ഗിരീഷ് കർണാട്
ഇന്ത്യന്‍ തിയേറ്ററിന്റെ കരുത്തുറ്റ മുഖങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗിരീഷ് കര്‍ണാടിന്റേത്. യയാതിയും തുഗ്ളക്കും ഹയവദനയും നാഗമണ്ഡലയും തീര്‍ത്ത ഇന്ത്യന്‍ നാടകവേദികള്‍ എക്കാലവും പ്രചോദിപ്പിക്കുന്നവയാണ്. ആരായിരുന്നു കര്ണാട്എന്ന് വിശദമാക്കുകയാണ് എഴുത്തുകാരനും അധ്യാപകനും സാഹിത്യവിമര്‍ശകനുമായ ചന്ദന്‍ ഗൗഡ.
ഗിരീഷ് കര്‍ണാട് എന്ന വന്‍വൃക്ഷത്തിന്റെ സാന്നിധ്യമില്ലാത്ത മൂന്നു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ഭയഭക്തി ബഹുമാനത്തോടെ ഇന്ത്യ ഉച്ചരിച്ച പേരുകളിലൊന്നായിരുന്നല്ലോ കര്‍ണാടിന്റേത്.
നാടകകൃത്ത് എന്നതിലുപരി ഗിരീഷ് കര്‍ണാടില്‍ വിശാലമായ സാംസ്കാരികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകള്‍ ദൃഢപ്പെട്ടിരിപ്പുണ്ടായിരുന്നു. കന്നഡത്തിലും ഹിന്ദിയിലും അറിയപ്പെടുന്ന നടന്. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ടെലിവിഷന്‍ സീരിയല്‍ രംഗത്തും സജീവമായിരുന്നു. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സംഗീത നാടക അക്കാദമി, നെഹ്റു സെന്റര്‍ തുടങ്ങിയവയുടെ നടത്തിപ്പില്‍ കര്ണാടിന്റെതായ സംഭാവനകള്‍ വലുതായിരുന്നു. ഒരു ആക്ടിവിസ്റ്റ് എന്ന നിലയില്‍ മതേതര ഇന്ത്യയുടെ മൂല്യ സംരക്ഷണങ്ങള്‍ക്കായി അദ്ദേഹം നിലകൊണ്ടു. ഇന്ത്യയുടെ സാംസ്കാരികവൈവിധ്യം സംരക്ഷിക്കുവാനായി തന്റെ നിലപാടുകളില്‍ ഊന്നിയ പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചിരുന്നു. ആരോഗ്യപരമായി അവശത അനുഭവിച്ചിരുന്ന അവസാനനാളുകളില്‍ ഓക്സിജന്‍ സഹായത്തോടെ വേദികളില്‍ പ്രത്യക്ഷപ്പെട്ട കര്‍ണാടിനെ നമ്മള് കണ്ടതാണ്. ആ സമയത്തുപോലും പ്രതിഷേധത്തിന്റെ തീക്ഷണത അദ്ദേഹത്തിന്റെ വാക്കുകളില്‍ സ്ഫുരിക്കപ്പെട്ടിരുന്നു.
കര്ണാട്കൃതികളില് ഒരു നെഹ്റുവിയന്‍ സാന്നിധ്യം ഉള്ളതായിട്ടു തോന്നിയിട്ടുണ്ടോ?
നെഹ്റു കണ്ട ഇന്ത്യയെയായിരുന്നു കര്‍ണാടിന്റെ കൃതികളില്‍ പ്രതിഫലിച്ചിരുന്നത്. മതേതരത്വത്തിന്റെയും സാംസ്കാരിക ബഹുസ്വരതയുടെയും മൂല്യങ്ങള്‍ അടിസ്ഥാന ധാര്‍മിക പ്രാധാന്യത്തോടെകൃതികളില് സന്നിവേശിപ്പിച്ചിരുന്നു. നെഹ്റുവിയന്‍ ഇന്ത്യയിലെ വിദ്യാഭ്യാസ- സാങ്കേതിക പുരോഗതികളെയായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഹിന്ദുമത മൗലികവാദത്തെ നഖശിഖാന്തം എതിര്‍ക്കുകയും വ്യക്തിപരവും സ്ഥാപനപരവുമായ സ്വാതന്ത്ര്യത്തെ കൈയേറ്റം ചെയ്യുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ നടപടികളെ പാടേ തള്ളിക്കളയുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം മരണം വരെ ജീവിച്ചത്. അനീതികളോടുള്ള അനുരഞ്ജനം അദ്ദേഹത്തിന്റെ ജീവിതനിഘണ്ടുവില്‍ ഇല്ലായിരുന്നു.
ഇന്ത്യന്‍ നാടകവേദിയുടെ പരീക്ഷണകാലഘട്ടം കൂടിയായിരുന്നല്ലോ എഴുപതുകള്‍
ഇന്ത്യന്‍ നാടകവേദിയില്‍ ഇത്രയധികം പരീക്ഷണങ്ങള്‍ നടന്ന കാലം വേറെയുണ്ടോ എന്നു സംശയമാണ്. കര്‍ണാട്, മോഹന്‍ രാകേഷ്, ബാദല്‍ സര്‍ക്കാര്‍,വിജയ് തെണ്ടുല്‍ക്കര്‍ എന്നിവരുടെ കാലഘട്ടത്തിലെ കൃതികള്‍ ഇന്ത്യയുടെ പരമപ്രധാനമായ ആവലാതികളെയും അരക്ഷിതാവസ്ഥകളെയും വേദിയിലേക്കാനയിക്കുന്നവയായിരുന്നു. അവര്‍ നടത്തിയ ഇടപെടലുകള്‍ കൊള്ളേണ്ടവര്‍ക്കു കൊണ്ടു, പൊള്ളേണ്ടവര്ക്കു പൊള്ളി.
ചരിത്രവും ഇതിഹാസവും കലര്‍ന്ന കര്‍ണാടിന്റെ തിയേറ്റര്‍ ടെക്നിക്കിനെക്കുറിച്ച്?
മിത്തുകളും ചരിത്രവും കര്‍ണാടിന്റെ ഭൂരിഭാഗം കൃതികളിലും സജീവസാന്നിധ്യമായിരുന്നു. മിത്തുകളെയും ചരിത്രങ്ങളെയും അങ്ങനെ തന്നെ സ്റ്റഫ് ചെയ്ത് അവതരിപ്പിക്കുന്നയാളുമായിരുന്നില്ല കര്‍ണാട് .വര്‍ത്തമാനകാല ഇന്ത്യന്‍ ജീവിതങ്ങളിലേക്ക് അരക്ഷിതാവസ്ഥയുടെ നേര്‍ചോദ്യങ്ങള്‍ തൊടുത്തുവിടുകയായിരുന്നു തന്റെ നാടകങ്ങളിലൂടെ അദ്ദേഹം.
'സംസ്കാര'യുടെ സഹഎഴുത്തുകാരന് എന്ന നിലയിലുള്ള കര്‍ണാടിന്റെ സംഭാവനകള്‍ കന്നട ചലച്ചിത്രത്തിനു നല്‍കിയത് ഒഴിച്ചുകൂടാനാവാത്തതാണ്. കന്നട സിനിമയുടെ നവതരംഗം 'സംസ്കാര'യിലൂടെ പ്രകടമാണ്. യു. ആര് അനന്തമൂര്‍ത്തിയുടെ നോവലിന്റെ അനുകല്പനമായാണ് 'സംസ്കാര' അതേ പേരില്‍ തന്നെ ചിത്രമാക്കുന്നത്. പരമ്പരാഗത യാഥാസ്ഥിതികതയെ ജീവിതത്തില്‍ ഒരു കോട്ടവും വരുത്താതെ പാലിച്ചുപോരുന്നതുമൂലം മനുഷ്യന് തന്റെ യഥാര്ഥജീവിതാനുഭവത്തില് നിന്നും എത്രമാത്രം അകലെയാണെന്ന് സിനിമ വിശദമാക്കുന്നു. അതേസമയം കര്‍ണാട് സംവിധായകനായപ്പോള്‍ തന്റെ 'ഒണ്ടനോണ്ട് കലഡല്ലി' (1978) എന്ന ചിത്രത്തിലൂടെ വിമര്‍ശിച്ചത് രാഷ്ട്രീയാധികാരത്തോടുള്ള അഭമ്യമായ മോഹത്തെയാണ്. അതായിരുന്നു കര്‍ണാട്.

കര്‍ണാടിനെക്കുറിച്ച് വിശദമായി പഠിച്ചതാണ് താങ്കള്‍. കര്‍ണാടിന്റെ വളര്‍ച്ച എങ്ങനെയായിരുന്നു?
1960-ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലേക്ക് സ്കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് പോകാന്‍ തയ്യാറെടുക്കുന്ന വേളയിലാണ് കര്‍ണാട് സി.രാജഗോപാലാചാരിയുടെ മഹാഭാരതവും രാമായണവും വായിക്കുന്നത്. പിതാവിന്റെ ആവശ്യാര്‍ഥം തന്റെ യൗവനം നല്കുന്ന യയാതിയുടെ ജീവിതകഥ കര്‍ണാടിനെ വല്ലാതെ അസ്വസ്ഥനാക്കുകയാണ്. അത്തരമൊരു സന്ദര്‍ഭത്തില്‍ യയാതിയുടെ ഭാര്യയുടെ പ്രതികരണം എന്തായിരിക്കും? അവള് അതുമായി പൊരുത്തപ്പെട്ടുപോകുമോ? യയാതിയും പേരക്കുട്ടി ചിത്രലേഖയും തമ്മിലുള്ള സംഭാഷണമാണ് കര്‍ണാടിന്റെ മനസ്സില്‍ തെളിഞ്ഞത്. ആ സംഭാഷണമാണ് സംഭവബഹുലമായ നാടകമായ 'യയാതി'യായി പരിണമിച്ചത്. യയാതി എഴുതുമ്പോള്‍ കര്‍ണാടിന് പ്രായം ഇരുപത്തിരണ്ട് ആയിട്ടേയുള്ളൂ എന്നോര്‍ക്കണം. നാടകരംഗത്തും പുസ്തകപ്രസാധനരംഗത്തും ദശാബ്ദങ്ങളുടെ തഴക്കവും വഴക്കവുമുള്ള മനോഹര്‍ ഗ്രന്ഥമാലയിലെ ജി.ബി ജോഷിയാണ് 'യയാതി' പ്രസിദ്ധീകരിച്ചത്. ആ പ്രസാധകബന്ധം അദ്ദേഹത്തെ വളര്‍ത്തി വലുതാക്കി.ജി.ബി ജോഷിയുടെ കാലശേഷം അദ്ദേഹത്തിന്റെ മകന് രമാകാന്ത് ജോഷി കര്ണാടുമായുള്ള ബന്ധം ഊഷ്മളമായിട്ടു തന്നെ തുടര്‍ന്നു.
കന്നഡസാഹിത്യത്തില്‍ യയാതി വളരെ വലിയരീതിയില്‍ തന്നെ ആഘോഷിക്കപ്പെട്ടു. കര്ണാടിലെ വന്‍ സാഹിത്യസാധ്യത തിരിച്ചറിഞ്ഞ ജോഷി അദ്ദേഹത്തെ പിന്നീട് നാടകങ്ങളെഴുതാന്‍ നിര്‍ബന്ധിച്ചു.. പതിനാലാം നൂറ്റാണ്ടിലെ കിറുക്കന് സുല്‍ത്താനായ മുഹമ്മദ്ബിന്‍ തുഗ്ളക്കിനെയാണ് കര്‍ണാട് അടുത്ത നാടകത്തിനായി തിരഞ്ഞെടുത്തത്. അക്കാലത്ത് അദ്ദേഹം ഓക്സ്ഫഡില്‍ പഠിക്കുകയാണ്. യയാതി ഇടംകയ്യാലെന്നവണ്ണം എഴുതി പ്രസിദ്ധീകരിച്ച് കയ്യടി നേടിയ കര്‍ണാട് പക്ഷേ രണ്ടുവര്‍ഷമാണ് തുഗ്ളക്കിനായി ഗവേഷണം നടത്തിയത്. 1964-ല്‍ തുഗ്ളക്ക് പ്രകാശിതമായി. മുഗള്‍ രാജാവിന്റെ സങ്കീര്‍ണമായ വ്യക്തിത്വത്തിന്റെയും ആദര്‍ശവാദത്തിന്റെയും ശക്തമായ ചിത്രീകരണത്തിലൂടെ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണകൂട അധികാരത്തിന്റ ഒരു സാങ്കല്പിക ചിത്രം 'തുഗ്ളക്കി'ല്‍ തെളിഞ്ഞു. അതോടെ ഇന്ത്യന്‍ നാടകകൃത്ത് എന്ന പദവിയിലേക്ക് കര്‍ണാട് അനായാസം നടന്നുകയറി.
ആധുനിക കന്നഡ സാഹിത്യത്തില്‍ ഗോപാലകൃഷ്ണ അഡിഗ, ബി.സി രാമചന്ദ്ര ശര്‍മ. യു.ആര് അനന്തമൂര്‍ത്തി, പി. ലങ്കേഷ്, പൂര്‍ണചന്ദ്ര തേജസ്വി തുടങ്ങിയവര്‍ വാഴുന്ന കാലമാണ്. കഥയും കവിതയും നോവലും ഇവരാല്‍ സമ്പന്നമായപ്പോള്‍ ചന്ദ്രശേഖര കമ്പാറും ഗിരീഷ് കര്‍ണാടും കന്നഡ നാടകത്തില്‍ കസേരകളുറപ്പിച്ചു. പിന്നീടങ്ങോട്ടുള്ള കര്‍ണാടിന്റെ വളര്‍ച്ച അദ്ദേഹത്തിന്റെ ബൗദ്ധികജ്ഞാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും നിരീക്ഷണപാടവത്തിന്റെയും പരിണിതങ്ങളായിരുന്നു. ഹയവദന, നാഗമണ്ഡല തുടങ്ങിയ നാടകങ്ങള്‍ ലോകം ഏറ്റെടുത്തു. അതേസമയം തന്നെ നിലപാടുകളാല്‍ വേറിട്ടുനില്‍ക്കുകയും ചെയ്തു.
പ്രകോപിതനാവാത്ത കര്‍ണാട് വളരെ സൗമ്യശീലനായ ഒരു മനുഷ്യനായിരുന്നു. എന്നാല്‍ തന്റെ കാലത്തെ വ്യവസ്ഥിതികളോടും അനീതികളോടും പ്രതികരിക്കുമ്പോള്‍ കര്ണാട്സകലവീര്യത്തോടെയും പൊരുതിയിട്ടുണ്ട്. ടാഗോറിനെ വെറുമൊരു രണ്ടാംകിട നാടകകൃത്തായിട്ടും വി.എസ് നെയ്പാളിനെ ഇസ്ലാമോഫോബ് എന്നും ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് ഒരു അവബോധവുമില്ലാത്തഎഴുത്തുകാരന് എന്ന് വിമര്‍ശിച്ചതും ഓര്‍ക്കേണ്ടതുണ്ട്.
(പുന:പ്രസിദ്ധീകരണം)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..