'കീഴടങ്ങലുകളും വഴങ്ങലുകളുമാണ് സാഹിത്യ- സാംസ്‌കാരിക മേഖലകള്‍ ഇത്ര ജീര്‍ണിക്കാന്‍ കാരണം'


By എം.എ. ഷഹനാസ്

6 min read
Read later
Print
Share

കഴിവുകൊണ്ട് സ്വത്വം തെളിയിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ ഇത്തരം നായകന്മാരുടെ ചൊല്‍പ്പടിയില്‍ അഭയം തേടുകയാണ്. അവരെഴുതിയത്, സാഹിത്യം എന്നുഞാന്‍ പറയില്ല, ഒന്നു വെളിച്ചം കാണാന്‍. മുതിര്‍ന്ന് ഇരുത്തം വന്ന സാഹിത്യനായകന്മാരുടെ വായിലൂടെ തങ്ങളുടെ സൃഷ്ടിയും പേരും ലോകത്തെ അറിയിക്കാന്‍ വേണ്ടി കോംപ്രമൈസുകള്‍ ചെയ്യുന്ന പ്രവണതയില്‍ നിന്നും എഴുത്തുകാരികളും വളര്‍ന്നുവരുന്ന എഴുത്തുകാരും മുക്തരാവണം.

എം.എ ഷഹനാസ്

*ഷോ കേസിനടുത്ത് ഫോട്ടോ എടുക്കാനായി നിന്നപ്പോള്‍ അദ്ദേഹം കൈചേര്‍ത്തുപിടിച്ച് അമര്‍ത്തി. * സാഹിത്യപരിപാടികളില്‍ കണ്ടുമുട്ടിയപ്പോഴെല്ലാം പുസ്തകത്തെച്ചൊല്ലി മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് മോശമായി പെരുമാറി.*എഴുത്തില്‍ എല്ലാ സ്ത്രീകള്‍ക്കും കുടുംബത്തില്‍ നിന്നുള്ള പ്രോത്സാഹനമോ പിന്തുണയോ ലഭിക്കില്ല.*ആയിരങ്ങള്‍ പിന്നാലെയുണ്ടാവുന്ന് കരുതിയിട്ടല്ല ഞാന്‍ ഈ നിയമപ്പോരാട്ടത്തിനിറങ്ങിയത്- വി.ആര്‍ സുധീഷ് അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപണത്തിലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എഴുത്തുകാരിയും പ്രസാധകയുമായ എം.എ ഷഹനാസ്.

2019 മുതലാണ് വി.ആര്‍. സുധീഷ് എന്ന മുതിര്‍ന്ന എഴുത്തുകാരനുമായി എനിക്ക് ഔദ്യോഗികമായി പരിചയമുള്ളത്. അതിന് മുമ്പ് എനിക്കദ്ദേഹത്തെ കഥകളിലൂടെ അറിയാം. 2018 ഡിസംബറില്‍ ഒലീവ് പബ്ലിക്കേഷന്‍സിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങിയതുമുതല്‍ മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ എഴുത്തുകാരുമായും എനിക്ക് പരിചയമുണ്ട്, പ്രസാധക സംബന്ധമായി ഞാന്‍ വിളിച്ചിട്ടുണ്ട്. എഴുത്തുകാരന്റെ വീട്ടിലേക്ക് പലതവണ ക്ഷണം ലഭിച്ചിട്ടുണ്ട്, പോയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിളിച്ചതും പോയതും.

തുടക്കത്തില്‍ വലിയ സഹകരണം വാഗ്ദാനം ചെയ്ത എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ സബ് എഡിറ്ററോടൊപ്പം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പലവട്ടം പോയിട്ടുണ്ട്. സബ് എഡിറ്ററെയോ സഹപ്രവര്‍ത്തകയോ കൂടെ കൂട്ടാന്‍ കാരണം എനിക്ക് എന്റെതായ സുരക്ഷാബോധം തന്നെയായിരുന്നു. ഉച്ചഭക്ഷണം കഴിക്കാനാണ് അദ്ദേഹം ക്ഷണിച്ചത്. ഭക്ഷണം കഴിക്കാനായിരുന്നു അദ്ദേഹം എല്ലാവരെയും ക്ഷണിച്ചിരുന്നത്. അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന സ്ത്രീ ഞങ്ങളെ സല്‍ക്കരിച്ചിരുത്തി. പുസ്തകത്തിന്റെ കാര്യം സംസാരിക്കുകയും തന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇറങ്ങാന്‍ നേരത്ത് അദ്ദേഹം ചോദിച്ചു: ഫോട്ടോ എടുക്കുന്നില്ലേ എന്ന്. അത്രയും വലിയ ഒരു എഴുത്തുകാരനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സ്വാഭാവികമായും എനിക്കാഗ്രഹമുണ്ടായിരുന്നു. പുരസ്‌കാരങ്ങള്‍ നിരത്തിവെച്ച ഷോ കേസിനടുത്ത് ഫോട്ടോ എടുക്കാനായി നിന്നപ്പോള്‍ അദ്ദേഹം കൈചേര്‍ത്തുപിടിച്ച് അമര്‍ത്തി. എനിക്ക് അസ്വാഭാവികത തോന്നിയെങ്കിലും അതങ്ങനെയായിരിക്കില്ല എന്ന് ഞാന്‍ തന്നെ എന്നെ തിരുത്തുകയായിരുന്നു. എഴുത്തുകാര്‍ കാണിക്കുന്ന സ്വാതന്ത്ര്യമാകാം. പക്ഷേ ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു, അത് ഗൂഢോദ്ദേശ്യമായിരുന്നു. എന്നെ അങ്ങനെ സ്പര്‍ശിക്കുന്നത് ഇഷ്ടമല്ല എന്ന്
പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. കാരണം ഒരു പ്രസാധകസ്ഥാപനത്തിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എന്ന നിലയില്‍ എന്റെ ടാസ്‌ക് ആണ് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അവകാശം നേടിയെടുക്കുക എന്നത്. ഞാനും അദ്ദേഹവും ചേര്‍ന്നുള്ള സെല്‍ഫിയാണ് എടുത്തത്. തുടര്‍ന്ന് എനിക്കൊപ്പമുണ്ടായിരുന്ന സബ് എഡിറ്ററെയും അദ്ദേഹം അങ്ങനെ ചേര്‍ത്തുനിര്‍ത്തി ഫോട്ടോ എടുത്തു. അതുകണ്ടപ്പോള്‍ എനിക്ക് മനസ്സിലായി കാര്യം ശരിയല്ല എന്ന് അന്നുമുതല്‍ ഞാന്‍ എത്ര തവണ ആ വീട്ടില്‍ പോയിട്ടുണ്ടോ, അപ്പോഴെല്ലാം സഹപ്രവര്‍ത്തകരെയും കൂട്ടിയിട്ടുണ്ട്.

എഴുത്തുകാരന്‍ പലപ്പോഴും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഒറ്റയ്ക്ക് വരണം എന്ന് പലതവണ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ വിളിക്കുമ്പോള്‍ പറ്റില്ല എന്നുപറഞ്ഞാല്‍ അതിന്റെ ദേഷ്യം എന്റെ ജോലിയിലായിരുന്നു അദ്ദേഹം കാണിച്ചത്. അന്ന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ളതും ഇദ്ദേഹം അവരാല്‍ ആഘോഷിക്കപ്പെടുന്നയാളുമാണ്. അപ്പോള്‍ ഇന്നലെ വന്ന ഞാനായിട്ട് ബിസിനസ്സില്‍ വിള്ളല്‍ വരുത്താന്‍ പാടില്ല. സ്ഥാപനത്തിന് ദോഷമായി വരരുത്. പ്രസാധനമേഖലയില്‍ ഒരു പെണ്ണ് ജോലി ചെയ്യുന്നത് സങ്കല്പിക്കാതെ, അതിലേക്കിറങ്ങി വരുമ്പോഴേ പ്രയാസങ്ങള്‍ മനസ്സിലാവുകയുള്ളൂ. ആഘോഷിക്കപ്പെടുന്ന, സാംസ്‌കാരികനെടുനായകന്മാരായിട്ടുള്ള എഴുത്തുകാരെ പിണക്കുക എന്നത് പ്രസാധക എന്ന നിലയില്‍ എനിക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു.

അദ്ദേഹം വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നീങ്ങാതിരുന്നപ്പോള്‍ പലപ്പോഴും പരസ്യമായി വഴക്കുപറഞ്ഞു. പല സാഹിത്യപരിപാടികളിലും കണ്ടുമുട്ടിയപ്പോഴെല്ലാം പുസ്തകത്തെച്ചൊല്ലി മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് മോശമായി പെരുമാറി. രാത്രി സമയങ്ങളില്‍ മദ്യപിച്ച് കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ അവരെ കേള്‍പ്പിക്കാന്‍ എന്നെ ഫോണ്‍ ചെയ്ത് അസഭ്യം പറയാന്‍ തുടങ്ങി. ഒടുക്കം യുവപ്രസാധകയ്ക്ക് പുസ്തകം കൊടുത്ത് വിഷമത്തിലായി എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് ഞാന്‍ പ്രതികരണവുമായി രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് പലരും ഇത് നിങ്ങളല്ലേ എന്നുപറഞ്ഞുകൊണ്ട് എനിക്ക് അയച്ചുതരാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ ഞാന്‍ കേസ് കൊടുത്തു.

അദ്ദേഹവുമായി ഞാന്‍ നടത്തിയ വീഡിയോ ഇന്റര്‍വ്യൂ ഇപ്പോഴും യൂട്യൂബില്‍ കിടക്കുന്നുണ്ട്. ആ അവസരത്തില്‍ എടുത്ത ഒരു ഫോട്ടോ അദ്ദേഹം ഫേസ്ബുക്കിലിട്ടു. ഒരു ഏകാന്തസംവാദം എന്ന തലക്കെട്ടോടെ. ഞാന്‍ ഒറ്റയ്ക്കാണ് അദ്ദേഹത്തെ പോയി കണ്ടത്, ഞങ്ങള്‍ തമ്മില്‍ നല്ല ഇരിപ്പുവശമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു അത്. മൂന്നാമതൊരാള്‍ എടുത്ത ഫോട്ടോയാണ് എന്ന് ഏതൊരുവ്യക്തിക്കുമറിയാം. അതേ പശ്ചാത്തലത്തില്‍ അതേ കോസ്റ്റിയൂമിലുള്ള അഭിമുഖം യൂട്യൂബിലുണ്ട്. എന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായിരുന്നു ഇത്. എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അപമാനിക്കാനുള്ള ഏതൊരുശ്രമവും ഞാന്‍ ചെറുക്കുക തന്നെ ചെയ്യും. മുന്‍കാലങ്ങളിലെ കീഴടങ്ങലുകളും വഴങ്ങലുകളുമാണ് ഇവിടത്തെ സാഹിത്യ-സാംസ്‌കാരിക മേഖലകള്‍ ഇത്രയും ജീര്‍ണമാവാനുള്ള കാരണം. പല എഴുത്തുകാരികളുടെയും പുസ്തകങ്ങള്‍ അദ്ദേഹം എനിക്ക് റെക്കമെന്റ് ചെയ്തിട്ടുണ്ട്. അവര്‍ക്കുവേണ്ടി സംസാരിച്ചിട്ടുണ്ട്. ചിരപ്രതിഷ്ഠരായ സാഹിത്യനായകന്മാരുടെ അകമ്പടിയോടെ, പരിചയപ്പെടുത്തലോടെ സാഹിത്യത്തിലേക്ക് പ്രവേശിക്കാനുള്ള എഴുത്തുകാരികളുടെ ശ്രമത്തെയുമാണ് ഞാന്‍ ഈയവസരത്തില്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നത്. കഴിവുള്ളവര്‍ക്ക് യാതൊരു സമരസപ്പെടലും എവിടെയും വേണ്ടതില്ല. അല്ലാത്ത പക്ഷം ഒരാള്‍ക്ക് മടുക്കുമ്പോള്‍ നിങ്ങള്‍ അടുത്ത നായകന്റെ മുമ്പില്‍ കാത്തുനില്‍ക്കേണ്ടി വരും. ഇവിടെ മുതലെടുക്കുന്നത് സാഹിത്യനെടുനായകത്വവും സാംസ്‌കാരികതയെന്ന അവകാശവുമാണ്.

ഒലീവ് പബ്ലിക്കേഷന്‍സില്‍ നിന്നും ജോലി രാജിവെച്ച് ഞാന്‍ സ്വന്തമായി ഒരു പ്രസാധകസംരംഭം തുടങ്ങി. മാക്ബത്ത് പബ്ലിക്കേഷന്‍സ് എന്ന പേരില്‍. സഹപ്രവര്‍ത്തകരായി കൂട്ടിയത് മുഴുവന്‍ സ്ത്രീകളെയായിരുന്നു. വിവരമറിഞ്ഞ് അദ്ദേഹം ഇങ്ങോട്ട് വിളിച്ചതാണ്. ആരൊക്കെ പുസ്തകം തന്നു എന്നു ചോദിച്ചപ്പോള്‍ ഞാന്‍ ആളുകളുടെ പേര് പറഞ്ഞു. അപ്പോള്‍ എന്റെ പുസ്തകം വേണ്ടേ എന്ന് ഇങ്ങോട്ട് ചോദിച്ചതാണ്. ആ പുസ്തകമാണ് അദ്ദേഹം രണ്ട് തവണ എന്നെക്കൊണ്ട് കവര്‍ മാറ്റിക്കുകയും പുസ്തകം മാറ്റി ചെയ്യിക്കുകയും ചെയ്തത്. എനിക്കൊരു സ്‌നേഹവുമില്ല എന്ന് അദ്ദേഹത്തിന് സ്ഥിരം പരാതിയായിരുന്നു. വീട്ടിലേക്ക് വന്നാല്‍ പുസ്തകം തരാം എന്നു പറഞ്ഞതിനാല്‍ സഹപ്രവര്‍ത്തകയെയും കൂട്ടി അവിടെ പോയി. അദ്ദേഹം പുസ്തകം തന്നു. പതിവുസ്‌നേഹപ്രകടനങ്ങളില്‍ നിന്നെല്ലാം പരമാവധി ഒഴിഞ്ഞുമാറി തടിയൂരി ഓഫീസിലെത്തി. പുസ്തകത്തിന്റെ പേരും പറഞ്ഞ് നിരന്തരം വിളിക്കുമായിരുന്നു. പറഞ്ഞ തിരുത്തുകളെല്ലാം വരുത്തി വീണ്ടും കൊടുത്തു. അതിലും തിരുത്തലുകള്‍ വന്നു.

വി.ആര്‍ സുധീഷ്

തിരുത്തിത്തരാന്‍ ഒറ്റയ്ക്ക് വരണമെന്ന് പറഞ്ഞ് അയച്ച മെസേജുകള്‍ എന്റെ കൈവശമുണ്ട്. അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ വന്ന ഒരു എഴുത്തുകാരിയുടെ പുസ്തകത്തിനെഴുതിയ അവതാരിക വാങ്ങാന്‍ എന്റെ സബ് എഡിറ്ററോട് വരാന്‍ പറഞ്ഞപ്പോള്‍ അവരെ ഒറ്റയ്ക്ക് വിടാന്‍ ഭയമായിട്ട് ഞാനും കൂടെ പോയി. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഞാനില്ലാതെ അവര്‍ പോവില്ല എന്ന് പറഞ്ഞിരുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ദേഷ്യമായിരുന്നു. തിരുത്തലുകള്‍ പറഞ്ഞതുമില്ല.

ആദ്യത്തെ സന്ദര്‍ശനത്തില്‍ അദ്ദേഹം എന്റെ തോളില്‍ കയ്യിട്ടെടുത്ത ഫോട്ടോ ഇപ്പോള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ദുരുപയോഗം ചെയ്യുന്നുണ്ട്. ഞാനങ്ങോട്ട് അഭ്യര്‍ഥനയുമായി ചെന്നയാളാണ് എന്ന പ്രചരണമാണ് അദ്ദേഹം ഇത്തരത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കോളേജ് വിദ്യാര്‍ഥികളായ ഒരുപാട് കുട്ടികള്‍, അധ്യാപകര്‍, വീട്ടമ്മമാര്‍....അങ്ങനെ ആ പ്രപഞ്ചത്തില്‍ പെട്ടുപോയ പലരെക്കുറിച്ചും എനിക്കറിയാം. അവരെക്കുറിച്ച് ആശങ്കകള്‍ പങ്കുവെക്കാന്‍ മാത്രമേ എനിക്കു കഴിയുകയുള്ളൂ. ഇതാണോ സംസ്‌കാരവും നെടുനായകത്വവും എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല.

സ്ത്രീയ്ക്ക് വളരെ പരിമിതമായ ഇടം ലഭിക്കുന്ന ഒന്നാണ് സാഹിത്യം. അതിനാല്‍ത്തന്നെ ഇവിടെ ചൂഷണം വളരെയധികമാണ്. ഈ മേഖലയില്‍ നില്‍ക്കുന്നയാള്‍ എന്ന നിലയില്‍ എനിക്കത് ഉറപ്പിച്ച് പറയാന്‍ സാധിക്കും. കഴിവുകൊണ്ട് സ്വത്വം തെളിയിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ ഇത്തരം നായകന്മാരുടെ ചൊല്‍പ്പടിയില്‍ അഭയം തേടുകയാണ്. അവരെഴുതിയത്, സാഹിത്യം എന്നുഞാന്‍ പറയില്ല, ഒന്നു വെളിച്ചം കാണാന്‍. മുതിര്‍ന്ന് ഇരുത്തം വന്ന സാഹിത്യനായകന്മാരുടെ വായിലൂടെ തങ്ങളുടെ സൃഷ്ടിയും പേരും ലോകത്തെ അറിയിക്കാന്‍ വേണ്ടി കോംപ്രമൈസുകള്‍ ചെയ്യുന്ന പ്രവണതയില്‍ നിന്നും എഴുത്തുകാരികളും വളര്‍ന്നുവരുന്ന എഴുത്തുകാരും മുക്തരാവണം. മാഗസിനുകളില്‍ ഒരു കഥയോ കവിതയോ പ്രസിദ്ധീകരിക്കുന്നതിനായി, അവാര്‍ഡ് ലഭിക്കുന്നതിനായി, അവതാരിക എഴുതിക്കിട്ടുന്നതിനായി ഇത്തരക്കാരുടെ വാതില്‍പ്പടി കയറേണ്ട ഗതികേടുകള്‍ നേരിട്ട സ്ത്രീകളെ എനിക്കറിയാം. സ്വന്തം സൃഷ്ടിയില്‍ വിശ്വാസമുള്ളതിനേക്കാല്‍ കൂടുതല്‍ അവരുടെ പ്രശസ്തിയിലും പിടിപാടിലും വിശ്വസിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രവണത അവസാനിപ്പിക്കാന്‍ സാംസ്‌കാരികലോകം എന്നു തയ്യാറാവുമോ അന്ന് മാറ്റം ആരംഭിക്കും.

എഴുത്തില്‍ എല്ലാ സ്ത്രീകള്‍ക്കും കുടുംബത്തില്‍ നിന്നുള്ള പ്രോത്സാഹനമോ പിന്തുണയോ ലഭിക്കില്ല. സാഹിത്യവും പുസ്തകവുമെല്ലാം അപ്പോള്‍ രഹസ്യമായ ഒന്നായി മാറും. അവതാരികയ്ക്കായി ഇത്തരത്തിലുള്ള നായകന്മാരുടെ വീട്ടില്‍ പോകുന്ന കാര്യവും അവിടെനിന്ന് മോശം അനുഭവമുണ്ടാകുന്നതും വീട്ടിലുള്ളവരോട് പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥ വരും. എന്റെ പോസ്റ്റ് വന്നതിനുശേഷം പേര് പുറത്തുപറയരുത് എന്നഭ്യര്‍ഥിച്ചുകൊണ്ട് ഒരുപാട് ആളുകള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അവരാരും പരസ്യമായി രംഗത്ത് വരില്ല എന്നതാണ് ഈ നായകന്മാരുടെ ധൈര്യവും മുന്നോട്ടുതന്നെ പോകാനുള്ള ഊര്‍ജവും. എന്റെ അനുഭവം പരസ്യപ്പെടുത്താനുള്ള ധൈര്യം എനിക്ക് ലഭിച്ചത് എന്റെ ജീവിതപങ്കാളിയില്‍ നിന്നാണ്. എന്റെ മകളില്‍ നിന്നാണ്. എനിക്ക് അസഹനീയമായ കാര്യങ്ങള്‍ തുറന്നുപറയാന്‍ സാധിച്ചത് പ്രസാധനവും സാഹിത്യവും എന്റെ തൊഴില്‍ കൂടിയായതിനാലാണ്.

നമ്മുടെ സാഹിത്യമേഖലയില്‍ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള എത്ര എഴുത്തുകാരികളുണ്ട്? എത്ര വനിതാപ്രസാധകരുണ്ട്? എങ്ങനെയാണ് അവര്‍ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത്? അന്വേഷിച്ചുനോക്കൂ. ഞാന്‍ അനുഭവിക്കുന്ന സംഘര്‍ഷം എനിക്കറിയാം. സാംസ്‌കാരികത എന്നത് പുതിയ കാലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. പുതിയ പ്രസാധകരിലൂടെയും എഴുത്തുകാരിലൂടെയുമാണ്. എളുപ്പം ശ്രദ്ധിക്കപ്പെടാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ പക്ഷേ തിരുത്തപ്പെടേണ്ടത് തന്നെയാണ്. പുതിയ എഴുത്തുകാര്‍ മുതിര്‍ന്നവരെ വളരെ ആരാധനയോടെയാണ് കാണുന്നത്. അവരുടെ എഴുത്തുകള്‍ തിരുത്തിക്കൊടുക്കാം, മാഗസിനില്‍ വരുത്താം എന്നൊക്കെയുള്ള പ്രലോഭനങ്ങള്‍ കൊടുത്ത് മിസ് യൂസ് ചെയ്യുന്ന പ്രവണത ഉണ്ടെങ്കില്‍ അത് സാംസ്‌കാരികലോകം തിരിച്ചറിയേണ്ടതും വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

എനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ല. എനിക്ക് ഭീഷണിയുണ്ട്. വേദികള്‍ കിട്ടില്ല, പലതരത്തിലുള്ള ഫോട്ടോകള്‍ പുറത്തുവരും തുടങ്ങിയ ഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു പുസ്തകം ശ്രദ്ധിക്കപ്പെടാന്‍ അവതാരികയൊന്നും ആവശ്യമില്ല എന്നു തിരിച്ചറിയുക. കഴിവുറ്റ സൃഷ്ടികളാണെങ്കില്‍ വായനക്കാരുണ്ടായിരിക്കും. അവതാരിക വായിച്ചിട്ട് പുസ്തകം വായിക്കാന്‍ തിരഞ്ഞെടുക്കുന്ന വായനക്കാര്‍ ഇന്നില്ല. അവതാരിക എഴുതിക്കിട്ടാനായി ഒരു സ്ത്രീയും ഇനിമേലില്‍ ചൂഷണം ചെയ്യപ്പെടരുത്, ഒരാളുടെയും വീട്ടില്‍ വെച്ച് ദുരുപയോഗപ്പെട്ടുപോകരുത്. നിങ്ങളുടെ പുസ്തകം നായകന്മാര്‍ മുഴുവനായും വായിച്ചിട്ടുപോലുമുണ്ടാകില്ല.

അസാധ്യ കഴിവുള്ള എഴുത്തുകാരികള്‍ ഇവിടെയുണ്ട്. ആരാലും അറിയപ്പെടാതെ, എഴുതിയത് വെളിച്ചം കാണാതെ ഇരിക്കുന്നുണ്ട്. അവര്‍ക്ക് ഇങ്ങനെയൊന്നും പോകാന്‍ കഴിയാത്തതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. അപ്പോള്‍ സാഹിത്യമെന്ന സംസ്‌കാരത്തിന് സംഭവിക്കുന്നത് എന്താണ്? ഈ മേഖലയില്‍ നമ്മള്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന വ്യക്തി അല്ല എന്നു തോന്നിയാല്‍ നമ്മളെ ഏറ്റെടുക്കാന്‍ പലരുമുണ്ടാകും. മുന്നോട്ടുകൊണ്ടുപോകാന്‍ പലകരങ്ങളുണ്ടാവും. അമര്‍ന്നുപോവാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം പ്രവണതകളെ തീറ്റിപ്പോറ്റുന്ന ഒരു കോക്കസ് ഉണ്ട്, ഒരു മദ്യപാന സദസ്സുണ്ട്. അതില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഇതൊരു മീറ്റൂ അല്ല എന്നുപറഞ്ഞുകൊണ്ടാണ് ഞാന്‍ ആദ്യം പോസ്റ്റിട്ടത്. പക്ഷേ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു എന്റെ പോസ്റ്റ് ഒരു മീറ്റൂ
തന്നെയായിരുന്നു. എന്നെ വിളിച്ചിട്ട് 'നീയാരോട് ചോദിച്ചിട്ടാടീ എന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്' എന്ന് ചോദിക്കുന്ന, ഒരു ഓണ്‍ലൈന്‍ സംവാദത്തില്‍ പരസ്യമായി എന്റെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞ് ഉമ്മ തരുന്ന, സമൂഹത്തിനുമുന്നില്‍ എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയായി അദ്ദേഹം മാറാന്‍ കാരണം ഉദ്ദേശിച്ചത് നടക്കാത്തതിനാലാണ്. ഈ പോസ്റ്റ് ചര്‍ച്ചയായപ്പോള്‍ മുതല്‍ ഞാന്‍ നേരിടുന്ന ഭീഷണി കോളുകളില്‍ സ്ത്രീസ്വരങ്ങളുമുണ്ടെന്നുള്ളതാണ് വിചിത്രമായിരിക്കുന്നത്. ഞാനവരെ തെറ്റുപറയില്ല. എല്ലാവരും എല്ലാവര്‍ക്കും ഒരുപോലെയായിരിക്കില്ല. അദ്ദേഹം അവരോടൊക്കെ നല്ല സ്വഭാവത്തോടെയായിരിക്കണം പെരുമാറിയിട്ടുണ്ടാവുക.

ആയിരങ്ങള്‍ പിന്നാലെയുണ്ടാവുന്ന് കരുതിയിട്ടല്ല ഞാന്‍ ഈ നിയമപ്പോരാട്ടത്തിനിറങ്ങിയത്. ഞാന്‍ ഒറ്റയ്ക്കു യുദ്ധം ചെയ്യണം എന്നെനിക്കറിയാം. കാരണം മിണ്ടിയാല്‍ നഷ്ടപ്പെട്ടുപോകുന്ന അവസരങ്ങളെ ഭയക്കുന്നവരാണ് മിക്കവരും. ഞാന്‍ പീഡിക്കപ്പെട്ടിരുന്നെങ്കില്‍ തെളിവുകള്‍ കുറച്ചുകൂടി ശക്തമായേനെ എന്ന രീതിയിലുള്ള സംസാരത്തിനും കഴിഞ്ഞ ദിവസം ഞാന്‍ സാക്ഷിയായി. എങ്ങനെയുണ്ട് നിയമപരിരക്ഷയുടെ ബലം! ഞാന്‍ എന്നെ സംരക്ഷിച്ചുനിര്‍ത്തിയതുകൊണ്ടാണ് അങ്ങനെയൊന്നും സംഭവിക്കാതിരുന്നത്. എന്നിരുന്നാലും ഈ കേസുമായി ഏതറ്റം വരെയും ഞാന്‍ പോകും. എനിക്കുവേണ്ടിയല്ല, ഇനി വരുന്ന തലമുറയില്‍പ്പെട്ട ഒരൊറ്റ കുട്ടിയും ഇത്തരം ചതിക്കുഴികളില്‍ വീഴരുത് എന്നതുകൊണ്ട്. നിയമം എന്നെ പരിരക്ഷിക്കുമോ എന്നെനിക്കറിയണം. ഇത് രണ്ട് പേര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമല്ല, എഴുതാനാഗ്രഹമുള്ള, പ്രസാധനമേഖല തിരഞ്ഞെടുക്കാനിഷ്ടമുള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള മുന്‍കരുതലാണ്.

Content Highlights: V.R Sudheesh, M.A Shahanas, Me too

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഉള്ളൂര്‍,  പ്രൊഫ.എം പരമേശ്വരന്‍.

3 min

കുമാരനാശാന്‍ ഇരുന്ന പന്തിയില്‍ നിന്നും എഴുന്നേറ്റ ബ്രാഹ്മണരെ ആജ്ഞാപിച്ചിരുത്തിയ ഉള്ളൂര്‍!

Jun 6, 2021


KC Narayanan

4 min

വിഭജനങ്ങളുടെ അര്‍ഥശൂന്യതയെക്കുറിച്ച് മഹാഭാരതം ചൂണ്ടിക്കാട്ടുന്നുണ്ട്- കെ.സി നാരായണന്‍

Mar 6, 2020


chullikkad

7 min

'എങ്ങനെ എഴുതണം, എന്തെഴുതണം തുടങ്ങിയ ഉപദേശത്തിന് പുല്ലുവിലപോലും ഞാന്‍ കല്പിച്ചിട്ടില്ല'- ചുള്ളിക്കാട്

Sep 12, 2022

Most Commented