'നവോത്ഥാനം തകര്‍ന്നതോടെ മതപരവും ജാതിപരവുമായ സങ്കുചിതത്വത്തിന് കേരളം അടിമപ്പെട്ടു'- സക്കറിയ


സക്കറിയ / മിനി പി.സിയേശുവിനോ വിമോചന ദൈവശാസ്ത്ര പ്രസ്ഥാനത്തിനോ നിലവിലുള്ളള ജനാധിപത്യ വിരുദ്ധവും  സ്വേച്ഛാധിപത്യപരവുമായ രാഷ്ട്രീയ സംവിധാനങ്ങളില്‍ എവിടെയും ഒരു മാറ്റവും വരുത്താന്‍ കഴിഞ്ഞിട്ടില്ല.

സക്കറിയ ഫോട്ടോ: ബി.മുരളീകൃഷ്ണൻ

യേശുവിന്റെ സാന്നിധ്യം നിറയെയുള്ള ഏറെ കഥകള്‍ എഴുതിയ ആളാണ് സക്കറിയ. പല കോണുകളില്‍നിന്നും ജീവിതാവസ്ഥകളില്‍നിന്നും അദ്ദേഹം യേശുവിന്റെ ജീവിതത്തെ നോക്കിക്കണ്ടു. സക്കറിയയുടെ കഥകളിലൂടെ പലപ്പോഴും യേശു നമ്മിലൊരാളായി. ഈ ക്രിസ്മസ് ദിനത്തില്‍ തന്റെ യേശുവിനെക്കുറിച്ചാണ് സക്കറിയ സംസാരിക്കുന്നത്. ആ സങ്കല്പത്തില്‍ ഖലീല്‍ ജിബ്രാന്റെ മനുഷ്യപുത്രനായ യേശുവിന്റെ വിശുദ്ധനിഴലുകള്‍ വീണുകിടക്കുന്നു. എഴുത്തുകാരന്‍ സക്കറിയയുമായി മിനി പി.സി നടത്തിയ അഭിമുഖം വായിക്കാം..

മലയാള കഥയില്‍ ക്രിസ്തുവിനെ ഏറ്റവുമധികം സര്‍ഗാത്മകമായും ഫാന്റസിയായും മാനുഷികമായും ആവിഷ്‌കരിച്ച എഴുത്തുകാരനാണ് താങ്കള്‍. അതിലേക്ക് എത്തിച്ചേരുന്നതില്‍ അങ്ങയുടെ ബാല്യകാല ക്രിസ്തു അനുഭവങ്ങള്‍ക്ക് പങ്കുണ്ടോ? ഉരുളികുന്നത്തെ കുട്ടിക്കാല ക്രിസ്മസ് അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു? അക്കാലത്ത് ക്രിസ്തു എന്ന സാന്നിധ്യത്തെ എങ്ങനെയാണ് ഫീല്‍ ചെയ്തത് /ഉള്‍ക്കൊണ്ടത്?

മറ്റേത് ശരാശരി ഗ്രാമീണ കത്തോലിക്കാ ബാലന്റെയും അനുഭവങ്ങളേ എനിക്കും ഉണ്ടായിട്ടുള്ളൂ. പള്ളിയിലും വീട്ടിലും യേശുവിന്റെ ചിത്രങ്ങള്‍, കുരിശുരൂപം, വേദപാഠം, പള്ളി പ്രസംഗങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന യേശുവിന്റെ വിവിധ പ്രതിച്ഛായകള്‍, പള്ളിയിലെ സുവിശേഷ വായനയില്‍ രൂപമെടുക്കുന്ന യേശു. ഈശോ എന്ന പേരിലാണ് യേശുവിനെ വിശ്വാസികള്‍ അറിയുന്നത്. ഉണ്ണിയീശോ ഉണ്ട്, ക്രിസ്തു രാജനുണ്ട്. ഇങ്ങനെ പല യേശു. ദുഃഖവെള്ളിയാഴ്ചക്കാലത്ത് കുരിശിന്റെ വഴിയില്‍ ആരാധിക്കുന്ന പീഡനചിത്രങ്ങളിലെ യേശുവാണ് മറ്റൊന്ന്. പിന്നെ ക്രിസ്മസ് കാലത്ത് ചുറ്റും പശുക്കളും ആടും മുകളില്‍ തൂങ്ങിക്കിടക്കുന്ന മാലാഖമാരും വടി പിടിച്ച യൗസേപ്പും ഭംഗിയുള്ള മറിയവുമായി പുല്ലില്‍ കിടക്കുന്ന ഉണ്ണിയീശോ. പേടി വരുമ്പോള്‍, ഉദാഹരണത്തിന് ഇടിമിന്നലുകള്‍ക്കുകീഴില്‍ മഴക്കാലത്ത് നടക്കുമ്പോള്‍, ഈശോ എന്ന് വിളിച്ചിരുന്നു. അങ്ങനെയെല്ലാം യേശുവിനെ അറിയാമായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ ഏതൊരു മീനച്ചില്‍ കത്തോലിക്കാ ഗ്രാമീണപയ്യന്റെയും യേശു. പൂര്‍ണമായും പള്ളിയില്‍നിന്ന് ലഭിച്ച രൂപം. ക്രിസ്മസിന് കോഴിയെ തീര്‍ച്ചയായും കൊല്ലും. ഉരുളികുന്നത്തുകാരന്‍ തന്നെയായ ഒരു മൂരിയുടെ ഇറച്ചിയും ഉണ്ടാകും. അപ്പം ഉറപ്പ്. ചെറുപ്പത്തില്‍ പാതിരാ കുര്‍ബാനയ്ക്ക് തീരെ പോയിട്ടില്ല. 10-12 വയസ്സില്‍ പോയിത്തുടങ്ങി. ടോര്‍ച്ച് പിടിച്ച് അല്ലെങ്കില്‍ മെഴുകുതിരി പിടിച്ച് പള്ളിയിലേക്കുള്ള നടപ്പ് എനിക്ക് സാഹസിക യാത്രയായിരുന്നു. ചുറ്റും ഇരുട്ടില്‍ പിശാചുക്കള്‍ നില്‍പ്പുണ്ട് എന്നുറപ്പായിരുന്നു. പകല്‍ കണ്ടിട്ടുള്ള വഴിയേ അല്ല അത് എന്നുതോന്നി. പള്ളിയിലെ പുല്‍ക്കൂടും വെളിച്ചവും ആള്‍ക്കൂട്ടവും പാട്ടും ചുറ്റുമുള്ള ഇരുട്ടും ഒന്നുചേര്‍ന്ന് വേറൊരു ലോകമുണ്ടാക്കി. ഇങ്ങനെയുള്ള ഒരു നിര്‍മിത സാന്നിധ്യമായിരുന്നു യേശു.

കൗമാര-യൗവനത്തില്‍ ക്രിസ്തുസാന്നിധ്യം എങ്ങനെയാണ് അനുഭവപ്പെട്ടിരുന്നത്? സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് 1945-ലാണ് അങ്ങയുടെ ജനനം. അങ്ങയുടെ മുപ്പതുകളിലാണ് രൂക്ഷമായ സാംസ്‌കാരിക-രാഷ്ട്രീയ ചലനങ്ങളുണ്ടാക്കിയ 1970-കള്‍. അക്കാലത്ത് അങ്ങ് യേശുവിനെ അനുഭവിച്ചിരുന്നോ? പൊതുവേ യൗവനമെന്നു പറയുന്നത് മതത്തോടൊക്കെ കലഹിച്ചു നില്‍ക്കുന്ന ഒരു സമയമാണല്ലോ!

ബൈബിള്‍ ആദ്യം വായിക്കുന്നത് ഇംഗ്ലീഷ് സാഹിത്യബിരുദത്തിന് പഠിക്കുമ്പോള്‍ ഒരു വിഷയമായിട്ടാണ്-ഇംഗ്ലീഷ് ബൈബിള്‍. പ്രശസ്ത കന്നഡകവി ഗോപാലകൃഷ്ണ അഡിഗ സാറാണ് പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയുടെ വളര്‍ച്ചയുടെ ചരിത്രത്തിന്റെ ഒരു ഭാഗമായിട്ടാണ് ബൈബിള്‍ പഠിച്ചത്. അന്ന് 16 വയസ്സ്. പുരോഹിതന്മാരെയും അവരുടെ സമീപനങ്ങളെയും കുറിച്ച് ഉള്ളില്‍ ചോദ്യങ്ങള്‍ ഉണ്ടായിത്തുടങ്ങിയെങ്കിലും മതത്തിന് പുറത്തിറങ്ങാനുള്ള ആത്മബലമില്ല. പിന്നീട് ഇംഗ്ലീഷ് എം.എ.യ്ക്കും ബൈബിള്‍ പഠിക്കാനുണ്ടായിരുന്നു. 19 വയസ്സ്, ഞാന്‍ ആദ്യകഥ എഴുതി പ്രസിദ്ധീകരിച്ചിട്ട് ഒരു വര്‍ഷമായില്ല. 20 വയസ്സാകുമ്പോഴേക്കും സഭയുടെ അനുഷ്ഠാനങ്ങളില്‍നിന്നും മാറിനിന്നു തുടങ്ങി. കുമ്പസാരം, ഞായറാഴ്ച പള്ളിയില്‍ പോക്ക് തുടങ്ങിയവയില്‍നിന്ന് പുറത്തിറങ്ങി. അന്നും എന്താണ് സംഘടിത ക്രിസ്തുമതം എന്നറിഞ്ഞുകൂടാ. യേശുവിനെപ്പറ്റിയും പ്രത്യേകമായ ഒരു അവബോധമില്ല. എങ്കിലും മതങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെപ്പറ്റിയും അവയ്ക്കു പകരംവെക്കാവുന്ന ആന്തരികാന്വേഷണങ്ങളെപ്പറ്റിയും വായിച്ചുതുടങ്ങിയിരുന്നു. ഞാന്‍ വിശ്വാസിയല്ല എന്ന് തോന്നിത്തുടങ്ങിയിരുന്നു. പിന്നീട് 1967-ല്‍ കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്‌സില്‍ പഠിപ്പിക്കാന്‍ എത്തുമ്പോഴാണ് അതിശയ പുസ്തകപ്പുഴുവും അവിശ്വാസിയും ഫാസിസത്തിന്റെ ചരിത്രം ആഴത്തില്‍ പഠിച്ചയാളുമായ അരുവിത്തുറ കോളേജിലെ പ്രൊഫ. കെ.ജെ. എബ്രഹാമിനെ പരിചയപ്പെടുന്നതും ഞങ്ങള്‍ സുഹൃത്തുക്കളാകുന്നതും. എബ്രഹാമാണ് ഫിക്ഷനിലൊതുങ്ങിനിന്ന എന്റെ വായനയെ ലോകചരിത്രത്തിലേക്കും ക്രിസ്തുമതത്തിന്റെയും കത്തോലിക്കാ സഭയുടെയും മാര്‍പാപ്പമാരുടെയും യഥാര്‍ഥ ചരിത്രത്തിലേക്കും മറ്റ് പല ദിശകളിലും വഴിതിരിച്ചുവിടുന്നത്. ഞാന്‍ ബൈബിള്‍ പുതിയ കണ്ണോടെ വായിച്ചു. മിത്തും വസ്തുതയും തിരിച്ചറിഞ്ഞു. എബ്രഹാം തന്ന ഖലീല്‍ ജിബ്രാന്റെ Jesus, The Son Of Man (മനുഷ്യപുത്രനായ യേശു) എന്ന പുസ്തകമാണ് യേശുവിനെ മനുഷ്യനായിക്കാണാന്‍ എന്നെ പഠിപ്പിച്ചത്. അങ്ങനെ ഞാന്‍ ആദ്യമായി സുവിശേഷങ്ങള്‍ വായിച്ചു. യേശു ഒരു മനുഷ്യന്‍ മാത്രമായിരുന്നു എന്ന് കണ്ടുപിടിച്ചു; ഒരു അസാധാരണ മനുഷ്യന്‍. ആദ്യമായി എനിക്ക് ആ മനുഷ്യനോട് സൗഹൃദവും ബഹുമാനവും അടുപ്പവും തോന്നി. അപ്പോഴേക്കും ഞാന്‍ ബൈബിളിലെ സൃഷ്ടികഥയെ ഒരു മിത്ത് എന്ന നിലയില്‍ പഠിക്കുന്ന ഒരു ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു- 'സൃഷ്ടി എന്ന ശാപം.' ഞാന്‍ വിശ്വാസത്തില്‍നിന്ന് ഏതാണ്ട് പൂര്‍ണമായി പുറത്തുവന്നു കഴിഞ്ഞിരുന്നു. വയസ്സ് 25-26.

പ്രശസ്ത ഗോവൻ ചിത്രകാരൻ സൂസ വരച്ച യേശുവിന്റെ ചിത്രം.

ലോകത്ത് ഹിംസയില്ലാത്ത മത സങ്കല്പം മുന്നോട്ടു വെക്കുന്ന രണ്ടു വ്യക്തികളാണ് ബുദ്ധനും ക്രിസ്തുവും. (യേശു ഒരു തവണ ചാട്ട കൈയിലെടുക്കുന്നുണ്ട്. എന്നാല്‍, പ്രതീകാത്മകമായ ആ ചാട്ട കൈയിലെടുക്കലിനെ മാറ്റിനിര്‍ത്താം.) ഹിംസയിലൂടെ ദുഷ്ടരെ ശിക്ഷിച്ച് ശിഷ്ടരെ രക്ഷിക്കുന്ന ദൈവനീതിയാണ് സാധാരണ മത രക്ഷാസങ്കല്പങ്ങളില്‍ കാണുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ദുഷ്ടരോടും കരുണയും സ്‌നേഹവും സഹനവും കാണിക്കുന്ന ഒരു രീതികൊണ്ട് അവരെ മാനസാന്തരപ്പെടുത്തുക. ഒരുപക്ഷേ, ആധുനിക സമൂഹത്തില്‍ ജയില്‍പ്പുള്ളികളുടെ മാനസിക പരിവര്‍ത്തനത്തിനായുള്ള ശ്രമങ്ങളില്‍വരെ ഈ യേശു-ബുദ്ധ സങ്കല്പങ്ങള്‍ വരുന്നുണ്ട്. ബുദ്ധന്റെയും യേശുവിന്റെയും 'ഹിംസ ഇല്ലാത്ത ദൈവം' എന്ന സങ്കല്പത്തെ എങ്ങനെയാണ് അങ്ങ് കാണുന്നത്?

ബുദ്ധന്റെ മഹത്ത്വം അദ്ദേഹത്തിന് ദൈവമേ ഇല്ലായിരുന്നു എന്നതാണ്. തന്നെയറിയുക, ആശകളെ നിഗ്രഹിക്കുക, മറ്റുള്ള ജീവജാലങ്ങളെ ഉപദ്രവിക്കാതിരിക്കുക. കാരുണ്യമുണ്ടായിരിക്കുക. അതായിരുന്നു വളരെ ചുരുക്കത്തില്‍ മുക്തിമാര്‍ഗം. ബുദ്ധന്‍ ജനിച്ച ഹിന്ദു പാരമ്പര്യത്തിന്റെ വേദങ്ങളില്‍ ദൈവത്തെ നിരാകരിക്കുന്ന തത്ത്വചിന്ത ഉണ്ടായിരുന്നു. ബുദ്ധന്‍ അത് പഠിച്ചിരുന്നിരിക്കണം, അറിഞ്ഞുകൂടാ. കരുണയായിരുന്നു ബുദ്ധന്റെ മുഖ്യപാഠം എന്നു പറയാം. യേശുവിന്റെ യഹൂദ പാരമ്പര്യത്തില്‍ കുപിതനും നിഷ്ഠുരനുമായ ഒരു ദൈവമാണുണ്ടായിരുന്നത്. ബലികള്‍ ഇഷ്ടപ്പെടുന്ന, പ്രതികാരം ചെയ്യുന്ന, രക്തദാഹിയായ ഒരു ഭീകരശക്തി. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്നുപറഞ്ഞ മെഗലോമാനിയാക്ക്. യേശുവിന് ആ ദൈവത്തെ മനസ്സില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ, യേശു ആ ദൈവത്തെ പുതുക്കിപ്പണിതു. പല്ലിനുപല്ല്, കണ്ണിനുകണ്ണ് എന്നു പറയാത്ത, മാപ്പ് കൊടുക്കുന്ന, കരുണയുള്ള, സാധുക്കളെയും വേശ്യകളെയും തള്ളപ്പെട്ടവരെയും കാത്തുരക്ഷിക്കുന്ന, സ്‌നേഹവാനായ ഒരു പുതിയ ദൈവത്തെ പ്രതിഷ്ഠിച്ചു. ഇതാണ് യേശുവിന്റെ വിപ്ലവം. ഈ സങ്കല്പത്തെയാണ് യേശു 'സ്വര്‍ഗസ്ഥനായ പിതാവ്' എന്നുവിളിച്ചത്.

ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല, ലോകത്തെമ്പാടുമുള്ള അനേകം സ്ത്രീകള്‍ക്ക് യേശു പലതാണ്. കുട്ടിക്കാലംമുതല്‍ വാര്‍ധക്യംവരെ പല നിലകളില്‍ കൂടെയുള്ള ഒരാള്‍. ചിലര്‍ക്ക് പ്രാര്‍ഥനയില്‍ എല്ലാം പറയാവുന്ന ഒരാളാണ്. ചിലര്‍ക്ക് ആശ്രയം എന്ന നിലയില്‍, ടീച്ചര്‍, കാരുണ്യം, ദൈവം, പിതാവ്, സ്‌നേഹിതന്‍, സഹോദരന്‍, പ്രണയി അങ്ങനെ പലതുമാണ്. ശക്തരായ സ്ത്രീകഥാപാത്രങ്ങളെ സംഭാവനചെയ്ത എഴുത്തുകാരനാണ് അങ്ങ്. സക്കറിയ കഥകളിലെ സ്ത്രീകള്‍ യേശുവിനെ അഭിസംബോധന ചെയ്യുന്ന രീതി അങ്ങ് എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?

സുവിശേഷങ്ങളെ വിശ്വസിക്കാമെങ്കില്‍, യേശുവിന്റെ യഥാര്‍ഥ ജീവിതത്തിലെ സ്ത്രീകള്‍ യേശുവിനെ കണ്ടിരുന്നതുപോലെയാണ് എന്റെ കഥകളിലെ സ്ത്രീകളും യേശുവിനെ കാണുന്നത്. അതായത്, തങ്ങളിലൊരാള്‍, ഒരു കൂട്ടുകാരന്‍, ഒരു നേതാവ് എന്ന രീതിയില്‍. മേരി മഗ്ദലന, ജോവന്ന, സൂസന്ന തുടങ്ങിയവര്‍ യേശുവിനെ സാമ്പത്തികമായി സഹായിച്ചിരുന്നു എന്നാണ് വായിച്ചിട്ടുള്ളത്. മാര്‍ത്തയും മറിയവും ഭക്ഷണവും വിശ്രമിക്കാനിടവും അഭയവും നല്‍കി. എന്റെ കഥയില്‍ യേശുവിനെ മതത്തിന്റെ ചുറ്റളവില്‍നിന്ന് കാണുന്ന അന്നമ്മടീച്ചര്‍പോലും യേശുവിനെ ഒരു അനിയനായാണ് കാണുന്നത്. (അന്നമ്മ ടീച്ചര്‍- ഒരു ഓര്‍മക്കുറിപ്പ് ) 'എന്തുണ്ട് വിശേഷം പിലാത്തോസേ'യില്‍ അതിലെ സ്ത്രീകള്‍ക്ക് യേശു അവര്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കൂട്ടുകാരനാണ്. 'കണ്ണാടി കാണ്മോള'ത്തിലും യേശുവിന്റെ ഒരു ദിവസത്തിലും മാര്‍ത്തയ്ക്കും മറിയത്തിനും യേശു പ്രിയസ്‌നേഹിതനാണ്- ഒരുപക്ഷേ, പ്രണയിയാണ്.

ജലവുമായി സവിശേഷമായി ബന്ധമുണ്ട് യേശുവിന്. വെള്ളം വീഞ്ഞാക്കിയതും കടലിനുമീതെ നടന്നതും കടലിനെ ശാന്തമാക്കിയതുമടക്കം കുറെ സന്ദര്‍ഭങ്ങളുണ്ടല്ലോ. ബൈറണ്‍ 'The water met its master and blushed'എന്നു കുറിച്ചതടക്കം ഒട്ടേറെ ജലപ്രതിഫലനങ്ങളും വന്നിട്ടുണ്ടല്ലോ. 'കണ്ണാടി കാണ്മോളവും' എന്ന കഥയടക്കം യേശു പ്രമേയമായ പല കഥകളിലെ ജലസ്പര്‍ശങ്ങള്‍...

യേശു ഗലീലിത്തടാകത്തിന്റെ കൂട്ടുകാരനായിരുന്നു, യോര്‍ദാന്‍ നദിയുടെ തീരങ്ങളിലും ചാവുകടലിലും പോയിട്ടുണ്ടാവാം. യേശു വളര്‍ന്ന നസറേത്ത് മരങ്ങളും ചെടികളും തഴച്ചുവളരുന്ന ഈര്‍പ്പമുള്ള ഇടമാണ്. ഗലീലിത്തടാകത്തിന്റെ ചുറ്റുമാണ് യേശുവിന്റെ ജീവിതനാടകത്തിലെ പല രംഗങ്ങളും അരങ്ങേറിയത്. ആ കടല്‍ത്തീരത്തുനിന്നാണ് ചില ശിഷ്യരെ ലഭിച്ചത്. ഒറ്റയ്ക്കാകാനിഷ്ടപ്പെടുമ്പോള്‍ യേശു തോണികയറി തടാകത്തിലേക്കു പോകും. വെള്ളത്തിന്‍മീതേ നടന്നു, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റി തുടങ്ങിയ കഥകളുടെയും അരങ്ങ് ഗലീലിത്തടാകമാണ്. യേശുവിന്റെ ഒരു ദിവസം എന്ന കഥയില്‍ ഗലീലിത്തടാകവും ചാവുകടലുമുണ്ട്. ആ പ്രദേശത്ത് സഞ്ചരിക്കുമ്പോഴാണ് അവ എത്രമാത്രം ജീവനുള്ളവയാണ് എന്ന് മനസ്സിലാവുന്നത്. യേശു നിന്നിടത്ത് ഞാന്‍ നിന്നു എന്ന തോന്നല്‍ എനിക്കുണ്ടായത് ഗലീലിത്തീരത്തുവെച്ചാണ്. കാരണം, കടലിനെ ആരും പുതുക്കിപ്പണിതില്ലല്ലോ.

സക്കറിയ ഗലീലി തടാകതീരത്ത്‌.

ദൈവസങ്കല്പമായി നില്‍ക്കുമ്പോള്‍ത്തന്നെ അതിനപ്പുറത്ത് വിമോചനസ്വഭാവമുള്ള ടീച്ചര്‍ ആയ യേശു എന്ന സങ്കല്പം സാര്‍വലൗകികമായുണ്ട്. എല്ലാവരെയും കേള്‍ക്കുന്ന അധ്യാപകന്‍. പ്രാചീന കാലത്തെ ഒരു ജനാധിപത്യ- മനുഷ്യാവകാശ മാതൃക എന്ന നിലയില്‍ യേശുവിലെ ടീച്ചറിനെ കാണാനാകുമോ?

യേശു ദൈവസങ്കല്പമായി തീര്‍ന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമോചനസ്വഭാവമുള്ള ടീച്ചര്‍, എല്ലാവരെയും കേള്‍ക്കുന്ന അധ്യാപകന്‍, പ്രാചീനകാലത്തെ ജനാധിപത്യ മനുഷ്യാവകാശമാതൃക തുടങ്ങിയ സ്വഭാവ വൈശിഷ്ട്യങ്ങള്‍ മറയ്ക്കപ്പെട്ടത്. ഒരാള്‍ വിഗ്രഹവും ദൈവവുമായിക്കഴിഞ്ഞാല്‍ അയാളുടെ യഥാര്‍ഥസന്ദേശം പൊളിച്ചടുക്കപ്പെടുന്നു. വിശ്വാസികള്‍ക്കും പുരോഹിതന്മാര്‍ക്കും മറ്റ് തത്പരകക്ഷികള്‍ക്കും ആവശ്യം പൂജിക്കാനൊരു വിഗ്രഹമാണ്. സമ്പത്തും അധികാരവും സമ്പാദിക്കാന്‍ ഉയര്‍ത്തിപ്പിടിക്കാനൊരു ചായംപൂശിയ കോലം.

യേശു ചെയ്ത അദ്ഭുതങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ലാസറിനെ കല്ലറയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയായിരുന്നല്ലോ. പിന്നീട് യേശുവും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്. ലിയോ ടോള്‍സ്റ്റോയിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് (Resurrection) എന്ന റഷ്യന്‍ നോവലിലടക്കമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന വാക്ക് ലോകസാഹിത്യത്തില്‍ വളരെയധികം സ്വാധീനം ഉണ്ടാക്കിയിട്ടുള്ള ഒന്നാണ്. ബിബ്ലിക്കല്‍ ടേമുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നായിട്ടാണ് ആ വാക്കിനെ കാണുന്നത്. ലോകമെമ്പാടും അത് അതിജീവനശേഷിയുള്ള വാക്കുകൂടിയാണ്. യേശുവിന്റെ അദ്ഭുതങ്ങളെ, അതിന്റെ ഫാന്റസിയുടെ തലങ്ങളെ ഒരു കഥാകൃത്ത്/നോവലിസ്റ്റ് എന്ന നിലയില്‍ എങ്ങനെയാണ് കാണുന്നത്?

യേശുവിന്റെ അത്ഭുതങ്ങള്‍' രസകരങ്ങളായ കഥകളാണ്- കൃത്യമായി പറഞ്ഞാല്‍ വിഗ്രഹ നിര്‍മാണത്തിന് ഉപയോഗിച്ച ചേരുവകള്‍. ഒരുപക്ഷേ, അവയില്‍ എന്തെങ്കിലും ഒരു ബീജസംഭവം ഉണ്ടായിരിക്കാം. യേശുവിന്റെ മരണശേഷം ഏതാണ്ട് 80-100 വര്‍ഷത്തിനുശേഷം അദ്ദേഹത്തെപ്പറ്റി കേട്ടുകേള്‍വി മാത്രമുള്ള നാലുപേര്‍ റോമാസാമ്രാജ്യത്തിന്റെ ഓരോയിടങ്ങളിലിരുന്ന് സുവിശേഷം എഴുതുമ്പോള്‍ കഥകള്‍ വിശ്വാസങ്ങളായി മാറിത്തുടങ്ങിയിരുന്നു. ഞാന്‍ അദ്ഭുതകഥകളില്‍ കണ്ട പ്രത്യേകത അവയെല്ലാം ഓരോവിധത്തില്‍ യേശുവിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു എന്നതാണ്. എന്നാല്‍, മനുഷ്യനെ ബാധിച്ച പിശാചുക്കളെ പന്നികളിലേക്ക് ഓടിച്ചുകയറ്റി അവയെ കടലില്‍ച്ചാടിച്ച് കൊല്ലുന്നത് യേശുവിന്റെ സ്വഭാവത്തിന് ഒട്ടും ഇണങ്ങിയതല്ലതാനും. അത് യേശു ഉപേക്ഷിച്ച ദൈവത്തിന്റെ ക്രൂരതയാണ് പ്രകടിപ്പിക്കുന്നത്. യേശുവിന്റെ 'ഉയിര്‍ത്തെണീല്‍പ്പ്' ആവട്ടെ ക്രിസ്തുമതത്തിന്റെ ആണിക്കല്ലാണ്. യേശു ഉയിര്‍ത്തില്ലെങ്കില്‍ ക്രിസ്തുമതമില്ല. മരണത്തില്‍നിന്ന് യേശു ഉയിര്‍ത്തു എന്ന അദ്ഭുത കഥയിലാണ് പൗലോസ് അടക്കമുള്ള ആദ്യകാല യേശു വിശ്വാസപ്രചാരകര്‍ സാധാരണക്കാര്‍ക്കിടയില്‍ തങ്ങളുടെ വിശ്വാസസംഹിതയെ പ്രതിഷ്ഠിച്ചത്.

ദൈവം, പിശാച്, സഭ, പാതിരിമാര്‍ ഇവയൊക്കെ പ്രമേയമായി വരുന്ന 'വിശുദ്ധതാക്കോല്‍ അഥവാ ആത്മാവ് സ്വര്‍ഗത്തില്‍ പോകുന്നതെങ്ങനെ?,' ബ്രദര്‍ ലൂക്കോസും പിശാചും, അന്നമ്മ ടീച്ചര്‍ ഒരു ഓര്‍മക്കുറിപ്പ്, കുരിശുമല മുകളില്‍, ജോസഫ് നല്ലവന്റെ കുറ്റസമ്മതം തുടങ്ങി ഒരു ഡസനിലേറെ കഥകള്‍ അങ്ങ് എഴുതിയിട്ടുണ്ട്. അങ്ങയുടെ ആത്മീയ സങ്കല്പത്തെക്കുറിച്ച് വിശദമാക്കാമോ? പൈശാചിക ഗൂഢ പശ്ചാത്തലങ്ങള്‍ സൃഷ്ടിക്കുന്ന ഫാന്റസിയുടെ തലങ്ങളെ എങ്ങനെ കാണുന്നു? അത്തരത്തില്‍ അങ്ങേക്കിഷ്ടപ്പെട്ട ലോകസാഹിത്യത്തിലെ നിഗൂഢപ്രമേയമുള്ള രചനയേതാണ്?

എന്റെ ആത്മീയസങ്കല്പത്തിന് മറ്റ് ഒട്ടേറെ ചിന്തകരുടെ ആശയങ്ങള്‍ക്കൊപ്പം യേശുവിന്റെ ആശയങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും സ്ഥാനമുണ്ട്. എന്നാല്‍, നിത്യക്രുദ്ധനും ക്രൂരനുമായ യഹോവയില്‍നിന്ന് യേശു വെട്ടിത്തിരുത്തിയെടുത്ത പിതാവായ ദൈവം എന്നെ ആകര്‍ഷിക്കുന്നില്ല. തന്റെ പരിമിതികള്‍ക്കുള്ളില്‍നിന്ന് യേശു നടത്തിയ വന്‍ വിപ്ലവമായിരുന്നു ആ തിരുത്തല്‍ എങ്കില്‍പ്പോലും. എന്റെ ആത്മീയസങ്കല്പത്തില്‍ ക്വാണ്ടം ഫിസിക്‌സും സയന്‍സ് ഫിക്ഷനും തൊട്ട് രമണ മഹര്‍ഷിയും വിനോദ് ചോപ്രയും വരെയുണ്ട്. ജിദ്ദു കൃഷ്ണമൂര്‍ത്തി തൊട്ട് കാര്‍ലോസ് കസ്റ്റനേഡ വരെയുണ്ട്. യേശു എനിക്ക് ആത്മീയതയുടെ മാതൃകയല്ല; ഒത്തുതീര്‍പ്പില്ലാത്ത നന്മയുടെ മാതൃകയാണ്. ഫാന്റസി എന്റെ ഏറ്റവും പ്രിയപ്പെട്ട വായനയുടെ ഭാഗമാണ്. ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് മുതല്‍ ജെ.ആര്‍.ആര്‍. ടോല്‍ക്കിയന്റെ നോവലുകളും ഡ്യൂണ്‍ പോലെയുള്ള സയന്‍സ് ഫിക്ഷനും അതില്‍പ്പെടുന്നു. എന്റെ ജീവിതത്തെയും ഭാവനയെയും ഏറ്റവും സമൃദ്ധമാക്കിയ വായനാമേഖലകളില്‍ ഒന്നാണത്. ഫാന്റസി എഴുതാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, എളുപ്പമല്ല. കഷ്ടിച്ച് സ്പര്‍ശിച്ചു കടന്നു പോയിട്ടേയുള്ളൂ. മലയാളത്തില്‍ ഫാന്റസിയുടെ പാരമ്പര്യം കുടികൊള്ളുന്നത് കാല്പനിക പദാവലികളിലാണ്. അതിനെ മറികടക്കുക എന്ന ശ്രമകരമായ ജോലി കൂടി ഫാന്റസി എഴുത്തിലുണ്ട്. പൈശാചിക ഗൂഢപശ്ചാത്തലങ്ങള്‍ സൃഷ്ടിക്കുന്ന ഫാന്റസി എനിക്കൊരു സ്വപ്നമാണ്. ഒരുപക്ഷേ, എന്റെ ഒന്നോ രണ്ടോ കഥകളില്‍ അതുണ്ട്. മലയാളത്തില്‍ അത്തരം എഴുത്ത് വായിച്ചതായി എനിക്ക് ഓര്‍മയില്ല -ഒരു പക്ഷേ ബഷീറിന്റെ 'നീലവെളിച്ചം' ഒഴിച്ചാല്‍. 'ഡ്രാക്കുള' പോലെയൊരു നോവല്‍ നമുക്കില്ല -അതൊരു കുറവാണെന്നല്ല. ലോക സാഹിത്യത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച നിഗൂഢപ്രമേയമുള്ള കൃതി ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ 'ഡ്യൂണ്‍' പരമ്പരയിലെ ആറു ഗ്രന്ഥമാണ്.

ക്രിസ്മസ് പ്രമേയമുള്ള, ക്രിസ്തു പ്രമേയമായ അങ്ങേക്ക് ഇഷ്ടപ്പെട്ട ലോകത്തെ ഏറ്റവും മികച്ച കൃതികളിലൊന്ന് ഏതാണ്?

യേശു പ്രമേയമായുള്ള എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതി ഖലീല്‍ ജിബ്രാന്റെ Jesus, The Son Of Man (മനുഷ്യപുത്രനായ യേശു) എന്ന കൃതിയാണ്. എന്റെ യേശു സമീപനത്തിന് പുതിയ ഒരു ദിശ കാണിച്ചുതന്നതും ആ പുസ്തകമാണ്.

യേശുവിനൊപ്പം ഇരിക്കുമ്പോള്‍ സ്ത്രീകള്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. സക്കറിയയുടെ യേശു കഥകളിലെല്ലാം കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആ അന്തരീക്ഷം ഫീല്‍ ചെയ്യാന്‍ കഴിയും. ഒരു പുരുഷനൊപ്പം ഇരിക്കുന്ന സ്ത്രീകള്‍ കംഫര്‍ട്ടബിള്‍ ആവുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. കഥകളില്‍ അത്തരത്തിലുള്ള അന്തരീക്ഷം അങ്ങ് ബോധപൂര്‍വ്വം സൃഷ്ടിക്കുകയായിരുന്നോ?

മനപ്പൂര്‍വ്വം സൃഷ്ടിച്ചതല്ല. സുവിശേഷങ്ങളില്‍ നാം വായിക്കുന്ന യേശുവിന്റെ സ്ത്രീകളുമായുള്ള ഇടപെടലുകളില്‍ സ്ത്രീകള്‍ ആയാസരഹിതമായാണ് യേശുവിനോട് പെരുമാറുന്നത. ഞാന്‍ ആ തിരിച്ചറിവ് കഥകളില്‍ കൊണ്ടുവന്നതേയുള്ളൂ. ഇതിന് സുവിശേഷങ്ങളില്‍ നിന്നെടുക്കാവുന്ന ഉദാഹരണങ്ങള്‍ അനവധിയാണ്.

ബൈബിള്‍ മലയാളത്തിലേക്ക് വരുന്നത് പരിഭാഷ എന്ന നിലയില്‍ക്കൂടിയാണ്. ലോകസാഹിത്യത്തില്‍ ഏറ്റവുമധികം പരിഭാഷകള്‍ വന്നിട്ടുള്ള കൃതിയാണ് ബൈബിള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അച്ചടിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന് ബൈബിളാണ്. മതം എന്നുള്ള കോണ്ടസ്റ്റില്‍ മാത്രമല്ലാതെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ഒരു കൃതിയിലെ പുരുഷ നായക കഥാപാത്രം എന്നുള്ള രീതിയില്‍ യേശുവിനെ അങ്ങ് എങ്ങനെയാണ് നോക്കിക്കാണുന്നത്? ബൈബിളിന്റെ പരിഭാഷകള്‍ ലോകസാഹിത്യത്തില്‍ സൃഷ്ടിച്ചിട്ടുള്ള ഒരു എജുക്കേഷന്‍ ഉണ്ട്, ഒരു റിലീജിയസ് കണ്‍സെപ്റ്റ് ഉണ്ട്. കേരളത്തിന്റെ കോണ്ടസ്റ്റില്‍ അതിനെ എങ്ങനെയാണ് അങ്ങ് നോക്കിക്കാണുന്നത്? ബൈബിളിന്റെ ഇങ്ങോട്ടുള്ള കടന്നുവരവ്, അത് സാധ്യമാക്കിയിട്ടുള്ള സുവിശേഷം അടക്കമുള്ള പല അന്തരീക്ഷങ്ങള്‍ ഉണ്ടല്ലോ. അതിനെ എങ്ങനെയാണങ്ങ് നോക്കിക്കാണുന്നത്? കേരളത്തില്‍ മിഷണറിമാരുടെ വരവോടെയാണ് കീഴാള സമൂഹത്തില്‍ വിദ്യാഭ്യാസം സജീവമാകുന്നത്. പക്ഷേ, സവര്‍ണ ക്രിസ്ത്യാനിയല്ലാത്തവര്‍ക്ക് കീഴാള പള്ളികള്‍ രൂപപ്പെടുന്നുമുണ്ട്. പെന്തക്കോസ്ത് അടക്കമുള്ള സംഘടനകളുടെ വരവോടെയാണ് ബൈബിള്‍ എന്ന കൃതിയുടെ ടെക്സ്റ്റ് ദളിതരടക്കമുള്ള സാധാരണക്കാരില്‍ കൂടുതല്‍ ലഭ്യമാകുന്നത്. ലോക സാഹിത്യത്തിന്റെയും മലയാളസാഹിത്യത്തിന്റെയും ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ബൈബിളിന് കഴിഞ്ഞിട്ടുണ്ട്. ലോക ചലച്ചിത്രത്തിലും നാടകത്തിലും ഒരുപോലെ ഇത്രയും ഇംപാക്ട് ഉണ്ടാക്കിയിട്ടുള്ള മറ്റൊരു കൃതിയില്ല. ബൈബിള്‍ അങ്ങയില്‍ ചെലുത്തിയ സ്വാധീനം? മലയാള സാഹിത്യത്തില്‍ സവര്‍ണാന്തരീക്ഷമില്ലാത്ത ക്രിസ്ത്യന്‍ രചനകള്‍ മറ്റ് ക്രിസ്ത്യന്‍ പശ്ചാത്തലമുള്ള രചനകളേക്കാള്‍ ശ്രദ്ധ ലഭിക്കാതെ പോയിട്ടില്ലേ?

സുവിശേഷങ്ങള്‍ എഴുതിയ നാല് ജീവചരിത്രകാരന്മാര്‍ (അവര്‍ ആരായിരുന്നു എന്ന് ഇന്നും വ്യക്തമല്ല.) സൃഷ്ടിച്ച സ്വരൂപമാണ് ഏതാണ്ട് 1900 ഓളം വര്‍ഷങ്ങളായി ലോകമറിയുന്ന യേശു. അവയില്‍ സത്യവും അര്‍ദ്ധസത്യവും നിര്‍മ്മിത കഥകളുമുണ്ട്. എന്നാല്‍ ഏതാണ്ട് ഇതുപോലെയൊരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നു എന്ന് അവ നമ്മെ ബോധ്യപ്പെടുത്തുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ആ സ്വരൂപത്തിന് ചുറ്റുമാണ് റോമാസാമ്രാജ്യ മതമായിത്തീര്‍ന്ന വ്യവസ്ഥാപിത യേശുവിശ്വാസം ഉണ്ടായി വന്നത്. റോമാസാമ്രാജ്യത്തിന്റെ ദൈവം എന്ന പദവി സൃഷ്ടിച്ച അതിമാനുഷ പ്രതിച്ഛായയും സഭയ്ക്ക് ലഭിച്ച അധികാരവും സമ്പത്തും രാജകീയതയും ഒപ്പം ലോകം അതുവരെ കണ്ടിട്ടില്ലാത്ത മഹാകലാസൃഷ്ടികളുടെ ഒരു പ്രപഞ്ചവുമാണ് യേശുവിനെ ഇതിഹാസ നായകനാക്കിയത്. അതായിരുന്നു വിശ്വാസികള്‍ക്ക് വേണ്ടത്. മതത്തിനു പുറത്ത് ബൈബിളിനെ ആസ്വദിക്കുന്നവരും യേശുവിനെ താല്പര്യപ്പെടുന്നവരും സൂക്ഷ്മ ന്യൂനപക്ഷങ്ങളാണ്. ബൈബിളിന്റെ മലയാള പരിഭാഷ മത പരിസരങ്ങളിലാണ് കൂടുതല്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ചരിത്രപരമായി സാര്‍വലൗകിക സ്വഭാവമുള്ള മലയാള സാഹിത്യത്തിലും അതിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും മിഷണറിമാര്‍ മതപരിവര്‍ത്തനത്തിന്റെ അടിസ്ഥാന പുസ്തകമായി ഉപയോഗിച്ചത് ബൈബിളിനെയാണ്. അങ്ങനെ കീഴാളരിലേക്കാണ് ബൈബിള്‍ ആദ്യമെത്തിയത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

പൊയ്കയില്‍ യോഹന്നാനെ പോലെയുള്ളളവര്‍ ബൈബിളിനെയാണ് അധഃസ്ഥിതരുടെ പ്രത്യയശാസ്ത്ര പുസ്തകമായി ഉപയോഗിച്ചത്. ബൈബിളിനെ ഒരു സാഹിത്യ ഗ്രന്ഥമായി കാണാനുള്ള സാധ്യതയാണ് ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍ ഉണ്ടായ ബൈബിളിന്റെ മതേതര വിവര്‍ത്തനം തേടിയത്. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും അതിശക്തമായിരുന്ന ജാതിവ്യവസ്ഥയെ മറികടക്കാനായാണ് മിഷണറിമാര്‍ കീഴാളപ്പള്ളികള്‍ രൂപീകരിച്ചത് എന്ന എന്റെ ധാരണ ശരിയോ എന്ന് അറിഞ്ഞുകൂടാ. ഇന്ന് അവ പരസ്യമായി നിലവിലുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ശക്തവും അദൃശ്യവുമായ സവര്‍ണ്ണ-അവര്‍ണ്ണ ചിന്ത കേരള ക്രൈസ്തവരില്‍ രൂഢമൂലമാണ്. മിഷണറിമാരെ പോലെ തന്നെ പെന്തക്കോസ്ത് സഭകളും ബൈബിള്‍ ദളിതരടക്കമുള്ള സാധാരണക്കാരില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അതൊരു പുരോഗമനാത്മകമായ സാമൂഹിക പരിഷ്‌കരണത്തിലേക്ക് നയിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു മതഗ്രന്ഥം എന്ന നിലയില്‍ ബൈബിള്‍ എന്നെ സ്വാധീനിച്ചിട്ടില്ല. എന്നാല്‍ അതിന്റെ ഭാഷയും കഥാകഥന ശൈലികളും സ്വാധീനിച്ചു. യേശു എന്ന മനുഷ്യന്‍ എന്നെ ആകര്‍ഷിച്ചു. സവര്‍ണ്ണാന്തരീക്ഷമില്ലാത്ത ക്രിസ്ത്യന്‍ രചനകള്‍ക്ക് അപ്പേരിലാണോ ശ്രദ്ധ ലഭിക്കാതെ പോയത് അതോ അതതു സമയത്തെ സാഹിത്യാഭിരുചികളില്‍ അവ പങ്കുചേരാതിരുന്നതിലാണോ എന്ന് സംശയിക്കണം.

യേശുവും ഇടതുപക്ഷവും ലാറ്റിന്‍ അമേരിക്കന്‍ സമൂഹങ്ങളിലടക്കം ഇപ്പോള്‍ കമ്മ്യൂണിക്കേറ്റ് ചെയ്തു പോകുന്നുണ്ടോ? വ്യവസ്ഥാപിതമായിട്ടുള്ള സഭാ അധികാരങ്ങള്‍ക്ക് എതിരായി ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമടക്കം ലോകരാജ്യങ്ങളില്‍ തന്നെ പല മേഖലകളിലും വിമോചന ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട വ്യത്യസ്ത മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിനകത്തും അത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. അതിന്റെ ഇനിയുള്ള സാധ്യതകളെ എങ്ങനെ നോക്കി കാണുന്നു?

യേശുവിനോ വിമോചന ദൈവശാസ്ത്ര പ്രസ്ഥാനത്തിനോ നിലവിലുള്ളള ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ രാഷ്ട്രീയ സംവിധാനങ്ങളില്‍ എവിടെയും ഒരു മാറ്റവും വരുത്താന്‍ കഴിഞ്ഞിട്ടില്ല. സ്വേച്ഛാധിപത്യങ്ങള്‍ക്ക് ഇന്ന് പ്രത്യയശാസ്ത്രങ്ങളില്ല. യൂറോപ്പിലും മറ്റും ക്രിസ്തുമതം അതിന്റെ തന്നെ നാശം വിളിച്ചു വരുത്തി. കേരളത്തിലും അതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിമോചന ദൈവശാസ്ത്രം അതിന്റെ എല്ലാ നന്മകളോടുംകൂടി ഒരു ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലുമായിരുന്നില്ല.

സഭ അംഗീകരിച്ചിട്ടുള്ള, 'ക്രിസ്തുവില്‍ മനുഷ്യ പ്രകൃതി ദൈവ പ്രകൃതിയില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു.' എന്ന ഏക പ്രകൃതിവാദവും സഭ തള്ളിക്കളഞ്ഞ 'ക്രിസ്തുവില്‍ ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും വേറിട്ടു നില്‍ക്കുന്നു' എന്ന നെസ്‌തോറിയന്‍ വാദവും കടന്ന് മനുഷ്യപ്രകൃതി മാത്രമുള്ള ക്രിസ്തുവിനെയാണ് സാറിന്റെ കഥകളില്‍ കൂടുതല്‍ കാണാന്‍ കഴിയുന്നത്.' കണ്ണാടി കാണ്‍മോളവും'എന്ന കഥയിലെ മുപ്പതു വയസ്സു കഴിഞ്ഞ, കണ്ണാടി നോക്കാന്‍ ഭയപ്പെടുന്ന യേശുവും 'യേശുവിന്റെ ചില ദിവസങ്ങള്‍ 'എന്ന കഥയിലെ പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന യേശുവും അതിന് ചില ഉദാഹരണങ്ങളാണ്. മനുഷ്യനായ യേശുവിനോട് കൂടുതല്‍ താല്‍പ്പര്യം തോന്നാനുള്ള കാരണമെന്താണ്?

സുവിശേഷങ്ങളില്‍ നാം വായിക്കുന്ന യേശുവിനെപറ്റി മറ്റൊരു രേഖയുമില്ല. യേശു എന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ കെട്ടുറപ്പുള്ള ജീവിതംകൊണ്ടും മനുഷ്യ സ്‌നേഹ പ്രേരിതമായ സന്ദേശങ്ങള്‍ കൊണ്ടുമാണ്. സുവിശേഷങ്ങളില്‍ വിവരിക്കുന്ന ആ ഒരു മനുഷ്യനല്ലാതെ മറ്റൊരു യേശുവില്ല. ഉണ്ട് -ക്രിസ്തുമതത്തിന്റെ ബ്രാന്‍ഡ് നെയിം ആയ നിര്‍മ്മിത യേശു. അതില്‍ വിശ്വാസികള്‍ക്കൊഴികെ സാമാന്യബുദ്ധിയുള്ള ആര്‍ക്കും താല്പര്യമുണ്ടാകാന്‍ സാധ്യതയില്ല.

'ആര്‍ക്കറിയാം' എന്ന കഥ വായിച്ച കാലം മുതല്‍ ഇങ്ങോട്ട് ഓരോ ക്രിസ്തുമസ് കാലത്തും 'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.' എന്ന മാലാഖയുടെ അറിയിപ്പിനൊപ്പം 'ഇത്രായിരം കുഞ്ഞുങ്ങളുടെ ചോരയിലൂടെയാണോ രക്ഷകന്‍ വരുന്നത്? എന്ന പട്ടാളക്കാരന്റെ ചോദ്യവും 'ആ കുഞ്ഞ് ഈ ചോരക്കെല്ലാം എങ്ങനെ കടം വീട്ടുമെന്ന'വേശ്യാ സ്ത്രീയുടെ ചോദ്യവും ഉള്ളില്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. 'ആര്‍ക്കറിയാം' എന്ന കഥയുടെ എഴുത്തനുഭവം പങ്കു വെയ്ക്കാമോ?

മറ്റേത് കഥയും പോലെ ഉണ്ടായി വന്നതാണ് 'ആര്‍ക്കറിയാം'. മത്തായിയുടെ സുവിശേഷത്തില്‍ യേശുവിന്റെ പിറവിക്കഥയോടനുബന്ധിച്ച് നല്‍കിയിരിക്കുന്ന ശിശു വധക്കഥയാണ് ഇവിടെയൊരു കഥയുണ്ട് എന്ന് എന്നെ ചിന്തിപ്പിച്ചത്. പിന്നെ അത് ഏതു കഥയ്ക്കും നല്‍കുന്ന ശ്രദ്ധയും പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് എഴുതി.

ആചാരങ്ങളിലും മതാത്മകമായ പാരമ്പര്യ വിശ്വാസങ്ങളുടെ ചട്ടക്കൂടിനുള്ളിലും സുരക്ഷിതത്വം കണ്ടെത്തി അവിടെ ചുമ്മാ ചടഞ്ഞുകൂടി കിടക്കാന്‍ ഇഷ്ടപ്പെടുന്ന വിശ്വാസികളുടെ തലയ്ക്കിട്ട് കൊടുത്ത ഒരു കൊട്ടാണ്,'ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും' എന്ന കഥ. ചിരിയും ചിന്തയും ആവോളം പകരുന്ന കഥയിലെ മാത്തുകുട്ടിയേയും വിശുദ്ധന്റെ പദവിയില്‍ നിന്നും നീക്കം ചെയ്തിട്ടും വിശുദ്ധനായി തുടരുന്ന ഗീവറുഗീസ് പുണ്യാളനേയും ഇക്കാലത്തും അതേ ഉഷാറോടെ നമ്മുടെ ചുറ്റുവട്ടത്തും വിശ്വാസമുഖത്തും കാണാന്‍ സാധിക്കും. എന്തുകൊണ്ടാണ് മനുഷ്യരുടെ ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് പുതുക്കം വെയ്ക്കാത്തത്?

മതപരവും ജാതിപരവുമായ സങ്കുചിതത്വവും അന്ധവിശ്വാസവും മതഭ്രാന്തും ഇന്ത്യയില്‍ ഒട്ടനവധി ആളുകള്‍ പങ്കുവെക്കുന്ന മനോവൈകൃതങ്ങളാണ്. മലയാളികളുടെ കാര്യവും അങ്ങനെ തന്നെ. നവോത്ഥാനം തകര്‍ന്നതോടെയും ഇന്ത്യയില്‍ മതമൗലികവാദ ശക്തികള്‍ അധികാരം നേടിയതോടെയും കേരളം അതിന് കൂടുതല്‍ അടിമപ്പെട്ടു. കേരളത്തിലെ മൂന്നു മതങ്ങളിലും പുരോഗമനാത്മകമായ ഒരു പുതുക്കല്‍ ഇനി അസാധ്യമാണ് എന്ന് ഞാന്‍ കരുതുന്നു. കാരണം മാധ്യമങ്ങളും ഭരണകൂടങ്ങളും അനവധി ബുദ്ധിജീവികളുമടക്കമുള്ള ശക്തികള്‍ പ്രതിലോമകാരികള്‍ക്കൊപ്പമാണ്. കത്തോലിക്കാ സഭ ധാര്‍മ്മികമായ തകര്‍ച്ചകളിലേക്കും പിളര്‍പ്പുകളിലേക്കും കൂപ്പുകുത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

Content Highlights: zacharia, writer, paul zacharia, interview, christmas special, mathrubhumi newspaper


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented