'ജാതിതിരിച്ചാണ് ചരിത്രപഠനംപോലും ഇവിടെ നടക്കുന്നത്'; കവിയായ നാരായണഗുരുവിനെ അറിയാത്ത മലയാളികൾ


കെ.കെ അജിത് കുമാര്‍

വിനയചൈതന്യ | ഫോട്ടോ: പി.പി. ബിനോജ്

കവിയായ ശ്രീനാരായണഗുരുവിനെ മലയാളികളില്‍ എത്രപേര്‍ക്ക് പരിചയമുണ്ട്? അദ്ദേഹത്തിന്റെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ഈ ചോദ്യംകൂടി ഉയരേണ്ടതുണ്ട്. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളുടെ പ്രചാരണത്തിനായി നാരായണഗുരുകുലം സ്ഥാപിച്ച നടരാജഗുരുവിന്റെ ശിഷ്യനായ വിനയചൈതന്യയാണ് ഗുരുവിന്റെ കവിതകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിലെ കവിതകളാണ് A Cry in the Wilderness എന്നപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുരുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെക്കുറിച്ചും കേരളത്തിന്റെ ചില ശീലക്കേടുകളെക്കുറിച്ചും വിനയചൈതന്യ സംസാരിക്കുന്നു...

നാരായണഗുരുവിന്റെ രചനകളുടെ മൊഴിമാറ്റത്തിലേക്കെത്തിയതെങ്ങനെ?നടരാജഗുരുവിന്റെ ഗുരു എന്ന നിലയിലാണ് നാരായണഗുരുവിനെ ആഴത്തില്‍ പരിചയമായത്. കേരളത്തില്‍ ജനിച്ചുവളരുന്ന ആര്‍ക്കുമെന്നപോലെ ചുമരെഴുത്തുകളിലൂടെ നേരത്തേ പരിചയമുണ്ടായിരുന്നു. എങ്കിലും ദാര്‍ശനികനായ ഗുരുവിനെ അടുത്തറിഞ്ഞത് നടരാജഗുരുവിലൂടെയാണ്. ഇംഗ്ലീഷ് വിവര്‍ത്തനം 35 കൊല്ലംമുമ്പ് തുടങ്ങിയതാണ്. നടരാജഗുരുവിന്റെ നിര്‍ദേശമനുസരിച്ചാണത്. ഇംഗ്ലീഷില്‍ കവിതയെഴുതാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതറിഞ്ഞാണ് ഗുരുവിന്റെ കൃതികള്‍ ഇംഗ്ലീഷിലേക്ക് ആക്കണമെന്ന് നടരാജഗുരു നിര്‍ദേശിച്ചത്.

വിവര്‍ത്തനാനുഭവം എങ്ങനെയായിരുന്നു...?

വ്യക്തിപരമായി വലിയ അറിവിന്റെ അനുഭവമായിരുന്നു. എന്നാല്‍, പരിഭാഷയ്ക്കുള്ള ശ്രമം പലപ്പോഴും വളരെയധികം സ്വയം നിരാശപ്പെടുത്തുന്നതായിരുന്നു. കാരണം, ആ കാവ്യഭംഗി വിവര്‍ത്തനത്തിന് വഴങ്ങാതെ വരുകയാണ്. അതിലാണ് നിരാശനായിപ്പോകുന്നത്. എന്നാലും സാരാംശംചോരാതെ തര്‍ജമയ്ക്ക് ശ്രമിച്ചു. ഏതാണ്ട് വിജയിച്ചുവെന്നാണ് പണ്ഡിതന്മാരുടെ പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. 'ആത്മവിലാസം' എന്ന കൃതിക്ക് 'ലൂമിനസ് പ്ലേ ഓഫ് സെല്‍ഫ്' എന്ന് വിവര്‍ത്തനം ചെയ്തതിനെക്കുറിച്ച് കെ.ജി.എസ്. വിളിച്ച് നന്നായി എന്നഭിപ്രായംപറഞ്ഞത് വലിയ സന്തോഷമായി.

കേരളത്തിലാണ് ജനിച്ചതെങ്കിലും കേരളത്തിനു പുറത്തായിരുന്നല്ലോ കൂടുതല്‍ക്കാലം. അവിടെനിന്ന് ഇങ്ങോട്ടുനോക്കുമ്പോള്‍ എന്താണ് തോന്നിയത്?

1971ല്‍ ആലുവ യു.സി. കോളേജില്‍ ബിരുദവിദ്യാര്‍ഥിയായിരുന്ന കാലത്താണ് നടരാജഗുരുവിനെ കാണാന്‍ ഏഴിമലയിലെ ഗുരുകുലത്തിലേക്ക് ആദ്യമായി പോകുന്നത്. 2009ല്‍ ഗുരുകുലം വിട്ടു. നാരായണഗുരുകുലത്തില്‍ വിദ്യാര്‍ഥിയും അധ്യാപകനുമായി പ്രവര്‍ത്തിച്ചു. ബെംഗളൂരുവിലെ നാരായണഗുരുകുലത്തിന്റെ ചുമതലക്കാരനായിരുന്നു 38 കൊല്ലം. ഗുരുപരമ്പരകള്‍ ഭാരതസംസ്‌കാരത്തിന്റെ ഭാഗമാണെങ്കിലും ആ സംസ്‌കാരം എങ്ങനെയോ കേരളത്തിലില്ലാതെ പോയെന്നത് നന്നായി തിരിച്ചറിയുന്നത് കര്‍ണാടകത്തില്‍ ജീവിക്കുമ്പോളാണ്. കേരളീയര്‍ക്ക് സന്ന്യാസികളെ ഇഷ്ടമല്ലാത്തതെന്തുകൊണ്ടാവാമെന്ന് നടരാജഗുരു ചോദിക്കാറുണ്ടായിരുന്നു. തമാശയായി ഒരുത്തരവും അദ്ദേഹം പറയുമായിരുന്നു: രാവണന്‍ സന്ന്യാസിവേഷത്തില്‍ വന്ന് സീതയെ കട്ടുകൊണ്ടുപോയതിനാലാവാം എന്ന്. കേരളത്തില്‍ ജ്ഞാനികള്‍ അംഗീകരിക്കപ്പെടുന്നില്ലെന്ന് കര്‍ണാടകത്തില്‍ ജീവിക്കുമ്പോള്‍ വളരെ വ്യക്തമായി. അവിടെ ഗുരുക്കന്മാരെ അംഗീകരിക്കുന്നുണ്ട്. ജാതിനോക്കി ഗുരുക്കന്മാരെ വേര്‍തിരിക്കലും അവിടെയില്ല. ഗുരുക്കന്മാര്‍ ഇതിനൊക്കെ അതീതരാണെന്ന ബോധം സാമാന്യജനങ്ങള്‍ക്കുമുണ്ട്. കേരളത്തില്‍ നാരായണഗുരുവും ചട്ടമ്പിസ്വാമികളും സമശീര്‍ഷരായ ഗുരുക്കന്മാരാണ്. രണ്ടുപേരെയും നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. നാരായണഗുരുവിന്റെ പേരില്‍ എന്തെങ്കിലുമൊക്കെ നടക്കുന്നുണ്ടെന്ന് വിചാരിക്കാം. ചട്ടമ്പിസ്വാമികളുടെ കാര്യത്തില്‍ അതുമില്ല. കേരളചരിത്രത്തെക്കുറിച്ചൊക്കെ സ്വാമി തുടങ്ങിവെച്ച പഠനത്തിന്റെ തുടര്‍ച്ചകള്‍ ഇനിയും ഉണ്ടാവേണ്ടതായാണിരിക്കുന്നത്. ജാതിതിരിച്ചാണ് ചരിത്രപഠനംപോലും ഇവിടെ നടക്കുന്നത്. ഇതിനെക്കുറിച്ചൊക്കെ പുറത്തുനിന്നുള്ളൊരു കാഴ്ച കിട്ടിയത് കര്‍ണാടകത്തില്‍ ജീവിക്കുമ്പോഴാണ്. അവിടെയായിരുന്നുവെങ്കില്‍ ഗുരുവിന് ലഭിക്കുമായിരുന്ന അംഗീകാരത്തിന്റെ തലം മറ്റൊന്നായേനേയെന്ന ബോധ്യമെനിക്കുണ്ടായി. അങ്ങനെയാണ് ഗുരുവിനെ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയത്.

കേരളത്തില്‍ ചോദിക്കാനും പറയാനും ആളുകളുണ്ട്; ചോദിക്കുന്നത് കേള്‍ക്കാന്‍ ആളില്ല. അതാണ് പ്രശ്‌നം. കഴിഞ്ഞ 12 കൊല്ലമായി ഗോവയിലാണ് ഞാന്‍ താമസിക്കുന്നത്. ധാരാളം മദ്യമുള്ള, മിക്കവരും കുറച്ചെങ്കിലും മദ്യപിക്കുന്നവരുള്ള സ്ഥലം. എന്നാല്‍, അവിടെ മദ്യപിച്ച് വഴക്കോ അടികൂടലോ കാണാറില്ല. കേരളത്തിലോ? പുറമേ മാന്യന്മാരായി കാണപ്പെടുന്നവര്‍പോലും മദ്യം കഴിച്ച് വീടുകളില്‍പോയാല്‍ ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നു. എന്താണിതിന് കാരണം? അവിടെ ആളുകള്‍ നൃത്തംചെയ്യും. വൈകാരികാവിഷ്‌കാരത്തിനും പ്രതികരണത്തിനും അത്തരത്തില്‍ പലതരം രീതികളുണ്ട്. ഇവിടെ ആകെ പ്രതികരണം അക്രമമായിപ്പോയി. ശാരീരികാക്രമണവും വാക്കിനാലുള്ള ആക്രമണവുമുണ്ട്. അധികവും വാക്കാലുള്ള ആക്രമണംതന്നെ. കേരളീയരുടെ ഈ സ്വഭാവരീതി ശ്രീനാരായണഗുരുവിനെ ഉദാഹരിച്ചുതന്നെ നടരാജഗുരു വിശദീകരിക്കാറുണ്ട്. വളരെയേറെ സരസനായിരുന്ന നാരായണഗുരു എന്തുകൊണ്ടാണ് എല്ലാ ചിത്രങ്ങളിലും സീരിയസായിരിക്കുന്നത് എന്ന ചോദ്യത്തിന്, എല്ലാം കേരളത്തിലെടുത്തതാണല്ലോ എന്നാണ് നടരാജഗുരു നല്‍കാറുള്ള മറുപടി. തമിഴ്‌നാട്ടിലേക്കു കടന്നാല്‍ നാരായണഗുരുവിന്റെ ഈ ഗൗരവപ്രകൃതം താനേ ഇല്ലാതാവാറുണ്ടെന്നും അദ്ദേഹം പറയാറുണ്ട്.

കേരളീയര്‍ക്ക് ഇപ്പോള്‍ ഊര്‍ജം ചെലവിടാന്‍ ഒരുമാര്‍ഗവുമില്ല. പണ്ട് കൃഷിയുണ്ടായിരുന്നു. ആളുകള്‍ കിളയ്ക്കാറുണ്ടായിരുന്നു, നടന്നുപോകാറുണ്ടായിരുന്നു. അതൊക്കെ ഇല്ലാതായി. സാക്ഷരതയുടെ പേരിലുണ്ടായ മിഥ്യാഭിമാനമാണ് മറ്റൊരുപ്രശ്‌നം. ദിനപത്രം വായിക്കുന്നതിനുള്ള കഴിവിനെക്കുറിച്ചാണ് ഈ അഹങ്കരിക്കുന്നത്. അഭ്യസ്തവിദ്യരാണെന്നാണ് പറയുന്നത്. വാസ്തവത്തില്‍ അഭ്യസ്തവിദ്യരല്ല, ബ്രെയിന്‍ വാഷ്ഡാണ് നമ്മള്‍. ബാഹ്യമായതിന് കൂടുതല്‍ ശ്രദ്ധകൊടുക്കുന്നു, അതുകൊണ്ടുതന്നെ അതിനാനുപാതികമായി ആന്തരികമായതില്‍ ശ്രദ്ധകുറയുകയും ചെയ്യുന്നു.

നവോത്ഥാനനായകന്‍, ഹിന്ദുസന്ന്യാസി എന്നിങ്ങനെ പലമട്ടില്‍ ഗുരുവിനെ കൊണ്ടാടുന്നുണ്ട് ഇപ്പോള്‍...?

ജാതിമതഭേദം വിട്ടിരുന്ന ആളാണ് ഗുരു. അദ്ദേഹമത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജാതിഭേദം വിടണമെന്ന് പറയുമ്പോള്‍ത്തന്നെ നമ്മള്‍ ഹിന്ദുക്കളാണെന്നും പറയുന്നത് നടക്കില്ല. ഗുരുവിന് അത് വ്യക്തമായി അറിയാമായിരുന്നു. രണ്ടും ഒരുമിച്ചുതന്നെ വിടേണ്ടതാണ്. ജാതിമതഭേദമാണ് വിടേണ്ടത്. അതിനുകഴിയുന്നില്ല. സന്ന്യാസി ഹൈന്ദവനല്ല. പൂര്‍വാശ്രമത്തില്‍ ആയിരിക്കാം. സന്ന്യാസി എല്ലാം ന്യസിച്ചവനാണല്ലോ. പൂര്‍വാശ്രമത്തിലെ മതങ്ങള്‍ പിടിച്ചുനില്‍ക്കുകയാണ്. അതുകൊണ്ടാണ് കുഴപ്പങ്ങള്‍ വരുന്നത്. തിരുത്തേണ്ടത് ആചാര്യന്മാര്‍ ചെയ്യേണ്ടതാണ്. അതുണ്ടാവുന്നില്ല. ഇതൊക്കെ പലപ്പോഴും ശീലമായിപ്പോകും. ദക്ഷിണ, പൂജകള്‍, ആളുകളുടെ നമസ്‌കാരം നല്ല സുഖമാണ്. ആരാണ് ആ സുഖം വേണ്ടെന്നുവെക്കുക? എന്നാല്‍, പോന്നോട്ടെ എന്നുവിചാരിക്കും. ചെറിയചെറിയ ഒത്തുതീര്‍പ്പുകളായാണ് തുടങ്ങുക. പക്ഷേ, അതുപിന്നെ പിടിച്ചാല്‍ കിട്ടാത്ത നിലയിലാവുന്നു. നവോത്ഥാനം, പരിഷ്‌കര്‍ത്താവ് എന്നൊക്കെപറഞ്ഞ് ഗുരുവിനെ കൂട്ടിലടച്ചുവെന്നതാണ് മറ്റൊരുപ്രശ്‌നം. ഗുരു ആണെങ്കില്‍ ശിഷ്യരാവണം നമ്മള്‍. അനുസരിക്കേണ്ടിവരും. ശിക്ഷണത്തിന് വിധേയരാണ്. ഭക്തരാണെങ്കില്‍ പൂജിച്ചാല്‍മതി. മാലയിട്ട് മണിയടിച്ച് കഴിയാം. അത് എളുപ്പമാണല്ലോ. എത്രയോ ദൈവങ്ങളുണ്ട്, അക്കൂട്ടത്തില്‍ ഇരിക്കട്ടെ ഒരു ഗുരുദൈവവും എന്നമട്ട്.

കവി എന്നനിലയില്‍ നാരായണഗുരുവിനെ എത്രമാത്രം അറിഞ്ഞിട്ടുണ്ട് മലയാളികള്‍?

അറിയുന്നതേയില്ലല്ലോ. കവിത്രയം നോക്കൂ. ഓരോന്ന് പതിച്ചുകൊടുക്കുകയാണ് ചെയ്തത്. പട്ടന്മാര്‍ക്ക് ഒരു കവി, നായന്മാര്‍ക്ക് മറ്റൊരു കവി, ഈഴവന്മാര്‍ക്കായി ആശാന്‍ അങ്ങനെയാണ് ഇവിടത്തെ രീതി. കാളിദാസനെയൊക്കെയാണ് മഹാകവിയെന്ന് നമ്മള്‍ പറയുന്നത്. അങ്ങനെയൊരു കാവ്യപാരമ്പര്യത്തെക്കുറിച്ച് നടരാജഗുരു പഠിപ്പിച്ചിട്ടുണ്ട്. വ്യാസന്‍, കാളിദാസന്‍, ശങ്കരന്‍, നാരായണഗുരു എന്നിങ്ങനെയുള്ളൊരു പരമാര്‍ഥവേദാന്തത്തിന്റെ തുടര്‍ച്ചയാണത്. ഒരു ശങ്കരാചാര്യര്‍ക്കുശേഷം അടുത്ത ശങ്കരാചാര്യര്‍, അല്ലെങ്കില്‍ ഒരു പോപ്പിനുശേഷം അടുത്തപോപ്പ് എന്നിങ്ങനെയുള്ള പരമ്പരയല്ലയത്. നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ സംഭവിക്കുന്ന ദര്‍ശനത്തിന്റെ തുടര്‍ച്ചയിലുള്ള മഹാകവിയാണ് ഗുരു. അതേക്കുറിച്ചൊന്നും വേണ്ടത്ര പഠനങ്ങള്‍ ഉണ്ടായിട്ടില്ല.

ഗുരുദര്‍ശനങ്ങള്‍ കേരളത്തിനുപുറത്ത് എത്രത്തോളം എത്തിയിട്ടുണ്ട്?

കേരളത്തിനുപുറത്ത് പലേടത്തും ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. മുംബൈ യൂണിവേഴ്‌സിറ്റി ജാതിയുടെ സന്ദര്‍ഭത്തില്‍ അംബേദ്കറും ജ്യോതിറാവു ഫുലേയും നാരായണഗുരുവും സമീപിച്ചതിലെ വ്യത്യസ്തതകളെക്കുറിച്ച് പഠിപ്പിക്കുന്നു. എന്റെ വിവര്‍ത്തനം ഇറങ്ങിയശേഷം അതുകൂടുതല്‍ ഉപകാരപ്രദമായെന്ന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു പ്രൊഫസര്‍ പറയുകയുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് ഗുരുവിന്റെ ദര്‍ശനത്തിന്റെ വ്യത്യസ്തത കൂടുതല്‍ വ്യക്തമായി. ജാതിവിവേചനത്തിന്റെ തീവ്രത അനുഭവിച്ചയാളായിട്ടല്ല, അതിനെ അതിജീവിച്ചയാളായിട്ടാണ് ഗുരു ഇതിനെ സമീപിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും പലേടത്തും പഠിപ്പിക്കുന്നു. ഗുരു എഴുതിയിട്ടുണ്ടെന്ന് അറിയാതെതന്നെ അവരുടെ സിലബസില്‍ ഇത്തരം ചിന്തകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യൂറോപ്പില്‍ ചിലേടത്ത് ക്ലാസെടുത്തപ്പോള്‍ പലരും ആശ്ചര്യപ്പെട്ടു. എങ്ങനെയാണ് ഇവിടെയുള്ള അതേ ചിന്ത ഗുരുവിനും ഉണ്ടായതെന്ന്. ഗുരു ഏറ്റവും സൂക്ഷ്മമായ തലങ്ങള്‍ വളരെ ഉള്‍ക്കാഴ്ചയോടെ കണ്ട് നല്ലഭാഷയില്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ഗുരുവിന്റെ പേരില്‍ സര്‍വകലാശാലയൊക്കെ വന്നുവല്ലോ. ഇതിനെക്കുറിച്ചൊക്കെ ആഴമുള്ള പഠനങ്ങള്‍ നടത്തിയാല്‍ നന്ന്.

Content Highlights: vinaya chaithanya interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented