ബല'വും ഉച്ചാരണ വൈകല്യത്താല്‍ മനസ്സു വിഷമിപ്പിക്കുന്ന വാക്കായ 'ഫല'വും ബര്‍ലിനില്‍ നടന്ന ലോക മലയാള 'വാക് സമ്മേളനത്തില്‍'വെച്ച് അവിചാരിതമായി കണ്ടുമുട്ടി! ഇരുവരും തുല്യ ദുഃഖിതരാണ്. ബലക്കുറവാണ് 'ബലത്തിന്റെ' ആക്ഷേപമെങ്കില്‍, പരീക്ഷാഫലം പ്രഖ്യാപിക്കുന്ന മന്ത്രിയും തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്ന മാധ്യമക്കാരനും എന്തിനേറെ, വിദ്യാര്‍ഥിയെ പഠിപ്പിക്കുന്ന അധ്യാപകന്‍ വരെ ഫലം എന്നു പറഞ്ഞു, തന്നെ ദിനംപ്രതി മാനം കെടുത്തുന്നതിലാണ് 'ഫല'ത്തിന്റെ വിഷമം! ഇരുവരും അങ്ങനെ അന്യോന്യം ദുഃഖം പങ്കിടവെ അവര്‍ക്കുമുന്‍പിലൂടെ ഞെളിഞ്ഞുനടക്കുകയാണ്, കഴിഞ്ഞ മഴയിലുണ്ടായ പുത്തന്‍വാക്കുകളും അഭിനവ മഹാകവികളും രാഷ്ട്രീയഅഭ്യാസികളും.

മലയാള വാഗ്മണ്ഡലത്തിലേക്ക് വാരിവിതറുകയും മാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്ത 'വാഗ്മലരു'കളും അക്കൂട്ടത്തിലുണ്ട്. 'പരനാറി'ക്കുകിട്ടുന്ന സ്വീകാര്യത കണ്ടു 'ആഢ്യ'പദങ്ങളും രാജപദങ്ങളും ഘോഷപദങ്ങളുമൊക്കെ അസൂയപ്പെട്ടു. വാക്കുകളുടെ ഉച്ചനീചത്വവും തൊട്ടുകൂടായ്മയും വെളിവാക്കികൊണ്ടു പദങ്ങള്‍ വെവ്വേറെ ഗ്രൂപ്പുകളായാണ് സമ്മേളനത്തില്‍ നിലകൊണ്ടത്! രാഗപദങ്ങളുടെ നേതൃപദവി സംബന്ധിച്ച് നീലാംബരിയും കല്ല്യാണിയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുവെന്നും കേട്ടു. കുറ്റം ഏറ്റുപറയാന്‍ അവിടെ ഒരു 'മധ്യമാവതി' ഉള്ളത് ഭാഗ്യം!

നിഘണ്ടുവില്‍നിന്ന് നേരിട്ട് സമ്മേളനത്തിലെത്തിയ അഗൗക്കസ്സ്, മേചകം, മദമന്‍ഥര, ഖര്‍പ്പരം തുടങ്ങിയ വാക്കുകള്‍ സ്വയം പരിചയപ്പെടുത്താന്‍ വിഷമിക്കുന്നത് കണ്ടപ്പോഴാണ് ബലത്തിനും ഫലത്തിനുമൊക്കെ അല്പം സമാധാനമായത്. പ്രശസ്തിയില്‍ മത്സരിക്കുന്ന മലയാളിയുടെ പ്രിയപ്പെട്ട ശകാരപദങ്ങള്‍ അവ പ്രയോഗിക്കുന്നവരേക്കാള്‍ മാന്യത പുലര്‍ത്തുന്നുണ്ട്. ദേവപദങ്ങളെയും ഋഷിപദങ്ങളെയും കാണുമ്പോള്‍ രണ്ടാമുണ്ടെടുത്ത് കൈത്തണ്ടയിലിട്ടുകൊണ്ട് അവയ്ക്ക് വഴിമാറിക്കൊടുത്തു. പഴയകാല നിര്‍ദോഷ ശകാര വാക്കുകളായ പൊട്ടറാസ്, മുട്ടാളന്‍, ഏഭ്യന്‍ എന്നിവയൊക്കെ വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ സമ്മേളനത്തില്‍ പങ്കെടുത്തില്ലെന്ന് അനുമാനിക്കാം, അതാരും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും. പൂമരന്ദവും മകരന്ദവും സ്നിഗ്ദ്ധ തുഷാരങ്ങളും കാദംബരിയും രാഗപരാഗവും എല്ലാം പതിവുപോലെ ശൃംഗാര കാവ്യരസത്തില്‍ പ്രത്യേകഗ്രൂപ്പായി രമിക്കുന്ന കാഴ്ചയും കാണാമായിരുന്നു.

പെട്ടെന്ന് പ്രഖ്യാപനംവരുന്നു, കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ മലയാളത്തില്‍ ഏറ്റവുംകൂടുതല്‍ പറയപ്പെട്ട പദം! എല്ലാരും അക്ഷമയോടെ നിലകൊണ്ടു! ഏതാവും? മംഗ്‌ളീഷ്‌കരിക്കപ്പെട്ട പല സിനിമാപദങ്ങള്‍തൊട്ട് സിനിമയിലൂടെതന്നെ പ്രചുര പ്രചാരം നേടിയ തെറിവചനങ്ങള്‍ വരെ ആശയോടെ കാതോര്‍ത്തു! മലയാളപുണ്യത്തിന്റെ മഹദ് വചനങ്ങള്‍ പലതും പ്രതീക്ഷ കൈവെടിഞ്ഞില്ല. നിഘണ്ടുവില്‍നിന്ന് വിരുന്നുവന്ന വാക്കുകളാവട്ടെ ബുഫെയില്‍ മാത്രം മുഴുകി. അവസാനം ജൂറി പ്രഖ്യാപിച്ചു മലയാളിയുടെ കഴിഞ്ഞദശകത്തിലെ പ്രിയപ്പെട്ട പദം. 'അടിപൊളി'... അടിപൊളി ... പിന്നെ ഒരു ന്യൂജെന്‍ ആനന്ദ നൃത്തം രണ്ടാംസ്ഥാനം ഉണ്ടെങ്കില്‍ അതു 'പരനാറിക്കു' കിട്ടിയേനെ എന്നും പലരുംപറയുന്നുണ്ടായിരുന്നു...യാത്ര പറയാന്‍നേരം 'ബലം' 'ഫല'ത്തെ അന്വേഷിക്കുന്നുണ്ടായിരുന്നു എങ്കിലും ഫലമുണ്ടായില്ല

Content Highlights: Adipoli, Malayalam Repeated Words, Methil Satheesan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented