പി. ചിത്രൻ നമ്പൂതിരിപ്പാട്| Photo: Mathrubhumi
തൃശ്ശൂര്‍: 'ലോകാ സമസ്താ സുഖിനോ ഭവന്തു. എല്ലാവരും സുഖമായിരിക്കണം, അതാണെന്റെ ആഗ്രഹം''- 104-ാം വയസ്സിലേക്ക് കടക്കുന്ന പി. ചിത്രന് നമ്പൂതിരിപ്പാട് പറയുന്നു. അദ്ദേഹത്തിന്റെ 103-ാം പിറന്നാളാഘോഷമാണ് തിങ്കളാഴ്ച. ധനുമാസത്തിലെ ഭരണിനാളിലാണ് അദ്ദേഹം ജനിച്ചത്. പിറന്നാളാഘോഷം പൂങ്കുന്നം സീതാരാമസ്വാമി മണ്ഡപത്തില്‍ നടക്കും.
വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനുമായ ചിത്രന് നമ്പൂതിരിപ്പാട് മലപ്പുറം ജില്ലയിലെ മൂക്കുതലയിലാണ് ജനിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറുമായിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ശില്പികളില് പ്രമുഖനാണ്. തൃശ്ശൂര്‍ ചെമ്പുക്കാവിലെ മുക്തിയിലാണ് താമസം.
മുപ്പതിലേറെ തവണ ഹിമാലയയാത്ര നടത്തിയിട്ടുണ്ട്. 100 വയസ്സ് തികയാന്‍ നാലു മാസം ബാക്കിയുള്ളപ്പോള്‍ അദ്ദേഹം നടത്തിയ ഹിമാലയയാത്ര ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
''യാത്ര എനിക്ക് ആവേശമാണ്. ഒരു തവണ പോയി മടങ്ങിയെത്തുന്ന നാള്‍മുതല്‍ അടുത്ത വര്‍ഷത്തെ യാത്രയെക്കുറിച്ചാലോചിച്ചു തുടങ്ങും'' -അദ്ദേഹം പറയുന്നു. ഇടയിലൊരിക്കലും യാത്ര മുടങ്ങിയില്ല. ഉറ്റവരുടെ പിന്തുണയോടൊപ്പം ശാരീരികബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നതും തുടര്‍ച്ചയ്ക്ക് സഹായകമായെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
11 വയസ്സില്‍ ഗുരുവായൂര്‍ സത്യാഗ്രഹപ്പന്തലിലെത്തി കെ. കേളപ്പനെ സന്ദര്‍ശിച്ച അദ്ദേഹം സത്യാഗ്രഹകാലത്ത് ഗാന്ധിജിയുടെ പ്രസംഗം നേരിട്ട് കേട്ടിരുന്നു. തെളിഞ്ഞ ഓര്‍മയും ഒഴുക്കുള്ള സംഭാഷണവുമായി തന്നെത്തേടിയെത്തുന്നവര്ക്കു മുന്നില്‍ ചിത്രന് നമ്പൂതിരിപ്പാട് ഇപ്പോഴും സജീവമാണ്. കേള്‍വിക്കും കാഴ്ചയ്ക്കും അല്പം ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും ലെന്‍സ് ഉപയോഗിച്ച് വായിക്കാന്‍ ശ്രമിക്കും.
ജീവിതത്തിലും ഭക്ഷണത്തിലും ഉറക്കത്തിലും പുലര്‍ത്തുന്ന മിതത്വമാണ് തന്നെ എന്നും നയിച്ചിട്ടുള്ളതെന്ന് അദ്ദേഹം പല വേദികളിലും വിശദീകരിക്കാറുണ്ട്. മുടങ്ങാതെ യോഗ ചെയ്തിരുന്നതും തുണയായി. തിങ്കളാഴ്ച നടക്കുന്ന പിറന്നാളാഘോഷച്ചടങ്ങില്‍ കൈലാസ യാത്രികയും സഞ്ചാരസാഹിത്യകാരിയുമായ യമുനമ്മയ്ക്ക് മുക്തിസ്ഥലേശ്വരി പുരസ്കാരം സമ്മാനിക്കും.
Content Highlights: p chithran nampoothiripad,103th birthday, writer, traveller, thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..