ബരാക് ഒബാമ | Photo: AP
അമേരിക്കൻ മുൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഓർമക്കുറിപ്പുകളുടെ ആദ്യ വാല്യം; 'എ പ്രോമിസ്ഡ് ലാന്റ്' ഈ വർഷം നവംബറിൽ പുറത്തിറങ്ങുമെന്ന് പ്രസാധകരായ റാന്റം ഹൗസ് അറിയിച്ചു. യു.എസ് ഇലക്ഷൻ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ പുസ്തകം വായനക്കാരുടെ കൈകളിലെത്തും. അമേരിക്കൻ പ്രസിഡണ്ട് പദവിയെന്ന ചരിത്രപഥത്തിലേക്ക് നടന്നുകയറിയ നാളുകളെക്കുറിച്ചും അതിനു പിന്നിലെ അധ്വാനങ്ങളെക്കുറിച്ചുമാണ് ഒബാമ തന്റെ ഓർമക്കുറിപ്പിൽ പങ്കുവെക്കുന്നത്.
പുസ്തകത്തിന്റെ രണ്ടാമത്തെ വാല്യത്തിന്റെ പ്രസിദ്ധീകരണസംബന്ധമായ ചർച്ചകൾ പുരോഗമിക്കുകയാണ്. ''കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാനെന്റെ പ്രസിഡണ്ടു കാലത്തെക്കുറിച്ചു മാത്രമാണ് ഓർത്തത്. എന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും ഞാനെന്റെ ഓഫീസിൽ എങ്ങനെയാണ് ചെലവഴിച്ചത് എന്നുമുള്ള കാര്യങ്ങളാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. ഞാനെന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്തു, എനിക്കെന്തെല്ലാം തെറ്റുകൾ സംഭവിച്ചു എന്നെല്ലാം വിശദമാക്കിയിട്ടുണ്ട്. രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ശക്തികൾ എന്റെ പക്ഷത്തെ ഏതെല്ലാം വിധത്തിൽ സ്വാധീനിച്ചിരുന്നുവെന്നും അവയെല്ലാം ഞാനെങ്ങനെ തരണം ചെയ്തുവെന്നും നിങ്ങളോട് പറയുകയാണ്. ഇപ്പോളും രാജ്യത്തെ പിടിമുറിക്കിയിരിക്കുന്നത് അത്തരത്തിലുള്ള സ്വാധീനങ്ങളാണല്ലോ''- ഒബാമ തന്റെ പ്രസ്താവനയിൽ പറയുന്നു.
768 പേജുകളുള്ള എ പ്രോമിസ്ഡ് ലാന്റ് ലോകമെമ്പാടുമുള്ള മുൻപ്രസിഡണ്ടുമാരുടെ ഓർമക്കുറിപ്പുകളിൽ ഏറ്റവും ശക്തമായ ഭാഷയിൽ രചിക്കപ്പെട്ടതാണെന്ന് പ്രസാധകർ വിലയിരുത്തുന്നു. 2008-ൽ ഒബാമ എഴുതിയ ആത്മകഥ 'ഡ്രീംസ് ഫ്രം മൈ ഫാദർ; ദ ഓഡാസിറ്റി ഓഫ് ഹോപ്' എന്ന പുസ്തകത്തിന്റെ ദശലക്ഷക്കണക്കിന് കോപ്പികളാണ് ചൂടപ്പം പോലെ വിറ്റുപോയത്.
Content Highlights: A Promised Land Memoir Written by Barak Obama published by Random house will come soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..