ആ.മാധവൻ
തിരുവനന്തപുരം: മലയാളിയായ തമിഴ് സാഹിത്യകാരന്‍ ആ.മാധവന്‍ (87) അന്തരിച്ചു. അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. 'ഇലക്കിയ ചുവടുകള്‍' എന്ന ലേഖന സമാഹാരത്തിന് 2015-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൈതമുക്ക് ഒറ്റുകാല്‍ തെരുവ് സ്മൈല്‍സില്‍ (എം.ആര്‍.എ. 74 ഡി) ആണ് താമസിച്ചിരുന്നത്.
തിരുനെല്‍വേലിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ആവുടനായകം പിള്ളയുടെയും ചെല്ലമ്മാളിന്റെയും മകനായി 1934-ല്‍ തിരുവനന്തപുരത്തു ജനിച്ചു. അച്ഛന്റെ പേരിലെ ആദ്യാക്ഷരം ചേര്‍ത്താണ് ആ.മാധവന്‍ എന്ന പേര് സ്വീകരിച്ചത്.
ചാല സ്‌കൂളില്‍നിന്ന് സിക്സ്ത് ഫോറം പാസായ അദ്ദേഹം വിക്ടര്‍ ഹ്യൂഗോയുടെ രചനകള്‍ മലയാളത്തില്‍നിന്ന് തമിഴിലേക്ക് പരിഭാഷപ്പെടുത്തിയാണ് സാഹിത്യലോകത്തേക്കു പ്രവേശിച്ചത്.
തമിഴ് സാഹിത്യത്തില്‍ പ്രമുഖരായ പുതുമൈപിത്തന്‍, സുന്ദരരാമസ്വാമി എന്നിവരുടെ നിരയില്‍ ആ.മാധവനും ഇടംപിടിച്ചിരുന്നു. തമിഴ് പ്രസിദ്ധീകരണങ്ങളില്‍ അഞ്ഞൂറോളം ചെറുകഥകളും 150-ല്‍പ്പരം ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ 'സമ്മാനം', പി.കെ.ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ', മലയാറ്റൂര്‍ രാമകൃഷ്ണന്റെ 'യക്ഷി' എന്നിവ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിദഗ്ധ സമിതി അംഗവും തിരുവനന്തപുരം തമിഴ് സംഘത്തിന്റെ സ്ഥാപകനും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്നു. ചാലയില്‍ സെല്‍വി സ്റ്റോര്‍ എന്ന കച്ചവടസ്ഥാപനം നടത്തിയിരുന്നു.
തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന സാധാരണക്കാരാണ് അദ്ദേഹത്തിന്റെ രചനകളില്‍ കഥാപാത്രങ്ങളായത്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, കേരള സര്‍വകലാശാല തമിഴ് വിഭാഗത്തിന്റെ സുവര്‍ണ ജൂബിലി പുരസ്‌കാരം, തിരുവനന്തപുരം തമിഴ് സംഘത്തിന്റെ സുവര്‍ണ ജൂബിലി പുരസ്‌കാരം, തമിഴ് സംഘത്തിന്റെ മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യര്‍ സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ശാന്ത. മക്കള്‍: കലൈ ശെല്‍വി, പരേതനായ ഗോവിന്ദരാജന്‍, മലര്‍ ശെല്‍വി. മരുമക്കള്‍: എന്‍.മോഹനന്‍, പൂര്‍ണിമ ഗോവിന്ദരാജന്‍, കൃഷ്ണകുമാര്‍. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ പത്തു മണിക്ക് തൈക്കാട് സമുദായ ശ്മശാനത്തില്‍.
Content Highlights: A Madhavan passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..