ശ്രീ പാർവ്വതി
മലയാളത്തിലെ പുതുഎഴുത്തുകാരില്‍ മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരിയാണ് ശ്രീ പാര്‍വ്വതി. എഴുത്തിലെ രാഷ്ട്രീയവും കലയുടെ ലക്ഷ്യവും സ്വന്തം കൃതികളിലെ സ്വവര്‍ഗാനുരാഗരാഷ്ട്രീയവും എല്ലാം ശ്രീ പാര്‍വതി പങ്കുവെക്കുന്നു. ശ്രീ പാര്‍വ്വതിയുമായി എഴുത്തുകാരന്‍ വിപിന്‍ ദാസ് നടത്തിയ അഭിമുഖം.
വയലറ്റ് പൂക്കളുടെ മരണം എന്ന നോവല്‍ വന്ന വഴി?

കല കലയ്ക്ക് വേണ്ടിയാണ് എന്ന് പറയുമ്പോള്‍തന്നെ കലയ്ക്ക് സമൂഹത്തോട് ചില കടമകളും ബാധ്യതകളും ഉത്തരവാദിത്വവും ഉണ്ടെന്ന് പൊതുവെ പറയാറുണ്ട്. പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് എന്നത് സാഹിത്യത്തില്‍ എത്രത്തോളം അവിഭാജ്യമാണ്? ഒരു സാഹിത്യസൃഷ്ടി എങ്ങനെയാണ് സമൂഹത്തോട് കൂട്ടുത്തരവാദിത്വത്തോടെ ഇടപെടുന്നത്?
കല സമൂഹത്തിന്റെ നേര്‍സാക്ഷ്യമാണ്. അതിനു മാത്രമായി എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെന്നു ഞാന്‍ വിചാരിക്കുന്നില്ല. മനുഷ്യര്‍ക്ക് അവരവരുടെ ജീവിതത്തോട് പോലുമില്ലാത്ത ഉത്തരവാദിത്തം കലയ്ക്കും സാഹിത്യത്തിനും വേണമെന്ന വാദംതന്നെ തെറ്റാണ്. ഒരു ഫിക്ഷന്‍ ആയാലും സിനിമ ആയാലും സമൂഹത്തിലെ കഥാപാത്രങ്ങളെയും കഥ ഗതികളെയും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ത്തന്നെ വാത്സല്യം എന്ന സിനിമയിലെ രാഘവന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് സംസാരിച്ച ഒരുപാടു പേരെ കണ്ടു. അത് ആ കാലത്തിന്റെ ജീവിതം പറഞ്ഞ സിനിമയാണ്, അതില്‍ അങ്ങനെയേ വരൂ. ഇന്നത്തെ കാലത്ത് അങ്ങനെയൊന്നിറങ്ങിയാല്‍ വിമര്‍ശിക്കാം. പക്ഷെ ഇപ്പോഴും അങ്ങനെയുള്ള ഒരുപാട് കുടുംബങ്ങളും ഭര്‍ത്താക്കന്മാരും അവരുടെ സര്‍വ്വം സഹമാരായ ഭാര്യമാരും ഉണ്ടെന്ന സത്യത്തെ നമ്മളെന്തിനാണ് മറച്ചു പിടിക്കുന്നത്? പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ഉള്ള കഥാപാത്രങ്ങളെക്കുറിച്ച് മാത്രം പറയാനാണെങ്കില്‍ ഫിക്ഷന്റെ ആവശ്യമില്ല. ഡോക്യൂമെന്ററി മതിയാകും അല്ലെങ്കില്‍ ബയോഫിക്ഷന്‍ മതിയാകും. കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ ചൊല്ലിയുണ്ടായ വിവാദം പോലും അനാവശ്യമാണെന്നാണ് എനിക്ക് തോന്നിയത്. കലയെയും സാഹിത്യത്തെയും അങ്ങനെ തന്നെ എടുക്കാന്‍ സമൂഹം പഠിക്കണം. അത് ജീവിതമല്ല, ആസ്വാദന മാധ്യമമാണ്. പക്ഷെ ആരോഗ്യപരമായ ചര്‍ച്ചകള്‍ നല്ലതാണ്. എന്നാല്‍ ഇത്തരം പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ചര്‍ച്ചകള്‍ കണ്ടുള്ള ഭയം കൊണ്ട് എഴുത്തുകാരും സംവിധായകരും അവരുടെ കഥകള്‍ ചെയ്യാന്‍ മടിക്കുന്ന അവസ്ഥ ഭീദിതമാണ്. അങ്ങനെയൊരു അവസ്ഥ ഇപ്പോള്‍ ഇവിടെയുണ്ട് എന്നത് സത്യമാണ്.
വൈകാരികവും ബൗദ്ധികവുമായ സ്വാധീനത്തിലൂടെ സമാധാനത്തിലേക്ക് മനുഷ്യമനസ്സുകളെ കൊണ്ടെത്തിക്കുക എന്നതാണ് കലകളുടെ പ്രധാന ദൗത്യം. സമകാലിക ലോകത്ത് ദൃശ്യമാദ്ധ്യമ കലകളായ സിനിമയും മറ്റും ഒഴിച്ച് സാഹിത്യത്തിന് പൊതുവെ അതിന്റെ അനുവാചക സ്വാധീനം കുറഞ്ഞുവരുന്ന കാലഘട്ടമാണെന്ന് പൊതുവെ അഭിപ്രായങ്ങള്‍ ഉണ്ടല്ലോ. അത്തരമൊരു സ്വാധീന ചോഷണം എഴുത്തുകാരില്‍ എത്രത്തോളം വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്?
സ്വാധീനത്തിനു എത്രയായാലും പരിധികളുണ്ട്. ദൃശ്യ കലാ മാധ്യമങ്ങള്‍ കാഴ്ചക്കാരോട് സംവദിക്കുന്നവയാണ്. ഇപ്പോഴും നമുക്ക് ബുദ്ധി ഉപയോഗിക്കുന്നതിനേക്കാള്‍ സുഖകരമായ ഒരു അവസ്ഥയില്‍ കൂടുതല്‍ അധ്വാനം തലച്ചോറിനും ശരീരത്തിനും നല്‍കാതെ എന്റര്‍ടെയ്ന്‍മെന്റ് മൂല്യമുള്ളവ ആസ്വദിക്കാനാണ് ഇഷ്ടം. അത്തരമൊരു അനുഭവമാണ് ദൃശ്യ മാധ്യമങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഒരു പുസ്തകം വായിക്കുന്നതിനു ക്ഷമത ആവശ്യമാണ്. അതൊരു ബൗദ്ധികമായ വ്യായാമമാണ്, കൂടുതല്‍ അധ്വാനം ആവശ്യമുള്ളത്. അതുകൊണ്ട് തന്നെ അത് സ്വാധീനിക്കുക എന്നത് അത്ര ആഴത്തില്‍ അതില്‍ ഇറങ്ങി നടക്കുന്നവര്‍ക്ക് മാത്രം ലഭിക്കുന്ന അനുഭൂതിയാവും.
പുതിയ മലയാള സാഹിത്യത്തിന്റെ ട്രെന്‍ഡ് അനുസരിച്ച് പറയുകയാണെങ്കില്‍ ഒരുപാട് ചെറുപ്പക്കാര്‍ വായനയിലേക്ക് വരന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. പക്ഷെ അതൊക്കെയും വായനയില് എളുപ്പവഴികള്‍ എന്നവകാശപ്പെടാന്‍ പറ്റുന്ന ജനപ്രിയ സാഹിത്യത്തിന്റെ കടന്നു വരവോടെയാണ്. ബൗദ്ധിക വ്യായാമം നല്‍കുന്നുണ്ടെങ്കിലും അതീവ രസകരമായ ഒരു കളിയാണത്. ഒരു മത്സരം എഴുത്തുകാരനും വായനക്കാരനും തമ്മില്‍ ഉണ്ടാവുകയാണവിടെ. പക്ഷെ ഇവിടെയൊന്നും സ്വാധീനം എന്ന പ്രക്രിയ വര്‍ക്ക് ആവുന്നുണ്ടെന്നു തോന്നുന്നില്ല. ജീവിതത്തെ വൈകാരികമായി ഒരു പുസ്തകം സ്വാധീനം ചെലുത്തണം എന്ന രീതിയിലുള്ള ഒരു വായനക്കാരനെ ഏതു പുസ്തകവും അതിന്റെ സ്വന്തമാക്കിക്കളയും. പക്ഷെ ട്രെന്‍ഡ് അതല്ല. സത്യം ഉള്‍ക്കൊള്ളുക എന്നതാണ് എളുപ്പം. അതൊരു വെല്ലുവിളിയൊന്നുമല്ല, വായനക്കാരെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് മതി.
അപസര്‍പ്പക സാഹിത്യസൃഷ്ടികള്‍ പൊതുവെ കാലത്തെ അതിജീവിക്കുക അത്ര എളുപ്പമല്ല. കാലത്തെ പ്രതിരോധിക്കാന്‍ ബോധപൂര്‍വ്വമായ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ സ്വന്തം സൃഷ്ടികളില്‍ നടത്താറുണ്ടോ?
കാലത്തേ കടന്നു ചെല്ലാന്‍ ബോധപൂര്‍വ്വം ശ്രമിക്കാറില്ല. അതിന്റെ ആവശ്യമുണ്ടന്നു തോന്നിയില്ല. ജീവിച്ചിരിക്കുന്ന കാലത്താണ് ഞാന്‍ എന്ന എഴുത്തുകാരി അംഗീകരിക്കപ്പെടേണ്ടത് എന്നാണു എന്റെ തിയറി. എന്റെ മരണ ശേഷം എന്റെ പുസ്തകം ആരെങ്കിലും വായിച്ചാലെന്ത്, ഇല്ലെങ്കിലെന്ത്! അത് വായനക്കാരുടെ ഇഷ്ടം. ഞാന്‍ വര്‍ത്തമാനകാലത്തില്‍ ജീവിക്കാനിഷ്ടപ്പെടുന്ന ആളാണ്. ഭാവിയെക്കുറിച്ച് വലിയ പ്ലാനുകള്‍ ഒന്നും കൂട്ടി വയ്ക്കാറില്ല. എന്റെ പുസ്തകങ്ങള്‍ ആദ്യം അമ്പരപ്പിക്കേണ്ടതും ആനന്ദിപ്പിക്കേണ്ടതും എന്നെയാണ്, അതാണ് ഞാന്‍ ശ്രദ്ധിക്കുന്ന കാര്യം. വായനക്കാര്‍ നല്ലത് പറഞ്ഞാല്‍ സന്തോഷം.
ആധുനിക കാലത്ത് ആര്‍ക്കും എഴുതാവുന്ന ഒന്നായി അപസര്‍പ്പക സാഹിത്യം മാറിയിട്ടുണ്ടോ? അനവധിയായി വരുന്ന അപസര്‍പ്പക കൃതികളില്‍ സാഹിത്യഗുണം പൊതുവെ ശുഷ്‌കമാണെന്ന അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു?
അതൊരു ട്രെന്‍ഡ് ആണ്. ആദ്യം കവിതയായിരുന്നു ഈ ട്രെന്‍ഡിന്റെ ഭാഗമായി വന്നത്. അന്ന് കവിതകള്‍ എഴുതാത്തവര്‍ ആരുമുണ്ടായിരുന്നില്ല. പുസ്തകങ്ങളും ആവശ്യത്തിലധികം ഇറങ്ങി. ഇപ്പോഴുള്ള ഒരു പ്രശ്‌നം കവിതാ പുസ്തകങ്ങള്‍ക്ക് തീരെ മാര്‍ക്കറ്റ് ഇല്ല എന്നുള്ളതാണ്. ഒരു പബ്ലിഷര്‍ എന്ന നിലയില്‍ സംസാരിച്ചാല്‍ കവിതകള്‍ ഫെയ്സ്ബുക്കിന്റെ വട്ടത്തില്‍ വായിക്കാനല്ലാതെ പുസ്തകം കയ്യില്‍ നിന്ന് പണം മുടക്കി വായിക്കാന്‍ ആസ്വാദകര്‍ അധികമൊന്നും ആഗ്രഹിക്കുന്നില്ല. പ്രസാധകര്‍ കവിതാ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഇപ്പോള്‍ എഴുത്തുകാര്‍ അങ്ങോട്ട് പണം നല്‍കേണ്ട അവസ്ഥയാണ്. കവികളായ മികച്ച എഴുത്തുകാരെ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞത്, ആ ഒരു ട്രെന്‍ഡ് പിന്തുടര്‍ന്നപ്പോള്‍ പുതിയ കവികള്‍ നേരിട്ട പ്രശ്‌നമാണ്. ഇപ്പോള്‍ ട്രെന്‍ഡ് ജനപ്രിയ സാഹിത്യത്തിലാണ്. തുടങ്ങിയിട്ടേയുള്ളൂ, ഇനിയൊരുപാട് പുസ്തകം ഇറങ്ങിയേക്കാം. ഇറങ്ങട്ടെ എന്നാണു എന്റെ നിലപാട്. വായിക്കാന്‍ ആഗ്രഹമുള്ളവര്‍ വായിക്കട്ടെ. അപസര്‍പ്പക സാഹിത്യം ബൗദ്ധികമായി അനുഭവമായി കണക്കാക്കിയാല്‍ മതിയെന്ന നിയമം നോക്കുമ്പോള്‍ സാഹിത്യ ഗുണം അത്ര പ്രധാനമല്ല. വായനാ ഗുണമുണ്ടായാല്‍ മതി. വായനക്കാര്‍ വിമര്‍ശിക്കാന്‍ ധാരാളം ഉള്ളതുകൊണ്ട് കൃത്യമായ നിരൂപണങ്ങള്‍ ലഭിക്കും.
വ്യക്ത്യാധിഷ്ഠിത അനുഭവങ്ങളെ കൃതികളില്‍ ഉപയോഗപ്പെടുത്താറുണ്ടോ? നായിക അഗത ക്രിസ്റ്റി പോലുള്ള നോവല്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ള നോവലുകളില്‍ അത്തരം സന്നിവേശങ്ങള്‍ സംഭവിച്ചിട്ടുണ്ടോ?
കുറവാണ്. കഥാപാത്രങ്ങളില്‍ ചില മനുഷ്യരുടെ സ്വാധീനം വരാറുണ്ട്. ആദ്യത്തെ നോവല്‍, മീനുകള്‍ ചുംബിക്കുന്നു അത്തരത്തില്‍ ഒരുപാട് സ്വാധീനം ഉണ്ടായിട്ടുള്ള ഒരു എഴുത്താണ്. പക്ഷെ വ്യക്തി അനുഭവങ്ങള്‍ കുറവാണ്.
മീനുകള്‍ ചുംബിക്കുമ്പോള്‍, മിസ്റ്റിക് മൗണ്ടന്‍, പോയട്രി കില്ലര്‍, വയലറ്റ് പൂക്കളുടെ മരണം ഇതില്‍ എല്ലാം സ്വവര്‍ഗാനുരാഗം കടന്ന് വരുന്നുണ്ട്. എന്താണ് സ്വവര്‍ഗാനുരാഗ രാഷ്ട്രീയത്തോടുള്ള നിലപാട്? പൊതുസമൂഹത്തില്‍ ഇപ്പോഴുമുള്ള ധാരണകളെ എങ്ങനെ നോക്കിക്കാണുന്നു?
സത്യത്തില്‍ എല്ലാത്തിലും ഇങ്ങനെ മനഃപൂര്‍വ്വം കടന്നു വന്നതല്ല. മീനുകള്‍ മാത്രമാണ് അത്തരത്തില്‍ എഴുതിയത്. താരയും ആഗ്‌നസും എനിക്ക് പരിചയമുള്ളവരായിരുന്നു. പ്രണയം എല്ലായ്‌പ്പോഴും ജെണ്ടര്‍ നോക്കാതെ ആസ്വദിക്കണമെന്ന അഭിപ്രായമാണ് എനിക്ക്. വ്യക്തിപരമായി എനിക്കൊരു ആണിനെയെ പ്രണയിക്കാനാകൂ. എന്നാല്‍ സമാന ലിംഗക്കാരുടെ പ്രണയം കാണാനും ആസ്വദിക്കാനും ഇഷ്ടമാണ്. പെണ്‍കുട്ടികള്‍ക്കിടയിലുള്ള പ്രണയത്തിന്റെ ആഴം മനസ്സിലാക്കി കഴിഞ്ഞപ്പോഴാണ് എത്ര മനോഹരമാണ് അതെന്ന് മനസ്സിലായത്. ആ മനസിലാക്കലില്‍ നിന്നാണ് താരയും ആഗ്‌നസും ജനിക്കുന്നത്.
എന്നോട് പ്രണയമുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ക്ക് എല്ലാ വിശേഷങ്ങളും പറയാന്‍, വിളിക്കുമ്പോള്‍ എവിടെയുണ്ടെന്ന് അറിയാന്‍ ഒക്കെ മതി. കാണുമ്പോള്‍ അവള്‍ നിന്ന് വിറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുഖം തെളിയുന്നത് കണ്ടിട്ടുണ്ട്. ഒരുപക്ഷെ ഒരു ആണ്‍കുട്ടി പ്രണയിക്കുന്നതിലും മനോഹരമായിരുന്നു അവളുടെ സ്‌നേഹം. അപ്പോള്‍പ്പിന്നെ സ്വാഭാവികമായും താരയും ആഗ്‌നസും രണ്ട് നോവലുകളില്‍ വന്നു. പോയട്രി കില്ലര്‍, വയലറ്റ് പൂക്കളുടെ മരണം എന്നിവയില്‍ അതിന്റെ ഏറ്റവും പ്രാകൃതമായ രൂപമാണ്. എന്ന് വച്ച് പുരുഷന്മാരുടെ പ്രണയം മനോഹരം അല്ലെന്നല്ല. ഭംഗിയുള്ള ആണ്‍പ്രണയം ഒരുപാട് കാണുന്നുണ്ട്. പണ്ടൊക്കെ പറയാന്‍ മടിയുണ്ടായിരുന്നവര്‍ ഇപ്പോള്‍ കുറച്ച പേരെങ്കിലും ഉറക്കെ പറയാന്‍ തയ്യാറാവുന്നുണ്ട്. നമ്മളെ തന്നെ മറച്ചു വച്ചിട്ട് കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം. മീനുകള്‍ ചുംബിക്കുന്നു, വായിച്ച ശേഷം കുടുംബിനികളായ കുറെ പെണ്‍കുട്ടികള്‍ സംസാരിച്ചിരുന്നു. അവരുടെ കൂട്ടുകാരികളോടുള്ള പ്രണയം പറഞ്ഞിരുന്നു. പക്ഷെ ഉറക്കെ പറയാന്‍ ഭയമാണ്. അവരുടെ ഒക്കെ നാവാണ് നമ്മള്‍. പ്രണയങ്ങള്‍ എല്ലാം മനോഹരമല്ലേ! ജെണ്ടര്‍ നോക്കാതെ ആര്‍ക്കും പ്രണയിക്കാന്‍ കഴിയണം.
എഴുത്തുകാര്‍ക്ക് രാഷ്ട്രീയം വേണമോ വേണ്ടയോ? താന്‍ ജീവിക്കുന്ന സമൂഹത്തോട് ഉത്തരവാദിത്വമുണ്ടായിരിക്കുക എന്നത് എഴുത്തുകാര്‍ക്ക് വേണ്ട ഗുണമാണെന്ന് തോന്നിയിട്ടുണ്ടോ?
രാഷ്ട്രീയം എല്ലാവര്‍ക്കും വേണം. അരാഷ്ട്രീയ വാദി ആവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം തന്നെയാണല്ലോ നമ്മള്‍ വിശ്വസിക്കുന്ന രാഷ്ട്രീയം. അത് എഴുത്തുകാര്‍ക്ക് മാത്രമല്ല ഓരോരുത്തര്‍ക്കും ഉണ്ടാവണമെന്ന് കരുതുന്നു. പക്ഷെ അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയ പൊളിറ്റിക്സില്‍ വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. അവിടെ രാഷ്ട്രീയം പലപ്പോഴും അപക്വമാണെന്നു തോന്നിയിട്ടുണ്ട്. പരസ്പര ബഹുമാനില്ലാത്ത ഇടങ്ങളില്‍ എനിക്ക് നില്‍ക്കാനാവില്ല. എതിരായി സംസാരിക്കുന്നവര്‍ പലപ്പോഴും ഏതു വഴിയിലൂടെയും നമ്മളെ തകര്‍ക്കാനാണ് ശ്രമം. മറ്റൊരു രാഷ്ട്രീയം എന്നതിന്റെ അര്‍ഥം ശത്രു എന്നതാണ്. എന്റെ തിയറി അതല്ല. ആശയങ്ങളോടാണ് എതിര്‍പ്പ്, മനുഷ്യരോടല്ല. അതുകൊണ്ട് എല്ലാ രാഷ്ട്രീയത്തിലും സുഹൃത്തുക്കളുണ്ട്. പരസ്പര ബഹുമാനം പുലര്‍ത്താത്ത ഒരാള്‍ അയാള്‍ സമാന രാഷ്ട്രീയം ഉള്ളിലുള്ള ഒരാള്‍ ആണെങ്കിലും അയാളെ സഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതൊക്കെ ഒരു മനുഷ്യന്റെ ഉത്തരവാദിത്തമാണ്. എഴുത്തുകാരന് മാത്രമല്ല എല്ലാവര്‍ക്കും വേണ്ട കാര്യമാണ്. പക്വമല്ലാത്ത ഒരു മാധ്യമത്തില്‍ ഒരിക്കലും രാഷ്ട്രീയം സംസാരിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.
എഴുത്തുകാരില്‍ പലരും തങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭാഗത്തിലെ കൃതികള്‍ മാത്രം വായിക്കുകയും മറ്റ് സാഹിത്യസൃഷ്ടികള്‍ തീര്‍ത്തും അവഗണിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഉള്ളതായി തോന്നിയിട്ടുണ്ടോ?. തത്ഫലമായി ആഴമുള്ള പരന്ന വായന ഇല്ലാതെ എഴുത്തുകാരുടെ ഭാഷയും ശൈലിയും പുതുക്കപ്പെടാതെ, നവീകരണം നടക്കാതെ സൃഷ്ടികള്‍ ഭാഷാപരമായും ഘടനാപരമായും ശൈലീപരമായും ദരിദ്രമാകുന്നത് എങ്ങനെ നോക്കിക്കാണുന്നു?
അത് സ്വാഭാവികമായൊരു പ്രക്രിയ ആയി കാണുന്നു. സ്വകാര്യമായി ഞാന്‍ ഒരുപാട് വായിക്കുന്ന ആളല്ല. ആദ്യം പറഞ്ഞതുപോലെ അത്ര അധ്വാനം ആവശ്യമാണ് എനിക്കൊരു പുസ്തകം വായിക്കാന്‍. മറവി, അലസത, അശ്രദ്ധ തുടങ്ങിയ പ്രശ്‌നങ്ങള്‍ നന്നായി ഉള്ളതുകൊണ്ട് വായന പ്രത്യേകിച്ച് എനിക്ക് വലിയ ഗുണങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. പലരും പല വായിച്ചാ പുസ്തകങ്ങളിലെയും വാചകങ്ങള്‍ കോട്ട് ചെയ്യുന്നത് കണ്ട് അമ്പരക്കാറുണ്ട്. ഇഷ്ടപ്പെട്ടു വായിക്കുന്ന പുസ്തകങ്ങളിലെ പോലും കഥ ഓര്‍ത്തിരിക്കും എന്നല്ലാതെ വാചകങ്ങള്‍ പെട്ടെന്ന് ഞാന്‍ മറക്കും. അതുകൊണ്ട് ഞാന്‍ വായിക്കുന്നത് എനിക്ക് പ്രയോജനപ്പെടും എന്ന് തോന്നുന്നവ മാത്രമാണ്. എഴുത്തിനു സഹായമായി തോന്നുന്ന ഗവേഷണ പുസ്തകങ്ങളും അതില്‍പ്പെടും. പിന്നെ ഇഷ്ടപ്പെടുന്നവ. ഗവേഷണ ആവശ്യങ്ങള്‍ക്കുള്ളത് കുറിച്ച് വയ്ക്കും, പിന്നീട് നോക്കാനായി. പക്ഷെ ഈയൊരു കാരണം കൊണ്ട് ഭാഷയ്‌ക്കോ ഘടനയ്ക്കോ പ്രശ്‌നമുണ്ടാകുമെന്നു തോന്നുന്നില്ല, നവീകരണം പോലും എഴുത്തുകാരന്റെ ഉള്ളില്‍ നിന്നാണല്ലോ ഉണ്ടാകേണ്ടത്. വായന എഴുത്തിനെ സ്വാധീനിച്ചേക്കും, എന്നാല്‍ എഴുത്തുകാരന്റെ ഉള്ളിലാണ് ഓരോ എഴുത്തും ജനിക്കുന്നതും വളരുന്നതും അതിനു മറ്റുള്ള വായനയ്ക്ക് ഒരു പരിധിയില്‍ കഴിഞ്ഞുള്ള സ്വാധീനം ആവശ്യമില്ല. എല്ലാം അവന്റെ ഉള്ളില്‍ത്തന്നെയുണ്ട്.
ഭാഷാ പരമായ നവീകരണത്തിന് തീര്‍ച്ചയായും വായന നല്ലതാണ്. പുതിയ വാക്കുകളുടെയും ശൈലികളുടെയും പരിചയപ്പെടല്‍ ഒരു പ്രചോദനമായി തോന്നാറുണ്ട്. വായനയില്‍ ഇതെല്ലാം ഉള്ളില്‍ ഉണ്ടായിരിക്കുകയും എഴുത്തില്‍ കൃത്യമായി പ്ലെയിസ് ചെയ്യാന്‍ കഴിയുകയും ചെയ്താല്‍ നല്ലതാണ്.

സാഹിത്യത്തിലെ സൗന്ദര്യസിദ്ധാന്തങ്ങള്‍, അലങ്കാരചമത്കാരങ്ങള്‍ ഇവയോടുള്ള സമീപനം എങ്ങനെയാണ് ഒരു കഥ/നോവല്‍ എഴുതാന്‍ ഇരിക്കുമ്പോള്‍?
സാഹചര്യം അനുസരിച്ച് ഉപയോഗിക്കാം എന്നേയുള്ളൂ. മനഃപൂര്‍വ്വം ഇതൊന്നും നോക്കി എഴുതാനാകില്ല എന്നാണു വിശ്വാസം. ഒരു കൃതി ചമത്കാരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഉപയോഗിക്കുക, അല്ലെങ്കില്‍ വേണ്ട. അതൊക്കെ സ്വാഭാവികമായി എഴുത്തിലൂടെ വരേണ്ടതാണ്. മനഃപൂര്‍വ്വം ചമത്കാരങ്ങള്‍ ഉപയോഗിക്കേണ്ടതില്ല എന്ന് വിശ്വസിക്കുന്നു. ഞാന്‍ ഏതായാലും ഇത്തരം സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നില്ല. ഉള്ളില്‍ നിന്ന് വരുന്നതിനെ സ്വീകരിക്കുന്നു എന്നേയുള്ളൂ.
മതം, രാഷ്ട്രീയം, ദേശീയത, വര്‍ഗം എന്നിങ്ങനെയുള്ള ചേരികള്‍ ഉണ്ടാക്കുന്ന അനാരോഗ്യ ഇടപെടലുകള്‍ എഴുത്തുകാരെ സ്വാധീനിക്കുന്നതായി തോന്നിയിട്ടുണ്ടോ?
മനുഷ്യരെ ഒന്നാകെ സ്വാധീനിക്കുന്നുണ്ട്. നമ്മള്‍ വല്ലാതെ ചുരുങ്ങിപ്പോകുന്നുണ്ട്. അവനവന്റെ സ്വന്തം എന്നൊരു പ്രക്രിയയിലേയ്ക്ക് ഒതുങ്ങി കുളത്തിലെ തവളയെപ്പോലെ ആയിപ്പോകുന്നുണ്ട്. എന്നാല്‍ അത് സ്വയം മനസ്സിലാകുന്നുന്നതുമില്ല. സത്യത്തില്‍ എഴുത്തുകാര്‍ ഒന്നിനും വശംവദരാകരുത്. ഒന്നില്‍ പെട്ട് പോയാല്‍ ബാക്കി എല്ലാത്തിനോടും നമ്മള്‍ അടിപ്പെട്ട് പോയേക്കും. എന്നാല്‍ ഇതിനൊക്കെ എതിരെ സംസാരിക്കാന്‍ കഴിയുമെങ്കില്‍ ചെയ്യുന്നതും നല്ലതാണ്, കാരണം കാലം അത് ആവശ്യപ്പെടുന്നുണ്ട്. നമുക്ക് എതിര്‍പ്പുള്ള ഒന്നിനെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടുന്നതിലും നല്ലത് അതേക്കുറിച്ച് എഴുതുന്ന കൃതിയില്‍ പരാമര്‍ശിക്കുന്നതാണ്. എന്റെ പുസ്തകങ്ങളിലെല്ലാം സ്വാതന്ത്ര്യത്തെ കുറിച്ച് വായിക്കാം. അത് ആസ്വദിക്കുന്ന, അതിന്റെ സൗന്ദര്യം അനുഭവിക്കുന്ന ഒരാളെന്ന നിലയില്‍ അതില്ലാത്തവരുടെ ലോകം എന്നെ സംബന്ധിച്ച് വേദനാജനകമാണ്. അവര്‍ക്കു വേണ്ടി ഞാന്‍ അതിന്റെ ഭംഗിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും എഴുതുന്നു. മതം, രാഷ്ട്രീയം, ദേശീയത, വിശ്വാസം തുടങ്ങി എന്തും അമിതമായാല്‍ മനുഷ്യനെ നശിപ്പിച്ചു കളയും. ഇതെല്ലാം മനുഷ്യരെ അടിമകളാക്കും എന്നതാണ് പ്രശ്‌നം. ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് എന്തിലെങ്കിലും അടിമകളായി ഇരിക്കുക എന്നതാണ്. എന്നെ അതിനു കിട്ടില്ല! ഞാന്‍ സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റം ആസ്വദിക്കുന്ന ഒരാളാണ്, ഏതെങ്കിലും ഒന്നില്‍ വിശ്വസിച്ച് അടിമ കിടക്കാന്‍ ആവില്ല.
Content Highlights: Writer Sreeparvathy interview Vpindas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..